ഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിൽ ആയതോടെ ഡൽഹി ഭരണം പ്രതിസന്ധിയിലേക്ക്. കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധം ശക്തമാക്കും. കെജ്‌രിവാളിന്‍റെ ഭാര്യ സുനിത കെജ്‌രിവാൾ, മന്ത്രി അതിഷി തുടങ്ങിയവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്
മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ല എന്ന കെജ്‌രിവാളിന്‍റെ നിലപാടിന് പാര്‍ട്ടിക്കുള്ളില്‍ പൂര്‍ണ സ്വീകാര്യതയില്ലെന്നാണ് സൂചന. ഭരണപ്രതിസന്ധിയുണ്ടായാല്‍ ജനവികാരം എതിരാകുമെന്ന് നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി കെജ്‌രിവാൾ എന്ന വ്യക്തിയിലൊതുങ്ങിയ പാര്‍ട്ടിക്ക് രണ്ടാമനെ കണ്ടെത്തുക ദുഷ്കരമാണ്. അടുത്ത മുഖ്യമന്ത്രിയായി ഉയർന്ന് കേൾക്കുന്ന പേരുകൾ ഡൽഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരുടെതാണ്. കെജ്‌രിവാൾ ഇ.ഡി കസ്റ്റഡിയിൽ ആയതിനു പിന്നാലെ കെജ്‌രിവാളിന്റെ വാക്കായി മാറിയ സുനിത കെജ്‌രിവാളും മുഖ്യമന്ത്രി സ്ഥലത്തേക്ക് ഉയർന്ന് കേൾക്കുന്ന പേരുകളിൽ ഒന്നാണ്.
സുനിത കെജ്‌രിവാൾ മുഖ്യമന്ത്രിയായാൽ കെജ്‌രിവാളിന്‍റെ അഭാവത്തിൽ പോലും പരോക്ഷമായെങ്കിലും പാർട്ടിയിലും സർക്കാരിലും അരവിന്ദ് കെജ്‌രിവാളിന് നിയന്ത്രണമുണ്ടാകും. സുനിത കെജ്‌രിവാൾ മുഖ്യമന്ത്രിയാകുന്നതുവഴി ഒരു തരത്തിൽ കെജ്‌രിവാൾ സർക്കാർ ഭരിക്കുകയാണെന്ന സന്ദേശം പൊതുജനങ്ങൾക്ക് നേരിട്ട് നൽകും. കെജ്‌രിവാളിനോടുള്ള കൂറും വിശ്വസ്ഥതയുമാണ് അടുത്ത നേതാവിനെ കണ്ടെത്തുന്നതില്‍ മുഖ്യം ഘടകം. അതിഷിയോ, സുനിതയോ മുഖ്യമന്ത്രിയായാൽ സുഷമ സ്വരാജിനും ഷീലാ ദീക്ഷിതിനും ശേഷം മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയെ ഡൽഹിക്ക് ലഭിക്കും.
അതേസമയം, അറസ്റ്റും റിമാൻഡും ചോദ്യംചെയ്തുള്ള അരവിന്ദ് കെജ്‌രിവാളിന്റെ ഹരജിയിൽ ഇ.ഡി ഇന്ന് മറുപടി നൽകും. ഡൽഹി ഹൈക്കോടതിയിലാണ് ഇ.ഡി മറുപടി സമർപ്പിക്കുക. അറസ്റ്റും റിമാൻഡും ചോദ്യംചെയ്തുള്ള ഹരജി നാളെയാണ് ഹൈക്കോടതി പരിഗണിക്കാനിരിക്കുന്നത്. അതിനിടെ, സ്ഫോടനാത്മകമായ വിവരങ്ങൾ രാവിലെ 10 മണിക്ക് നടക്കുന്ന വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തുമെന്ന് മന്ത്രി അതിഷി അറിയിച്ചു.