പൂനെ: കുത്തിയൊഴുകുന്ന മലവെള്ളത്തിൽ വിനോദസഞ്ചാര സംഘത്തിലെ ഏഴ് പേർ ഒലിച്ചുപോയി. ലോണാവാല പ്രദേശത്തെ ബുഷി ഡാമിന് സമീപത്തുള്ള ഒരു വെള്ളച്ചാട്ടത്തിൽ വെച്ചാണ് ഏഴ് പേർ ഒഴുകിപ്പോയത്.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ കുത്തിയൊഴുകിവരുന്ന മലവെള്ളത്തിന് നടുവിൽ ചെറിയ കുട്ടികളടക്കമുളള ഏഴ് പേർ പരസ്പരം കെട്ടിപ്പിടിച്ച് നിൽക്കുന്നത് കാണാം. ഒരിഞ്ച് പോലും അനങ്ങാൻ സാധിക്കാതെ നിൽക്കുന്ന ഇവർ പിന്നീട് ഒലിച്ചു പോകുകയായിരുന്നു. ആദ്യം കുട്ടികൾ ഒലിച്ചുപോകുകയും പിന്നാലെ മുതിർന്നവർ അടക്കമുള്ളവർ ഒലിച്ചു പോകുകയുമായിരുന്നു. വീഡിയോയിൽ മുതിർന്ന ഒരു പുരുഷൻ ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതായി കാണാമെങ്കിലും എല്ലാം വിഫലമാകുകയായിരുന്നു.
കനത്ത മഴയാണ് സമീപ ദിവസങ്ങളിൽ പ്രദേശത്ത് ലഭിച്ചുവരുന്നത്. അതിനാൽത്തന്നെ വെള്ളച്ചാട്ടത്തിന് നല്ല ഒഴുക്കുമുണ്ടായിരുന്നു. ഈ പ്രദേശത്ത് വിനോദ സഞ്ചാരത്തിനായി എത്തിയവരായിരുന്നു അപകടത്തില്പെട്ടവർ അടക്കമുള്ള പതിനാറ് അംഗ സംഘം. ഇതിനിടെ സംഘത്തിലെ ഏഴ് പേർ വെള്ളച്ചാട്ടത്തിന്റെ നടുവിലേക്കിറങ്ങി. അപ്രതീക്ഷിതമായി മലവെള്ള പാച്ചിലുണ്ടായതോടെ കുടുങ്ങുകയും ചെയ്തു. ഇവരിൽ മൂന്ന് പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്തിയത്. പത്ത് വയസിന് താഴെയുള്ള രണ്ട് കുട്ടികളുടെ മൃതദേഹം ഇനിയും കണ്ടെത്തിയിട്ടില്ല.
നിരവധി ടൂറിസ്റ്റുകളാണ് ദിവസേന ഈ പ്രദേശത്തെത്തുന്നത്. മഴക്കാലം കൂടിയായതിനാൽ അധികൃതർ നിരവധി സുരക്ഷാ മുൻകരുതലുകളും പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതിനെയെല്ലാം അവഗണിച്ചാണ് ഈ സംഘം വെള്ളച്ചാട്ടത്തിലേക്കിറങ്ങിയതെന്ന് സുരക്ഷാ അധികൃതർ പറഞ്ഞു.