Thursday, December 26, 2024
Homeഅമേരിക്കപാലക്കയം തട്ട്:- കുരങ്ങന്റെ കയ്യിലെ പൂമാല (ലേഖനം)✍ഡോളി തോമസ് ചെമ്പേരി

പാലക്കയം തട്ട്:- കുരങ്ങന്റെ കയ്യിലെ പൂമാല (ലേഖനം)✍ഡോളി തോമസ് ചെമ്പേരി

ഡോളി തോമസ് ചെമ്പേരി

കേരളത്തിന്റെ വടക്കൻ ജില്ലയായ കണ്ണൂരിന്റെ കിഴക്കൻ പ്രദേശത്തെ പൈതൽ മലയോട് ചേർന്നു കിടക്കുന്ന ഗിരിശൃംഗങ്ങളിൽ ഒന്നാണ് പാലക്കയം തട്ട്. അതിമനോഹരമായ ഭൂപ്രകൃതിക്ക് നടുവിൽ ആരാലുമറിയപ്പെടാതെ കോടമമഞ്ഞു പുതച്ചും പച്ചപ്പുല്ലുകളാൽ അലംകൃതമായും കിടന്ന അത്ര ചെറുതല്ലാത്ത ഒരു കുന്നായിരുന്നു അത്. തളിപ്പറമ്പിൽ നിന്നും കുടിയൻമല റൂട്ടിൽ നടുവിലിനും പുലിക്കുരുമ്പയ്ക്കുമിടയിൽ യാത്ര ചെയ്യുമ്പോൾ അടുത്തു കാണാവുന്ന ഇവിടം ജാനകിപ്പാറയുടെ തൊട്ടുമുകളിലായി നിലകൊള്ളുന്നു. മലമടക്കുകൾക്കിടയിൽ ഒരു പാലത്തെ അനുസ്മരിപ്പിക്കും വിധം ഉയർന്നു നിൽക്കുന്ന ഒരു മുനമ്പിൽ അവസാനിക്കുന്നത് പോലുള്ള രൂപഭാവങ്ങൾ. മേഘങ്ങളെ കുടഞ്ഞിട്ടത് പോലെ അതിരാവിലെ കോടയിറങ്ങി താഴ്‌വര മൂടിയിരിക്കും. രാവിലെ ഇതുവഴിയുള്ള യാത്രയിൽ ഈ ദൃശ്യങ്ങൾ ആരുടെയും ഹൃദയം കവരും.

സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരത്തിലാണ് ഇതിന്റെ നിൽപ്പ്. മുകൾഭാഗത്ത് നിരപ്പായതും ഖണ്ഡങ്ങളായും കിടക്കുന്ന പാറ. ഈ പറകൾക്കുമേൽ അതിന്റെ മനോഹാരിത കൂട്ടാനെന്നോണം പ്രകൃതിയുടെ കൈയൊപ്പ്. ആരോ ആഴത്തിൽ വീതുളി കൊണ്ട് കോറിയത് പോലെ നെടുകെയും കുറുകെയും വരകൾ കൊണ്ടു നിർമ്മിതമായ കളങ്ങൾ ഈ പാറകളുടെ ഭംഗി കൂട്ടുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളിൽ അടയാളപ്പെട്ടതാകാം ഈ രേഖകൾ. അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം മൂലമാകാം. ഈ പാറകൾക്കിടയിൽ പച്ചപ്പുല്ലുകൾ നിറയെ ഉണ്ട്. ഇടയ്ക്കിടെ കുറ്റിച്ചെടികൾ യഥേഷ്ടം. നല്ല ശീതക്കാറ്റ് നിരന്തരം വീശിയടിച്ചു കൊണ്ടിരിക്കുന്നു. മുകളിൽ നിന്നും നോക്കിയാൽ ദൂരെ നിരനിരയായുള്ള കരിനീല ഗിരിശൃംഗങ്ങളുടെ ഹൃദയം കവരുന്ന കാഴ്ച്ച. കോടയിറങ്ങും മുൻപ് ആണെങ്കിൽ അങ്ങകലെ കണ്ണൂർ എയർപോർട്ടും ദൃശ്യമാകും. വൈകുന്നേരമോ അതി രാവിലെയോ ആണ് ഇവിടേക്കുള്ള ട്രെക്കിങിന് ഉചിതം. മണ്ടളത്തു നിന്നും പുലിക്കുരുമ്പ നിന്നും ഇവിടേയ്ക്കെത്താൻ റോഡുണ്ട്. മണ്ടളത്തു നിന്നുള്ള റോഡാണ് ഉപയോഗയോഗ്യം. റോഡിന്റെ തുടക്കം മുതൽ തട്ടിൽ എത്തുന്നത് വരെ നല്ല കയറ്റമാണ്. ട്രെക്കിംഗിന് ആളൊന്നിന് 35 രൂപ. സീനിയർ സിറ്റിസൺ, കുട്ടികൾ എന്നിവർക്ക് 17 രൂപ. മുകളിലേക്ക് നടന്നു കയറാൻ പറ്റാത്തവർക്ക് ജീപ്പ് സർവീസ് ഉണ്ട്. ഇതിന് മുകളിലെത്തിയാൽ കണ്ണെത്താ ദൂരം നീണ്ടുകിടക്കുന്ന ചെറുതും വലുതുമായ നീല മലകളുടെ ശൃംഖല.

ഈ ദൃശ്യങ്ങൾ ഇപ്പോളും അവിടെയുണ്ട്. വീടിന് തൊട്ടടുത്താണെങ്കിലും മൂന്നു വർഷങ്ങൾക്ക് ശേഷം ഈയിടെയാണ് അവിടേയ്ക്ക് ഒന്നുകൂടി പോകാൻ സാഹചര്യം വന്നത്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലാഞ്ഞല്ല തനിയെ പോകാൻ പറ്റാത്തത് കൊണ്ടാണ്. അന്ന് അതിന് പ്രകൃതിയുടെ തനിമയുണ്ടായിരുന്നു. കണ്ണിന് കുളിർമ്മയേകുന്ന കാഴ്ചതന്നെയായിയുന്നു അവിടെ. ഏതു വേനലിലും സുഖശീതളമായ കാലാവസ്ഥ. പാലക്കയം തട്ട് ടൂറിസം വകുപ്പ് ഏറ്റെടുത്തതിന്റെ ഒന്നാം വാർഷികം, പ്രസീത ചാലക്കുടിയുടെ നാടൻപാട്ട് ഗാനമേള നടത്തി അതിഗംഭീരമായി ആഘോഷിച്ചു. ആദ്യകാലങ്ങളിൽ സഞ്ചാരികളുടെ ഒഴുക്കായിരുന്നു ഇവിടേയ്ക്ക്. ഇവിടെനിന്നുള്ള ഉദയാസ്തമയക്കാഴ്ചകൾ അതിമനോഹരം.

ഇന്ന് ടൂറിസം എന്ന പേരിൽ ആ കുന്നിനെയും അതിന്റെ സ്വാഭാവിക പ്രകൃതിയെയും നശിപ്പിച്ചു കളഞ്ഞു എന്ന് ദുഃഖത്തോടെ പറയാതിരിക്കാൻ വയ്യ. ദീര്ഘവീക്ഷണമില്ലാത്ത, ടൂറിസമെന്നാൽ വലിയ കെട്ടിടങ്ങളും റിസോർട്ടുമാണെന്നു കരുതുന്നവരുടെ കയ്യിൽ പെട്ട് ഊർധ്വൻ വലിക്കുന്ന പ്രദേശമായി മാറിയിരിക്കുന്നു ഇവിടം. മൂന്നുവർഷം മുൻപ് കണ്ട പാലക്കയം അല്ല ഈയിടെക്കണ്ടത്.

ടൂറിസത്തിന്റെ പേരിൽ അവിടെ നടത്തിയ നിർമ്മാണപ്രവൃത്തികൾ ആ കുന്നിന്റെ മനോഹാരിതയെ നശിപ്പിച്ചു കളഞ്ഞു. എന്നിട്ട് പറച്ചിലോ; സഞ്ചാരികളാണ് അവിടം നശിപ്പിക്കുന്നതെന്ന്. അത് ശുദ്ധ അസംബന്ധമാണെന്നു അവിടെ ചെല്ലുന്നവർക്കറിയാം. യാതൊരു ഉപകാരവുമില്ലാത്ത അശാസ്ത്രീയമായ നിർമ്മിതികളുടെ അവശിഷ്ടങ്ങളാണ് നിറയെ. അവ നീക്കം ചെയ്യാതെ അവിടവിടെയായി വീണും വീഴാതെയും പൊളിഞ്ഞും അടർന്നും നിൽക്കുന്നു. ഈ കുന്നിനെ ടൂറിസം സാധ്യതകളിലേയ്ക്ക് കൊണ്ടുവന്ന ആദ്യകാലങ്ങളിൽ ഈ മലഞ്ചെരിവിൽ തുണി കൊണ്ടുള്ള ചെറിയ കൂടാരങ്ങൾ മാത്രമാണ് സഞ്ചാരികൾക്ക് താമസിക്കാനായി ഉണ്ടായിരുന്നത്. സന്ദർശകർ കൂടിയതോടെ ഇവിടം പ്രൈവറ്റ് വ്യക്തികൾ പാട്ടത്തിനെടുത്തു. കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയത് പോലെ ശാസ്ത്രീയമല്ലാത്തതും ഭൂപ്രകൃതിക്ക് ഇണങ്ങാത്തതുമായ ചില പരിഷ്‌കാരങ്ങൾ അവിടെ നടത്തി. ഇന്ന് ആ പഴയ കൂടാരങ്ങൾ കാണാനില്ല. റോപ് വേ, ചിൽഡ്രൻസ് വാട്ടർ പാർക്ക് അടക്കം പലവിധ ആക്ടിവിറ്റീസും കൊണ്ടുവന്നിരുന്നു. ഇതൊന്നും ഇവിടെ പ്രകൃതിക്ക് ഇണങ്ങുന്നതോ ആവശ്യമുള്ളതോ അല്ല എന്ന് കാണുന്ന ആർക്കും അറിയാം. പ്രകൃതിയുടെ തനത് സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവർക്ക് എന്തിനാണ് ഇതുപോലുള്ള ആക്ടിവിറ്റീസ്. തണുപ്പിൽ പ്രകൃതിയോട് ചേർന്ന് ചെറിയ കൂടാരങ്ങളിലുള്ള താമസത്തോളം വരുമോ റിസോർട്ടുകളിലെ എ സി റൂമിലെ താമസം. അതിന് മറ്റു സ്ഥലങ്ങൾ ഉണ്ടല്ലോ.

സഞ്ചാരികൾ ഈ ആക്ടിവിറ്റീസ് ഉപേക്ഷിച്ചതോടെ മേൽപ്പറഞ്ഞ നിർമ്മിതികളുടെ അവശിഷ്ടങ്ങൾ പരിപാലിക്കപെടാതെ ഉപയോഗശൂന്യമായി നശിച്ചു കിടക്കുന്നു. തുരുമ്പിച്ച ഇരുമ്പ് കമ്പികൾ റോപ്വേയുടെ കമ്പികളും ഇരുമ്പു തൂണുകളും പൊളിഞ്ഞു കിടക്കുന്ന ഷെഡ്ഡുകൾ, അതിന് മുകളിലെ ആസ്ബറ്റോസ് ഷീറ്റുകൾ മുതലായവ പ്രകൃതിയുടെ അന്തകരായും നോക്കുകുത്തികളായും ഇവിടെ അവശേഷിച്ചിട്ടുണ്ട്. ഇപ്പോളിവിടം പുതുമ നഷ്ടപ്പെട്ട് മുഷിഞ്ഞു കിടക്കുന്ന ഒരു സ്ഥലം പോലെ തോന്നിക്കുന്നു. ഉപയോഗയോഗ്യമല്ലാത്തവയും നശിച്ചതുമായ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള സന്മനസ്സ് പോലും ഇത് നിർമ്മിച്ചവരോ അധികാരികളോ കാട്ടിയിട്ടില്ല. ഇവയൊക്കെ നീക്കം ചെയ്‌തു പഴയത് പോലെ ആ കുന്നിനെ തനിമയോടെ പരിപാലിച്ചാൽ പൈതൽ മലയിലേയ്ക്കുള്ള സഞ്ചാരികളെ ഇവിടേയ്ക്ക് കൂടി കൂടുതലായി ആകർഷിക്കാം. ഈയിടയ്ക്കാണ് അങ്ങോട്ടേക്കുള്ള ഒരു റോഡ് സഞ്ചാരയോഗ്യമാക്കിയത്. അതും ഏറെ മുറവിളികൾക്ക് ശേഷം.

ഇപ്പോൾ മേൽപ്പറഞ്ഞ റോഡിൽ നിന്നും നോക്കുമ്പോൾ കാണുന്നത് കുന്നിന്റെ എല്ലാ സൗന്ദര്യവും കെടുത്തിക്കൊണ്ട് പാർശ്വത്തിൽ എഴിച്ചു നിൽക്കുന്ന ബഹുനില കോണ്ക്രീറ്റ് റിസോർട്ടും നിർമ്മിതികളുമാണ്. അശാസ്ത്രീയമായി പരിപാലിച്ചുകൊണ്ട് ഒരു ടൂറിസ്റ്റ് പ്ലേസിനെ എങ്ങനെ നശിപ്പിച്ചെടുക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇപ്പോൾ പാലക്കയം തട്ട്. ഇടയ്ക്ക് സഞ്ചാരികളെ ആകർഷിക്കാൻ ഇലുമിനേഷൻ ബൾബുകൾ കൊണ്ട് കുന്ന് മുഴുവൻ അലങ്കരിക്കാൻ ഒരു ശ്രമവും നടത്തി. ഏതായാലും ബൾബുകൾ യഥാവിധി കത്താത്തത് കൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു. ആദ്യകാലങ്ങളിലേതു പോലെ ഇപ്പോളിവിടെ സഞ്ചാരികളുടെ ഒഴുക്ക് ഇല്ല എന്നതും ഖേദകരമാണ്. ഇവിടം സംരക്ഷിത വനപ്രദേശം അല്ലാത്തത് കൊണ്ട് പൈതൽ മലയെപ്പോലെ സംരക്ഷിക്കാനുള്ള വകുപ്പുമില്ല. അതിനാൽ ഇവിടെ തോന്നിയത് പോലെ എന്തും ചെയ്യാം എന്നുള്ള ധൈര്യമായിരിക്കാം ഇതിനൊക്കെ ആധാരം. ഇടയ്ക്ക് കെട്ടിടങ്ങളെച്ചൊല്ലി ചില വിവാദങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്.

ഈ നിർമ്മിതികളൊന്നും ഇല്ലാതെ തന്നെ ഈ പ്രദേശത്തെ അതിന്റെ തനതായ രീതിയിൽ സംരക്ഷിച്ചു നിർത്തിക്കൊണ്ട്‌ സഞ്ചാരികളെ ആകർഷിക്കുക എന്നതല്ലേ യഥാർഥ ഹിൽസ്റ്റേഷൻ ടൂറിസം. ഇവിടെ രാത്രി താമസിക്കുന്നത് കൊണ്ട് പ്രത്യേകിച്ചു ഗുണമൊന്നും ഉണ്ടെന്നു തോന്നുന്നില്ല. ഇരുട്ട് വീഴുമ്പോൾ തന്നെ കോടയിറങ്ങി കാഴ്ചകൾ മറയും. പിന്നെ ദൂരെ നിന്നും വരുന്നവർക്ക് പ്രഭാതക്കാഴ്ചകൾ കാണാൻ വേണ്ടി താമസിക്കാം എന്നുമാത്രം. അതിനുമാത്രം ആളുകൾ ഇവിടെ തങ്ങുന്നുണ്ടോ എന്നതും സംശയമാണ്. കാരണം അധികം ആകലെയല്ലാതെ പത്തു കിലോമീറ്ററിനപ്പുറം മലബാറിന്റെ മൂന്നാർ എന്നു വിശേഷിപ്പിക്കുന്ന പൈതൽ മല ഉണ്ട് എന്നത് തന്നെ. അതുവഴി യാത്രചെയ്യുമ്പോളൊക്കെ നായനാനന്ദകരമായ ഒരു കാഴ്ചയായിരുന്നു പാലക്കയം തട്ട്.

എവിടെയെങ്കിലും ഒരു ടൂറിസ്റ്റ് പ്ലേസ് ഉണ്ടെന്നു കണ്ടാൽ അവിടെ മുഴുവൻ റിസോർട്ടുകൾ പണിതു അതിൽ നിന്നും ലാഭമുണ്ടാക്കാൻ ചാടിവീഴുന്നവർക്ക് എന്തു പ്രകൃതി എന്തു ടൂറിസം. യഥാവിധി സംരക്ഷിച്ചു കൊണ്ട് പ്രകൃതിയെ നശിപ്പിക്കാതെ ടൂറിസത്തെ കൊണ്ടുപോകാൻ കഴിയില്ലെങ്കിൽ ആരുമറിയാതെ കിടക്കുന്ന പ്രകൃതിയെ ദയവ് ചെയ്ത് ഇങ്ങനെ നശിപ്പിക്കരുത് എന്നൊരു അപേക്ഷയുണ്ട്. നശിച്ചു കഴിയുമ്പോൾ വെറുതേ വിനോദസഞ്ചാരികളുടെമേൽ പഴിചാരി കയ്യൊഴിയാൻ നോക്കരുത്. ഇനി അഥവാ അങ്ങനെ സഞ്ചരികളുടെ ഭാഗത്തു നിന്നും വീഴ്ച്ച ഉണ്ടാകുന്നു എന്നു കണ്ടാൽ അത് തടയാനും അങ്ങനെ മേലിൽ ഉണ്ടാകാതിരിക്കാനുമുള്ള നടപടികൾ സ്വീകരിക്കാൻ പാലക്കയം തട്ടിന്റെ നടത്തിപ്പ് ഏറ്റെടുത്തവർക്കും ടൂറിസം വകുപ്പിനുമില്ലേ? കേരളത്തിൽ അങ്ങോളമിങ്ങോളം ഇഷ്ടംപോലെ ഹിൽസ്റ്റേഷനുകൾ ഉണ്ട്. ഇവ ദീർഘവീക്ഷണത്തോടെയും അസൂത്രിതമായും പരിപാലിച്ചില്ലെങ്കിൽ ടൂറിസത്തോടൊപ്പം ഈ ഭൂപ്രദേശങ്ങളും നാശമടയും. അങ്ങനെ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ എടുത്താൽ നന്ന്.

ഡോളി തോമസ് ചെമ്പേരി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments