അസാധാരണമായി തോന്നിയേക്കാവുന്നതും, എന്നാൽ അഗാധമായ പ്രാധാന്യമുള്ളതുമായ ഒരു സാങ്കൽപ്പിക സാഹചര്യത്തെ അഭിസംബോധന ചെയ്യാൻ ഒരു ആഗ്രഹം! നിങ്ങൾ പെട്ടന്ന് മരിച്ചുപോയി എന്ന് കരുതുക:- മണിക്കൂറുകൾക്കുള്ളിൽ നിങ്ങളുടെ ശരീരം തണുക്കാൻ തുടങ്ങുന്നു, എന്തൊക്കെയായിരിക്കും നടക്കാൻ പോകുക? നിങ്ങളുടെ വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും പരിചയക്കാരും അത് എങ്ങനെ കാണും?
മരണം അപ്രതീക്ഷിതമാണെങ്കിൽ കുടുംബത്തിനും, വിരലിലെണ്ണാവുന്ന ആത്മാർത്ഥ സുഹൃത്തുക്കൾക്കും ഞെട്ടലും അവിശ്വാസവും തീവ്രമായ ദുഃഖവും അനുഭവപ്പെട്ടേക്കാം! ഒരു ശവസംസ്‌കാരത്തിനോ അനുസ്മരണ ശുശ്രൂഷയ്‌ക്കോ മറ്റ് ചടങ്ങുകൾക്കോ ക്രമീകരണങ്ങൾ ചെയ്യാൻ, ഗതാഗതം സംഘടിപ്പിക്കാൻ, വേണ്ടപ്പെട്ടവരെ അറിയിക്കാൻ അവരിൽ ചിലരെങ്കിലും മുന്നിട്ടിറങ്ങും.
ജീവിത പങ്കാളി: അതിജീവിച്ച ഇണയ്ക്ക് ദുഃഖം, ഒരുപക്ഷേ കുറ്റബോധം അല്ലെങ്കിൽ കോപം എന്നിവ ഉൾപ്പെടെ നിരവധി വികാരങ്ങൾ അനുഭവപ്പെടാം! എന്നിരുന്നാലും ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ പ്രിയപ്പെട്ടവർ ക്രമേണ പങ്കാളിയില്ലാതെ ഒരു പുതിയ ജീവിതശൈലിയുമായി പൊരുത്തപ്പെടും.
അടുത്ത തലമുറ: മാതാപിതാക്കളുടെ വേർപാടിൽ കുട്ടികൾ ദുഃഖിക്കും! മരണത്തെക്കുറിച്ചുള്ള അവരുടെ ധാരണയും അവരുടെ വൈകാരിക പ്രതികരണങ്ങളും മക്കളുടെ പ്രായത്തെയും വളർച്ചാ ഘട്ടത്തെയും ആശ്രയിച്ചിരിക്കും. പഠിക്കുന്ന കുട്ടികളാണെങ്കിൽ അവർക്ക് ധാരാളം പഠിക്കാൻ ഉണ്ടാകും, രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ അവർ വീണ്ടും സ്‌കൂളിൽ പോയിത്തുടങ്ങും. ശമ്പളത്തോടുകൂടിയ വിയോഗ അവധി (Bereavement) തീരുന്നതോടുകൂടി, ജോലിയുള്ള മക്കൾ അവരുടെ ജോലി സ്ഥലത്തേക്ക് മടങ്ങിപോയിട്ടുണ്ടാകും.
സുഹൃത്തുക്കൾ: വാക്കാലുള്ള പദപ്രയോഗങ്ങളിലൂടെയോ, എഴുതിയ കുറിപ്പുകളിലൂടെയോ പലരും അനുശോചനം അറിയിച്ചുകൊണ്ട് സഹതാപം പ്രകടിപ്പിക്കും! “ഞാൻ യാത്രയിലാണെന്നോ അല്ലെങ്കിൽ എനിക്ക് ഒഴിവാക്കാൻ പറ്റാത്ത മറ്റൊരു പരിപാടി ഉണ്ടെന്നോ അതിനാൽ തന്നെ എനിക്ക് ശവസംസ്കാരത്തിൽ പങ്കെടുക്കാൻ കഴിയില്ല” എന്ന സന്ദേശം വേറെ ചിലരിൽ നിന്നും ലഭിക്കും.
കമ്മ്യൂണിറ്റി: മരിച്ചയാൾ അറിയപ്പെടുന്നതോ സ്വാധീനമുള്ളതോ ആയ വ്യക്തിയാണെങ്കിൽ, കമ്മ്യൂണിറ്റി സമ്മേളനങ്ങളോ ആദരാഞ്ജലികളോ പൊതു അറിയിപ്പുകളോ ഉൾപ്പെട്ടേക്കാം! എഴുതികൊണ്ടുവന്ന ദൈർഘ്യമേറിയ ശ്മശാനപ്രസംഗം നോക്കിവായിക്കുന്ന പരിചയക്കാർ, സംഭാഷണത്തിൻറെ ഉള്ളടക്കവുമായി ബന്ധപ്പെടാൻ കഷ്ടപ്പെടുന്ന ശ്രോതാക്കൾ!! ചരമക്കുറിപ്പ് വായിക്കുന്ന പ്രക്രിയ ഒരു വശത്ത് നടക്കുമ്പോൾ തന്നെ വേറൊരു കൂട്ടം സുഹൃത്തുക്കൾ, പാർക്കിങ് ലോട്ടിലെ കാറിലെ ബാറിൽ ഇരുന്ന് മരിച്ച നഷ്ടം, ഐസിൻറെ അഭാവത്തിലും, ആഘോഷിക്കുന്നുണ്ടാകും!!
ചുരുക്കം ചില സുഹൃത്തുക്കൾ അല്ലെങ്കിൽ സംഘടനകൾ സ്മരണയ്ക്കായി പൂക്കൾ അയക്കും! താമസമില്ലാതെ തന്നെ മരിച്ചയാളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ അൺഫ്രണ്ട് ചെയ്യപ്പെടുന്നു, ഫോണിലെ കോൺടാക്റ്റ് ലിസ്റ്റ്ൽ നിന്നും പരേതൻറെ പേര് ഡിലീറ്റ് ചെയ്യപ്പെടുന്നു
തൊഴിലുടമ: ആഴ്ചയിൽ അഞ്ചു ദിവസം എട്ട് മണിക്കൂർ ജോലി ചെയ്‌തിരുന്ന സ്ഥാപനം, അവരുടെ വെബ്‌സൈറ്റിൽ ജോബ് ബോർഡുകളിൽ നിങ്ങൾ ചെയ്തിരുന്ന ജോലി പോസ്റ്റ് ചെയ്തിട്ടുണ്ടാകും, ഒരു പകരക്കാരനെ അവർ തേടി തുടങ്ങും.
ജീവിച്ചിരുന്നപ്പോൾ ഉണ്ടാക്കിയ തലക്കെട്ടുകൾ, കാലശേഷം എവിടെയോ കേട്ടുമറന്ന കുശുകുശുപ്പുകളായി മാറും! മനുഷ്യചരിത്രത്തിൻറെ ബൃഹത്തായ ചരടിൽ, നമ്മൾ ഓരോരുത്തരും ക്ഷണികമായ ഒരു നൂൽ മാത്രമാണ്. നമ്മുടെ ജീവിതം, നമ്മുടെ നേട്ടങ്ങൾ, നമ്മുടെ വാക്കുകൾ-നമ്മൾ പ്രിയങ്കരമായി കരുതുന്ന ഇവയെല്ലാം കാലത്തിൻറെ നിരന്തരമായ വേലിയേറ്റത്തിന് വിധേയമാണ്, ഒരാളുടെ കാലശേഷം അത് പലപ്പോഴും വിസ്മയിപ്പിക്കുന്ന വേഗതയിൽ തുടച്ചുനീക്കുന്നു.
നന്നായി ജീവിച്ച ഒരു ജീവിതത്തിൻറെ മൂല്യം അളക്കുന്നത് അത് എത്രകാലം ഓർക്കുന്നു എന്നതിലല്ല, മറിച്ച് ജീവിച്ചിരിക്കുമ്പോൾ അതുണ്ടാക്കുന്ന യഥാർത്ഥ സ്വാധീനത്തിലാണ്. ഒരു വ്യക്തിയുടെ യഥാർത്ഥ സ്വാധീനം ആ വ്യക്തിയുടെ പ്രശസ്തിയുടെ സ്ഥിരതയിലോ നേട്ടങ്ങളുടെ നീണ്ട പട്ടികയിലോ അല്ല, മറിച്ച് പ്രവർത്തനങ്ങളുടെ ഗുണനിലവാരത്തിലും സമഗ്രതയിലുമാണ്.
വർത്തമാന നിമിഷത്തെ ആശ്ലേഷിക്കുക എന്നതിനർത്ഥം ഓരോ ദിവസവും ഒരു സമ്മാനമാണെന്ന് തിരിച്ചറിയുക എന്നാണ്! സ്വയം ചോദിക്കുക: ഞാൻ ഇന്ന് ശരിക്കും ജീവിക്കുന്നുണ്ടോ? ഈ വിലപ്പെട്ട നിമിഷം ഞാൻ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടോ?
ദിവസാവസാനം തിരിഞ്ഞുനോക്കുമ്പോൾ, ജീവിതത്തിൻറെ സമ്പന്നത അളക്കുന്നത് തയ്യാറാക്കിയ പദ്ധതികളോ മാറ്റിവച്ച സ്വപ്നങ്ങളോ അല്ല, മറിച്ച് ആശ്ലേഷിച്ച നിമിഷങ്ങളുടെ ഗുണനിലവാരവും സന്തോഷത്തിൻറെ പൂർത്തീകരണവുമാണ്.
ചെറിയ ചെറിയ സന്തോഷങ്ങൾ ആസ്വദിക്കുക, ചുറ്റുമുള്ള ലോകത്തെ അഭിനന്ദിക്കുക! നാളത്തേക്കുള്ള ആസൂത്രണങ്ങളിൽ കുടുങ്ങിപ്പോകാതെ; ഇന്നലെകളെ ഓർത്ത് പശ്ചാത്തപിക്കാതെ ഇന്ന് നിങ്ങളുടെ ജീവിതം ജീവിക്കുക!! ഓർക്കുക YOLO – You Only Live Once!!