Thursday, December 26, 2024
Homeഇന്ത്യകരാര്‍ നിയമനങ്ങള്‍ നിര്‍ത്തും, സര്‍ക്കാര്‍ ജോലികളില്‍ 50 % വനിതാ സംവരണം; കോണ്‍ഗ്രസ് പ്രകടനപത്രിക.

കരാര്‍ നിയമനങ്ങള്‍ നിര്‍ത്തും, സര്‍ക്കാര്‍ ജോലികളില്‍ 50 % വനിതാ സംവരണം; കോണ്‍ഗ്രസ് പ്രകടനപത്രിക.

ന്യൂഡൽഹി: ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. നീതി അടിസ്ഥാനമാക്കിയുള്ള പ്രകടന പത്രികയാണ് കോൺഗ്രസ് പുറത്തിറക്കിയത്. തൊഴിലില്ലായ്മയ്ക്കാണ് പ്രകടനപത്രികയിൽ ഊന്നൽ നൽകിയിരിക്കുന്നത്‌. സാമൂഹ്യ സാമ്പത്തിക ജാതി സെൻസസ് നടപ്പിലാക്കുമെന്നും പ്രകടനപത്രികയിൽ ഉറപ്പു നൽകുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പി. ചിദംബരം തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഡൽഹിയിൽ വെച്ച് പ്രകടനപത്രിക പുറത്തിറക്കിയത്.

സർക്കാർ – പൊതുമേഖല ജോലികളിൽ കരാർ നിയമനങ്ങൾ ഒഴിവാക്കും, പട്ടികജാതി – പട്ടികവർഗ- ഒബിസി സംവരണം വർധിപ്പിക്കും, കേന്ദ്ര സർക്കാർ ജോലിയിൽ 50 ശതമാനം വനിതകൾക്ക് നൽകുമെന്നതടക്കം പ്രകടനപത്രികയിൽ പറയുന്നു. പാവപ്പെട്ട സ്ത്രീകൾക്ക് വർഷം ഒരു ലക്ഷം രൂപ നൽകുമെന്നും പ്രകടനപത്രികയിൽ പറയുന്നുണ്ട്.

തൊഴിൽ, വികസനം, ക്ഷേമം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ളതാണ് പ്രകടനപത്രികയെന്ന് പി. ചിദംബരം പറഞ്ഞു. യുവാക്കൾ, വനിതകൾ, കർഷകർ, തുല്യത തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രകടനപത്രികയാണ് പുറത്തിറക്കിയതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

ഭരണഘടന സംരക്ഷിക്കാൻ പ്രത്യേക നിർദേശങ്ങളും പ്രകടനപത്രികയിൽ മുന്നോട്ടുവെക്കുന്നുണ്ട്. ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം ഉറപ്പു വരുത്തും എന്ന് പ്രകടനപത്രികയിൽ പറയുന്നു. സ്വതന്ത്രമാധ്യമപ്രവർത്തനം നടത്താനുള്ള അവകാശം രാജ്യത്ത് സംരക്ഷിക്കും എന്നും പ്രകടനപത്രികയിൽ ഉറപ്പു നൽകുന്നു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments