Saturday, July 20, 2024
Homeഅമേരിക്ക📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 - 2024 | മെയ് 19 | ഞായർ ✍ കപിൽ ശങ്കർ

📱വാർത്തകൾ ഒറ്റനോട്ടത്തിൽ📱 – 2024 | മെയ് 19 | ഞായർ ✍ കപിൽ ശങ്കർ

കപിൽ ശങ്കർ

🔹ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചാബില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ വെടിവെപ്പ്. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അമൃത്സറില്‍ നടന്ന റാലിക്കിടെയാണ് വെടിവെപ്പ് ഉണ്ടായത്. കോണ്‍ഗ്രസ് സിറ്റിംഗ് എംപിയും സ്ഥാനാര്‍ത്ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്ലയുടെ റാലിക്കിടെയാണ് സംഭവം. വെടിവെപ്പ് നടത്തിയവര്‍ ഓടി രക്ഷപ്പെട്ടു. പഞ്ചാബിലെ ആംആദ്മി സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായതെന്നും ആംആദ്മി പ്രവര്‍ത്തകരാണ് വെടിവെപ്പിന് പിന്നില്‍ എന്നും കോണ്‍ഗ്രസ് ആരോപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

🔹മെയ് 25 ന് സംസ്ഥാനത്തെ സ്‌കൂളുകളില്‍ ശുചീകരണ ദിനം ആചരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത തൊഴിലാളി, മഹിളാ, യുവജന സംഘടനകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാ സംഘടനകളും പങ്കാളികളാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

🔹ഹെപ്പറ്റൈറ്റിസ് എ വൈറസ് വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഞ്ഞപ്പിത്തം ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാല്‍ ആദ്യത്തെ രണ്ടാഴ്ച വളരെ നിര്‍ണായകമാണ്. പനി, ക്ഷീണം, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കില്‍ മഞ്ഞപിത്തം ആരംഭിച്ചതിന് ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം. അതിനാല്‍ വളരെ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

🔹ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നുയര്‍ന്ന പൂണെ-ബെംഗളൂരു-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ് 1132 വിമാനത്തിന്റെ എന്‍ജിന് തീപ്പിടിച്ചു. അപകടം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി യാത്രക്കാരെ പുറത്തെത്തിച്ചതോടെ വന്‍ദുരന്തം ഒഴിവായി. ശനിയാഴ്ച രാത്രി 11 മണിക്കാണ് സംഭവം.
ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പറന്ന ഉടനെയായിരുന്നു വിമാനത്തില്‍ തീ കണ്ടത്. പെട്ടെന്ന് തന്നെ വിമാനം തിരിച്ചിറക്കുകയും തീയണക്കുകയും ചെയ്തു. 179 യാത്രക്കാരും ആറു ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്.
പുണെയില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയതായിരുന്നു വിമാനം. ഇവിടെ യാത്രക്കാരെ ഇറക്കി രാത്രി 9.40ന് കൊച്ചിയിലേക്ക് പറന്നുയരേണ്ട വിമാനം രാത്രി വൈകി 11 മണിയോടെയായിരുന്നു പറന്നുയര്‍ന്നത്. എന്നാല്‍ പെട്ടെന്ന് തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നുവെന്ന് വിമാനത്തിലുണ്ടായിരുന്ന കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകന്‍ രാജഹംസന്‍ പറഞ്ഞു.
പുറത്തേക്കുള്ള എല്ലാ എമര്‍ജന്‍സി വാതിലുകളും തുറന്നിരുന്നു. വിമാനത്താവളത്തിന് ഏറെ അകലെയായിട്ടാണ് വിമാനം ലാന്‍ഡ് ചെയ്തത്. ഉടന്‍ തന്നെ യാത്രക്കാരോട് ചാടിയിറങ്ങാന്‍ കാബിന്‍ ക്രൂ നിര്‍ദേശം തന്നു. പുറത്തേക്ക് ചാടുന്ന സമയത്ത് ചിലര്‍ക്ക് നിസാരമായ പരിക്കേറ്റു. ഇറങ്ങിക്കഴിഞ്ഞയുടന്‍ തന്നെ ദൂരേക്ക് ഓടിപ്പോകാനും കാബിന്‍ക്രൂ നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഫയര്‍ എന്‍ജിനുകളെത്തി തീയണക്കുകയായിരുന്നു. ഈ സമയം ആംബുലന്‍സുകള്‍ സ്ഥലത്തെത്തി പ്രായമായവരേയും പരിഭ്രാന്തരായ യാത്രക്കാരെയും കൊണ്ടുപോയെന്നും രാജഹംസന്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ മറ്റൊരു വിമാനവും സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് അടിയന്തരമായി തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു. തിരുവനന്തപുരം-ബെംഗളൂരു വിമാനമാണ് തിരിച്ചിറക്കിയത്. ശനിയാഴ്ച രാവിലെ 8.40-ന് തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ എയര്‍ കംപ്രസറില്‍ സാങ്കേതികത്തകരാര്‍ സംഭവിക്കുകയായിരുന്നു. ഇതുമൂലം യാത്രക്കാരില്‍ ചിലര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. തുടര്‍ന്നാണ് തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. വിമാനത്തില്‍ 137 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

🔹കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ മെയ് 23 വരെയാണ് ഏഴ് മണിക്ക് ശേഷം രാത്രി യാത്ര നിരോധിച്ചിരിക്കുന്നത്. ഗവി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര മേഖലയിലേക്കും യാത്ര നിരോധനമുണ്ട്. എല്ലാ താലൂക്കുകളിലും ക്യാമ്പുകള്‍ സജ്ജമാക്കി എന്ന് കളക്ടര്‍ വ്യക്തമാക്കി.

🔹നാല് വര്‍ഷ ബിരുദ കോഴ്‌സുകളിലേക്ക് കാലിക്കറ്റ് സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു. ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂണ്‍ ഒന്നിന് വൈകീട്ട് അഞ്ചുമണിവരെ അപേക്ഷ സമര്‍പ്പിക്കാം.

🔹സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയില്‍ ഏഷ്യന്‍ സ്‌കൂളിന് 100% ജയം. 98 ശതമാനം മാര്‍ക്കോടെ ദിയ വിവേക് ആണ് സ്‌കൂള്‍ ടോപ്പര്‍. രണ്ടാം റാങ്കുകാരായ ശ്രീനിധി ശ്രീജുവും ലിബ സറഫ് പുലിപ്രയും 97.6 ശതമാനം മാര്‍ക്ക് നേടി. ആദിന്യ പത്മകുമാര്‍ റെയ്നയും തനുഷ് ദീപക് പാട്ടീലും 97.2 ശതമാനം വീതം നേടി മൂന്നാം സ്ഥാനത്തെത്തി.
ഇംഗ്ലീഷില്‍ 97 മാര്‍ക്കോടെ ശ്രീനിധി ശ്രീജുവും മലയാളത്തില്‍ 100 മാര്‍ക്കോടെ ലിബ സറഫ് പുലിപ്രയുമാണ് സബ്ജക്ട് ടോപ്പര്‍മാര്‍. തനുഷ് ദീപക് പാട്ടീലാണ് മാത്ത്‌സില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയത്.
പരീക്ഷയെഴുതിയ 267 വിദ്യാര്‍ത്ഥികളില്‍ 187 വിദ്യാര്‍ത്ഥികള്‍ 75% ന് മുകളിലും 62 വിദ്യാര്‍ത്ഥികള്‍ 60% ന് മുകളിലും മാര്‍ക്ക് നേടി. 70 വിദ്യാര്‍ഥികള്‍ 90 ശതമാനത്തിന് മുകളില്‍ വിജയം നേടി. വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ചെയര്‍പേഴ്സണ്‍ എലിസബത്ത് ജോസഫ് അഭിനന്ദിച്ചു.

🔹ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ വലിയവെളി അമ്പിളിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ചേര്‍ത്തല കെ.വി. എം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അമ്പിളിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് രാജേഷ് ഓടി രക്ഷപ്പെട്ടു.

🔹തൃശൂര്‍ ദേശമംഗലം വരവട്ടൂര്‍ ഭാരതപുഴയുടെ കടവില്‍ കുളിക്കാന്‍ ഇറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളായ വിക്രം (16) ശ്രീഷ്മ (10) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. നാട്ടുകാരും പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുട്ടികളെ കണ്ടെത്തി പട്ടാമ്പിയിലെ ആശുപത്രിയിില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു.

🔹പാലക്കാട്: പട്ടാമ്പിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കോളേജ്സ്ട്രീറ്റ് കൂരിയാട്ട്തൊടി റസാഖ് – നജ്മ ദമ്പതികളുടെ മകൻ ഫർഹാൻ (13 ) ആണ് മരിച്ചത്.
ശനിയാഴ്ച്ച വൈകീട്ടോടെയായിരുന്നു അപകടമുണ്ടായത്. കൊടലൂർ പെരിക്കാട്ടുകുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പട്ടാമ്പിയിൽ നിന്നും അഗ്നിശമനസേനയെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊണ്ടൂർക്കര അൽ ഹിദായ സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: ഇർഫാൻ, സാബിത.

🔹പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസിലെ അതിജീവിതയെ അപമാനിക്കുന്ന വാര്‍ത്തകള്‍ അവരുടെ ഭാവിക്കു ദോഷകരമായി ബാധിക്കുന്നതിനാല്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. അതിജീവിതയെ പറവൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, സഹോദരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍ എന്നിവരുമായും വനിതാ കമ്മിഷന്‍ അധ്യക്ഷ സംസാരിച്ചു.

🔹കോട്ടയം: കോരുത്തോട് സ്വദേശിനിയായ വൃദ്ധയെ ഇടിച്ചിട്ട് വാഹനം നിര്‍ത്താതെ പോവുകയും, തുടര്‍ന്ന് വൃദ്ധ മരണപ്പെടുകയും ചെയ്ത കേസില്‍ വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിയായ ദിനേശ് കെ.റെഡ്ഡി (30)ആണ് മുണ്ടക്കയം പോലീസിന്റെ പിടിയിലായത്.
2023 ഡിസംബര്‍ 15 നായിരുന്നു കേസിനാസ്പദമായ സംഭവം. ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങുകയായിരുന്ന ദിനേശ് ഓടിച്ചിരുന്ന വാഹനം കോരുത്തോട് പനയ്ക്കച്ചിറ കോളനി ഭാഗത്തുവെച്ച് വൃദ്ധയെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വാഹനം നിര്‍ത്താതെ കടന്നുകളയുകയും ചെയ്തു. അപകടത്തില്‍ ഗുരുതരമായ പരിക്കുപറ്റിയ വൃദ്ധ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരണപ്പെടുകയായിരുന്നു.
സംഭവത്തില്‍ മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ വാഹനം ഹൈദരാബാദ് രജിസ്‌ട്രേഷനാണെന്ന് കണ്ടെത്തി. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തെലങ്കാന കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ ഓടിച്ചിരുന്ന വാഹനവും പോലീസ് കണ്ടെടുത്തു.

🔹ബെംഗളൂരു: ലൈംഗിക പീഡന വിവാദത്തില്‍ കുടുങ്ങിയ ഹാസന്‍ സിറ്റിങ് എം.പിയും എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ പ്രജ്ജ്വല്‍ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട്. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) കോടതിയെ സമീപിച്ചിരുന്നു. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാത്ത സാഹചര്യത്തിലായിരുന്നു നീക്കം.
തിരഞ്ഞെടുപ്പ് നടന്ന് രണ്ട് ദിവസത്തിന് ശേഷം പ്രജ്ജ്വലിനെതിരേയുള്ള ലൈംഗികാതിക്രമദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അശ്ലീലദൃശ്യങ്ങള്‍ പുറത്തുവന്നതിനുപിന്നാലെ പ്രജ്ജ്വല്‍ ജര്‍മനിയിലേക്ക് കടന്നിരുന്നു. പ്രജ്ജ്വലിനെതിരേ അന്വേഷണസംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
വീഡിയോയില്‍ ഉള്‍പ്പെട്ടതായി പറയുന്ന സ്ത്രീ വനിതാ കമ്മിഷന് പരാതിയും നല്‍കിയിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയത്. ഏപ്രില്‍ 26-ന് അര്‍ധരാത്രിയാണ് പ്രതി വിദേശത്തേക്കു കടന്നത്. ഇന്റര്‍പോളിനെക്കൊണ്ട് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിപ്പിക്കാനായെങ്കിലും പ്രജ്ജ്വലിനെ തിരികെയെത്തിക്കാനായിട്ടില്ല.

🔹കടല്‍തീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. എന്നാല്‍ കടല്‍ തീരത്തെ താല്‍ക്കാലിക പ്ലാറ്റ്ഫോം സ്ഥിരമായ ബദല്‍ മാര്‍ഗമാക്കാന്‍ സാധിക്കില്ലെന്ന മുന്നറിയിപ്പ് അമേരിക്ക യുഎന്നിന് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ 500 ടണ്‍ അവശ്യസാധനങ്ങള്‍ ഇതുവഴി എത്തിക്കുമെന്ന് അമേരിക്ക വിശദമാക്കി. ഓരോ ദിവസവും 150 ട്രെക്കുകള്‍ ഇതുവഴി എത്തിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

🔹സിങ്കപ്പൂരില്‍ കോവിഡ് വ്യാപനം രൂക്ഷo . മേയ് അഞ്ചിനും പതിനൊന്നിനും ഇടയില്‍ കോവിഡ് ബാധിതരുടെ എണ്ണം 25,900 ആയി ഉയര്‍ന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് സിങ്കപ്പൂര്‍ ആരോഗ്യ മന്ത്രി ഒങ് യെ കുങ് നിര്‍ദേശിച്ചു.

🔹പ്ലേ ഓഫിലെത്താന്‍ 18 റണ്‍സ് വ്യത്യാസത്തിലുള്ള ജയം ആവശ്യമായിരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 27 റണ്‍സിന് തകര്‍ത്തത് പ്ലേ ഓഫിലെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 54 റണ്‍സെടുത്ത ഫാഫ് ഡു പ്ലെസിസിന്റേയും 47 റണ്‍സെടുത്ത വിരാട് കോലിയുടേയും മികവില്‍ 219 റണ്‍സെടുത്തു. എന്നാല്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ 14 പോയിന്റ് വീതമുള്ള ചെന്നൈയുടെ നെറ്റ് റണ്‍റേറ്റ് മറികടന്ന് പ്ലേ ഓഫിലെത്താന്‍ ബാംഗ്ലൂരിനായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവരാണ് പ്ലേ ഓഫ് ഉറപ്പാക്കിയ മറ്റു ടീമുകള്‍.

🔹നവാഗതനായ സംജാദിൻ്റെ സംവിധാനത്തിൽ രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന കുറ്റാന്വേഷണ ത്രില്ലർ ‘ഗോള’ത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടി കമ്പനിയുടെ സമൂഹമാധ്യമ ഹാൻഡിലുകളിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്. ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി ആനും സജീവുമാണ് ‘ഗോളം’ നിർമ്മിക്കുന്നത്. ചലച്ചിത്ര, കലാ സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖർ ട്രെയിലർ പങ്കുവെച്ചു.
ചിന്നു ചാന്ദ്നി, സണ്ണി വെയിൻ, സിദ്ദിഖ്, അലൻസിയർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. പ്രവീൺ വിശ്വനാഥും സംജാദുമാണ് ‘ഗോള’ത്തിൻ്റെ രചന നിർവഹിച്ചിട്ടുള്ളത്. ഉദയ് രാമചന്ദ്രനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. വിജയ് ഛായാഗ്രഹണം നിർവഹിക്കുന്നു. എബി സാൽവിൻ തോമസ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിൻ്റെ ഗാനങ്ങൾ രചിച്ചത് വിനായക് ശശികുമാർ. ചിത്രസമ്മിശ്രണം മഹേഷ് ഭുവനേന്ദും ശബ്ദരൂപകല്പന വിഷ്ണു ഗോവിന്ദും, ശബ്ദമിശ്രണം വിഷ്ണു സുജാതനും നിർവഹിക്കുന്നു. പ്രതീഷ് കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടറായും നിമേഷ് താനൂർ കലാ സംവിധായകനായും പ്രവർത്തിച്ചു. 2024 ജൂൺ ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments