നിന്നെ നിനച്ചിരുന്ന നേരത്ത് നിനക്ക് അയയ്ക്കാനായി ഞാൻ ഒരു കത്തെഴുതി.
എത്രയും പ്രിയപ്പെട്ട നിനക്ക്,
എന്നും നോക്കിയിരുന്നതുകൊണ്ടാണ് ഞാൻ നിന്നെ നോക്കാൻ തുടങ്ങിയത്. ആ നോട്ടത്തിൻ്റെ ബിന്ദുവിൽ വീഴാൻ മറന്ന ഒരു മഴതുള്ളി തിളങ്ങുന്നത് അപ്പോൾ ഞാൻ കണ്ടു.
പിന്നീടെന്നും നിൻ്റെ പുഞ്ചിരി കണ്ടപ്പോഴാണ് ഞാനും പുഞ്ചിരിക്കാൻ തുടങ്ങിയത്. പുഞ്ചിരിയുടെ സ്നിഗ്ദ്ധമായ ഇതളുകൾ വിടരുന്നതു കണ്ടപ്പോഴാണ് എൻ്റെ പുഞ്ചിരിയും വിടർന്നത്. ഇതളുകളിൽനിന്ന് സുഗന്ധം നിറഞ്ഞ വാക്കുകൾ പൊഴിഞ്ഞപ്പോഴാണ് എൻ്റെ വാക്കുകൾക്കും പകരം തേൻമധുരം വെച്ചത്. എന്നും മനസ്സിൻ്റെ മുൻവാതിലുകൾ തുറന്നിട്ടപ്പോഴാണ് നീ എന്നിലേക്കും ഞാൻ നിന്നിലേക്കും പ്രവേശിച്ചത്. എൻ്റെ അകം നിനക്കും നിൻ്റെ അകം എനിക്കും ഇഷ്ടപ്പെട്ടു. നിൻ്റെ അകത്ത് പൂവിട്ട മരം എൻ്റെ അകത്തും പൂവിട്ട് പടർന്നു നിന്നു.
അങ്ങനെ നാം പ്രണയബദ്ധരരായി നമ്മുടെ അകങ്ങളിൽ നിന്നും പുറത്തിറങ്ങി. പ്രാണനിൽ പ്രണയത്തിൻ്റെ ഗന്ധം പച്ചപ്പുതപ്പ് വകഞ്ഞുമാറ്റിവന്ന കാറ്റിൻ്റെ ശ്വാസഗതിയിൽ നാമറിഞ്ഞു. സന്ധ്യയുടെ കൈകൾ തുടുത്തുനിന്ന പ്രണയമുഖം പൊത്തി കാത്തുനിന്ന രാത്രിമഴയിൽ നമ്മെ നിർത്തിയതും പിന്നെ തിരശ്ശീല മാറ്റിവന്ന നിലാമഴയിലേക്ക് നമ്മെ കണ്ണു തുറന്നു വിട്ടതും നിനക്കോർമ്മയുണ്ടാവും. നമ്മിൽ അനുരാഗത്തിൻ്റെ പുഴയൊഴുകിയത് ആ നിലാമഴയത്ത് നിന്നപ്പോഴാണ്.. എന്നുമെന്നും ഈ പുഴയിങ്ങനെ ഒഴുകട്ടെ. നിലാപ്പെയ്ത്തിൽ നിറഞ്ഞൊഴുകുന്ന പുഴ. പ്രണയാഴം തേടിയുള്ള ഒഴുക്കിൽ കടലാഴത്തിൽ വെച്ച് നമുക്ക് നമ്മുടെ കണ്ണുകളിൽ സൂക്ഷിച്ചു വെച്ച രണ്ടു മഴത്തുള്ളികൾ പരസ്പരം കൈമാറാം അല്ലേ?
വെറുതെ നിനച്ചിരിക്കുന്ന നേരത്ത് എനിക്കായി നീയും ഒരു കത്തെഴുതുമല്ലൊ.
എന്ന്
എന്നെന്നും
നിൻ്റെ സ്വന്തം ഞാൻ
അവർ കത്ത് പരസ്പരം അയയ്ക്കാതെ സൂക്ഷിച്ചു വെച്ചു. ഇന്നും ആ കത്തുകൾ അവിടെത്തന്നെയുണ്ട്.