Saturday, July 20, 2024
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2024 | ജൂൺ 15 | ശനി ✍ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2024 | ജൂൺ 15 | ശനി ✍ കപിൽ ശങ്കർ

കപിൽ ശങ്കർ

🔹തൃശൂരിലും പാലക്കാടും ഭൂചലനം. രാവിലെ 8.15 യോടെയാണ് നാലു സെക്കൻ്റ് നീണ്ടുനിന്ന ഭൂചലനം ഉണ്ടായത്.വലിയ ശബ്ദത്തോടെ പ്രകമ്പനം അനുഭവപ്പെടുകയായിരുന്നു.ഗുരുവായൂർ, കുന്നംകുളം, കണ്ടാണശ്ശേരി, വേലൂർ, മുണ്ടൂർ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്അടുക്കളയിൽ ഇരുന്ന പാത്രങ്ങൾ ഉൾപ്പെടെ താഴെ വീണു.എരുമപ്പെട്ടി, കരിയന്നൂർ, വെള്ളറക്കാട്, നെല്ലിക്കുന്ന്, വെള്ളത്തേരി, മരത്തംക്കോട്, കടങ്ങോട് പ്രദേശങ്ങളിലും ദേശമംഗലം മേഖലയിലും ഭൂചലനം അനുഭവപ്പെട്ടു. പാലക്കാട് തിരുമിറ്റക്കോടാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്.പരിശോധനയ്ക്ക് ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചു ജില്ലാ ഭരണകൂടം.തഹസിൽദാരുടെയും ജിയോളജി വിഭാഗം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘം ഭൂചലനം ഉണ്ടായ മേഖലകളിലേക്ക് പുറപ്പെട്ടു.

🔹കുവൈത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച പ്രിയപ്പെട്ടവര്‍ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി. തൃശൂര്‍ സ്വദേശി ബിനോയ് തോമസ്, കൊല്ലം സ്വദേശി സുമേഷ്, തിരൂര്‍ സ്വദേശി നൂഹ്, പത്തനംതിട്ട സ്വദേശി മുരളീധരന്‍. കൊല്ലം സ്വദേശി ഷമീര്‍, മലപ്പുറം സ്വദേശി ബാഹുലേയന്‍, നെടുമങ്ങാട് സ്വദേശി അരുണ്‍ ബാബു, ഇടവ സ്വദേശി ശ്രീജേഷ്, കണ്ണൂര്‍ സ്വദേശി വിശ്വാസ് കൃഷ്ണന്‍, പയ്യന്നൂര്‍ സ്വദേശി നിതിന്‍, ചെര്‍ക്കള സ്വദേശി രജ്ഞിത്, തൃക്കരിപ്പൂര്‍ സ്വദേശി കേളു എന്നിവരുടെ സംസ്‌കാരം ഇന്നലെ പൂര്‍ത്തിയായി. അന്ത്യാഞ്ജലി അര്‍പ്പിക്കാനും കുടുംബാഗങ്ങളെ സമാശ്വസിപ്പിക്കാനും നൂറ് കണക്കിനാളുകളാണ് ഓരോ വീടുകളിലും എത്തിച്ചേര്‍ന്നത്. കൊല്ലം ആദിച്ചനല്ലൂര്‍ സ്വദേശി ലൂക്കോസ്, പുനലൂര്‍ സ്വദേശി സാജന്‍ ജോര്‍ജ് എന്നിവരുടെ സംസ്‌കാരം ഇന്ന് നടക്കും. കോട്ടയം സ്വദേശികളായ സ്റ്റെഫിന്‍, ഷിബു, ശ്രീഹരി എന്നിവരുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഷിബു വര്‍ഗീസിന്റേയും ശ്രീഹരി പ്രദീപിന്റെയും സംസ്‌കാരം നാളേയും സ്റ്റെഫിന്‍ എബ്രഹാം സാബുവിന്റെ സംസ്‌കാരം തിങ്കളാഴ്ചയുമാണ് നടക്കുക. ഇന്നലെ രാവിലെ 10.25 നാണ് മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള വ്യോമസേനയുടെ വിമാനം കുവൈത്തില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വത്തിന്റെ അന്ത്യോപചാരത്തിനും പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിനും ശേഷം ഉച്ചക്ക് ഒരു മണിയോടെയാണ് മുഴുവന്‍ ആംബുലന്‍സുകളും മരിച്ചവരുടെ ജന്മനാടുകളിലേക്കു യാത്രയായത്.

🔹ഒരു വീടെന്ന സ്വപ്നം ബാക്കിവെച്ച് പോയ, കുവൈത്തിലെ തീപിടുത്തത്തില്‍ മരിച്ച ചാവക്കാട് സ്വദേശി, ബിനോയ് തോമസിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. ഒരാഴ്ച മുന്‍പാണ് ബിനോയ് തോമസ് ജോലി തേടി കുവൈത്തിലേക്ക് പോയത്.

🔹പ്രമുഖ വ്യവസായിയും നോര്‍ക്ക വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി ലോക കേരള സഭയില്‍ പങ്കെടുക്കില്ല. കുവൈത്ത് ദുരന്തത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായവും പിന്തുണയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര വേണ്ടന്നുവയ്ക്കുന്നതെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.

🔹കുവൈത്തില്‍ മരിച്ച പ്രവാസി ഇന്ത്യാക്കാരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതം സഹായധനം നല്‍കണമെന്ന് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. കേരള സര്‍ക്കാരും മരിച്ചവരുടെ സാമ്പത്തിക നിലവാരത്തിന് അനുസരിച്ച് സഹായ ധനം വര്‍ധിപ്പിക്കണം. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഒരുമിച്ച് പ്രധാനമന്ത്രിയെ കണ്ട് ധനസഹായം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുമെന്ന് പറഞ്ഞ അദ്ദേഹം ഈ കാര്യത്തിന് ആവശ്യമെങ്കില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണുമെന്നും വ്യക്തമാക്കി.

🔹രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന തീരുമാനവും ഔദ്യോഗിക പ്രഖ്യാപനവും വൈകാതെ ഉണ്ടാകും. വയനാട്ടില്‍ രാഹുലിന്റെ ഒഴിവില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ദേശീയ നേതാക്കള്‍ക്കിടയിലും ശക്തമായി. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന പ്രമേയം കോണ്‍ഗ്രസ് അവതരിപ്പിച്ചെങ്കിലും ഇക്കാര്യത്തിലും രാഹുല്‍ ഗാന്ധി മനസ് തുറന്നിട്ടില്ല. വയനാട്ടിലും റായ്ബറേലിയിലും എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തീരുമാനം വരുമെന്ന രാഹുലിന്റെ പ്രതികരണം എന്തായിരിക്കും എന്നറിയാന്‍ കാത്തിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം .

🔹ആലപ്പുഴ ജില്ലയിലെ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്‍പനകളും ഉപയോഗവും നിരോധിച്ച് ജില്ല കളക്ടര്‍ ഉത്തരവിറക്കി. പക്ഷിപ്പനി സംശയിക്കുന്നതും ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നതുമായ മേഖലകളായ കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം, ചേര്‍ത്തല മുനിസിപ്പാലിറ്റി, മണ്ണഞ്ചേരി, മാരാരിക്കുളം വടക്ക്, പട്ടണക്കാട്, വയലാര്‍, ചേന്നംപള്ളിപ്പുറം, കടക്കരപ്പള്ളി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പുന്നമട, കരളകം, പൂന്തോപ്പ്, കൊറ്റംകുളങ്ങര, കറുകയില്‍, കാളാത്ത്, ആശ്രമം, കൊമ്മാടി, തുമ്പോളി എന്നീ വാര്‍ഡുകളിലുമാണ് നിരോധനം.

🔹അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത. പതിനാറാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. 17ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് അലര്‍ട്ട്. 18ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. കേരള തീരത്ത് ഇന്ന് രാത്രി 07.00 മണി വരെയും, തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെയും കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.

🔹അരളി പൂവ് കഴിച്ചെന്ന സംശയത്തില്‍ എറണാകുളം ജില്ലയിലെ കടയിരുപ്പ് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. ഇന്നലെ രാവിലെ ക്ളാസില്‍ വച്ച് തലവേദനയും ഛര്‍ദ്ദിയും ഉണ്ടായതോടെ ഇരുവരെയും കടയിരുപ്പ് സി.എച്ച്.സിയില്‍ എത്തിച്ച് പരിശോധിച്ചിരുന്നു. വീട്ടില്‍ നിന്നും വരുന്ന വഴി അരളി പൂവ് കഴിച്ചുവെന്ന് കുട്ടികളാണ് ഡോക്ടര്‍മാരോട് പറഞ്ഞത്.. 24 മണിക്കൂര്‍ കര്‍ശന നിരീക്ഷണത്തിനു ശേഷം തുടര്‍ ചികിത്സാ കാര്യത്തില്‍ തീരുമാനമെടുക്കാനാണ് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം.

🔹കൊച്ചി മെട്രോ നാടിന് സമര്‍പ്പിച്ചിട്ട് ഈ ജൂണ്‍ പതിനേഴിന് ഏഴ് വര്‍ഷം. കൊച്ചി മെട്രോ നാടിന് സമര്‍പ്പിക്കപ്പെട്ട ജൂണ്‍ പതിനേഴ് കേരള മെട്രോ റെയില്‍ ഡേ ആയി ആചരിച്ച് വരികയാണ്. 2024 ഏപ്രില്‍ 25ന് കൊച്ചി വാട്ടര്‍ മെട്രോ പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടിരുന്നു. കൊച്ചി വാട്ടര്‍ മെട്രോയുടെ ഒന്നാം വാര്‍ഷികാഘോഷവും കേരള വാട്ടര്‍ മെട്രോ ദിനവും ജൂണ്‍ പതിനേഴിന് ആചരിക്കുകയാണ്.

🔹ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി നടത്തിയ കൂടിക്കാഴ്ചയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി7 ഉച്ചകോടിക്കിടെ ആയിരുന്നു മോദി-മക്രോണ്‍ കൂടിക്കാഴ്ച. പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, നിര്‍മിത ബുദ്ധി, സമുദ്രതല വാണിജ്യം തുടങ്ങിയ വിഷയങ്ങളും യുവാക്കളിലെ ഗവേഷണവും കണ്ടുപിടുത്തവും പ്രോത്സാഹിപ്പിക്കുന്ന കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നും മോദി വ്യക്തമാക്കി.ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളെ സേവിക്കാനുള്ള മാര്‍പാപ്പയുടെ പ്രതിബദ്ധതയെ ആദരിക്കുന്നുവെന്ന് മോദി പറഞ്ഞു. ജി 7 വേദിയില്‍ വച്ച് കണ്ടപ്പോഴാണ് മാര്‍പാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചത്. മാര്‍പാപ്പയെ ആലിംഗനം ചെയ്തുകൊണ്ടാണ് മോദി സംസാരിച്ചത്.

🔹കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. കദളിക്കുലയും പണക്കിഴിയും സമര്‍പ്പിച്ചായിരുന്നു ദര്‍ശനം. കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് ഗുരുവായൂരിലെത്തുന്നത്.

🔹ലോക കേരളസഭയ്ക്ക് ഇന്ന് സമാപനം. കുവൈത്ത് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദാരാഞ്ജലികള്‍ അര്‍പ്പിച്ചാണ് നാലാം ലോക കേരള സഭ തുടങ്ങിയത്. അനുശോചന സൂചകമായി ആദ്യദിവസത്തെ ഉദ്ഘാടന സമ്മേളനവും അനുബന്ധ പരിപാടികളും സംസ്ഥാന സർക്കാർ മാറ്റിവെച്ചിരുന്നു. ഒരു ദിവസം വൈകിയാണ് ആരംഭിച്ചത്.

🔹കുന്നംകുളം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൂട്ടത്തല്ല്. ചെറുകഥാകൃത്ത് സി.വി. ശ്രീരാമന്റെ പേരില്‍ കുന്നംകുളത്ത് സ്മാരക കെട്ടിടം നിര്‍മിക്കുന്നതിനെ ചൊല്ലിയാണ് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. സംഘര്‍ഷത്തില്‍ വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ക്ക് പരുക്കേറ്റു.

🔹ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ ഭാര്യവീട്ടിലെത്തിയ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു. കോടാലി ഉപയോഗിച്ചാണ് കൊലപാതകം. കട്ടപ്പന സുവര്‍ണഗിരിയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. കാഞ്ചിയാര്‍ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കല്‍ സുബിന്‍ ഫ്രാന്‍സിസ് (35) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍വാസി സുവര്‍ണഗിരി വെണ്‍മാന്ത്ര ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ വീട്ടിലെത്തിയ സുബിനും അയല്‍വാസിയായ ബാബുവും തമ്മില്‍ വാക്കുതര്‍ക്കവും ഉണ്ടാകുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. പലപ്പോഴും അക്രമാസക്തനായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികള്‍ പോലീസില്‍ ലഭിച്ചിട്ടുള്ളതാണ്.

🔹ദളിത് യുവാവുമായി പ്രബലജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുടെ വിവാഹത്തിന് നേതൃത്വം നല്‍കിയെന്നാരോപിച്ച് തിരുനെല്‍വേലിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് തല്ലിത്തകര്‍ത്ത് പ്രബല ജാതിക്കാര്‍. തിരുനെല്‍വേലി സ്വദേശികളായ യുവാവിന്റെയും യുവതിയുടെയും വിവാഹം കഴിഞ്ഞദിവസം ഓഫിസില്‍ വച്ച് നടത്തിയിരുന്നു. ഇതില്‍ പ്രകോപിതരായ പെണ്‍വീട്ടുകാരാണ് ഓഫിസ് അടിച്ചു തകര്‍ത്തത്.

🔹പോക്സോ കേസില്‍ ബിഎസ് യെദ്യൂരപ്പയുടെ അറസ്റ്റ് കര്‍ണാടക ഹൈക്കോടതി തടഞ്ഞു. ജൂണ്‍ 17ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. ഫാസ്റ്റ് ട്രാക്ക് കോടതിക്ക് മുന്‍പാകെ കുറ്റപത്രം സമര്‍പ്പിക്കണം എന്നതിനാലാണ് അറസ്റ്റ് വാറന്റിന് അനുമതി തേടിയത് എന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് ദിവസം വൈകി യെദ്യൂരപ്പ ഹാജരാകുന്നത് കൊണ്ട് സ്വര്‍ഗം ഒന്നും ഇടിഞ്ഞു വീഴില്ലല്ലോ എന്ന് ചോദിച്ച കോടതി ജൂണ്‍ 17 വരെ അറസ്റ്റ് പാടില്ല എന്നും നിര്‍ദ്ദേശം നല്‍കി.

🔹ഗുജറാത്തിലെ വഡോദരയില്‍ മുഖ്യമന്ത്രി ആവാസ് യോജന സര്‍ക്കാര്‍ ഭവന പദ്ധതി പ്രകാരം ഹിന്ദുക്കള്‍ താമസിക്കുന്ന കോളനിയില്‍ മുസ്ലിം കുടുംബത്തിന് വീട് അനുവദിച്ചതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം താമസക്കാര്‍ രംഗത്തെത്തി. ഹിന്ദുക്കള്‍ താമസിക്കുന്ന കോളനിയില്‍ മുസ്ലിം വിഭാഗത്തിന് വീട് നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിയമം ലംഘിച്ചെന്നും പറഞ്ഞാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയത്. നടപടിയെടുത്തില്ലെങ്കില്‍ എംപിമാരുടെയും പൗര ഉദ്യോഗസ്ഥരുടെയും വീടുകള്‍ക്ക് പുറത്ത് പ്രതിഷേധിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.

🔹മാന്നാര്‍ ആലായില്‍ കഴിഞ്ഞദിവസം ഒഴിവായത് വന്‍ ദുരന്തം. 17 കുരുന്നുകളുമായ് സ്‌കൂളുകളിലേക്ക് പോയ വാനാണ് പൂര്‍ണമായും കത്തിനശിച്ചത്. ദുരന്തം ഒഴിവായത് ഡ്രൈവറിന്റ അവസരോചിതമായ ഇടപെടലിലൂടെയാണ്.വാഹനത്തിന്റ മുന്‍ ഭാഗത്ത് പുക കണ്ട ഉടനെ തന്നെ ഡ്രൈവര്‍ അവസരോചിതമായ് ഇടപെട്ടു ദുരന്തം ഒഴിവാക്കി.അതേസമയം ഗതാഗത വകുപ്പ് പരിശീലനം നല്‍കി ഫിറ്റ്‌നസ് നോക്കിയ സ്‌കൂള്‍ ബസുകള്‍ ഒരിക്കല്‍ക്കൂടി ബന്ധപ്പെട്ട അധികാരികള്‍
പരിശോദിക്കണമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സ്‌കൂള്‍ തുറക്കും മുന്‍പ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കിയ പരിശീലനമാണ് ഡ്രൈവര്‍ക്ക് സഹായകരമായതെന്ന് ആര്‍ടിഒ പറയുന്നു.

🔹സാഹിത്യകാരനും തിരക്കഥാകൃത്തുമായ ശ്രീധരന്‍ ചമ്പാട് അന്തരിച്ചു. 86 വയസായിരുന്നു. കണ്ണൂര്‍ പാട്യം പത്തായക്കുന്നിലെ വീട്ടിലായിരുന്നു അന്ത്യം.സംസ്‌കാരം വൈകുന്നേരം 5 മണിക്ക് വള്ള്യായി വാതക ശ്മശാനത്തില്‍ നടക്കും.സര്‍ക്കസ് പ്രമേയമായ രചനകളിലൂടെയാണ് ശ്രദ്ദേയനായത്. മേള എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്.

🔹ഖത്തറില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു.തൃശൂര്‍ വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങല്‍ മുഹമ്മദ് ത്വയ്യിബ് ഹംസ(21),തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് ഹബീല്‍ (22) എന്നിവരാണ് മരിച്ചത്. മാള്‍ ഓഫ് ഖത്തറിന് സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്.രണ്ടു പേരും തല്‍ക്ഷണം മരിച്ചു.മൃതദേഹങ്ങള്‍ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍. വാഹനത്തിലുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.ഇവരുടെ പരുക്ക് ഗുരുതരമില്ലന്നാണ് പ്രാഥമിക വിവരം.

🔹ഉത്തരാഖണ്ഡിലെ ബിന്‍സാര്‍ വന്യജീവി സങ്കേതത്തില്‍ കാട്ടുതീ പടര്‍ന്ന സംഭവത്തില്‍ 10 ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്ക് സസ്പെന്‍ഷന്‍. ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് നൈനിറ്റാളിലേക്കും പൗരി ഗാര്‍ഹാല്‍ ജില്ലകളിലേക്കും തീ പടരാന്‍ കാരണം എന്ന് അന്വേഷണ റിപ്പോര്‍ട്ട്. മുഖ്യ മന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ നിര്‍ദ്ദേശത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

🔹മോശം കാലാവസ്ഥ കളി മുടക്കിയപ്പോള്‍ ന്യൂസിലാണ്ടിനു പിന്നാലെ ടി20 ലോകകപ്പില്‍ നിന്ന് പാകിസ്താനും സൂപ്പര്‍ എട്ട് കാണാതെ പുറത്തായി. മോശം കാലാവസ്ഥയെ തുടര്‍ന്ന് യുഎസ്എ – അയര്‍ലന്‍ഡ് മത്സരം ഉപേക്ഷിച്ചതോടെയാണിത്. പോയന്റ് പങ്കുവെച്ചതോടെ ഗ്രൂപ്പ് എയില്‍ നിന്ന് യുഎസ്എ, ഇന്ത്യയ്‌ക്കൊപ്പം സൂപ്പര്‍ എട്ടിലെത്തി.യൂറോകപ്പ് ഫുട്‌ബോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ ഒന്നിനെതിരെ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്ത് തുടക്കം ഗംഭീരമാക്കി ജര്‍മനി. ആദ്യ പകുതിയില്‍ മൂന്ന് ഗോളുകളും രണ്ടാം പകുതിയില്‍ രണ്ട് ഗോളുകളുമടിച്ച ജര്‍മനിയുടെ ആധിപത്യമായിരുന്നു മത്സരത്തിലുടനീളം കണ്ടത്.

🔹മഹിഷ്മതി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ‘ഒരു പാര്‍വ്വതിയും രണ്ട് ദേവദാസും’ എന്ന ചിത്രത്തിന്റെ മോഷന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ധ്യാന്‍ ശ്രീനിവാസന്റെ സോഷ്യല്‍ മീഡിയ പേജ് മുഖേനയാണ് പോസ്റ്റര്‍ എത്തിയത്. രാമകൃഷ്ണ തോട്ട സംവിധാനം ചെയ്യുന്ന ചിത്രം ഒരേസമയം തെലുങ്കിലും മലയാളത്തിലുമായി ജൂലൈ അവസാനവാരം റിലീസ് ആകുന്നു. സിദ്ധാര്‍ത്ഥ മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ ദിലീപ്, രാശി സിംഗ്, രഘു ബാബു, വീണ ശങ്കര്‍, രാജകുമാര്‍, ഗുണ്ട സുദര്‍ശന്‍, ഗൗതം രാജു, റോക്കറ്റ് രാഘവ, രജിത, ശ്വേത, രവി തേജ എന്നിവരും അഭിനയിക്കുന്നു. ഒരേ ക്യാമ്പസിലെ വിദ്യാര്‍ഥികളാണ് പാര്‍വതി, കാര്‍ത്തിക്, അര്‍ജുന്‍ എന്നിവര്‍. ഇരുവരും പാര്‍വതിയെ പ്രണയിക്കുന്നു. രണ്ട് ദേവദാസുമാരുടെയും പ്രണയം മനസിലാക്കിയ പാര്‍വതി താന്‍ ആരാണെന്ന സത്യം അവരോട് പറയുന്നു. പാര്‍വതിയുടെ പൂര്‍വ്വകഥ എന്താണ്, അര്‍ജുന്റെയും കാര്‍ത്തിക്കിന്റെയും പ്രണയത്തില്‍ പാര്‍വതി ആരെ സ്വീകരിക്കും ഇതൊക്കെയാണ് ചിത്രം പറയുന്നത്. തിരക്കഥ എന്‍. സി. സതീഷ് കുമാര്‍, എം. സുരേഷ് കുമാര്‍ എന്നിവര്‍ നിര്‍വഹിക്കുന്നു.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments