Saturday, July 20, 2024
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2024 | ജൂൺ 12 | ബുധൻ ✍ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2024 | ജൂൺ 12 | ബുധൻ ✍ കപിൽ ശങ്കർ

കപിൽ ശങ്കർ

🔹സിപിഐയുടെ ആലപ്പുഴ, തിരുവനന്തപുരം ജില്ലാ കമ്മിറ്റികളില്‍ നിന്ന് എല്‍ഡിഎഫിന്റെ വന്‍ തോല്‍വിക്ക് സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ എറണാകുളത്തെ സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിലും സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനം. സര്‍ക്കാരിനെതിരെയുള്ള വികാരമാണ് വോട്ടിങ്ങില്‍ പ്രതിഫലിച്ചതെന്നും ക്ഷേമ പെന്‍ഷന്‍ മുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പടെ കനത്ത തോല്‍വിക്ക് കാരണമായെന്നും ഇന്നലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.കേരളത്തില്‍ ആഞ്ഞ് വീശിയത് പിണറായി വിരുദ്ധ തരംഗമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. പിണറായിക്ക് കൂടിയുള്ള താക്കീതാണ് തിരഞ്ഞെടുപ്പ് ഫലം .ധാര്‍മികത ഉണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിണറായിയെ സിപി എം മാറ്റണം. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്‍ തുടര്‍ന്നാല്‍ സംഭവിക്കാന്‍ പോകുന്നത് സിപിഎമ്മിന്റെ അന്ത്യമാകുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

🔹കെഎസ്ആര്‍ടിസി ബസുകളില്‍ ഡെസ്റ്റിനേഷന്‍ നമ്പറിംഗ് സിസ്റ്റം നടപ്പാക്കുമെന്ന് കെഎസ്ആര്‍ടിസി. ഭാഷാ തടസങ്ങള്‍ ഒഴിവാക്കുന്നതിനും സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട സംവേദനക്ഷമത കുറയ്ക്കുന്നതിനുമായി അക്കങ്ങള്‍ ഉള്‍പ്പെടുത്തിയ സ്ഥലനാമ ബോര്‍ഡുകള്‍ തയ്യാറാക്കുകയാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. യാത്രക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും വളരെ എളുപ്പത്തില്‍ സ്ഥലനാമങ്ങള്‍ മനസിലാക്കുവാന്‍ കഴിയുന്ന തരത്തിലാണ് ഡെസ്റ്റിനേഷന്‍ ബോര്‍ഡുകളില്‍ സ്ഥലനാമ നമ്പര്‍ ഉള്‍പ്പെടുത്തുകയെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

🔹പെരിയാര്‍ മത്സ്യക്കുരുതിയില്‍ 13.56 കോടി രൂപയുടെ മത്സ്യനാശം ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.വിഷയം സംബന്ധിച്ച് ടി ജെ വിനോദ് എം എല്‍ എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

🔹കൊടുമണ്ണില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. അശാസ്ത്രീയ റോഡ് നിര്‍മ്മാണമെന്ന് ആരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഏഴംകുളം – കൈപ്പട്ടൂര്‍ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ജോര്‍ജ്ജ് ജോസഫ് ഇടപെട്ട് ഓവുചാലിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്തുന്നുവെന്നാണ് കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് ആരോപിക്കുന്നത്. ജോര്‍ജ്ജ് ജോസഫിന്റെ കെട്ടിടത്തിന് മുന്നില്‍ ഓടയുടെ അലൈന്‍മെന്റ് മാറിയെന്ന് ആരോപിച്ച് ഓട നിര്‍മ്മാണം തടഞ്ഞു. മന്ത്രിയുടെ ഭര്‍ത്താവ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ ആരോപിക്കുന്നു.

🔹ഉപഭോക്താക്കളില്‍ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75 ശതമാനം എന്ന നിരക്കില്‍ പലിശ ലഭിക്കുമെന്ന് കെഎസ്ഇബി. ഇത് എല്ലാ ഉപഭോക്താക്കള്‍ക്കും മെയ് – ജൂണ്‍ – ജൂലൈ മാസങ്ങളിലെ ബില്ലില്‍ കുറവ് ചെയ്ത് നല്‍കും. വൈദ്യുതി കണക്ഷന്‍ എടുക്കമ്പോള്‍ കണക്റ്റഡ് ലോഡ് അനുസരിച്ചും, താരിഫ് കാറ്റഗറി അനുസരിച്ചും ക്യാഷ് ഡെപ്പോസിറ്റ് അടയ്ക്കേണ്ടതുണ്ട്.

🔹മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചു. സിനിമയുടെ ഒരു നിര്‍മ്മാതാവ് ഷോണ്‍ ആന്റണിയെ ഇഡി ചോദ്യം ചെയ്തു. നടനും, നിര്‍മ്മാതാവുമായ സൗബിന്‍ ഷാഹിറിന് ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കി. സിനിമയ്ക്ക് 7 കോടി രൂപ മുടക്കിയ വ്യക്തിക്ക് 250 കോടി രൂപ ലാഭമുണ്ടാക്കിയിട്ടും മുടക്കുമുതല്‍ പോലും നല്‍കിയില്ലെന്നായിരുന്നു പരാതി. നിര്‍മാതാക്കള്‍ നടത്തിയത് നേരത്തെ ആസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്നും ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

🔹ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ച പനികള്‍ക്കെതിരെ പ്രത്യേകം ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. മാസ്‌ക്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങളിലൂടെ ഇന്‍ഫ്‌ളുവന്‍സ, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനാകും. സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

🔹സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സായാഹ്ന, പാര്‍ട്ട് ടൈം, വിദൂര വിദ്യാഭ്യാസ, ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജീവനക്കാര്‍ പഠിക്കാന്‍ താല്പര്യപ്പെടുന്ന കോഴ്‌സ് തുടങ്ങുന്നതിന് 2 മാസം മുന്‍പായി വകുപ്പ് മേധാവിക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ളില്‍ അപേക്ഷയിന്മേല്‍ വകുപ്പ് മേധാവി തീരുമാനമെടുക്കണം. ജോലി ചെയ്യുന്ന സ്ഥാപനവുമായി 30 കിലോമീറ്റര്‍ ദൂരത്തിനകത്തുള്ള സ്ഥാപനങ്ങളില്‍ മാത്രമേ ഉപരി പഠനം നടത്തുന്നതിന് അനുമതി നല്‍കുവാന്‍ പാടുള്ളൂ. എന്നാല്‍ ഇത്തരം കോഴ്‌സുകളില്‍ പങ്കെടുക്കുന്നു എന്ന കാരണത്താല്‍ ഓഫീസ് സമയത്തില്‍ യാതൊരു ഇളവും അനുവദിക്കില്ലെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

🔹സപ്ലൈകോ കൊട്ടാരക്കര താലൂക്ക് ഡിപ്പോയുടെ പരിധിയിലുള്ള ഗോഡൗണില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടി. ഓഫീസര്‍ ഇന്‍ ചാര്‍ജ് അടക്കം നാല് പേരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. തിരിമറി നടന്നെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാര്‍ക്കെതിരെ ദക്ഷിണ മേഖല റേഷനിങ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ നടപടിയെടുത്തത്.

🔹സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ പുതിയ കുരുന്ന് എത്തി. ചെവ്വാഴ്ച പകൽ 2.50 ന് 10 ദിവസം പ്രായവും 2.8 കിലോഗ്രാം ഭാരവുമുള്ള പെൺകുഞ്ഞ് സമിതിയുടെ ദത്തെടുക്കൽ കേന്ദ്രത്തിൽ സർക്കാരിൻ്റെ പരിരക്ഷയ്ക്കായി എത്തിയത്. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 601-ാ മത്തെ കുരുന്നാണ് പൊറ്റമ്മമാരുടെ പരിചരണയിൽ കഴിയുന്നത്. തുടർച്ചയായി ഉച്ച സമയത്ത് കിട്ടുന്ന രണ്ടാമത്തെ പെൺകരുത്താണ് പുതിയ അതിഥി.കുട്ടിയുടെ ജനന തിയതിയും ഇടതു കൈ തണ്ടയിലെ ടാഗിൽ കെട്ടി തൂക്കിയിരുന്നു. സൂര്യകിരണങ്ങൾ ചന്ദ്രനിൽ തട്ടി ഭൂമിയിൽ പതിക്കുന്ന രാവെളിച്ചം, നിലാവിനെ സ്വാഗതം ചെയ്തു കൊണ്ട് കുരുന്നിന് “നിലാ”എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.
ഒരു വർഷത്തിനിടയിൽ തിരുവനന്തപുരത്ത് അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന 15-ാമത്തെ കുട്ടിയും 6-ാമത്തെ പെൺകുഞ്ഞുമാണ് നിലാ. 2024-ൽ ഇതുവരെയായി 25 കുഞ്ഞുങ്ങളാണ് അനാഥത്വത്തിൽ നിന്ന് സനാഥത്വത്തിലേക്ക് പുതിയ മാതാപിതാക്കളുടെ കൈയ്യും പിടിച്ച് സമിതിയിൽ നിന്നും യാത്രയായത്.

🔹സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം സംബന്ധിച്ച് എക്സൈസ് മന്ത്രി എംബി രാജേഷിന്റെ നേതൃത്വത്തില്‍ ചര്‍ച്ച തുടങ്ങി. ഇന്നലെ കള്ള് ഷാപ്പ് ലൈസന്‍സികളുമായും ട്രേഡ് യൂണിയന്‍ ഭാരവാഹികളുമായും മന്ത്രി ചര്‍ച്ച നടത്തി. ഇന്ന് സംസ്ഥാനത്തെ ബാറുടമകള്‍, ഡിസ്ലറി ഉടമകളുമായും മന്ത്രി ചര്‍ച്ച നടത്തുമെന്നാണ് വിവരം.

🔹ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രലില്‍ നിന്നും 15.45ന് പുറപ്പെടുന്ന, ട്രെയിന്‍ നമ്പര്‍ 06043 ഡോ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – കൊച്ചുവേളി വീക്കിലി സ്‌പെഷ്യല്‍ ട്രെയിന്റെ ജൂണ്‍ 13ലെ സര്‍വീസ് റദ്ദാക്കി. കൂടാതെ കൊച്ചുവേളിയില്‍ നിന്നും യാത്ര ആരംഭിക്കുന്ന, ട്രെയിന്‍ നമ്പര്‍ 06044 കൊച്ചുവേളി – ഡോ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ വീക്കിലി സ്‌പെഷ്യല്‍ ട്രെയിനും അന്നേദിവസം സര്‍വീസ് നടത്തില്ല.

🔹ജമ്മുകശ്മീരിലെ റിയാസിയില്‍ സ്വകാര്യ ബസിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഡ്രൈവറെയും കൗമാരക്കാരനായ കണ്ടക്ടറെയും രക്തസാക്ഷികളായി പ്രഖ്യാപിക്കണമെന്ന് ബസുടമ ആവശ്യപ്പെട്ടു. ഭീകരാക്രമണത്തില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്.ഡ്രൈവറായ 40കാരന്‍ വിജയകുമാര്‍, 19കാരനായ കണ്ടക്ടര്‍ അരുണ്‍കുമാര്‍ എന്നിവരും ഏഴ് തീര്‍ത്ഥാടകരുമാണ് കൊല്ലപ്പെട്ടത്. കത്രയിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് ശിവ്‌ഖോരി ക്ഷേത്രത്തില്‍ നിന്നും യാത്ര തിരിച്ചവരാണ് ആക്രമണത്തിന് ഇരയായത്. യുപി, രാജസ്ഥാന്‍, ദില്ലി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് ഭീകരാക്രമണം നടന്നത്.ഡ്രൈവര്‍ വിജയ് ആറു വര്‍ഷമായി ഈ ബസ് ഓടിക്കുകയായിരുന്നു. ഒരു കുടുംബം പോലെയായിരുന്നു അദ്ദേഹം. അദ്ദേഹം യാത്രക്കാരെ തീവ്രവാദികളില്‍ നിന്നും രക്ഷിക്കാന്‍ മനപൂര്‍വം ബസ് താഴ്വരയിലേക്ക് മറിച്ചതാകാമെന്നാണ് ബസുടമയായ സുജന്‍ സിംഗ് പറയുന്നു. ആക്രമണത്തില്‍ തലയ്ക്ക് വെടിയേറ്റാണ് വിജയ് മരിച്ചത്. ആറു മാസം മുമ്പാണ് വിജയിയുടെ പിതാവ് രത്തന്‍ലാല്‍ മരിച്ചത്. രണ്ടു കുഞ്ഞുങ്ങളുണ്ട്. അവരെ വളര്‍ത്താന്‍ ഇനി ആരുമില്ലാത്ത സാഹചര്യമാണ്.മരിച്ച കണ്ടക്ടര്‍ അരുണ്‍ ആക്രമണം നടക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബസില്‍ ജോലിക്ക് കയറിയത്. രണ്ട് സഹോദരിമാര്‍ അടങ്ങുന്ന പാവപ്പെട്ട കുടുംബത്തിലുള്‍പ്പെട്ട വ്യക്തിയാണ് അരുണ്‍. ജമ്മുകശ്മീര്‍ സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പത്തുലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും നല്‍കും.

🔹ദില്ലിയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷം. 1,500 മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യുന്ന യുപിയിലെ മണ്ടോളയിലെ പവര്‍ ഗ്രിഡിന് തീപിടിച്ചതിനെത്തുടര്‍ന്നാണ് തലസ്ഥാന നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങിയതെന്ന് ദില്ലി വൈദ്യുതി മന്ത്രി അതിഷി പറഞ്ഞു. ഇന്നലെ ദില്ലിയില്‍ താപനില 42 ഡിഗ്രി കടന്നിരുന്നു. പുതിയ കേന്ദ്ര ഊര്‍ജ മന്ത്രിയുമായി കൂടിക്കാഴ്ച്ചക്ക് ശ്രമിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

🔹അനധികൃതമായി തോക്ക് കൈവശം വെച്ച കേസില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ കുറ്റക്കാരന്‍. ഡെലവേറിലേ ഫെഡറല്‍ കോടതിയിലെ ജൂറിയാണ് മൂന്ന് ചാര്‍ജുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2018ല്‍ തോക്ക് വാങ്ങുന്ന സമയത്ത് തെറ്റായ വിവരങ്ങള്‍ നല്‍കി, ലഹരി ഉപയോഗം മറച്ചുവെച്ചു, ലഹരി പദാര്‍ത്ഥം ഉപയോഗിച്ചിരുന്ന സമയത്ത് തോക്ക് കൈവശം വെച്ചു എന്നിവയാണ് കുറ്റങ്ങള്‍. 25 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്. ശിക്ഷ പിന്നീട് വിധിക്കും.

🔹ടി20 ലോകകപ്പ് മത്സരത്തില്‍ ദുര്‍ബലരായ കാനഡയെ ഏഴു വിക്കറ്റിന് തകര്‍ത്ത പാകിസ്താന് ലോകകപ്പിലെ ആദ്യ ജയം. ആദ്യം ബാറ്റ് ചെയ്ത കാനഡയെ 106 ന് 7 എന്ന എറിഞ്ഞൊതുക്കിയ പാകിസ്താന്‍ 17.3 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. യുഎസ്എയോടും ഇന്ത്യയോടും തോറ്റ പാകിസ്താന്‍ മൂന്ന് കളികളില്‍ നിന്ന് രണ്ടു പോയന്റുമായി ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനത്താണ്.

🔹സിനിമ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ് ‘രായന്‍’. ധനുഷിന്റെ കരിയറിലെ 50- ാമത്തെ ചിത്രമാണെന്നതു കൊണ്ട് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ഹൈപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജൂണിലായിരുന്നു ആദ്യം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ജൂലൈ 26 നാണ് ചിത്രമെത്തുക. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തുക. ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമയായാണ് രായന്‍ പ്രേക്ഷകരിലേക്കെത്തുന്നത്. ധനുഷ് തന്നെയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. എസ് ജെ സൂര്യ, സുന്ദീപ് കിഷന്‍, കാളിദാസ് ജയറാം, ശെല്‍വരാഘവന്‍, പ്രകാശ് രാജ്, ദുഷാര വിജയന്‍, അപര്‍ണ ബാലമുരളി, ശരവണന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വരലക്ഷ്മി ശരത്കുമാര്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എആര്‍ റഹ്‌മാനാണ് സംഗീതം.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments