ദില്ലി: മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി. രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ്സുവും ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീനയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെയും ബോളിവുഡ് സിനിമാ താരങ്ങളും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുന്നുണ്ട്.
ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അനില്‍ കുമാർ എന്നിവരും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, മുകേഷ് അംബാനി എന്നീ പ്രമുഖരും പങ്കെടുത്തു. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്രമന്ത്രിമാരായിട്ടുണ്ട്. രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്‍മലാ സീതരാമാൻ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് മന്ത്രിസഭയിലെ പ്രമുഖർ. ബിജെപിയിൽ നിന്ന് 36 പേരാണ് ആദ്യ പട്ടികയിലുള്ളത്. എച്ച് ഡി കുമാരസ്വാമി അടക്കം സഖ്യകക്ഷികളിൽ നിന്ന് 12 പേരും ടിഡിപിക്ക് 2 ക്യാബിനറ്റ് പദവികളും നൽകിയിട്ടുണ്ട്.