ചെറുപ്പക്കാരിലെ പ്രമേഹമാണ് ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന്. ഹൃദ്രോഗം, പക്ഷാഘാതം എന്നിങ്ങനെ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന പ്രമേഹം മനുഷ്യരുടെ പെരുമാറ്റശീലങ്ങളെയും പ്രതികൂലമായി ബാധിക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പ്രമേഹ നിയന്ത്രണവുമായി ബന്ധപ്പെട്ട സമ്മര്‍ദമാണ് ഈ പെരുമാറ്റ വ്യതിയാനങ്ങളുടെ മുഖ്യ കാരണം. ജീവിതകാലം മുഴുവന്‍ മരുന്നും കുത്തിവയ്പ്പും ഭക്ഷണ നിയന്ത്രണങ്ങളും അടങ്ങിയതാണ് പ്രമേഹരോഗ നിയന്ത്രണം. വ്യായാമത്തിനും പ്രാധാന്യം നല്‍കേണ്ടി വരും. ഇതെല്ലാം രോഗികളില്‍ മാനസിക സമ്മര്‍ദമുണ്ടാക്കാം.
കൃത്യസമയത്ത് മരുന്ന് കഴിക്കുകയെന്നതെല്ലാം പല രോഗികള്‍ക്കും വലിയ വെല്ലുവിളിയാണ്. മരുന്ന് കഴിക്കുന്ന കാര്യം ഓര്‍ക്കാതെ പോകുന്നതും ഇതിനെ തുടര്‍ന്ന് രക്തത്തിലെ പഞ്ചസാരയുടെ തോതില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതും മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കാം.
സമ്മര്‍ദത്തിന് പുറമേ ഉത്കണ്ഠയും ദേഷ്യവുമൊക്കെ ഇത് മൂലം ഉണ്ടാകാം. രക്തത്തിലെ പഞ്ചസാരയുടെ തോത് മാറി മറിയുന്നത് മൂഡ് മാറ്റങ്ങള്‍ക്കും കാരണമാകാം. ദേഷ്യം, ഉത്കണ്ഠ, വിഷാദരോഗം, മാനസികമായി നില തെറ്റിയ അവസ്ഥ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി രോഗികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.
ഉറക്കമില്ലായ്മ, അടിക്കടി മൂത്രമൊഴിക്കാന്‍ മുട്ടല്‍, രക്തത്തിലെ പഞ്ചസാര നാഡീവ്യൂഹങ്ങളെ ബാധിക്കുന്ന അവസ്ഥ എന്നിവയും മൂഡ് മാറ്റങ്ങള്‍ക്ക് കാരണമാകാം. പ്രമേഹത്തിന് ചികിത്സിക്കുന്നവര്‍ ഇത്തരം പെരുമാറ്റ വ്യതിയാനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കൗണ്‍സിലര്‍മാരുടെ സഹായം തേടേണ്ടതാണെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സമ്മര്‍ദമകറ്റാന്‍ യോഗ, ധ്യാനം പോലുള്ളവയും പരീക്ഷിക്കാം.