Friday, January 3, 2025
Homeസിനിമജലച്ചായം സിനിമ വിക്കിപീഡിയയിലൂടെ റിലീസ് ചെയ്തു:

ജലച്ചായം സിനിമ വിക്കിപീഡിയയിലൂടെ റിലീസ് ചെയ്തു:

സതീഷ് കളത്തിൽ

മൊബൈൽ ഫോണിൽ ചിത്രീകരിച്ച  ഇന്ത്യയിലെ ആദ്യത്തെ സിനിമ, ‘ജലച്ചായം’ വിക്കിപീഡിയയുടെ വിക്കിമീഡിയ കോമൻസിലൂടെ റിലീസ് ചെയ്തു. സിനിമയുടെ നിർമ്മാതാവും സംവിധായകനുമായ സതീഷ് കളത്തിലിന്റെ ഐ.ഡിയിൽ പകർപ്പവകാശം ഒഴിവാക്കിയാണ് ഒന്നര മണിക്കൂറുള്ള ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. പൂജ റിലീസ് ആയാണ് ചിത്രം റിലീസ് ചെയ്തത്. ഒരു വിക്കിപീഡിയ ഫ്ലാറ്റ് ഫോമിലൂടെ ഒരു സിനിമയുടെ സ്ട്രീമിംഗ് നടത്തുന്നത് ആദ്യമാണ്.
ലിങ്ക്:
https://commons.wikimedia.org/wiki/File:Jalachhayam,_the_first_Indian_feature_film_in_Malayalam_shot_on_Camera_Phone-2010.mpg

2010 ജൂൺ ആറിന് തൃശ്ശൂർ ശ്രീ തിയ്യറ്ററിൽ ആദ്യ പ്രദർശനം നടന്ന ഈ സിനിമ ആദ്യമായാണ് ഇന്റർനെറ്റിൽ എത്തുന്നത്. ഒക്ടോബർ രണ്ടിന്, ഗാന്ധിജയന്തി ദിനത്തിലാണ് വിക്കി കോമൻസിൽ സ്ട്രീമിംഗ്‌ ചെയ്തത്. ദി പീപ്പിൾസ് ഫിലിംസ് ബാനറിൽ, 5 മെഗാപിക്സൽ റെസലൂഷനുള്ള നോക്കിയ എൻ 95 ഫസ്റ്റ് ജനറേഷൻ ക്യാമറ ഫോണിലൂടെ നിർമ്മിച്ച ഈ സിനിമ, മൊബൈൽ ഫോണിൽ ചെയ്ത ലോകത്തിലെ രണ്ടാമത്തെ കഥാഖ്യാനചിത്രവും 35 എം. എം. സ്ക്രീൻ സൈസിൽ തിയ്യറ്ററിൽ പ്രദർശനം ചെയ്ത ലോകത്തിലെ ആദ്യത്തെ കഥാഖ്യാന ചിത്രവുമാണ്. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രം വീണാവാദനം ഡോക്യുമെന്ററി ചെയ്തതും സതീഷ് കളത്തിലാണ്.

സുജിത്‌ ആലുങ്ങൽ കഥ- തിരക്കഥ- സംഭാഷണം നിർവ്വഹിച്ച ജലച്ചായം, ഒരു കുഗ്രാമത്തിലെ ദരിദ്രനായ അമേച്ചർ ചിത്രകാരനും നഗരത്തിലെ ചിത്രകലാ അദ്ധ്യാപകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്നു. സംഗീതാദ്ധ്യാപകൻ ബാബുരാജ് പുത്തൂർ സദാനന്ദനെന്ന ഗ്രാമീണ ചിത്രകാരനെയും ഡോ. ബി. ജയകൃഷ്ണൻ ചിത്രകലാ അദ്ധ്യാപകനെയും അവതരിപ്പിക്കുന്നു. മോഹന്റെ ഭാര്യയായി നർത്തകി പ്രസന്ന ബാലനും മകളായി നിമിഷയും സദാനന്ദന്റെ മക്കളായി ലക്ഷ്മി, നവിൻകൃഷ്ണ എന്നിവരും അഭിനയിക്കുന്നു.

നാടകനടൻ ചിത്രമോഹൻ(Late), പ്രൊഫ കെ.ബി. ഉണ്ണിത്താൻ(Late), ദാസ്‌ അഞ്ചേരി, സാജു പുലിക്കോട്ടിൽ, റുക്കിയ കേച്ചേരി, എൻ.പി.കെ. കൃഷ്ണൻ, അജീഷ് എം വിജയൻ, സുനിൽകുമാർ കണ്ടംകുളത്തിൽ, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. സിനിമാ നടി കൃപ ഒരു സീനിൽ അഭിനയിക്കുന്നു. സിനിമാ- സീരിയൽ നടി രമാദേവി, കവി മുല്ലനേഴി(Late), നാടകകൃത്ത്‌ രവി കേച്ചേരി എന്നിവർ  അതിഥികളായെത്തുന്നുണ്ട്.

ഭാസി പാങ്ങിലാണ് ചീഫ് അസ്സോ. ഡയറക്ടർ. ഛായാഗ്രഹണം പ്രമോദ്‌ വടകരയും എഡിറ്റിംഗ് രാജേഷ്‌ മാങ്ങാനവും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിൽ ഒരു ഗാനമാണുള്ളത്. ‘അഗാധമാം ആഴി വിതുമ്പി’ എന്നാരംഭിക്കുന്ന ഈ ഗാനത്തിലൂടെയാണ് ക്ളൈമാക്സ് ചിത്രീകരിച്ചിട്ടുള്ളത്. സിദ്ധാർത്ഥൻ പുറനാട്ടുകര രചിച്ച ഈ പാട്ടിന്റെ വരികൾക്ക് അന്തരിച്ച സംഗീത സംവിധായകൻ ഉണ്ണികുമാർ ആണ് ഈണം നൽകിയത്. ചിത്രത്തിലെ നായകനായ ബാബുരാജ്‌ പുത്തൂർ ആണ് ആലാപനം. അദ്ദേഹം തന്നെ ഈ പാട്ട് പാടി ക്ളൈമാക്സ് സീനിൽ അഭിനയിക്കുന്നു. അഡ്വ. പി.കെ. സജീവ് പശ്ചാത്തല സംഗീതവും സൂര്യ(സതീഷ് കളത്തിൽ) കലാസംവിധാനവും അജീഷ്‌ എം. വിജയൻ വസ്ത്രാലങ്കാരവും സാജു പുലിക്കോട്ടിൽ ചമയം, പ്രൊഡക്‌ഷൻ കൺട്രോളിങ്ങ് എന്നിവയും ചെയ്തിരിക്കുന്നു.

മേയർ ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ച ജലച്ചായത്തിന്റെ റിവ്യൂ സെറിമണി സംവിധായകൻ എ.കെ. ലോഹിതദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസ് ഉദ്ഘാടനം ചെയ്തു. സിനിമയുടെ സ്വിച്ച് ഓൺ, മലയാളത്തിലെ ആദ്യത്തെ നിയോ-റിയലിസ്റ്റിക് മൂവിയായ ന്യൂസ്‌ പേപ്പർ ബോയിയുടെ സംവിധായകൻ  പി. രാമദാസ് നിർവ്വഹിച്ചു. സിനിമാ നടി കൃപ ആദ്യ ക്ലാപ്പ് ചെയ്തു.


സാറ്റ്‌ലൈറ്റ് മുഖാന്തിരമുള്ള തിയ്യറ്റർ റിലീസിംഗിന് യു.എഫ്.ഒ. വഴി അക്കാലത്ത് ശ്രമം നടത്തിയിരുന്നു. എന്നാൽ, അതിനുള്ള പിക്സൽ റെസലൂഷൻ ഇല്ലാതിരുന്നതിനാൽ വിജയിച്ചില്ല. അതിനാൽ, സെൻസർ ചെയ്യുവാനും ശ്രമിച്ചില്ല. ഇന്ന്, മൂവി റിലീസിങ്ങിന് വാണിജ്യപരമായ ഓൺലൈൻ സ്ട്രീമിങ് സൗകര്യങ്ങൾ ഉണ്ടെങ്കിലും ജനങ്ങൾക്കു ഫ്രീയായി കാണാനും റീയൂസിനുമുള്ള സൗകര്യാർത്ഥമാണ് ആട്രിബൂഷൻ ഷെയർ എലൈക്ക് 4.0 ഇന്റർനാഷണൽ ലൈസൻസോടെ പൊതുസഞ്ചയത്തിൽ ഇപ്പോൾ റിലീസ് ചെയ്തത്. നാലര ലക്ഷത്തോളം നിർമ്മാണ ചെലവ് വന്ന സിനിമയ്ക്ക് ചലച്ചിത്ര സ്നേഹികളുടെ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. തൃശ്ശൂരിലെ കുന്നത്തുമനയിലെ എൻ.പി.കെ. കൃഷ്ണനാണ് സിനിമയുടെ ചിത്രീകരണത്തിനുള്ള മൊബൈൽ ഫോൺ സംഭാവന ചെയ്തത്. കോട്ടയം മാങ്ങാനത്തെ രാജേഷ് മാങ്ങാനം എഡിറ്റിങ്ങ് സൗജന്യമായി ചെയ്തു.  കായംകുളത്തെ ഭരതൻ എന്ന പ്രവാസി രണ്ട് ലക്ഷത്തോളം രൂപ നല്കിയിരുന്നു.

ചിത്രത്തിന്റെ അണിയറ പ്രവർത്തകരായ സതീഷ് കളത്തിൽ, ബാബുരാജ് പുത്തൂർ, അഡ്വ. പി.കെ. സജീവ്, സിദ്ധാർത്ഥൻ പുറനാട്ടുകര, ബി. അശോക് കുമാർ, സാജു പുലിക്കോട്ടിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

സിനിമയുടെ കൂടുതൽ ചിത്രങ്ങൾക്ക്:

 https://commons.wikimedia.org/wiki/Category:Jalachhayam

സതീഷ് കളത്തിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments