ന്യൂഡൽഹി: കഴിഞ്ഞയാഴ്ച രാജിവെച്ച ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിങ് ലവ്ലി ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരിയുടെ സാന്നിധ്യത്തിലാാണ് ലവ്ലി ബി.ജെ.പി അംഗത്വമെടുത്തത്. ആം ആദ്മി പാർട്ടിയുമായി കോൺഗ്രസ് സഖ്യം ചേർന്നതടക്കം കാരണങ്ങൾ നിരത്തിയാണ് ലവ്‍ലി ഏപ്രിൽ 28ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് രാജിക്കത്തയച്ചത്.
ബി.ജെ.പിയിൽ ചേരില്ലെന്നായിരുന്നു രാജിക്ക് പിന്നാലെ ലവ്ലി പറഞ്ഞിരുന്നത്. ലവ്ലിയോടൊപ്പം മുൻ കോൺഗ്രസ് എം.എൽ.എമാരായ രാജ്കുമാർ ചൗഹാൻ, നസീബ് സിങ്, നീരജ് ബസോയ, യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ അമിത് മാലിക് എന്നിവരും ബി.ജെ.പിയിൽ ചേർന്നു. എ.എ.പിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയതിലെ അതൃപ്തി പരസ്യമാക്കിയാണ് ഡൽഹി കോൺഗ്രസ് അധ്യക്ഷ സ്ഥാനം അരവിന്ദർ സിങ് ലവ്ലി രാജിവെച്ചത്.
‘കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പ്രധാനപ്പെട്ട നിയമനങ്ങളൊന്നും നടത്താൻ ഡൽഹിയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപക് ബാബ്റിയ തന്നെ അനുവദിച്ചിരുന്നില്ല. മുതിർന്ന നേതാവിനെ മാധ്യമവിഭാഗം തലവനാക്കാനുള്ള തന്റെ നിർദേശം തിരസ്കരിക്കപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിക്കാനും തനിക്ക് അനുവാദം തന്നില്ല. ഡൽഹിയിൽ 150ഓളം ബ്ലോക്കുകളിൽ കോൺഗ്രസിന് പ്രസിഡന്റില്ല’ തുടങ്ങിയ ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു.
2015ലും ഡൽഹി കോൺഗ്രസ് അധ്യക്ഷ പദവി രാജിവെച്ചയാളാണ് ലവ്‍ലി. അന്നത്തെ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി 70ൽ 67 സീറ്റും തൂത്തുവാരിയതിനു പിന്നാലെയായിരുന്നു രാജി. കഴിഞ്ഞ ആഗസ്റ്റിലാണ് ലവ്‍ലി വീണ്ടും ഡൽഹി കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തിയത്.