Thursday, July 18, 2024
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2024 | ജൂൺ 14 | വെള്ളി ✍ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2024 | ജൂൺ 14 | വെള്ളി ✍ കപിൽ ശങ്കർ

കപിൽ ശങ്കർ

🔹കുവൈത്തില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ മരിച്ച മുഴുവന്‍ പേരെയും തിരച്ചറിഞ്ഞതായി വിവരം. 49 പേരില്‍ 46 പേര്‍ ഇന്ത്യക്കാരാണ്. മൂന്ന് പേര്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ളവരാണ്. 24 മലയാളികളുടെ ജീവനുകളാണ് ദുരന്തത്തില്‍ ഇല്ലാതായത്. ഏഴുപേര്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരാണ്. മൂന്നുപേര്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരുമാണെന്ന് കുവൈത്ത് അധികൃതര്‍ അറിയിച്ചു.
മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ വഹിച്ചുള്ള വ്യോമസേന വിമാനം ഇന്ന് രാവിലെ എട്ടരയോടെ കൊച്ചി വിമാനത്താവളത്തിലെത്തുമെന്ന് അധികൃതര്‍. 45 പേരില്‍ 31 പേരുടെ മൃതദേഹങ്ങളാണ് നെടുമ്പാശ്ശേരിയില്‍ എത്തിക്കുകയെന്നാണ് വിവരം. 23 മലയാളികളുടെയും ഏഴ് തമിഴ്നാട് സ്വദേശികളുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊച്ചിയില്‍ കൊണ്ടുവരുന്നതെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു. മുംബൈയില്‍ സ്ഥിര താമസക്കാരനായ കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഡെന്നി ബേബിയുടെ മൃതദേഹം മുംബൈയിലേക്ക് കൊണ്ടു പോകും. കൊച്ചിയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് ഏറ്റുവാങ്ങും. മൃതദേഹങ്ങള്‍ വിമാനത്താവളത്തിലെത്തിയ ഉടന്‍ വീടുകളിലേക്കെത്തിക്കാന്‍ ആംബുലന്‍സുകള്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജീകരിച്ചിട്ടുണ്ട്.

🔹കുവൈത്ത് തീപ്പിടുത്തത്തില്‍ മരിച്ച മലയാളികള്‍ : 1. അരുണ്‍ ബാബു (തിരുവനന്തപുരം), 2. നിതിന്‍ കൂത്തൂര്‍ (കണ്ണൂര്‍), 3. തോമസ് ഉമ്മന്‍ (പത്തനംതിട്ട), 4. മാത്യു തോമസ് (ആലപ്പുഴ) 5. ആകാശ് എസ്. നായര്‍ (പത്തനംതിട്ട), 6. രഞ്ജിത് (കാസര്‍കോട്), 7. സജു വര്‍ഗീസ് (പത്തനംതിട്ട), 8. കേളു പൊന്മലേരി (കാസര്‍കോട്), 9. സ്റ്റെഫിന്‍ ഏബ്രഹാം സാബു (കോട്ടയം), 10. എം.പി. ബാഹുലേയന്‍ (മലപ്പുറം), 11. കുപ്പന്‍ പുരയ്ക്കല്‍ നൂഹ് (മലപ്പുറം), 12. ലൂക്കോസ്/സാബു (കൊല്ലം), 13. സാജന്‍ ജോര്‍ജ് (കൊല്ലം), 14. പി.വി. മുരളീധരന്‍ (പത്തനംതിട്ട), 15. വിശ്വാസ് കൃഷ്ണന്‍ (കണ്ണൂര്‍), 16. ഷമീര്‍ ഉമറുദ്ദീന്‍ (കൊല്ലം), 17. ശ്രീഹരി പ്രദീപ് (കോട്ടയം), 18. ബിനോയ് തോമസ്, 19. ശ്രീജേഷ് തങ്കപ്പന്‍ നായര്‍, 20. സുമേഷ് പിള്ള സുന്ദരന്‍, 21. അനീഷ് കുമാര്‍ ഉണ്ണന്‍കണ്ടി, 22. സിബിന്‍ തേവരോത്ത് ഏബ്രഹാം, 23. ഷിബു വര്‍ഗീസ്, 24. ഡെന്നി ബേബി.

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്. കുവൈത്ത് ഫയര്‍ഫോഴ്സ് അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗാര്‍ഡ് റൂമില്‍ നിന്നാണ് തീപ്പിടിത്തം ഉണ്ടായതെന്നും ഫയര്‍ഫോഴ്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

🔹കേരള നിയമസഭാ സമുച്ചയത്തില്‍ ഇന്ന് നടക്കുന്ന ലോക കേരള സഭയുടെ ഉദ്ഘാടനം വൈകുന്നേരത്തേക്ക് മാറ്റി. വൈകുന്നേരം മൂന്ന് മണിക്ക് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ രാവിലെ കൊച്ചി വിമാനത്താവളത്തില്‍ എത്തുന്നത് ഏറ്റുവാങ്ങുന്നതിനായി മന്ത്രിമാരും മറ്റു ഉദ്യോഗസ്ഥരും കൊച്ചിയിലേക്ക് പോകുന്നതിനാലാണ് ഉദ്ഘാടന ചടങ്ങിന്റെ സമയം മാറ്റിയത്.

🔹പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതിയെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് യുവതിയെകസ്റ്റഡിയിലെടുത്തത്. രാത്രി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ യുവതി, തനിക്ക് മാതാപിതാക്കളോടൊപ്പം പോകാന്‍ താത്പര്യമില്ലെന്നും ഡല്‍ഹിക്കു പോകാനാണു താത്പര്യമെന്നും പറഞ്ഞു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള പോലീസിന്റെ അന്വേഷണത്തില്‍ യുവതി ഡല്‍ഹിയിലുണ്ടെന്ന് നേരത്തേ സൂചന ലഭിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെത്തിക്കുകയായിരുന്നു.

🔹മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ മേല്‍നോട്ട സമിതി പരിശോധന തുടങ്ങി. ഡാമില്‍ പരിശോധന നടത്തുന്നത് ജല കമ്മീഷന്‍ ചീഫ് എന്‍ജിനീയര്‍ രാകേഷ് കശ്യപ് അധ്യക്ഷനായ അഞ്ച് അംഗ സമതി ആണ് . എല്ലാ വര്‍ഷവും ഡാമില്‍ പരിശോധന നടത്തണമെന്ന സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. പ്രധാന ഡാം, ബേബി ഡാം, സ്പില്‍ വേ, ഗാലറികള്‍ എന്നിവയ്‌ക്കൊപ്പം വള്ളക്കടവില്‍ നിന്ന് അണക്കെട്ടിലേക്കുള്ള റോഡും സമിതി പരിശോധിക്കും. പരിശോധനക്ക് ശേഷം സമിതി കുമളിയില്‍ യോഗം ചേരും. അണക്കെട്ടില്‍ വിദഗ്ദ പരിശോധന നടത്തണമെന്ന ആവശ്യം കേരളം യോഗത്തില്‍ ഉന്നയിക്കും.

🔹ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികളുടെ സര്‍ക്കാര്‍ ജീവനക്കാരായ മാതാപിതാക്കള്‍ക്കും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വീടിന് സമീപമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥലമാറ്റം നല്‍കാന്‍ ഉത്തരവായി. മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. കഴക്കൂട്ടം ഗവ.ഹൈസ്‌കൂള്‍ ഗസ്റ്റ് അറബിക് അദ്ധ്യാപിക ബുഷ്റ ശിഹാബിന്റെ പരാതിയിലാണ് നടപടി.

🔹ജൂണ്‍ 15 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണം. കേരള തീരത്തും തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പുണ്ട്.

🔹വിരമിച്ച ഹൈക്കോടതി ജഡ്ജി ചേമ്പര്‍ ഉപയോഗിക്കുന്നുവെന്ന ആരോപണത്തെതുടര്‍ന്ന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളിറക്കി ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍. വിരമിക്കുന്ന ദിവസത്തിനു ശേഷം ജഡ്ജിമാര്‍ ചേമ്പര്‍ ഉപയോഗിക്കരുതെന്ന് വ്യക്തമാക്കിയാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ജഡ്ജി വിരമിച്ച് മൂന്നാമത്തെ പ്രവര്‍ത്തി ദിവസം വൈകുന്നേരം നാലരയ്ക്ക് മുന്‍പ് എല്ലാ കേസ് രേഖകളും ജീവനക്കാര്‍ രജിസ്ട്രിക്ക് കൈമാറണം.

🔹പോത്ത്കല്ലില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 24 വര്‍ഷം കഠിന തടവുശിക്ഷ . നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പോത്ത്കല്ല് ഇരുട്ടുകുത്തി കോളനിയിലെ മനോജിനെയാണ് 24 വര്‍ഷം കഠിന തടവിനു പുറമേ 50,000 രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.2022 സെപ്റ്റംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

🔹ജി7 ഉച്ചക്കോടിക്കായി ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. അമേരിക്ക, യുക്രൈന്‍, ഫ്രാന്‍സ് രാജ്യതലവന്‍മാരുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

🔹ബിഎസ് യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. പോക്സോ കേസില്‍ ബെംഗളൂരു കോടതിയാണ് അറസ്റ്റ് വാറന്റ് പുറത്തിറക്കിയത്. നേരത്തെ കേസില്‍ ഹാജരാകണമെന്ന് ചൂണ്ടികാണിച്ച് യെദിയൂരപ്പയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. ജൂണ്‍ 15-ന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കണം എന്നും യെദിയൂരപ്പയുടെ മൊഴി രേഖപ്പെടുത്തണം എന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടികാണിച്ച് അന്വേഷണ സംഘം നല്‍കിയ നോട്ടീസിന് മറുപടി നല്കാത്തതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്റ് കോടതി പുറത്തിറക്കിയത്.

🔹തമിഴ് നടന്‍ പ്രദീപ് കെ വിജയനെ മരിച്ച നിലയില്‍ പാലവാകത്തുള്ള വീട്ടില്‍ കണ്ടെത്തി. ബുധനാഴ്ചയാണ് മരണം പുറത്തറിഞ്ഞത്. രണ്ട് ദിവസമായി സുഹൃത്ത് പ്രദീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടാതിരുന്നതിനെ തുടര്‍ന്ന് വീട്ടിലെത്തി. എന്നാല്‍ എത്രവിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതോടെ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തലയ്ക്ക് മുറിവേറ്റ് മരിച്ച നിലയില്‍ പ്രദീപിനെ കണ്ടെത്തിയത്. മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 2013-ല്‍ സൊന്നാ പുരിയാത് എന്ന ചിത്രത്തിലൂടെയായിരുന്നു പ്രദീപിന്റെ അരങ്ങേറ്റം.ഇടയ്ക്കിടെ തലചുറ്റല്‍, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെ കുറിച്ച് സുഹൃത്തുക്കളോട് പ്രദീപ് പറഞ്ഞിരുന്നു. രാഘവ ലോറന്‍സ് നായകനായ രുദ്രനിലാണ് അവസാനം വേഷമിട്ടത്. വിജയ് സേതുപതിയുടെ മഹാരാജ, തെഗിഡി, ഒരുനാള്‍ കൂത്ത്, മീസയേ മുറുക്ക്, ഇരുമ്പ് തിരൈ, ആടൈ, ഹീറോ, ചക്ര, ടെഡി, ലിഫ്റ്റ്, ഹേയ് സിനാമിക തുടങ്ങിയവയാണ് അഭിനയിച്ച പ്രധാനചിത്രങ്ങള്‍.

🔹കൊലപാത കേസിൽ അറസ്റ്റിലായ കന്നട നടൻ ദർശൻ തുകുഡീപ കുറ്റമേൽക്കാൻ മൂന്നുപേർക്ക് പണം നൽകിയെന്ന് പൊലീസ്. 5 ലക്ഷം രൂപ വെച്ച് മൂന്ന് പേർക്കാണ് ഇയാൾ പണം നൽകിയത് എന്ന് പൊലീസ് കണ്ടെത്തി. രേണു സ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കന്നടയിലെ പ്രശസ്ത നടൻ ദർശൻ തുഗുദീപ അറസ്റ്റിലായത്.നടിയും ദർശൻറെ കാമുകിയുമായ പവിത്ര ഗൗഡയെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചതിന്റെ പേരിലാണ് രേണുക സ്വാമിയെ ദർശനം സംഘവും കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം അഴുക്കുചാലിൽ വലിച്ചെറിഞ്ഞു. കേസുമായി ബന്ധപ്പെട്ട് 13 പേർ അറസ്റ്റിലായി. ദർശനൻ്റെ ഫാൻസ് അസോസിയേഷൻ നേതാവ് രഘു എന്നയാളാണ് രേണുക സ്വാമിയെ ചിത്രദുർഗ്ഗയിലെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുവന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

🔹തൃശൂർ കൊടുങ്ങല്ലൂരിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കൊടുങ്ങല്ലൂർ ചാപ്പാറ അറക്കപ്പറമ്പിൽ വീട്ടിൽ 24 വയസ്സുള്ള അജിത് കുമാർ, കോട്ടപ്പുറം എടപ്പള്ളി വീട്ടിൽ 21 വയസ്സുള്ള മാലിക് എന്നിവരെയാണ് ഒന്നര ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. തൃശ്ശൂർ റൂറൽ ജില്ലാ ഡൻസാഫ് ടീമും കൊടുങ്ങല്ലൂർ പോലിസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പുല്ലൂറ്റ് കെകെടിഎം കോളേജ് ഗ്രൗണ്ട് പരിസരത്ത് നിന്നും വ്യാഴാഴ്ച വൈകീട്ടാണ് ഇവർ പിടിയിലായത്.തീരദേശ മേഖലയിലെ വിദ്യാർത്ഥികളെ ലക്ഷ്യമാക്കിയാണ് പ്രതികൾ എറണാകുളത്ത് നിന്നും രാസ ലഹരി കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. ലഹരി മരുന്ന് കൈ മാറുന്നതിന്നായി കാത്തു നിൽക്കുന്ന സമയത്താണ് പ്രതികൾ പോലിസിൻ്റെ പിടിയിലായത്. പ്രതികൾ രണ്ടുപേരും കൊടുങ്ങല്ലൂർ പോലിസ് സ്റ്റേഷൻ റൗഡികളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളുമാണ്.

🔹പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിച്ചുമാറ്റുന്നതും പെണ്‍കുട്ടിയുടെ മുന്നില്‍ നഗ്നനാകുന്നതും ബലാത്സംഗ ശ്രമത്തിന്റെ പരിധിയില്‍ വരില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. പകരം സ്ത്രീയുടെ അന്തസിനെ ഹനിക്കുന്നതായി മാത്രമേ ഇതിനെ കണക്കാക്കാന്‍ കഴിയൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. 33 വര്‍ഷം പഴക്കമുള്ള കേസിലാണ് ഇത്തരമൊരു വിചിത്ര വിധി കോടതി പുറപ്പെടുവിച്ചത്.

🔹സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമത്തിനും വിവേചനത്തിനും എതിരെ ശബ്ദമുയര്‍ത്തിയ ജീവനക്കാരെ നിയമവിരുദ്ധമായി പിരിച്ചുവിട്ടെന്നാരോപിച്ച് സ്‌പേസ് എക്‌സിനും മേധാവി ഇലോണ്‍ മസ്‌കിനുമെതിരെ കേസ്. 2022-ല്‍ കമ്പനിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവരാണ് മസ്‌കിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഇതില്‍ രണ്ടുപേര്‍ വനിതകളും മറ്റുള്ളവര്‍ പുരുഷന്മാരുമാണ്. മസ്‌കിന്റെ പെരുമാറ്റം സ്‌പേസ് എക്‌സില്‍ സെക്‌സിസ്റ്റ് സംസ്‌കാരം വളര്‍ത്തിയെടുത്തുവെന്നും വനിതാ എഞ്ചിനീയര്‍മാര്‍ പതിവായി പീഡനത്തിനും ലൈംഗികച്ചുവയുള്ള സംസാരങ്ങള്‍ക്കും വിധേയരായെന്നും ആരോപണത്തില്‍ പറയുന്നു.

🔹കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കേണ്ട മാർഗങ്ങൾ ഉൾപ്പെടുത്തി വീഡിയോ ചെയ്‌ത യുവതി യുപിയിൽ അറസ്റ്റിലായി. എക്‌സ് പ്ലാറ്റ്‌ഫോമിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ഗാസിയാബാദിൽ വെച്ചാണ് പൊലീസ് യുവതിയെ പിടികൂടിയത്.കുട്ടികളെ എങ്ങനെ ലൈംഗികമായി ഉപദ്രവിക്കാം എന്ന് ഒരു യൂട്യൂബ് വീഡിയോ ക്ലിപ്പിൽ യുവതി പ്രേക്ഷകരോട് പറയുന്നതാണ് അറസ്റ്റിലേക്ക് നയിച്ചത്. ശിഖ മൈത്രേയ എന്ന യുവതിയാണ് അറസ്റ്റിലായത്. കുൻവാരി ബീഗം എന്ന പേരിലുള്ള തന്റെ യുട്യൂബ് ചാനലിലാണ് യുവതി ഈ വീഡിയോ പങ്കുവെച്ചതെന്ന് പൊലീസ് പറയുന്നു.ദേശീയ വനിത കമ്മീഷൻ ചെയർമാൻ രേഖ ശർമയുടെ നിർദേശപ്രകാരമാണ് എക്‌സിൽ പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ യുവതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. യുവതി ഇത്തരം വീഡിയോ തന്ററെ ചാനലിലൂടെ പുറത്തുവിടാനുണ്ടായ കാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

🔹 ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ ബംഗ്ലാദേശിന് 25 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡച്ച് ടീമിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ടി20 ലോകകപ്പിലെ മറ്റൊരു മത്സരത്തില്‍ ഒമാനെതിരെ ഇംഗ്ലണ്ടിന് അനായാസ ജയം. ആദ്യം ബാറ്റ് ചെ്ത ഒമാന്‍ വെറും 47 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 3.1 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.

🔹ആസിഫ് അലി, അമല പോള്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘ലെവല്‍ ക്രോസ്സ്’ ജൂലൈ 26ന് തിയറ്ററുകളില്‍ എത്തും. സൂപ്പര്‍ ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. അര്‍ഫാസ് അയൂബ് ആണ് സംവിധാനം. കാഴ്ചയില്‍ മാത്രമല്ല മേക്കിങ്ങിലും ചിത്രം വേറിട്ട് നില്‍ക്കുമെന്ന പ്രതീക്ഷയാണ് ചിത്രത്തിന്റെതായി ഇറങ്ങിയ ടീസറും നല്‍കിയത്. ടുണീഷ്യയില്‍ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയും ‘ലെവല്‍ ക്രോസ്സ്’നുണ്ട്. സംവിധായകന്‍ അര്‍ഫാസ് അയൂബിന്റെ സംവിധാനത്തിലാണ് ലെവല്‍ ക്രോസ്സ് ഒരുങ്ങിയിരിക്കുന്നത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകന്‍ അര്‍ഫാസ് അയൂബ്. സംഗീത സംവിധായകനായ വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രമാണിത്. ലെവല്‍ ക്രോസിന്റെ കഥയും തിരക്കഥയും അര്‍ഫാസിന്റേതാണ്. വരികള്‍ എഴുതിയത് വിനായക് ശശികുമാര്‍.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments