സഹൃദയരേ…
ബെന്യാമിന്റെ ആടുജീവിതത്തെക്കുറിച്ച്, ഒരു അവലോകനം എഴുതാൻ ശ്രമിക്കുകയാണ് ഞാൻ . അത് എത്രത്തോളം ഫലപ്രാപ്തിയിൽ എത്തുമെന്നറിയില്ല. ഏങ്കിലും ഞാൻ ശ്രമിക്കട്ടെ.
പത്തനംതിട്ടയിൽ ജനിച്ചു വളർന്ന ബെന്യാമിൻ ബഹറിനിൽ ജോലി ചെയ്തിരുന്നപ്പോഴാണ് ഈ നോവൽ എഴുതിയത്. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്ന ഇദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ്, അബുദാബി ശക്തി അവാർഡ്, കൊടുങ്ങല്ലൂർ അവാർഡ്, ദുബായ് പ്രവാസി ബുക്ക് ട്രസ്റ്റ് അവാർഡ്, നോർക്ക റൂട്ട്സ് പ്രവാസി, യൂത്ത് ഇന്ത്യ അവാർഡ്, കഴിഞ്ഞ ദശകങ്ങളിലെ ഏറ്റവും നല്ല എഴുത്തുകാരനുള്ള പട്ടത്തുവിളകരുണാകരൻ ബഹുമതി, ഓവർസീസ് ഇന്ത്യൻ അഫയേർസ് വകുപ്പിന്റെ പ്രശംസാപത്രം എന്നിങ്ങനെ ഒരുപാട് പുരസ്കാരങ്ങൾ “ആടുജീവിത”ത്തിന് ലഭിച്ചിട്ടുണ്ട്.
ബെന്യാമിൻ അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടമുള്ള കണക്ക് ഭാഷയിൽ പറഞ്ഞാൽ “അനുഭവങ്ങളുടെ നജീബ് + ഓർമ്മകളുടെ ബെന്യാമിൻ = ആടുജീവിതം.
എന്നൊരു സമവാക്യമാണ് ഈ നോവലിനു യോജിക്കുക. ഈ കൃതിയെ മലയാളത്തിലെ അപൂർവ്വ രചനകളിൽ ഒന്ന് എന്ന് പറയുവാൻ സംശയിക്കേണ്ടതില്ല. പ്രവാസത്തിന്റെ മണൽ പരിപ്പിൽനിന്നും രൂപംകൊണ്ട മഹത്തായ ഒരു പുസ്തകം.!
ഒരു അനുഭവത്തിന്റെ തീക്ഷ്ണതയിൽ വെന്തു നീറുകയാണ് ഇത് വായിക്കുന്ന ഓരോ വായനക്കാരനും എന്നോർക്കുമ്പോൾ ഈ പുസ്തകത്തിന്റെ മേന്മ പറയേണ്ടതില്ലല്ലോ.
ഒരു നോവൽ എഴുതാൻ മനസ്സൊരുക്കം കൂടി വേണമെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ട്. “വെറുതെയങ്ങ് സംഭവിക്കുന്നതല്ല നോവൽ, അതൊരു ആത്മബലിയോളം പോകുന്ന വേദനയാണ്… ഒരു വലിയ തുരങ്ക നിർമ്മാണത്തിന്റെ അധ്വാനമാണ്.. ഒരു പുതിയ പുഴതെളിക്കലിന്റെ അജ്ഞതയാണ്.”
1992 ഏപ്രിൽ നാലിന് ഇരുപത്തിയൊന്നാം വയസ്സിൽ ഗൾഫിലേക്ക് നജീബ് റിയാദിൽ കാലുകുത്തുന്ന അതേ ദിവസം തന്നെയാണ് ബന്യാമിൻ ബഹറിനിൽ എത്തപ്പെട്ട ദിവസവും.(ഒരു പരകായപ്രവേശം.പോലെ) ആവശ്യങ്ങളാണല്ലോ മനുഷ്യനിൽ ധീരതയും ഭീരുത്വവും ഒക്കെ നിറയ്ക്കുന്നത്. ഗർഭിണിയായ ഭാര്യയെയും തനിക്ക് പിറക്കാനിരിക്കുന്ന..കുഞ്ഞിനേയും സ്വന്തം ഉമ്മയെയുമൊക്കെ ഉപേക്ഷിച്ചു പോകുമ്പോൾ അയാൾ കരഞ്ഞു. ” എന്റെ മോനെ… (എന്റെ മോളെ) നീ ഈ ഭൂമിയിലേക്ക് കണ്ണുതുറന്നുവരുന്നത് കാണാൻ ഈ ഉപ്പ നിന്റെയടുത്തുണ്ടാവില്ല. പക്ഷേ ;എന്നെങ്കിലും മടങ്ങി വരുമ്പോൾ നിനക്ക് കൈ നിറയെ സമ്മാനങ്ങൾ ഞാൻ കൊണ്ടുവരും കേട്ടോ… ” പ്രതീക്ഷയാണല്ലോ മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്….!
ആടുജീവിതം,ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരേടല്ല ചോര വാർക്കുന്ന ജീവിതം തന്നെയാണെന്നാണ് ശ്രീ ശശിധരൻ സാർ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അനുഭവങ്ങളുടെ വശ്യതയിലും കലാത്മകതയിലും ഗ്രിഗറി ഡേവിഡ് റോബർട്ട്സിന്റെ “ശാന്താറാം”എന്ന നോവലിനെ അതിശയിപ്പിക്കുന്ന ഒരു നോവലാണ് ബെന്യാമിന്റെ ആടുജീവിതം, എന്നും സാർ അവകാശപ്പെടുന്നുണ്ട്.
എം മുകുന്ദൻ, അദ്ദേഹത്തെ വിസ്മയിപ്പിച്ച ഒരു നോവൽ എന്നാണ് ഇതിനെ വിലയിരുത്തുന്നതെങ്കിൽ,പി വത്സലയുടെ വാക്കുകളിൽ……..”മധുരമായ ഗദ്യം, അനുഭവതീവ്രമായ പ്രമേയം, മലയാളിത്തം” എല്ലാം ഒത്തിണങ്ങിയ ഒരു നോവലാണ് ബന്യാമിന്റെ ആടുജീവിതം എന്ന് പറയുന്നുണ്ട്. ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോൾ ഓരോ വായനക്കാരനും ആകാംക്ഷയുടെ വാതായനങ്ങളിൽ എത്തിനിൽക്കുകയാണ് എന്താണ് ഈ ആടുജീവിതം എന്നറിയുവാൻ.!
ജീവിതം ചുട്ടുപൊള്ളുമ്പോഴും അല്പം നർമ്മരസം കലർത്തിയാണ് ആടുജീവിതം എഴുതപ്പെട്ടിട്ടുള്ളത്…അനുഭവസാക്ഷ്യത്തിൽ നിന്നും രേഖപ്പെടുത്തിയ മനോഹരമായ ഒരു നോവലാണ് ആടുജീവിതം. നേരനുഭവത്തിന്റെ തീഷ്ണതയിൽ വെന്തു നീറുന്ന അനുഭവം പോലെ നമുക്കിത് വായിക്കാം.
നജീബും ഹക്കീമുമാണ് ഇതിലെ മുഖ്യ കഥാപാത്രങ്ങൾ. “ആഗ്രഹിക്കുമ്പോൾ നിർഭാഗ്യങ്ങൾ പോലും നമ്മെ തേടി വരാൻ മടിക്കുന്നു” എന്നത് എത്ര കഷ്ടമാണ്…എന്നവർ മനസ്സിലാക്കിയ ദിവസങ്ങളിലൂടെയാണ് കഥ തുടങ്ങുന്നത്..
ഏറ്റവും വലിയ തടവറയായ “സുമേസി” ജയിലിന്റെ മതിൽക്കെട്ടിനുള്ളിൽ എത്തുമ്പോൾ,ജീവിതംതുടരാനുള്ള കൊതിയിലാണ് അവർ ജയിലിൽ എത്തിപ്പെട്ടത്.അങ്ങനെ ആഗ്രഹിക്കുന്നുവെങ്കിൽ അതിനു മുൻപ്
അവർ വേദനയുടെ തീ എത്ര തിന്നിട്ടുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ജയിൽ ആണെങ്കിലും അല്പം സുഖം അനുഭവിച്ച ദിവസങ്ങൾ…. മാനസിക സമ്മർദ്ദങ്ങൾ ഇല്ലാതെ കഴിഞ്ഞ ദിവസങ്ങൾ…
ഏതൊ പ്രകൃതി ദുരന്തത്തിൽ മരിച്ചവരുടെ ശവങ്ങൾ നിരനിരയായി ഇട്ടപോലെ കിടന്നു മയങ്ങിയ ദിവസങ്ങൾ…ഒരു ദുരിതാശ്വാസ ക്യാമ്പ് പോലെ ചായയും ബിസ്കറ്റും, ഒക്കെ അവിടെ കിട്ടി. സമയത്ത് ഭക്ഷണം കഴിക്കുക, നമസ്കരിക്കുക, ആവശ്യത്തിലധികം ഉറങ്ങുക, വെറുതെ ചിന്തിക്കുക, വേണ്ടുവോളം വർത്തമാനം പറയുക, ജീവിതത്തെപ്പറ്റി പുതിയതും വല്ലതും മോഹിക്കുക ഇതൊക്കെയായിരുന്നു ജയിൽ പതിവുകൾ…’ലോകം നമ്മളെയും നമ്മൾ ലോകത്തെയും അറിയുന്നില്ല’ അതാണ് സത്യത്തിൽ ഒരു ജയിൽ എന്ന് അന്നു മനസ്സിലായി. “മൂന്നുവർഷം നാലുമാസം ഒൻപത് ദിവസം.” നജീബ് ഓർത്തു. ഓരോരുത്തർക്കും ഓരോ കഥകൾ… വേദനയുടെ, സങ്കടത്തിന്റെ, കഷ്ടപ്പാടിന്റെ, കണ്ണുനീരിന്റെ, നിരപരാധിത്വത്തിന്റെ, നിസ്സഹായതയുടെ കഥകൾ..!
“ഏതു സങ്കടത്തിൽ നിന്നും കരകയറാനുള്ള ഒരേയൊരു മാർഗം നമ്മളെക്കാൾ സങ്കടം ഉള്ളവരുടെ കഥകൾ കേൾക്കുക എന്നുള്ളത് തന്നെയാണ്”…
ആധികളോട് ഒരുതരം സമരസപ്പെടൽ…! ആടുജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും നമ്മൾ അതു നേരിടുന്നുണ്ട്. ആടുകളോടൊപ്പം സമരസപ്പെട്ട ആ ജീവിതത്തിൽ സങ്കടങ്ങളും വേദനകളും മാത്രമല്ല തന്റെ ശരീരം തന്നെ അവയോട് പങ്കിട്ട ഒരനുഭവം തനിക്കുണ്ടായി എന്ന് നജീബ് ഇതിൽ പറയുന്നുണ്ട്.
ആദ്യമായി മസറയിലെത്തിപ്പെടുമ്പോൾ… നജീബിനുണ്ടായ വേദന അനിർവചനീയമാണ്. ഏതൊ ഒരു കമ്പനിയിൽ ജോലിക്കുള്ള വിസയുമായി എത്തിയ തനിക്ക് ഈ ആടിനെ നോക്കുന്ന ജോലിയാണല്ലോ കിട്ടിയത് എന്നോർക്കുമ്പോൾ അയാളുടെ മനസ്സു തകരുന്നു. ഇവിടെ ആരാണ് തന്നെ ചതിച്ചത്..?
അവന്റെ അർബാബ് ആണ് ആ മരുഭൂമിയിൽ കണ്ട ഏറ്റവും നികൃഷ്ടനായ മനുഷ്യൻ.
പിന്നെ ഒരു ഭീകരജീവി… മുഷിഞ്ഞ നാറിയ വേഷവും മുശട് വാടയു മുള്ള അർബാബ്…!
അത്തറിന്റെ മണം പ്രതീക്ഷിച്ച തനിക്ക് നിരാശപ്പെടേണ്ടിവന്നു.
ഹക്കീമിനെ ഒരു മസറയിൽ ഇറക്കി തിരിച്ചുവന്നതിനു ശേഷം ഒരു കിലോമീറ്റർ
കഴിഞ്ഞ് തന്നെയും ഇറക്കി.അവിടെ ഒരു പുതിയ അർബാബ് ഉണ്ടായിരുന്നു. ഒരു വാക്ക് പോലും പറയാതെ തന്റെ അർബാബ് അവിടെ നിന്നും പോയി.
ആ നിമിഷം..
ഒന്നും പറയാതെ..,ഒന്നുമറിയാതെ,ഒരു നിസ്സഹായനായി നിന്ന നിമിഷങ്ങൾ.. നിരാലംബനായി എത്ര നേരമാണ് ഇരുട്ടത്ത് അവിടെ നിന്നതെന്നറിയില്ല…
കമ്പിവേലിക്കടുത്തേക്ക് വേവലാതിയോടെ ഒന്നു നോക്കിയപ്പോൾ ചില ചിനയ്ക്കലുകളും ചാട്ടങ്ങളും ഒക്കെ കാണായി. ഒരാടിന്റെ കരച്ചിലും കേട്ടു…
ആടുകൾ… നൂറുകണക്കിനാടുകൾ…
കടൽ ഇളകി മറിയുന്നതുപോലെ ആടു കളുടെ ഒരു നീണ്ട നിര….
പെട്ടെന്നുതന്നെ തന്റെ തൊഴിലിന്റെ ഒരു ഏകദേശംരൂപം ആകാശഭീതി പോലെ മനസ്സിൽ പതിച്ചു….
ജീവിതം കൈവിട്ടുപോയ നിമിഷങ്ങൾ..
അനുവാചകഹൃദയത്തിലേക്കും ആ ദുഃഖം ഒരു നേരിയനീറ്റലായി പടർന്നു കയറുന്നതായി അറിയാൻ കഴിയും.
ഭീകരജീവിയെ പോലുള്ള ഒരു അർബാബ് അവനോട് എന്തൊക്കെയോ പറഞ്ഞു.
അതിൽ സഹതാപമോ, പുച്ഛമോ,സങ്കടമോ, ദേഷ്യമോ,പരിഹാസമോ എന്തൊക്കെയോ ഉണ്ടായിരുന്നു….വിധിയെ ഓർത്തുള്ള വിലാപവും നിലവിളിയും ഉണ്ടായിരുന്നു. വികാരങ്ങൾക്ക് ഭാഷ വേണ്ടല്ലോ.. എന്നവൻ ഓർത്തു.
A C വണ്ടിയും A C മുറിയും പതുപതുത്ത മെത്തക്കട്ടിലും അതിനരികിൽ ടിവിയും ഒക്കെസ്വപ്നം കണ്ടു കൊണ്ടു വന്ന നജീബിന് പൊട്ടിക്കരയണമെന്നു തോന്നി.
ഭീകരജീവിയെ കാണുമ്പോൾ നമുക്ക് മനസ്സിലാകും അവിടുത്തെ ജീവിതത്തിന്റെ നേർക്കാഴ്ച. ദേഹത്തും കയ്യിലും ഒക്കെ അഴുക്കു പൊറ്റ പിടിച്ചതുപോലെ.. മുടിയിലെയും താടിയിലെയും അഴുക്കും ജടയും കണ്ടാൽ അയാൾ കുളിച്ചിട്ട് ഒരു അഞ്ചുവർഷമെങ്കിലും ആയിക്കാണുമെന്ന് തോന്നുന്നു കയ്യിലെ നഖങ്ങൾ വികൃതമായി വളർന്നു വളഞ്ഞ അഴുക്കുകൾ കറുത്തിരിക്കുന്നു….
വസ്ത്രങ്ങൾ കഴുകിയിട്ട് ഒരു നൂറ്റാണ്ടെങ്കിലും ആയിക്കാണും..നജീബിന് അറപ്പ് തോന്നി.
അർബാബിന്റെ മുന്നിൽ നിന്നവൻ പൊട്ടിക്കരഞ്ഞു….എനിക്ക് പോകണം, എനിക്കിവിടെ വയ്യ, ഞാനീ പണിക്കല്ല വന്നത് എന്നൊക്കെ പറഞ്ഞുനോക്കി.ഒന്നും അയാൾ ഒന്നും ചെവിക്കൊണ്ടില്ല… നിവൃത്തിയില്ലാതെ നിന്നപ്പോൾ അർബാബ് കൊടുത്ത മൊലച്ചൂടുള്ള ആട്ടിൻപാലും ഉണക്ക കുബ്ബൂസും കഴിച്ചു. വിശപ്പാണല്ലോ ലോകത്തിലെ എറ്റവും മഹത്തായ വികാരം.
ആടിന്റെ ചൂടുപാലും കുബ്ബൂസും ആണ് ആഹാരമെന്ന് മനസ്സിലായി…
പ്രാഥമിക കർമ്മങ്ങൾക്കോ… സൗച്യം ചെയ്യുന്നതിനുപോലും അല്പം വെള്ളമോ കിട്ടിയിരുന്നില്ല…അതാണ് അയാളെ ഏറെ വേദനിപ്പിച്ചത്.വിശ്രമമില്ലാത്ത ജീവിതമാണ് ഭീകരരൂപിയിൽ ദർശിക്കാൻ കഴിഞ്ഞത്….
സ്വയം നാറ്റത്തിലേക്കുള്ള ആദ്യപ്രവേശനം പോലെ ഒരു നാറുന്ന കുപ്പായവും ഷൂസും ധരിച്ചു…….മറ്റൊരു ഭീകരരൂപി ആകാനുള്ള മുന്നൊരുക്കം പോലെ..!
അമ്പതോ നൂറോ ആടുകളെ തെളിക്കുക അതീവശ്രമകരമയിരുന്നു.. പിന്നെ മസറയിൽ കച്ചിയും വെള്ളവും ഗോതമ്പുമൊക്കെ കൊണ്ടു വയ്ക്കണം.
മരുഭൂമിയിലെ ജീവിതവും അലച്ചിലും തലച്ചോറിൽ ജ്ഞാനത്തിന്റെ വിസ്ഫോടനം സൃഷ്ടിക്കുന്നു. ആത്മീയ ജ്ഞാനം തേടി വരുന്നവർക്കാകാം മരുഭൂമി അത് സമ്മാനിക്കുന്നത്.താൻ ഒന്നും തേടിച്ചെന്നവന ല്ലല്ലോ അകപ്പെട്ടുപോയവനല്ലേ….???
മരുഭൂമി എന്നത് സ്തൂലാർത്ഥത്തിൽ നിന്ന് സൂക്ഷ്മതലത്തിലേക്ക് വികാസം പ്രാപിക്കുന്നത് ഇവിടെയാണ്. ഈ ഭൂമിയിലെ ഏറ്റവും നിസ്സാരനായ ജീവിതാനാണെന്ന തിരിച്ചറിവിൽ നജീബ് പൊട്ടി പൊട്ടി കരയുന്നുണ്ട്. ഇതിലും ഉദാത്തമായ ആത്മജ്ഞാനം എവിടെനിന്നാണ് ലഭിക്കുക…??
വീട്, ഭാര്യ, പിറക്കാനിരിക്കുന്ന കുഞ്ഞ് ഒന്നും ഓർക്കാതെ എന്നോ മരിച്ചു
മറുലോകത്ത് എത്തിക്കഴിഞ്ഞവനെപ്പോലെ ആ ചിന്തകൾ അന്യപ്പെട്ടുപോയിരിക്കുന്നു. ഇന്നിനെ എങ്ങനെ നേരിടാം എന്ന് മാത്രമായിരുന്നു അപ്പോൾ അവന്റ ചിന്ത.
ആടിന്റെ മസറയിൽ വെള്ളം നിറച്ച ശേഷം ഒരു വലിയ വടിയുമായി അയാൾ വെളിപ്രദേശത്ത് ചുറ്റി നടന്നു ആടുകൾ ജഗതിയെപ്പോലെ ചിരിക്കുന്നു…, മോഹൻലാലിനെ പോലെ ചെരിഞ്ഞു നടക്കുന്നു…, ഇഎംഎസിനെ പോലെ വിക്കുന്നു…ഇതൊക്കെ ആടുകളിൽ ദർശിച്ച് അവൻ സാത്മ്യം പ്രാപിക്കുന്നു.
ഇടയ്ക്കൊക്കെ സൈനുവുമൊത്തുള്ള സന്തോഷകരമായ ജീവിതം ഓർക്കുകയും, നാട്ടിലേക്ക് മനസ്സ് പായുകയും ചെയ്യുന്നുണ്ട്. തന്റെ സൈനു എന്നും പോസിറ്റീവായിട്ടേ എന്തെങ്കിലും പറഞ്ഞിട്ടുള്ളൂ….നിരാശയുടെ ഒരു വാക്കുപോലും ആ നാവിൽ നിന്ന് വന്നിട്ടില്ല.
“ഒന്നും വേണ്ട ഇക്കാ നമ്മുടെ കുഞ്ഞിന് (മകനൊ, മകളോ) ജീവിക്കാനുള്ള അല്ലറ ചില്ലറ വകയാകുമ്പോൾ മടങ്ങിപ്പോരണം. എന്റെ ഇക്കാക്കമാരെ പോലെ നമുക്കൊന്നും വാരിക്കൂട്ടണ്ട മണിമാളികയും വേണ്ട. ഒന്നിച്ചൊരു ജീവിതം അത് മാത്രം മതി ”
മരുഭൂമിയിൽ ഒരു ആടിന്റെ പ്രസവത്തിനു സാക്ഷ്യം വഹിച്ചപ്പോൾ പിറന്നത് ഒരു ആൺകുട്ടിയായിരുന്നു. തന്റെ ഭാര്യ സൈനു പ്രസവിച്ചത് അപ്പോൾ ആൺകുട്ടി ആയിരിക്കുമെന്ന് അവൻ ഊഹിച്ചുകൊണ്ട് ആട്ടിൻകുട്ടിയ്ക്ക്, തന്റെ കുഞ്ഞിന് കരുതി വെച്ചിരുന്ന പേര് ഇടുന്നത് നമുക്ക് കാണാം. ചെറിയ മുട്ടനാടുകളുടെ ജനനേന്ദ്രീയം, അർബാബ് തന്റെ സഹായത്തോടെ മുറിച്ചു കളയുന്ന കാഴ്ച അസഹനീയമായിരുന്നു
ഏതോ ഒരു അബ്ദുല്ലയുടെ അപരനായി അറിയാതെ തുടങ്ങുന്ന സഹനജീവിത പർവത്തിൽ നിന്ന് രക്ഷപ്പെടുന്നതിനും ആൾമാറാട്ടം തന്നെയാണ് തുണയാകുന്നതെന്ന് ഓർക്കണം മറ്റൊരാളുടെ വിധിയിലേക്ക് നീ എന്നെ മനപ്പൂർവം പറഞ്ഞയക്കുകയായിരുന്നു എന്ന് അയാൾ കുറ്റപ്പെടുത്തുന്നില്ല ആശ്വസിക്കുക തന്നെയാണ് ചെയ്യുന്നത്.
ഓരോ ഗൾഫ് മലയാളിയും സ്വപ്നം കാണുന്ന ഒരു മണിസൗധം,ഗന്ധങ്ങളുടെ ഒരു വസന്തം, നിറങ്ങളുടെ മായക്കാഴ്ചകൾ അവരുടെ ഏതു സഹനത്തിന് പിന്നിലും അന്തര്യാമിയായി ആശ്വാസത്തിന്റെ ഈ പ്രവാഹമുണ്ട്. തന്റെ അർബാബ് തന്റെ സ്വപ്നങ്ങളുടെ സംരക്ഷകൻ എന്നയാൾ സദാ സാന്ത്വനപ്പെടുന്നു.കുഞ്ഞിക്ക എന്ന സ്നേഹത്തിന്റെ വടവൃക്ഷവും അല്ലാഹുവിന്റെ സ്നേഹവഴിയിലെ തണൽമരം ആണെന്ന് എത്ര ശാന്തമായാണ് അയാൾ തിരിച്ചറിയുന്നത്.കുഞ്ഞിക്ക എന്ന പേര് അല്ലാഹു എന്ന വാക്കിന്റെ പര്യായമായി നജീബ് കണക്കാക്കുന്നുണ്ട്.
“ഇത്രയൊക്കെ സഹിച്ചില്ലേ നജീബേ പടച്ചോൻ തരുന്നതാണെന്ന് കരുതുക അതിനെ ചോദ്യം ചെയ്യാൻ നമുക്ക് ഒരു അവകാശവുമില്ല ” മൂന്നുവർഷം നാലുമാസം ഒൻപതു ദിവസം തന്റെ മുൻപിലൂടെ കടന്നുപോയത് അവൻ ഓർത്തു. അവസാനം പണക്കാരന്റെ വണ്ടിയിലും അല്ലാഹു സഞ്ചരിക്കുമെന്ന് അവനുറപ്പായി. മലബാർ റെസ്റ്റോറന്റിലെ കുഞ്ഞിക്കയും ആഡംബരക്കാറിലെ പണക്കാരനും മാത്രമല്ല മരുഭൂമിയിൽ പെട്ടുപോയവന്റെ വഴികാട്ടിയായി വന്നുചേർന്നത്.., “ഇബ്രാഹിം ഖാദിരി” എന്ന സോമാലിയ ദേശക്കാരൻ നിർണ്ണായക സാന്നിധ്യമായി കടന്നുവരുന്നുണ്ട്. മരുഭൂമിയുടെ ഹൃദയം കണ്ടവനായിരുന്നു മൂസാനബിയുടെ കാലത്തുനിന്നും ഇറങ്ങിവന്ന ഒരു പ്രവാചകനെപ്പോലെയുള്ള ‘ഇബ്രാഹിം ഖാദിരി’. മരുഭൂമിയുടെ സന്താനമായ ഇബ്രാഹിം എന്ന പച്ചമനുഷ്യൻ ബെന്യാമിന്റെ അസാമാന്യമായ മാനുഷിക ദർശനത്തിന്റെ ഉത്തമസൃഷ്ടിയാണ്.
‘ഞാൻ ഇന്നലെകളെ കുറിച്ച് വ്യാകുലപ്പെടുകയോ, നാളെകളെക്കുറിച്ച് ആകാംക്ഷപ്പെടുകയോ ചെയ്തില്ല.. ഇന്നിനെ എങ്ങനെ നേരിടാം.’.എന്നു മാത്രം ചിന്തിച്ചു.
“എന്റെ പ്രിയപ്പെട്ട സഹോദരന്മാരേ എന്റെ രക്തമേ നിങ്ങൾക്ക് വിട, എന്ന യാത്രാമൊഴി വരെയുള്ള ജീവിതകാലം…. മൂന്നിൽ പരം വർഷങ്ങൾ കാലപരിധി അറിയാതെ അവരിൽ ഒന്നായി രണ്ടുകാലിൽ നടന്നു എന്നത് ഒഴിച്ചാൽ ഒരാട് മാത്രമായി ജീവിച്ചതിന്റെ ചൂടിൽ നിന്നുള്ള പിരിഞ്ഞുപോകൽ അവനെ വല്ലാതെ തകർക്കുന്നുണ്ട്. ആടുകൾ ഒന്നൊന്നായി തന്റെ അടുത്തേക്ക് വന്നു..:-അറവു റാവുത്തർ, മേരി മൈമൂന, ഇണ്ടിപ്പോക്കർ ഞണ്ടു രാഘവൻ,പരിപ്പ് വിജയൻ, ചക്കി, അമ്മിണി,കൗസു അങ്ങനെ എല്ലാവരോടും യാത്ര പറഞ്ഞപ്പോൾഅയാളുടെ ഹൃദയം മുറിഞ്ഞു പോകുന്നതായി നമുക്ക് കാണാം.
എഴുത്തുകാരനാവുക എന്നത് എന്റെ വിധിയല്ല നിയോഗമാകാം.വിധിയും നിയോഗവും രണ്ടും രണ്ടാണ്. വിധി അന്തിമമായ ഫലപ്രഖ്യാപനം ആണെങ്കിൽ നിയോഗം ഒരു പാതയുടെ തുടക്കംവരെ കൊണ്ടുചെന്ന് എത്തിക്കലാണ്.
എന്ന് ബെന്യാമിൻ അനുവാചകരോട് അവസാനംപറയുന്നുണ്ട്
ആടുജീവിതം എന്ന നോവലിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരികൾ ‘
മഴയ്ക്കുശേഷം വരണ്ട മണ്ണിനുമീതെ പൊന്തിവന്ന പച്ച വിരിപ്പുകളിൽ ഒരു കുഞ്ഞുചെടി നജീബിനു കൊടുക്കുന്ന ആത്മവിശ്വാസത്തിന്റെ വാക്കുകളാണ്…”നജീബേ മരുഭൂമിയുടെ ദത്തുപുത്രാ… ഞങ്ങളെപ്പോലെ നീയും നിന്റെ ജീവനെ അടക്കിപ്പിടിച്ച് ഈ മരുഭൂമിയോട് മല്ലിടുക.തീക്കാറ്റും വെയിൽനാളവും നിന്നെ കടന്നു പോകും. നീ അവയ്ക്ക് മുന്നിൽ കീഴടങ്ങരുത്,അത് നിന്റെ ജീവനെ ചോദിക്കും വിട്ടുകൊടുക്കരുത്…”എന്നുപറയുന്ന വരികൾ…!
“എഴുത്തുകാരാ ചുറ്റുമുള്ളവരെ അസൂയാലുമാക്കിക്കൊണ്ട് താങ്കൾ വിജിഗീഷുവായിരിക്കുന്നു.മഹത്തായ ഒരു നിയോഗത്തിന്റെ പ്രകാശവുംപേറി താങ്കൾ ഇനിയും ബഹുദൂരം മുന്നോട്ടു പോകൂ..”
എന്ന പ്രസാധകന്റെ വാക്കുകൾ ശ്രദ്ധിക്കൂ.
ജാടവചനങ്ങൾ ഇല്ലാതെ ഒരു പച്ചയായ ജീവിതത്തിന്റെ അത്യപൂർവ്വമായ അനുഭവമണ്ഡലങ്ങളെ ആത്മീയ സാന്ദ്രമായി പറഞ്ഞു കേൾക്കുന്നത് ചെറിയ കാര്യമല്ല. നജീബിന്റെ ജീവിതത്തിനുമേൽ വായനക്കാരന്റെ രസത്തിനുവേണ്ടി കഥയുടെ അടുക്കുകളും തോങ്ങലുകളും ഒന്നും വെച്ച് കെട്ടാൻ എനിക്ക് തോന്നിയില്ല ഇത് കഥയല്ല ജീവിതമാണെന്ന് ബെന്യാമിൻ പറയുന്നുണ്ട്.
‘വളരെ നിർമ്മമനായ ഒരു മനുഷ്യൻ, നജീബ്” മരുഭൂമിയുടെ തീഷ്ണത അനുഭവിച്ചറിഞ്ഞ അപൂർവത്തിലൊരാൾ ആട്ടിൻപറ്റത്തിലെ ഒരു വെറുമൊരു ആട്..!
പ്രിയഎഴുത്തുകാരന് ഒരായിരം ആശംസകൾ നേർന്നുകൊണ്ട്…
സ്നേഹപൂർവ്വം :-