🔹ഡെലവെയറിൽ ഒരു കൈത്തോക്ക് വാങ്ങാൻ ആഗ്രഹിക്കുന്ന ആർക്കും ഉടൻ തന്നെ ഒരു മൾട്ടി-സ്റ്റെപ്പ് പ്രക്രിയ നേരിടേണ്ടി വരും. കൈത്തോക്കുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന താമസക്കാർക്കുള്ള പെർമിറ്റ്-ടു-പർച്ചേസ് ചട്ടങ്ങൾ വിശദീകരിക്കുന്ന ബിൽ വ്യാഴാഴ്ച ഡെലവെയർ സെനറ്റ് പാസാക്കി. ഗവർണർ ജോൺ കാർണി തൻ്റെ മേശപ്പുറത്ത് എത്തിയാലുടൻ ബില്ലിൽ ഒപ്പിടുമെന്ന് പറഞ്ഞു.
🔹വെസ്റ്റ് ഫിലഡൽഫിയയിൽ എയർഫോഴ്‌സ് വെറ്ററൻ റിച്ചാർഡ് ബട്‌ലർ (88) കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വാഹനം തിരയുന്നതിൻ്റെ കൂടുതൽ വീഡിയോ പോലീസ് പുറത്തുവിട്ടു. നോർത്ത് ഡേവി സ്ട്രീറ്റിലെ 100 ബ്ലോക്കിൽ കാറിൽ ഇരിക്കുമ്പോൾ മാർച്ച് 5 ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് റിച്ചാർഡ് ബട്‌ലർ വെടിയേറ്റ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച പോലീസ് പുറത്തു വിട്ട വീഡിയോ ദൃശ്യങ്ങളിൽ 2018-2019 സിൽവർ നിറത്തിലുള്ള നിസ്സാൻ ആൾട്ടിമ, ഇരുണ്ട നിറമുള്ള വിൻഡോയോടുകൂടിയ വാഹനം കാണിക്കുന്നു. വാഹനത്തിൻ്റെ മുൻ വലത് പാനലിലും പെൻസിൽവാനിയ ലൈസൻസ് പ്ലേറ്റിലും ഡൻ്റുകളുമുണ്ട്.
🔹ഫിലഡൽഫിയയിൽ ചൊവ്വാഴ്ച അയൽവാസിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ഒരാളെ കൊലപാതക കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് വെനാംഗോ സ്ട്രീറ്റിലെ 1400 ബ്ലോക്കിലാണ് രാവിലെ പതിനൊന്നു മണിയോടെ തെക്വഷ ബോക്‌സിൽ (43) എന്ന യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ പോലീസ് കണ്ടെത്തിയത്.
ഇതേ വസതിയിലെ ഒരു അപ്പാർട്ട്‌മെൻ്റിൽ താമസിക്കുന്ന ബോക്‌സിലിൻ്റെ അയൽവാസിയായ അലൻ ലെഗ്രി(55)യെ അധികൃതർ അറസ്റ്റ് ചെയ്തു.
🔹ബർലിംഗ്ടൺ കൗണ്ടിയിലെ ഒരു തോക്ക് കടയിൽ കവർച്ച നടത്തിയ സംഭവത്തിൽ ഒരു കൗമാരക്കാരൻ അറസ്റ്റിൽ. ഫെബ്രുവരി 26 ന് മാർൾട്ടണിലെ അർബൻ ടാക്‌റ്റിക്കൽ തോക്കു കടകളിൽ അതിക്രമിച്ചു കയറിയവരിൽ ഒരാളാണ് 15കാരൻ. കുറ്റകൃത്യത്തിന് ഉപയോഗിച്ച മോഷ്ടിച്ച വാഹനത്തിൽ നിന്ന് ലഭിച്ച തെളിവുകളിൽ നിന്നാണ് 15 പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞതായി പോലീസ് പറയുന്നു. കൂടുതൽ പ്രതികൾക്കും മോഷ്ടിച്ച അഞ്ച് തോക്കുകളിൽ രണ്ടെണ്ണത്തിനുമായി അന്വേഷണ ഉദ്യോഗസ്ഥർ തിരച്ചിൽ തുടരുകയാണ്.
🔹കമ്പനിയുടെ കോടീശ്വരനായ സ്ഥാപകൻ അദാനിയുടെ പെരുമാറ്റത്തോടൊപ്പം കമ്പനി കൈക്കൂലിയിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യുഎസ് പ്രോസിക്യൂട്ടർമാർ ഇന്ത്യയുടെ അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള അന്വേഷണം വിപുലീകരിച്ചു. അദാനി സ്ഥാപനമോ ഗൗതം അദാനി ഉൾപ്പടെയുള്ള കമ്പനിയുമായി ബന്ധമുള്ളവരോ ഒരു ഊർജ പദ്ധതിയിൽ അനുകൂലമായ ചികിത്സയ്ക്കായി ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് പണം നൽകുന്നതിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിക്കുകയാണ്,
🔹ഓർമാ ഇൻ്റർനാഷണൽ മൂവീ ഫോറം ചെയർ രാജ് മാത്യൂവിൻ്റെ പിതാവ്, ജോസഫ് പള്ളിവാതുക്കൽ, വെസ്റ്റ് ബെംഗാളിലെ കോൽക്കാത്തായിൽ അന്തരിച്ചു. പ്രശസ്തമായ ജോസ്കോൺ കൺസ്ട്രക്ഷൻ കമ്പനിയുടെയും സൺ പവർ ലിങ്കിൻ്റെയും സ്ഥാപകനും സി ഈ ഓ യും ആയിരുന്നു ജോസഫ് പള്ളിവാതുക്കൽ. സംസ്കാര കർമ്മങ്ങൾ മാർച്ച് 18 തിങ്കളാഴ്ച്ച വൈകുന്നേരം മൂന്നു മണിയ്ക്ക്, ഇന്ത്യയിലെ കോൽക്കാത്തായിൽ ചർച്ച് ഓഫ് ക്രൈസ്റ്റ് ദ കിങ്ങ് പള്ളിയിൽ ( 5 സെയ്ദ് അമീർ അലി അവന്യൂ, പാർക് സർക്കസ്, 700017) നടക്കും.
🔹ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ടം ഏപ്രിൽ 19 നും ഏപ്രിൽ 26 ന് രണ്ടാം ഘട്ടവും നടക്കും. കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് രണ്ടാം ഘട്ടത്തിലായിരിക്കും. എല്ലാ ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും. ഏഴ് സംസ്ഥാനങ്ങളിലെ 26 നിയമസഭാ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കും.
🔹ഫാസ്‌ടാഗുകൾക്കായുള്ള അംഗീകൃത ബാങ്കുകളുടെ പട്ടികയിൽ നിന്ന് പേടിഎം പേയ്മെൻറ്സ് ബാങ്കിനെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നീക്കം ചെയ്തു. ഫാസ്‌ടാഗുകൾ നൽകാനാകുന്ന അംഗീകൃത ബാങ്കുകളുടെയും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുടെയും പട്ടിക ഹൈവേ അതോറിറ്റി പുതുക്കിയിട്ടുണ്ട്. ഫാസ്‌ടാഗുകൾ നൽകുന്നത് ഉൾപ്പെടെയുള്ള ചില പ്രവർത്തനങ്ങളിൽ നിന്ന് പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിനെ റിസർവ് ബാങ്ക് വിലക്കിയതിനെ തുടർന്നാണ് നടപടി. മാർച്ച് 15 മുതൽ പേടിഎം ഫാസ്‌ടാഗുകൾ പ്രവർത്തനരഹിതമാകുമെങ്കിലും ഉപയോക്താക്കൾക്ക് അവരുടെ ലഭ്യമായ ബാലൻസ് ഉപയോഗിക്കുന്നതിന് സാധിക്കും.
🔹കേരളം ചെറിയ പൈസക്ക് നൽകുന്ന അരി ഭാരത് റൈസ് എന്ന പേരിൽ കേന്ദ്രം 29 രൂപയ്ക്ക് കൊടുക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശബരി കെ റൈസ് വിതരണം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 11 രൂപ സബ്‌സിഡി നൽകിയാണ് കെ റൈസ് വിപണിയിൽ എത്തിക്കുന്നത്. കേന്ദ്രം നേരിട്ട് അരി വിതരണം ഏറ്റെടുത്തതിന്റെ ഉദ്ദേശം എന്താണ്. രാഷ്ട്രീയ ലാഭവും സാമ്പത്തിക ലാഭവും ആണ് കേന്ദ്ര ലക്ഷ്യം. സംസ്ഥാനം സ്വീകരിക്കുന്നത് തനതു രീതിയിലുള്ള പ്രവർത്തനങ്ങളാണ്.
സംസ്ഥാന സർക്കാർ കെ റൈസ് വിതരണം ചെയ്യുന്നത് ജനങ്ങളോടുള്ള പ്രതിബദ്ധത കൊണ്ടാണ്. നമ്മുടെ നാട്ടിൽ ആരും പട്ടിണി കിടക്കാൻ പാടില്ല എന്ന നിര്ബന്ധത്തോടുള്ള ഇടപെടലാണ് ഇപ്പോൾ കെ റൈസിലെത്തി നിൽക്കുന്നത്. കഴിക്കുന്ന ഭക്ഷണം മുടക്കാനുള്ള കേന്ദ്രത്തിന്റെ സമീപനം നാം നേരത്തെ തിരിച്ചറിഞ്ഞതാണ്. പ്രളയകാലത്ത് നൽകിയ അരിക്ക് പോലും കേന്ദ്രം പണം പിടിച്ചുപറിച്ച ചരിത്രമാണ് കേന്ദ്രസർക്കാറിനുള്ളത്. എന്നിട്ടും അരിശം തീരാത്തത് പോലെയാണ് സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി പോലും മുടക്കാനുള്ള നടപടി കേന്ദ്രം സ്വീകരിച്ചത്. ഇത്തരത്തിൽ കാര്യങ്ങൾ ഉണ്ടാകുന്നതിൽ ആശ്ചര്യപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
🔹ബെംഗളൂരു: ജലക്ഷാമം നേരിടാന്‍ കടുത്ത നടപടികളിലേക്ക് കടന്ന് ബെംഗളൂരു നഗരസഭാ അധികൃതര്‍. വാഹനം കഴുകാനും പൂന്തോട്ടം നനയ്ക്കാനും ശുദ്ധജലം ഉപയോഗിക്കരുതെന്ന നിര്‍ദേശത്തിനൊപ്പം ശുദ്ധീകരിച്ച വെള്ളം നീന്തല്‍ക്കുളങ്ങളിലും ഉപയോഗിക്കരുതെന്ന നിര്‍ദേശം കൂടി ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് ബോര്‍ഡ് (ബിഡബ്ല്യുഎസ്എസ്ബി) നല്‍കിക്കഴിഞ്ഞു. ബിഡബ്ല്യുഎസ്എസ്ബി വിതരണം ചെയ്യുന്നതോ കുഴല്‍ക്കിണറുകളില്‍ നിന്നുള്ളതോ ലഭ്യമായ വെള്ളം നീന്തല്‍ക്കുളങ്ങളില്‍ ഉപയോഗിക്കുന്നത് പിഴ ചുമത്താന്‍ ഇടയാക്കും. നിര്‍ദേശം ലംഘിക്കുന്നപക്ഷം ആദ്യതവണ 5000 രൂപയും തുടര്‍ന്നുള്ള ലംഘനങ്ങള്‍ക്ക് പ്രതിദിനം 500 രൂപകൂടി അധികമായി പിഴ നല്‍കേണ്ടിവരും.
🔹ഇ പോസ് സെർവർ തകരാർ തുടര്‍ന്നതോടെ റേഷൻ മസ്റ്ററിങ് ഇന്നും തടസപ്പെട്ടു. ഇന്ന് മഞ്ഞ കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് ആയിരുന്നു നടത്തേണ്ടിയിരുന്നത്. ഇ-പോസ് മെഷീന്‍റെ സെര്‍വര്‍ മാറ്റാതെ സംസ്ഥാനത്ത് റേഷൻ വിതരണത്തിൽ നേരിടുന്ന പ്രശ്നം പരിഹരിക്കാനാവില്ലെന്ന് റേഷൻ വ്യാപാരികൾ വ്യക്തമാക്കി. വിവിധ ജില്ലകളില്‍ മസറ്ററിങിനായി ആളുകള്‍ എത്തിയെങ്കിലും സെര്‍വര്‍ തകരാറിനെതുടര്‍ന്ന് ഒന്നും ചെയ്യാനായില്ല. പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയില്‍ റേഷന്‍ കടകള്‍ക്ക് മുന്നില്‍ നിരവധി പേരാണ് കാത്തുനില്‍ക്കുന്നത്.
🔹ബിജെപി ഇത്തവണ കേരളത്തില്‍ രണ്ടക്ക സീറ്റ് നേടുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ ആന്‍ണിയുടെ പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. മലയാളത്തില്‍ ശരണം വിളിയോടെ പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി ഇത്തവണ നാനൂറിലധികം സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നു പറഞ്ഞു. ഒരു തവണ കോണ്‍ഗ്രസ്, ഒരു തവണ എല്‍ഡിഎഫ് എന്ന ചക്രം കേരളത്തില്‍ പൊളിക്കണം എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
🔹ക്ഷേമ പെന്‍ഷന്‍ രണ്ട് ഗഡുകൂടി വിഷുവിന് മുമ്പ് വിതരണംചെയ്യാന്‍ തീരുമാനിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നിലവില്‍ ഒരു ഗഡു തുക വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്. വിഷുവിന് മുന്‍പ് 3200 രൂപ കൂടി ലഭിക്കുമെന്നും, ഇതോടെ അടുത്തടുത്ത ദിവസങ്ങളിലായി 4800 രൂപ ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
🔹കേരള സര്‍വകലാശാല കലോത്സവത്തിലെ വിധികര്‍ത്താവ് ഷാജിയെ മര്‍ദിക്കുന്നതിന് തങ്ങള്‍ ദൃക്സാക്ഷികളാണെന്ന് നൃത്ത പരിശീലകന്‍ ജോമറ്റ് മൈക്കിള്‍. എസ്എഫ്ഐ നേതാവ് അഞ്ജു കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം. മര്‍ദ്ദനം തുടര്‍ന്നപ്പോള്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ഷാജി പറഞ്ഞിരുന്നുവെന്നും ഇവര്‍ പറഞ്ഞു. അവര്‍ തങ്ങളെയും മര്‍ദ്ദിച്ചിരുന്നു. എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ പൊലീസിനെ സമീപിക്കുമെന്നും നൃത്തപരിശീലകര്‍ വ്യക്തമാക്കി.
🔹കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാലയില്‍ പുറത്താക്കപ്പെട്ട വിസിമാര്‍ക്കെതിരെ തിങ്കളാഴ്ച വരെ തുടര്‍നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി. യുജിസി യോഗ്യതയില്ലെന്ന കാരണത്താലാണ് ഗവര്‍ണറുടെ നടപടി. പുറത്താക്കപ്പെട്ട വിസിമാര്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി വാദത്തിനായി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി.
🔹ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 43 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 502 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂര്‍ത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം നടത്തിയ 54 സ്ഥാപനങ്ങളിലെ ഷവര്‍മ്മയുടെ നിര്‍മ്മാണവും വില്‍പ്പനയും നിര്‍ത്തിവയ്പ്പിച്ചു.
🔹മെയ് 1 മുതല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഡ്രൈവിംഗ് പരിഷ്‌കരണം നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി സിഐടിയു. മുഖ്യമന്ത്രിയും സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീമുമായുള്ള ചര്‍ച്ചയിലാണ് തീരുമാനമായിരിക്കുന്നത്. അതേസമയം അത്തരത്തിലൊരു നിര്‍ദേശം തങ്ങള്‍ക്ക് ഔദ്യോഗികമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്. ഇനി ട്രേഡ് യൂണിയനുകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമേ തുടര്‍ നടപടികളുണ്ടാകൂ എന്നും സിഐടിയു അറിയിച്ചു.
🔹വീടിനു മുന്നിലെ ഓടുകൊണ്ടുള്ള പഴയ മതില്‍ ഇടിഞ്ഞുവീണ് അഞ്ചു വയസുകാരന് തൃശൂരില്‍ ദാരുണാന്ത്യം. വല്ലച്ചിറ പകിരിപാലം കൂടലിവളപ്പില്‍ അനില്‍ കുമാറിന്റെയും ലിന്റയുടെയും മകന്‍ അനശ്വര്‍ ആണ് മരിച്ചത്. വല്ലച്ചിറ ഗവ. യു.പി. സ്‌കൂളിലെ യു.കെ.ജി. വിദ്യാര്‍ഥിയാണ്.
🔹പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ കോയമ്പത്തൂരില്‍ നടത്താന്‍ അനുമതി. മദ്രാസ് ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം പോലീസിന് നല്‍കിയത്. സുരക്ഷാക്രമീകരണങ്ങള്‍ ചൂണ്ടിക്കാണിച്ച് നേരത്തെ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. ഇപ്പോള്‍ ഉപാധികളോടെയാണ് അനുമതി നല്‍കുന്നതെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് അറിയിച്ചു.
🔹മദ്യനയ അഴിമതിക്കേസില്‍ കെ.ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ബിആര്‍എസ് നേതാവുമായ കെ കവിത അറസ്റ്റില്‍. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കവിതയുടെ വസതിയില്‍ നടത്തിയ ഇഡി- ഐടി റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്. ഡല്‍ഹി സര്‍ക്കാരിന്റെ കീഴിലുള്ള മദ്യ വില്പനയുടെ ലൈസന്‍സ് 2012 ല്‍ സ്വകാര്യമേഖലയ്ക്ക് കൈമാറിയതില്‍ അഴിമതി നടന്നിരുന്നെന്നും, കള്ളപ്പണം വെളിപ്പിച്ചെന്നും ഇ ഡി നേരത്തെ കണ്ടെത്തിയിരുന്നു.
🔹വീടിന് തീപിടിച്ച് ഇന്ത്യന്‍ വംശജരായ മൂന്നംഗ കുടുംബം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. കാനഡയിലെ ഒന്റാറിയോയിലാണ് സംഭവം. രാജീവ് വരിക്കോ (51), ശില്‍പ കോഥ (47), മഹെക് വരിക്കോ (16) എന്നിവരാണ് മരിച്ചത്. എന്നാല്‍ എങ്ങനെയാണ് വീട്ടില്‍ തീപ്പിടുത്തമുണ്ടായത് എന്നതില്‍ ദുരൂഹത കാണുന്നുവെന്നാണ് പൊലീസ് പറയുന്നത്.
🔹മെറിലാന്‍ഡ് സിനിമാസ് നിര്‍മ്മാണവും വിനീത് ശ്രീനിവാസന്‍ സംവിധാനവും നിര്‍വഹിക്കുന്ന ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. ആറ് ഗാനങ്ങളാണ് ആദ്യ ഘട്ടത്തില്‍ പുറത്തിറക്കിയിരിക്കുന്നത്. നാല് പാട്ടുകള്‍ കൂടി ചിത്രത്തിലുണ്ട്. അമൃത് രാംനാഥാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വമ്പന്‍ ക്യാന്‍വാസില്‍ വലിയൊരു താരനിരയുമായി ഒരുക്കിയിരിക്കുന്ന ചിത്രം റംസാന്‍ – വിഷു റിലീസായി ഏപ്രില്‍ പതിനൊന്നിന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് ചിത്രത്തില്‍ നായകന്മാരായി എത്തുന്നത്. വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.