ഐക്യ രാഷ്ട്ര സംഘടനയുടെ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സി (യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി – ഉന്‍വ) യെ നിരോധിച്ചു കൊണ്ടുള്ള നിയമം പാസാക്കി ഇസ്രയേലി പാര്‍ലമെന്റ്. ഉന്‍വയ്ക്ക് ഇനി ഇസ്രയേലിലും ഇസ്രയേല്‍ അധീന കിഴക്കന്‍ ജറുസലേമിലും പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. 90 ദിവസത്തിനുള്ളില്‍ നിരോധനം പ്രാബല്യത്തില്‍ വരും.
ഗസ ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ അവസ്ഥ ഇതോടെ വഷളാകും. ഗസയിലേക്ക് സഹായമെത്തിക്കാനായി ഉന്‍വയ്ക്ക് ഇസ്രയേല്‍ സൈന്യവുമായി സഹകരം ആവശ്യമാണ്. നിയമം പാസാക്കിയതോടെ ഇസ്രയേല്‍ ഉദ്യോഗസ്ഥരും ഏജന്‍സി ജീവനക്കാരും തമ്മില്‍ ബന്ധപ്പെടുന്നതിന് വിലക്ക് നിലവില്‍ വന്നു.ഉന്‍വയെ ഭീകരപ്രവര്‍ത്തനങ്ങളുടെ മറയായി ഉപയോഗിക്കുന്നുവെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ഹമാസും ഉന്‍വയും തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ടെന്നും വാദമുണ്ട്.
ഇസ്രയേല്‍ ആക്രമണത്തില്‍ അടിമുടി തകര്‍ന്ന ഗസയില്‍ ഉള്‍പ്പടെ സഹായമെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുഹിക്കുന്ന സംഘടനയാണ് ഉന്‍വ. സംഘടനയുടെ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ ഇസ്രയേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. അപകടകരമായ നടപടിയെന്നാണ് ഉന്‍വ തലവന്‍ ഫിലിപ് ലസറിനി ഇസ്രയേലിന്റെ നടപടിയെ വിശേഷിപ്പിച്ചത്. പലസ്തീനുകളുടെ ദുരിതം കൂടുതല്‍ ആഴത്തിലുള്ളതാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.