ടെക്സാസ്: യുഎസിലെ ടെക്സാസിൽ ഉണ്ടായ കാർ അപകടത്തിൽ ഇന്ത്യക്കാരായ ദമ്പതികൾക്കും മകൾക്കും ദാരുണാന്ത്യം. ടെക്സാസിലെ ലിയാണ്ടർ സ്വദേശികളായ അരവിന്ദ് മണി (45), ഭാര്യ പ്രദീപ അരവിന്ദ് (40), മകൾ ആൻഡ്രിൽ അരവിന്ദ് (17) എന്നിവരാണ് മരിച്ചത്. ലംപാസ് കൗണ്ടിക്ക് സമീപം ബുധനാഴ്ച പുലർച്ചെ 5:45നാണ് അപകടമുണ്ടായത്.
നോർത്ത് ടെക്സാസിലെ കോളേജിലേക്ക് ആൻഡ്രിലുമായി വാഹനത്തിൽ പോകുകയായിരുന്നു അരവിന്ദും പ്രദീപയും. ആൻഡ്രിൽ അടുത്തിടെയാണ് ബിരുദം പൂർത്തിയാക്കിയത്. യൂണിവേഴ്സിറ്റി ഓഫ് ഡാലസിൽ കംപ്യൂട്ടർ സയൻസ് പഠിക്കാൻ ആൻഡ്രിൽ ആലോചിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി കോളേജിലേക്ക് പോകുകയായിരുന്നു കുടുംബം.ഇതിനിടെ, ഇവർ സഞ്ചരിച്ച വാഹനത്തിലേക്ക് അമിതവേഗതയിൽ എത്തിയ കാർ ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ കാർ ഡ്രൈവർ അടക്കം അഞ്ചുപേർ മരണപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ അരവിന്ദും കുടുംബവും സഞ്ചരിച്ച വാഹനത്തിന് തീപിടിച്ചു.അതിദാരുണമായ അപകടമാണ് നടന്നതെന്നും വാഹനത്തിൽ ഉണ്ടായിരുന്നവർ രക്ഷപ്പെടാനുള്ള സാധ്യത വളരെ വിരളമായിരുന്നുവെന്നും പോലീസ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
കാറിൻ്റെ അമിതവേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പോലീസ് സംശയിക്കുന്നത്. 160 കിലോമീറ്റർ വേഗതയിലാണ് കാർ സഞ്ചരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. 112 കിലോമീറ്റർ വേഗത്തിലായിരുന്നു അരവിന്ദും കുടുംബവും വാഹനമോടിച്ചിരുന്നത്.
വാഹനാപകടത്തെ തുടർന്ന് അച്ഛനും അമ്മയും സഹോദരിയും മരണപ്പെട്ടതോടെ അനാഥനായി അദിർയാൻ. അപകടത്തിൽ മരിച്ച അരവിന്ദ് – പ്രദീപ ദമ്പതികളുടെ ഇളയമകനാണ് അദിർയാൻ. അപകടസമയം അദിർയാൻ വാഹനത്തിൽ ഉണ്ടായിരുന്നില്ല. മാതാപിതാക്കളെയും സഹോദരിയെയും നഷ്ടമായ അദിർയാനായി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ഗോ ഫണ്ട് മീ എന്ന പേജ് വഴി ഇതുവരെ 7,00,000 ഡോളറിലധികം തുക സമാഹരിച്ചു. സപ്പോർട്ട് ഫോർ അദിർയാൻ എന്ന ക്യാപ്ഷനോടെയാണ് ധനസമാഹരണം നടക്കുന്നത്.