Friday, December 27, 2024
Homeഅമേരിക്കബെൻസേലം സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ വോളീബോൾ ടൂർണമെന്റും 'ഹാർവെസ്റ്റ് ഫെസ്റ്റിവലും ' സെപ്റ്റംബർ 7, 8...

ബെൻസേലം സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ വോളീബോൾ ടൂർണമെന്റും ‘ഹാർവെസ്റ്റ് ഫെസ്റ്റിവലും ‘ സെപ്റ്റംബർ 7, 8 (ശനി, ഞായർ) തീയതികളിൽ

രാജു ശങ്കരത്തിൽ

ബെൻസേലം: ബൈബിളിലെ പഴയനിയമ കാലത്ത് ആണ്ടുതോറും നടത്തിവന്നിരുന്ന കൊയ്ത്തുത്സവത്തിന്റെ നല്ല ഓർമകളെ അനുസ്മരിച്ചുകൊണ്ട്, ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിൽ കൊയ്ത്തുത്സവ മഹോത്സവവും, കായിക പ്രേമികൾക്കായി വോളീബോൾ ടൂർണമെന്റും സെപ്റ്റംബർ 7, 8 (ശനി, ഞായർ) തീയതികളിൽ നടത്തപ്പെടുന്നു.

വോളീബോൾ ടൂർണമെന്റ്

ഫിലഡല്‍ഫിയയിലേയും പരിസരപ്രദേശങ്ങളിലേയും സ്പോര്‍ട്ട്സ് സംഘാടകരും വോളിബോള്‍ താരങ്ങളും ഒരുമയോടെ ഒന്നിക്കുന്ന വോളീബോൾ ടൂർണമെന്റ് സെപ്റ്റംബർ 07 ന് ശനിയാഴ്ച രാവിലെ 10:30 മുതൽ വൈകിട്ട് 5 മണി വരെ പള്ളിയുടെ വിശാലമായ മൈതാനത്തെ ആധുനിക രീതിയിൽ നവീകരിച്ച വോളീബോൾ കോർട്ടിൽ വച്ച് നടത്തപ്പെടും. സീറോ മലബാർ, പി എം ടി സി, സെന്റ് ജൂഡ് മലങ്കര, ഗ്രേയ്സ് പെന്തക്കോസ്ത് എന്നീ നാല് വോളീബോൾ ടീമുകൾ മാറ്റുരയ്ക്കുന്ന വാശിയേറിയ മത്സരത്തിൽ വിജയികളാകുന്ന ടീമുകൾക്ക് ഒന്നാം സമ്മാനമായി 500 ഡോളർ ക്യാഷ് പ്രൈസും, ഡീക്കൻ മാർക്കോസ് മാണി മെമ്മോറിയൽ ട്രോഫിയും, രണ്ടാം സമ്മാനമായി 300 ഡോളർ ക്യാഷ് പ്രൈസും, അനിയൻ ഫിലിപ്പ് മെമ്മോറിയൽ ട്രോഫിയും സമ്മാനമായി നൽകും. ഓരോ ടീമിനും 250 ഡോളറാണ് രജിസ്‌ട്രേഷൻ ഫീസ്. മാക്സിമം 10 പേരടങ്ങുന്നതായിരിക്കും ഓരോ ടീമും. ടീം അംഗങ്ങൾക്ക് അണിയുവാനുള്ള ജേഴ്സി പള്ളിയുടെ വകയായി തദവസരത്തിൽ നകുന്നതാണ്.

മത്സരത്തിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും, വാശിയേറിയ ഈ മത്സരം കണ്ടാസ്വദിക്കാനും, പ്രോത്സാഹനം കൊടുക്കുവാനുമായി എല്ലാ കായിക പ്രേമികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായും സ്പോർട്ട്സ് കോർഡിനേറ്റേഴ്സായ മാത്യു കുര്യൻ, സന്ദീപ് വർഗീസ്, ബിജു ചാക്കോ  എന്നിവർ അറിയിച്ചു.

എട്ടുനോമ്പ് പെരുന്നാൾ സമാപനം:

പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ ആണ്ടുതോറും ഭക്തിനിർഭരമായി നടത്തിവരാറുള്ള വിശുദ്ധ എട്ടുനോമ്പ് ആചരണത്തിന്റെ സമാപന ദിവസമായ സെപ്റ്റംബർ എട്ടിന് ഞായറാഴ്ച രാവിലെ 8:30 ന് പ്രഭാത നമസ്ക്കാരവും, അതിനെത്തുടർന്ന് വിശുദ്ധ കുർബ്ബാനയും, 10:30 ന് പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിൽ അഭയം പ്രാപിച്ചുകൊണ്ടുള്ള പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും നടക്കും. തുടർന്ന് നടക്കുന്ന കൈമുത്തിന് ശേഷം ഏവരും ആകാംക്ഷയോട് കാത്തിരിക്കുന്ന ‘ഹാർവെസ്റ്റ് ഫെസ്റ്റിവലിന് തിരശ്ശീല ഉയരും

‘കൊയ്ത്ത് മഹോത്സവം’ എന്ന ‘ഹാർവെസ്റ്റ് ഫെസ്റ്റിവൽ 2024’

വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം 11 മണി മുതൽ നടത്തപ്പെടുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവലിൽ നാടൻ രുചികളുടെ കലവറ തീർത്ത, രുചികരമായ വിഭവങ്ങൾ നിറഞ്ഞ നിരവധി സ്റ്റാളുകൾ ചർച്ച് ഓഡിറ്റോറിയത്തിനുള്ളിലും വെളിയിലും പ്രവർത്തന സജ്ജമാകും.

നാടൻ പാചകരുചികളുടെ മർമ്മമറിഞ്ഞ വിദഗ്ധരായ പാചകക്കാർ ആവശ്യാനുസരണം, അപ്പപ്പോൾ തയ്യാറാക്കി നൽകുന്ന രുചിയേറിയ വറുത്ത മീൻ സെന്റ് ഗ്രീഗോറിയോസ് ഹാർവെസ്റ്റ് ഫെസ്റ്റിവലിലെ എക്കാലത്തെയും മികച്ച ഐറ്റങ്ങളിൽ ഏറ്റവും ജനപ്രിയവും പ്രധാനപ്പെട്ടതുമായ ഐറ്റമാണ്. ഇത് വാങ്ങുവാൻ ഫിലാഡൽഫിയായുടെ വെളിയിൽനിന്നുപോലും ധാരാളം ആളുകൾ എല്ലാ വർഷവും വരാറുണ്ട്. ഇതിനായുള്ള ബുക്കിംഗുകൾ നേരത്തെ തുടങ്ങിക്കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.

ഗൃഹാതുരത്വമുണർത്തുന്ന പഴയകാല ഓർമ്മകളെ അയവിറക്കിക്കൊണ്ട് നാടൻ രുചിയുടെ നിലവാരം ഒട്ടും നഷ്ടപ്പെടാതെ വാഴയിലയിൽ പൊതിഞ്ഞ പൊതിച്ചോർ ആണ് ഹാർവെസ്റ്റ് ഫെസ്റ്റിവലിലെ മറ്റൊരു ആകർഷണീയ ഐറ്റം. എത്ര പറഞ്ഞാലും, എത്ര കഴിച്ചാലും നാവിൽ വീണ്ടും കൊതിയൂറുന്ന മലയാളക്കരയുടെ ജനപ്രിയ ഭക്ഷണമായ പൊതിച്ചോർ എന്ന ഈ തനി നാടൻ ഭക്ഷണത്തിന് മുൻ വർഷങ്ങളെക്കാളും അധികം ആവശ്യക്കാർ മുൻ‌കൂർ ഓർഡറുകൾ കൊടുത്തുകഴിഞ്ഞതായി സംഘാടകർ അറിയിച്ചു.

നമ്മുടെ നാടിനൊരു ഭക്ഷണശീലമുണ്ടായിരുന്നു… തലമുറകൾ കൈമാറി വന്നൊരു മികച്ച ഭക്ഷണ ശീലം.. മാഞ്ഞുപോയെന്നു കരുതിയ ആ നല്ല രുചികൾ ഇതാ തിരികെയെത്തുന്നു… നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം ആവശ്യപ്പെട്ടാൽ അപ്പപ്പോൾ ഉണ്ടാക്കിത്തരുന്ന നാടൻ തട്ടുകട മുതൽ ഇന്ത്യൻ ഭക്ഷണ വൈവിദ്ധ്യങ്ങളുടെ വിവധ കലവറകൾ തന്നെ ഈ ഫെസ്റ്റിവലിൽ സംഘാടകർ ഒരുക്കുന്നുണ്ട്.

ഒഴിവുവേളകളെ ഉല്ലാസപ്രദമാക്കുവാൻ ഇതോടൊപ്പം, കുട്ടികൾക്ക് വേണ്ടി ആകർഷയകമായ പലവിധത്തിലുള്ള ഗെയിംസും, പോണി റൈഡ്, ബൗൺസ് ഹൗസ്, ഫെയ്സ് പെയിന്റിങ് തുടങ്ങി മറ്റു വിനോദങ്ങളും, വിവധ കലാപരിപാടികൾ ഉൾക്കൊള്ളുന്ന സ്റ്റേജ് ഷോകളും ഉൾപ്പെടുത്തിയിട്ടുണ്ട് .

ആദ്യഫല സമർപ്പണവും, ലേലം വിളിയും

തങ്ങൾക്ക് ലഭിച്ചിരിക്കുന്ന താലന്തുകൾക്കനുസരിച്ച് ഹൃദയപൂർവം നമ്മുടെ ദൈവസന്നിധിയിൽ സമർപ്പിക്കുന്ന നേർച്ചകളും ദശാംശങ്ങളും സ്വീകരിക്കുന്നതോടൊപ്പം, പരമ്പരാഗതമായ ആദ്യഫല പെരുന്നാളിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ഇടവകാംഗങ്ങൾ സന്തോഷപൂർവ്വം കൊണ്ടുവന്നു സമർപ്പിക്കുന്ന ഈവർഷത്തെ കാർഷിക വിളകളുടെയും, പുതുപുത്തൻ ഉൽപ്പന്നങ്ങളുടെയും, തുണിത്തരങ്ങളുടെയും ലേലം വിളിയും അന്നേദിവസം ഉണ്ടായിരിക്കും.

ഈവർഷത്തെ സെന്റ് ഗ്രീഗോറിയോസ് ‘ഹാർവെസ്റ്റ് ഫെസ്റ്റിവൽ 2024’ – വലിയ ആൾക്കൂട്ടവും, ഉത്സവാന്തരീക്ഷവും, സങ്കൽപ്പിക്കാൻ പോലും സാധ്യമല്ലാത്ത അടിപൊളി രുചിയുള്ള വൈവിദ്ധ്യമാർന്ന വിഭവങ്ങളുമടങ്ങിയ കിടിലൻ ഭക്ഷണശാലകളും അണിനിരക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവൽ എന്ന ഈ കൊയ്ത്ത് മഹോത്സവത്തിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. ഫാദർ ഷിബു വേണാട് മത്തായി, റെനി ബിജു (സെക്രട്ടറി) ബീന കോശി (ട്രഷറാർ), ഷിജു പൂവത്തൂർ (ജോയിന്റ് ട്രഷറാർ) ജിനു ജോൺ (ജോയിന്റ് സെക്രട്ടറി) കെവിൻ വർഗീസ്, ജോ ജോൺ (ഫെസ്റ്റിവൽ കോർഡിനേറ്റേഴ്‌സ്) എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാ. ഷിബു വേണാട് മത്തായി: 312 927 7045

വാർത്ത: രാജു ശങ്കരത്തിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments