Saturday, July 20, 2024
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2024 | ജൂൺ 16 | ഞായർ ✍ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2024 | ജൂൺ 16 | ഞായർ ✍ കപിൽ ശങ്കർ

കപിൽ ശങ്കർ

🔹തിരുവനന്തപുരം കഴക്കൂട്ടം സബ് ട്രഷറിയില്‍ നിന്നും കൂടുതല്‍പ്പേര്‍ക്ക് പണം നഷ്ടമായതായി കണ്ടെത്തി. മരിച്ച മൂന്നുപേരുടെ അക്കൗണ്ടില്‍നിന്നും പണം അപഹരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ആറുലക്ഷത്തി എഴുപതിനായിരം രൂപയാണ് മരിച്ച ഗോപിനാഥന്‍ നായരുടെ അക്കൗണ്ടില്‍നിന്ന് മാത്രം തട്ടിയെടുത്തത്. ട്രഷറിയില്‍ നടത്തിയ പരിശോധനയില്‍ 15 ലക്ഷത്തിലധികം രൂപ ആകെ നഷ്ടമായതായി കണ്ടെത്തി.

🔹കോഴിക്കോട് മടവൂര്‍ പഞ്ചായത്തിലെ ചക്കാലക്കല്‍ തറയങ്ങല്‍ മരക്കാറിന്റെ വീട്ടിലെ കിണറിലെ വെള്ളത്തിന്റെ നിറം കടും നീലയായി മാറി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. പരിശോധനാഫലം വന്നാല്‍ മാത്രമേ നിറംമാറ്റത്തിന്റെ കാരണം അറിയാന്‍ കഴിയൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

🔹കോട്ടയം ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ തമ്മില്‍ തല്ലി. സംഭവത്തില്‍ സുധീഷ്, ബോസ്‌കോ എന്നിവര്‍ക്ക് സസ്പെന്‍ഷന്‍. പോലീസുകാര്‍ക്കെതിരെ ജില്ലാ പോലീസ് മേധാവിയാണ് നടപടി എടുത്തത് . ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെ ഉച്ചയ്ക്കാണ് പോലീസ് സ്റ്റേഷനുള്ളില്‍ വച്ച് രണ്ട് പോലീസുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിന് ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

🔹ലോക്കോ റണ്ണിംഗ് ജീവനക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിച്ച് സമരം ഒത്തു തീര്‍ക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് മന്ത്രി വി ശിവന്‍കുട്ടി കത്തയച്ചു. റയില്‍വെ ആക്ടും നിയമങ്ങളും അനുസരിച്ച് പ്രതിവാര വിശ്രമത്തോടൊപ്പം പ്രതിദിന വിശ്രമം നിഷേധിക്കുന്നത് നിയമവിരുദ്ധമാണ് എന്ന സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെയും കര്‍ണാടക ഹൈക്കോടതിയുടെയും വിധികള്‍ നടപ്പിലാക്കില്ല എന്ന നിലപാടിനെതിരെ ജൂണ്‍ 1 മുതല്‍ ലോക്കോ റണ്ണിംഗ് ജീവനക്കാര്‍ സമരത്തിലാണ്.

🔹നര്‍ത്തകനും, കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ കലാമണ്ഡലം സത്യഭാമയ്ക്ക് നെടുമങ്ങാട് എസ്സി/എസ്ടി കോടതി ജാമ്യം അനുവദിച്ചു. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. അധിക്ഷേപ പരാമര്‍ശത്തില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്.

🔹തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനുശേഷം തൃശൂര്‍ ലൂര്‍ദ് മാതാവിന്റെ പള്ളിയിലെത്തി മാതാവിന് സ്വര്‍ണ്ണ കൊന്ത സമര്‍പ്പിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് വിജയത്തിലെ നന്ദി അറിയിച്ചുകൊണ്ടാണ് സുരേഷ് ഗോപിയുടെ ലൂര്‍ദ് പള്ളിയിലെ സന്ദര്‍ശനം.

🔹കെ.സി. വേണുഗോപാലിന്റെ മദ്യം കഴിക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന ഫോട്ടോക്ക് വിശദീകരണവുമായി കോണ്‍ഗ്രസ്. ഗ്ലാസില്‍ കട്ടന്‍ ചായയുമായി നില്‍ക്കുന്ന ചിത്രമാണ് അദ്ദേഹം മദ്യം കഴിച്ചുവെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് വിശദീകരണം നല്‍കി. വ്യാജ പ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കി.

🔹ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ അബൂജ്മാണ്ഡ് വനമേഖലയില്‍ മാവോയിസ്റ്റുകളും സുരക്ഷസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് എട്ട് മാവോയിസ്റ്റുകളെ സുരക്ഷസേന വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ വീരമൃത്യു വരിക്കുകയും രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും വെടിവെപ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

🔹ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദരീനാഥ് ദേശീയപാതയില്‍ ടെമ്പോ ട്രാവലര്‍ അളകനന്ദാ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 14 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു.

🔹ജൂണ്‍ 15ന് സ്മാര്‍ട്ട് റോഡുകളുടെ പണി തീരുമെന്ന പൊതുമരാമത്ത് മന്ത്രി റിയാസിന്റെ ഉറപ്പ് വൃഥാവിലായിയെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട്ട് റോഡ് നിര്‍മ്മാണവും നഗരത്തിലെ മിക്ക റോഡുകളുടെ നിര്‍മാണവും ബാക്കിയാണ്. പൂര്‍ണ്ണതോതില്‍ ഗതാഗതം തുടങ്ങാന്‍ ഇനിയും സമയം എടുക്കുമെന്നാണ് വിലയിരുത്തല്‍.

🔹കണ്ണൂര്‍ ചാലക്കരയില്‍ ബിജെപി പ്രവര്‍ത്തകന്‍ സനൂപിന്റെ വീടിനു നേരെ ബോംബേറ്. റെയിന്‍ കോട്ട് ധരിച്ചെത്തിയ അക്രമിയാണ് ബോംബ് എറിഞ്ഞതെന്നാണ് സൂചന. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ അരുണ്‍ അറസ്റ്റിലായി.

🔹മലപ്പുറം വള്ളിക്കുന്നില്‍ കല്യാണ മണ്ഡപത്തില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് മഞ്ഞപിത്തം സ്ഥീരികരിച്ചു. പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട്, കോട്ടകടവ് ആശുപത്രികളില്‍ 30ല്‍ അധികം പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഈ ഭാഗങ്ങളിലുള്ളവര്‍ കടുത്ത പനിയേയും ചര്‍ദ്ദിയേയും തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്.

🔹പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതൊന്നും ഈ സര്‍ക്കാരിന് നടപ്പാക്കാന്‍ കഴിയില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തമിഴ്‌നാട്ടില്‍ ഒരു തവണ മാത്രം പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി ഒറ്റവരവില്‍ മോദിയെ തകര്‍ത്തെന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂരില്‍ ഡിഎംകെ സഖ്യത്തിന്റെ വിജയാഘോഷവേദിയിലാണ് എംകെ സ്റ്റാലിന്റെ പ്രതികരണം.

🔹കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവര്‍ സ്റ്റേഷനില്‍ വെച്ച് കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ ചിറക്കല്‍ സ്വദേശി സൂരജ് (49) ആണ് മരിച്ചത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്നലെ രാത്രിയാണ് പളളിക്കുന്നില്‍ നിന്ന് ഓട്ടോ ഡ്രൈവറായ സൂരജിനെ കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ കയറി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു.

🔹ഇടുക്കി പൈനാവില്‍ രണ്ടു വീടുകള്‍ക്ക് തീയിട്ട സംഭവത്തില്‍ പ്രതി പിടിയില്‍. കൊച്ചു മലയില്‍ അന്നക്കുട്ടി, മകന്‍ ലിന്‍സ് എന്നിവര്‍ താമസിക്കുന്ന വീടുകളാണ് തീവെപ്പില്‍ കത്തിയത്. പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. അന്നക്കുട്ടിയുടെ വീട് പൂര്‍ണമായും, ജിന്‍സിന്റെ വീട് ഭാഗികമായും കത്തിനശിച്ചിരുന്നു. വീടുപകരണങ്ങളും കത്തി നശിച്ചു. ഇടുക്കി പൊലീസും, ഫയര്‍ ഫോഴ്‌സും, നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു.
കഴിഞ്ഞ ദിവസം അന്നക്കുട്ടിയുടെയും പേരക്കുട്ടിയുടെയും ദേഹത്ത് മകളുടെ ഭര്‍ത്താവ് സന്തോഷ് പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു. കുടുബ വഴക്കാണ് സംഭവത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.തീവെച്ച സമയത്ത് രണ്ട് വീടുകളിലും ആളുണ്ടായിരുന്നില്ല എന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. നേരത്തെ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ അന്നക്കുട്ടിയും പേരകുട്ടിയും ആശുപത്രിയില്‍ തുടരുകയാണ്. ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.

🔹നിയമവിരുദ്ധമായി ബീഫ് കച്ചവടം നടത്തിയെന്ന് ആരോപിച്ച് 11 പേരുടെ വീടുകൾ പൊളിച്ചു.മധ്യപ്രദേശിലെ മണ്ഡലയിൽ ഗോത്രമേഖലയിൽ ആണ് സംഭവം. സർക്കാർഭൂമിയിൽ നിർമിച്ച വീടുകളാണ് പൊളിച്ചത്.രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇറച്ചിക്കായി കൊണ്ടുവന്ന 150 പശുക്കളെ പൊലീസ് കണ്ടെത്തുകയായിരുന്നു. കൂടാതെ വീടുകളിലെ ഫ്രിഡ്ജിൽ നിന്ന് ഇറച്ചിയും കണ്ടെടുത്തു. പിടിച്ചെടുത്ത ഇറച്ചി ബീഫിറച്ചിയാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് .സാംപിളുകൾ ഹൈദരാബാദിൽ ഡി.എൻ.എ. പരിശോധനക്കയച്ചു.വീട് നഷ്ടപ്പെട്ട 11 പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്കയും ചെയ്തു. മറ്റ്‌ 10 പേർക്കായി തെരച്ചിൽ നടത്തുകയാണ്‌.

🔹സിപിഎം ഓഫീസ് മിശ്രവിവാഹങ്ങള്‍ക്കായി എപ്പോഴും തുറന്നിടുമെന്ന് പാര്‍ട്ടി തിരുനെല്‍വേലി ജില്ലാ സെക്രട്ടറി ശ്രീറാം. മിശ്രവിവാഹങ്ങള്‍ പാര്‍ട്ടി നടത്തിക്കൊടുക്കുമെന്നും ശ്രീറാം വ്യക്തമാക്കി. മിശ്രവിവാഹത്തിന് നേതൃത്വം നല്‍കിയെന്നാരോപിച്ച് തിരുനെല്‍വേലിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് തല്ലിത്തകര്‍ക്കപ്പെട്ടതിന് പിന്നാലെയാണ് ജില്ലാ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. ഓഫീസ് ആക്രമിച്ച സംഭവത്തില്‍ 13 പേരെ അറസ്റ്റ് ചെയ്തു.

🔹മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും താമസിക്കാനുള്ള കെട്ടിടങ്ങള്‍ പണിയാനായി മധ്യപ്രദേശില്‍ 29,000 മരങ്ങള്‍ കൂട്ടത്തോടെ വെട്ടിമാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. നടപടിക്കെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിഷേധം ഉയര്‍ത്തിയതോടെ മരം മുറിക്കാനുള്ള നീക്കം വന്‍ വിവാദമായി. 50 മുതല്‍ 70 വര്‍ഷം വരെ പഴക്കമുളള മരങ്ങളാണ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനായി സര്‍ക്കാര്‍ മുറിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

🔹മുംബയിൽ പൊലീസ് കോൺസ്റ്റബിളിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിജയ് സാലുങ്കെ (38) എന്നയാളെയാളെയാണ് കഴിഞ്ഞ ദിവസം പ്രതീക്ഷ നഗറിലെ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഷാഹു നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളാണ് ഇയാളെന്ന് റിപ്പോർട്ടുകൾ വ്യകതമാക്കുന്നു.യുവാവിന്റെ മരണശേഷം പൊലീസ് നടത്തിയ തെരച്ചിലിൽ ഇയാളുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പങ്കാളിയുടെ ശല്യം സഹിക്കാൻ കഴുയാത്തത് കൊണ്ട് താൻ ആത്മഹത്യ ചെയ്യുന്നു എന്നാണ് കുറിപ്പിൽ എഴുതിയിട്ടുള്ളത്. സംഭവ സമയത്ത് യുവാവിന്റെ പങ്കാളിയും കുഞ്ഞും വീട്ടിൽ ഉണ്ടായിരുന്നില്ല എന്നും പൊലീസ് വ്യക്തമാക്കുന്നു.

🔹യുപിയിലെ ഭാഗ്പതിൽ അനുജനെ സഹോദരങ്ങൾ വെടിവെച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ജേഷ്ഠന്റെ വിധവയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിലാണ് സംഭവം. 32 വയസുള്ള യശ്‍വീർ എന്നയാളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഭാഗ്പത് സ്വദേശിയായ ഈശ്വർ എന്നയാളുടെ മക്കളിൽ ഒരാളാണ് കൊല്ലപ്പെട്ടത്.ഈശ്വറിന് സുഖ്‌വീർ, ഓംവീർ, ഉദയ്‌വീർ, യശ്‍വീർ എന്നീ പേരുകൾ ഉള്ള 4 മക്കളാണ് ഉണ്ടായിരുന്നത്. മൂത്ത മകനായ സുഖ്‌വീർ മരണപ്പെട്ടതോടെ ഏറ്റവും ഇളയ മകൻ യശ്‍വീർ ജേഷ്ഠന്റെ വിധവയായ ഋതുവിനെ വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ ഈ വിവാഹത്തിൽ മറ്റ് രണ്ട് സഹോദരന്മാർക്കും അതൃപ്തി ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.ഡ്രൈവറായിരുന്ന യശ്‍വീർ വെള്ളിയാഴ്ച ജോലി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയപ്പോൾ സഹോദരങ്ങളായ ഓംവീറും ഉദയ്‌വീറും അമ്മയുമായി വഴക്കിടുകയായിരുന്നു. തുടർന്ന് വഴക്ക് മൂർജിക്കുകയും, ഇതിൽ ഇടപെടാൻ ചെന്ന യശ്‍വീറിനെ സഹോദരങ്ങൾ വെടിവെച്ചു കൊല്ലുകയുമായിരുന്നു.

🔹മണിപ്പൂര്‍ ഇംഫാലിലെ സുരക്ഷ മേഖലയില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല . ലാംബുലൈനിലെ ഉപേക്ഷിക്കപ്പെട്ട വീടുകളാണ് കത്തിയതെന്നാണ് പ്രാഥമിക വിവരം. മുഖ്യമന്ത്രിയുടെ വസതി, പൊലീസ് ആസ്ഥാനം തുടങ്ങിയവയെല്ലാം സ്ഥിതി ചെയ്യുന്നത് ഇതിന് സമീപമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മണിപ്പൂരില്‍ സംഘര്‍ഷം തുടരുമ്പോഴാണ് ഇംഫാലില്‍ തീപിടിത്തം ഉണ്ടായിരിക്കുന്നത്.

🔹ടി20 ലോകകപ്പില്‍ മഴ വീണ്ടും വില്ലനായി. ഇന്ത്യ-കാനഡ മത്സരം മേശം കാലാവസ്ഥമൂലം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചു. കനത്ത മഴ മൂലം ഔട്ട് ഫീല്‍ഡ് നനഞ്ഞു കുതിര്‍ന്നതാണ് മത്സരം ഉപേക്ഷിക്കാന്‍ കാരണമായത്. സൂപ്പര്‍ എട്ടില്‍ നേരത്തെ തന്നെ പ്രവേശിച്ച ഇന്ത്യയുടെ സൂപ്പര്‍ എട്ടിലെ ആദ്യമത്സരം അഫ്ഗാനിസ്ഥാനുമായാണ്.മഴ ദീര്‍ഘനേരം മത്സരത്തെ തടസ്സപ്പെടുത്തിയതോടെ 10 ഓവറാക്കി വെട്ടിചുരുക്കിയ മത്സരത്തില്‍ നമീബിയയെ 41 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 10 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ നമീബിയക്ക് 3 വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

🔹മോഹന്‍ലാല്‍ തെലുങ്കില്‍ അഭിയിക്കുന്ന ചിത്രം എന്ന നിലയില്‍ മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധനേടിയ സിനിമയാണ് ‘കണ്ണപ്പ’. വിഷ്ണു മഞ്ചു പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുകേഷ് കുമാര്‍ സിംഗ് ആണ്. കണ്ണപ്പയുടെ ടീസര്‍ പുറത്തുവിട്ടു. താരങ്ങള്‍ക്കൊപ്പം മോഹന്‍ലാലിനെ വേറിട്ട ഗെറ്റപ്പും ടീസറില്‍ കാണാന്‍ സാധിക്കും. 100 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കണ്ണപ്പ ഒരുക്കിയിരിക്കുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. മോഹന്‍ ബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാര്‍ സിംഗ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം. മണിശര്‍മ്മയും മലയാളത്തിന്റെ സ്റ്റീഫന്‍ ദേവസിയുമാണ് സംഗീത സംവിധാനം.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments