Sunday, November 17, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | മെയ് 14 | ചൊവ്വ

വാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | മെയ് 14 | ചൊവ്വ

കപിൽ ശങ്കർ

🔹ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടത്തില്‍ അവസാനം ലഭിച്ച കണക്ക് അനുസരിച്ച് 64.25 ശതമാനം പോളിങ് രേഖപ്പെടുത്തി. അന്തിമ കണക്കുകളില്‍ മാറ്റം വന്നേക്കും. ഇന്നലെ നടന്ന വിവിധ സംസ്ഥാനങ്ങളിലെ പോളിംഗ് ശതമാനം: ആന്ധ്രാ പ്രദേശ്: 68.12%, ബിഹാര്‍: 55.90%, ജമ്മു കശ്മീര്‍: 36.88 %, ജാര്‍ഖണ്ഡ്: 63.37%, മധ്യപ്രദേശ്: 68.63%, മഹാരാഷ്ട്ര: 52.75%, ഒഡീഷ: 63.85%, തെലങ്കാന:61.39%, ഉത്തര്‍പ്രദേശ്: 57.88%, ബംഗാള്‍: 76.02%.

🔹സര്‍ക്കാരിന്റെ ആശാസ്ത്രീയ സീറ്റ് പരിഷ്‌ക്കരണ നയം കാരണം ഏറെ ദുരിതം അനുഭവിക്കുന്നത് പാവപ്പെട്ട കുടുംബത്തിലെ കുട്ടികളാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ പിണറായി സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം വെച്ച് പന്താടുകയാണെന്നും വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ അര ലക്ഷത്തില്‍പ്പരം വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റില്ലാതെ നെട്ടോട്ടമോടുന്നതെന്നും കെ.സുധാകരന്‍ പറഞ്ഞു.

🔹യാത്രക്കാര്‍ക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായി ഹില്ലി അക്വായും കെഎസ്ആര്‍ടിസിയുമായി ചേര്‍ന്ന് ‘കുടിവെള്ള വിതരണ പദ്ധതി’ ആരംഭിക്കുന്നു. ഒരു ലിറ്ററിന് 15 രൂപ നിരക്കില്‍ സൂപ്പര്‍ ഫാസ്റ്റ് മുതല്‍ ഉയര്‍ന്ന ശ്രേണിയിലുള്ള എല്ലാ സര്‍വീസുകളിലും ബസിനുള്ളില്‍ തന്നെ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് നടപ്പിലാക്കുന്നത്. ബള്‍ക്ക് പര്‍ച്ചേസിംഗ് സംവിധാനവും കെഎസ്ആര്‍ടിസി ഒരുക്കുന്നുണ്ട്.

🔹പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ യുവരാജ് സാഗര്‍ എന്ന കപ്പല്‍ കസ്റ്റഡിയിലെടുത്തു. കോസ്റ്റല്‍ പൊലീസിന്റെതാണ് നടപടി. അപകടത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചിരുന്നു. അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനി വരുത്തിയതിനുo കപ്പല്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

🔹സംസ്ഥാനത്ത് പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാത്ത കുട്ടികള്‍ക്ക് മെയ് 28 മുതല്‍ ജൂണ്‍ നാല് വരെ സേ പരീക്ഷ നടത്തും. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ഭവന്‍ വിജ്ഞാപനമിറക്കി.

🔹ജൂണ്‍ മൂന്നിന് എറണാകുളം ഗവ. ഗേള്‍സ് സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പായി ഈ മാസം 28ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ കോണ്‍ക്ലേവ് നടത്തും. എസ്എസ്എസ്എല്‍സി പരീക്ഷ നിലവാരം ഉയര്‍ത്തുന്നതിനായാണ് പ്രത്യേക കോണ്‍ക്ലേവ് നടത്തുന്നത്.

🔹ഹൃദ്രോഗ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി കെ.എന്‍.ബാലഗോപാലിനെ ആന്‍ജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. രണ്ട് ബ്ലോക്കുകള്‍ ഉണ്ടായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

🔹കോഴിക്കോട് ജില്ലാ ജയിലില്‍ തടവുകാരും ജയില്‍ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്കും രണ്ട് തടവുകാര്‍ക്കും പരിക്കേറ്റു. സന്ദര്‍ശന സമയം കഴിഞ്ഞതിനെ തുടര്‍ന്ന് പ്രതികളെ കാണാന്‍ ബന്ധുക്കളെ അനുവദിച്ചിരുന്നില്ല. ഇതോടെ തടവുകാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു എന്നാണ് വിവരം. തടവുകാര്‍ക്കെതിരെ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് വേറെയും കേസെടുക്കുമെന്നാണ് വിവരം.

🔹ഇന്നലെ നടത്തിയ ഡ്രൈവിംഗ് ടെസ്റ്റുകളുടെ കണക്കുകള്‍ പുറത്ത് വിട്ട് മോട്ടോര്‍ വാഹന വകുപ്പ്. 117 പേര്‍ക്ക് ഇന്നലെ ടെസ്റ്റ് നടത്തി, 52 പേര്‍ വിജയിച്ചു. തിരുവനന്തപുരം മുട്ടത്തറയില്‍ പൊലീസ് കാവലില്‍ പ്രതിഷേധക്കാരെ മറികടന്നാണ് മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥന്റെ മകള്‍ക്കടക്കം ടെസ്റ്റ് ഇന്ന് നടത്തിയത്.

🔹പാനൂര്‍ വിഷ്ണുപ്രിയ കൊലപാതക കേസില്‍ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് 10 വര്‍ഷം തടവും, 2ലക്ഷം രൂപ പിഴയുമൊടുക്കണം. പ്രണയനൈരാശ്യത്തിന്റെ പകയില്‍ വീട്ടില്‍ അതിക്രമിച്ചുകയറിയ ശ്യാംജിത് വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വിധി തൃപ്തികരമാണെന്നും സന്തോഷമുണ്ടെന്നും പ്രോസിക്യൂഷനും, വിധിയില്‍ ആശ്വാസമുണ്ടെന്ന് വിഷ്ണുപ്രിയയുടെ കുടുംബവും പ്രതികരിച്ചു.

🔹മലപ്പുറത്തു ഹെപ്പറ്റൈറ്റിസ് രോഗ വ്യാപനം കുറഞ്ഞെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര്‍ രേണുക വ്യക്തമാക്കി. ജില്ലയില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും ഡിഎംഒ പറഞ്ഞു. രോഗിയുമായി ബന്ധപ്പെടുന്നതില്‍ കോവിഡ് കാലത്തെ പോലെ ജാഗ്രത വേണമെന്നും, ജില്ലയില്‍ 4000 ത്തിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും ഡിഎംഒ വ്യക്തമാക്കി.

🔹നവവധുവിനെ സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദിച്ച ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്ത് പോലിസ്. പന്തീരാങ്കാവ് പന്നിയൂര്‍ക്കുളം തെക്കേവളളിക്കുന്ന് സ്വദേശി രാഹുലി (29) നെതിരെയാണ് പന്തീരാങ്കാവ് പോലിസ് കേസെടുത്തത്. മെയ് അഞ്ചിനായിരുന്നു ജര്‍മനിയില്‍ എഞ്ചിനീയറായ രാഹുലിന്റെയും ഐടി പ്രൊഫഷണലായ എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനിയുടെയും വിവാഹം. സ്ത്രീധനം കുറഞ്ഞുപോയെന്നും കാര്‍ വേണമെന്നും വരന്റെ അമ്മയും സഹോദരിയും നിരന്തരം പറഞ്ഞിരുന്നതായും പിതാവ് ആരോപിച്ചു.

🔹ബിഹാര്‍ മുന്‍ ഉപ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു. 72 വയസ്സായിരുന്നു. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ താരപ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും രോഗബാധിതനായതോടെ വിട്ടുനിന്നു.

🔹പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് വാരാണസിയില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാമ നിര്‍ദേശ പത്രിക സമര്‍പ്പണത്തി്ന് മുന്നോടിയായി വാരാണസിയില്‍ മോദി ഇന്നലെ റോഡ് ഷോ നടത്തി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണ് 5 കിമീ റോഡ് ഷോ നടത്തിയത്. ഇന്ന് രാവിലെ 11.40 നാണു മോദി നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കുക. തുടര്‍ച്ചയായി മൂന്നാം തവണയാണ് മോദി വാരാണസിയില്‍ ജനവിധി തേടുന്നത്. ഇത്തവണ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിന് മുകളില്‍ ലഭിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.

🔹വോട്ടുചെയ്യാനെത്തിയ മുസ്ലീം സ്ത്രീകളുടെ മുഖപടം മാറ്റി പരിശോധിച്ചതിന് ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ത്ഥി മാധവി ലതയ്ക്കെതിരെ കേസ്. പോളിംഗ് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയില്‍ ആണ് കേസ് എടുത്തിട്ടുള്ളത്. അനുചിത സ്വാധീനം ചെലുത്തല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വഹണത്തില്‍ നിന്ന് തടസ്സപ്പെടുത്തല്‍, ഭയപ്പെടുത്തുന്ന തരത്തില്‍ ഭീഷണി മുഴക്കല്‍ എന്നീ ഐപിസി വകുപ്പുകളും പോളിംഗ് സ്റ്റേഷനുള്ളില്‍ ചട്ടലംഘനം നടത്തിയതിന് ജനപ്രാതിനിധ്യ നിയമ പ്രകാരവുമാണ് കേസ് എടുത്തിട്ടുള്ളത്.

🔹എച്ച് ഡി രേവണ്ണയ്ക്ക് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി സോപാധിക ജാമ്യം അനുവദിച്ചു. കഴിഞ്ഞ ദിവസം രേവണ്ണയ്ക്കെതിരെ പരാതി നല്‍കിയ സ്ത്രീ തന്റെ മൊഴി മാറ്റിയിരുന്നു. ഇതോടെയാണ് ആറ് ദിവസമായി ജയിലില്‍ കഴിഞ്ഞ രേവണ്ണ കേസില്‍ നിന്ന് പുറത്തുവന്നത്.

🔹കൊടുവള്ളിയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് നിയന്ത്രണം വിട്ട് മറുവശത്തെ ഹോട്ടലിലേക്ക് ഇടിച്ചു കയറി. ദേശീയപാതയില്‍ കൊടുവള്ളി മദ്രസാ ബസാറില്‍ പുലര്‍ച്ചെ 5.15-ന് ആയിരുന്നു അപകടം. ബാഗ്ലൂരില്‍ നിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്ന ബസിന് മുന്നിലുണ്ടായിരുന്ന ബൈക്ക് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പെട്ടെന്ന് നിര്‍ത്തുകയായിരുന്നു.
ഇതോടെ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ച് വലത്തോട്ട് തിരിഞ്ഞ് മറുവശത്തെ ഹോട്ടലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ചാറ്റല്‍ മഴക്കിടെയാണ് അപകടമുണ്ടായത്. ഹോട്ടല്‍ തുറന്നിട്ടില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. യാത്രക്കാര്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ക്രെയിന്‍ എത്തിച്ച് ബസ് റോഡരികിലേക്കു മാറ്റി.

🔹വാഹനാപകടത്തില്‍ നാടന്‍പാട്ട് കലാകാരന്‍ രതീഷ് തിരുവരംഗന് ദാരുണാന്ത്യം. കുളപ്പുള്ളി ചുവന്ന ഗേറ്റില്‍ ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. വാവന്നൂര്‍ സ്വദേശിയാണ് രതീഷ്. പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഐപിടി കോളജിനു സമീപത്തു വച്ച് എതിരെ വന്ന ടാങ്കര്‍ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. നാടന്‍പാട്ട് കലാ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു രതീഷ്. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

🔹എയര്‍ ഇന്ത്യ എക്‌സ്പ്രസ് സമരത്തില്‍ തിരുവനന്തപുരം കരമന സ്വദേശി അമൃതയ്ക്ക് നഷ്ടമായത് ഭര്‍ത്താവിനെ അവസാനമായി ഒരുനോക്ക് കാണണമെന്ന് ആഗ്രഹം. ഹൃദ്രോഗത്തെ തുടര്‍ന്ന് മസ്‌കറ്റില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നമ്പി രാജേഷ് ഇന്നലെയാണ് മരിച്ചത്.ചികിത്സയിലായിരുന്ന രാജേഷിനെ കാണാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ആയിരുന്നു അമൃത ടിക്കറ്റ് എടുത്തത്. വിമാനം റദ്ദാക്കിയതോടെ അമൃതയുടെ യാത്ര മുടങ്ങി. കരമന നെടുങ്കാട് സ്വദേശിയായ രാജേഷ് മസ്‌കറ്റിലെ ഇന്ത്യന്‍ സ്‌കൂളില്‍ ഐടി മാനേജര്‍ ആയിരുന്നു. പി ആര്‍ എസ് നേഴ്‌സിങ് കോളേജില്‍ ബിഎസ്സി നേഴ്‌സിങ് വിദ്യാര്‍ഥിയാണ് അമൃത. അനിക നമ്പി ശൈലേഷ് എന്നിവരാണ് മക്കള്‍.

🔹കോഴിക്കോട് നഗരത്തില്‍ ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി മരിച്ചു. നാദാപുരം സ്വദേശി സുലോചന ആണ് മരിച്ചത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
മിംസ് ഹോസ്പിറ്റലിന് തൊട്ടുമുന്‍പാണ് അപകടം. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്.

🔹മുബൈയില്‍ കനത്ത മഴയിലും പൊടിക്കാറ്റിലും കൂറ്റന്‍ പരസ്യ ബോര്‍ഡ് പെട്രോള്‍ പമ്പിന് മുകളില്‍ തകര്‍ന്നുവീണ് എട്ട് പേര്‍ മരിച്ചു. അപകടത്തില്‍ 64 പേര്‍ക്ക് പരിക്കേറ്റു. മുംബൈ ഘട്കോപ്പറില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം സഹായധനം പ്രഖ്യാപിച്ച സര്‍ക്കാര്‍ സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയെ തുടര്‍ന്ന് കാഴ്ച്ചാപരിധി കുറഞ്ഞതോടെ മുംബൈ വിമാനത്താവളത്തില്‍ നിരവധി വിമാന സര്‍വീസുകള്‍ വൈകി.

🔹ഉത്തര്‍പ്രദേശിലെ ജോന്‍പൂരില്‍ മാധ്യമപ്രവര്‍ത്തകനായ സുദര്‍ശന്‍ ന്യൂസ് റിപ്പോര്‍ട്ടര്‍ അശുതോഷ് ശ്രീവാസ്തവയെ വെടിവെച്ചു കൊന്നു . ജോന്‍പൂരിലെ ഷാഗഞ്ചിലാണ് സംഭവം. അജ്ഞാതരായ അക്രമികളാണ് വെടിവെച്ചതെന്നാണ് നിഗമനം. അക്രമികളെ പിടികൂടാന്‍ അന്വേഷണ സംഘം രൂപീകരിച്ചതായി ജോന്‍പൂര്‍ എസ്പി അജയ് പാല്‍ ശര്‍മ്മ പറഞ്ഞു.

🔹ഐപിഎല്ലില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന ഗുജറാത്ത് ടൈറ്റന്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം മഴ മൂലം മുടങ്ങി. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടെങ്കിലും 13 കളികളില്‍ നിന്ന് 11 പോയിന്റോടെ എട്ടാം സ്ഥാനത്തുള്ള നിലവിലെ റണ്ണേഴ്‌സ് അപ്പായ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്ലിന്റെ പ്ലേ ഓഫ് കാണാതെ പുറത്തായി. നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ച കൊല്‍ക്കത്ത 19 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

🔹സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായ എത്തിയ ചിത്രമാണ് ‘യോദ്ധ’. സാഗര്‍ ആംമ്പ്രേയും പുഷ്‌കര്‍ ഓജയുമാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നായികയായി എത്തിയിരിക്കുന്നത് റാഷി ഖന്നയാണ്. യോദ്ധ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ എത്തിയത് ട്രെന്‍ഡിംഗ് ആയി മാറിയിരിക്കുകയാണ്. നിലവില്‍ യോദ്ധ ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യന്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതാണെന്നാണ് റിപ്പോര്‍ട്ട്. വലിയ പ്രതീക്ഷകളോടെ എത്തിയ യോദ്ധ സിനിമ ആഗോള ബോക്സ് ഓഫീസില്‍ 50 കോടി ക്ലബില്‍ ഇടംനേടിയെങ്കിലും വന്‍ കുതിപ്പ് രേഖപ്പെടുത്താനാകാത്തത് ആരാധകരില്‍ വലിയ നിരാശയുണ്ടാക്കിയിരുന്നു. ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ രോണിത് റോയ് തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്ജന്‍ ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിവരും വേഷമിട്ടിട്ടുണ്ട്. തിരക്കഥ സാഗര്‍ ആംബ്രെയാണ്. യോദ്ധ ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. അരുണ്‍ കട്യാല്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര യോദ്ധ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments