ദേവാലയത്തിനുള്ളിൽനിന്നും ന്യൂഇയർ കുർബ്ബാനയ്ക്കുശേഷം വിശ്വാസികൾക്കായുള്ള പുരോഹിതന്റെ ന്യൂഇയർ സന്ദേശം മൈക്കിലൂടെ മുഴങ്ങുവാൻ തുടങ്ങി.
“പ്രിയപ്പെട്ട വിശ്വാസികളെ, നിങ്ങൾ പുതുവർഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ സമയത്ത് പോയ വർഷത്തെ പല പ്രവർത്തികളിലും തീരുമാനങ്ങളിലും മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്, തീർച്ചയായും വിശ്വാസികളായ നിങ്ങൾ എല്ലാവരും ഈവക കാര്യങ്ങളിൽ ഉചിതമായ ഒരു തീരുമാനം കൈക്കൊള്ളും എന്നു ഞാൻ കർത്താവിൽ പ്രത്യാശിക്കുകയാണ്…..”
രണ്ടു ദിവസങ്ങൾക്കുശേഷം പുരോഹിതൻ ഇടവകക്കാരെ ഓരോരുത്തരെയും ഫോണിൽ വിളിച്ച് വിശേഷങ്ങൾ തിരക്കുവാൻ തുടങ്ങിയ കൂട്ടത്തിൽ ഇടവകക്കാരനായ വർക്കിയെയും വിളിച്ചു.
“വർക്കീ, നീ കഴിഞ്ഞവർഷത്തെ ന്യൂ ഇയറിന് നിന്റെ കള്ളുകുടി നിർത്താൻ തീരുമാനിച്ചതുപോലെ ഈ വർഷത്തെ ന്യൂഇയറിന് നീ എടുത്ത നല്ല തീരുമാനം എന്താണ്.”
‘പോയ വർഷത്തെ പല തീരുമാനങ്ങളും പ്രവർത്തികളും മാറ്റണം എന്നാണല്ലോ അച്ചൻ പ്രസംഗിച്ചത്. ഇടയന്റെ വാക്കുകൾ കുഞ്ഞാടുകൾ പാലിക്കണം എന്നാണല്ലോ അച്ചൻ കൂടെ കൂടെ പ്രസംഗിക്കുമ്പോൾ പറയാറുള്ളതും. അതുകൊണ്ട് ഇത്തവണ അച്ചന്റെ വാക്കുകൾ കൃത്യമായി പാലിക്കുവാൻ തന്നെ ഞാൻ തീരുമാനിച്ചു.’
“ഓക്കേ വർക്കികുഞ്ഞാടേ, എന്താണ് നീ പാലിച്ച ആ തീരുമാനം.”
‘പോയ വർഷത്തെ ന്യൂ ഇയറിന് ഞാൻ കള്ളുകുടി നിർത്താൻ തീരുമാനിച്ചു. ഈ വർഷത്തെ ന്യൂഇയറിന് ഞാൻ ആ തീരുമാനം തിരുത്താൻ തീരുമാനിച്ചു അച്ചോ.’