1. ലബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്റല്ലയെ വധിച്ചതായി ഇസ്രയേൽ സൈന്യം. കഴിഞ്ഞ ദിവസം ഹിസ്ബുല്ല ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതെന്ന് സൈന്യം അവകാശപ്പെട്ടത്. അതേസമയം ഹസൻ നസ്റല്ല ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഹിസ്ബുല്ലയും രംഗത്തെത്തി. കഴിഞ്ഞ ആഴ്ച്ച വൈകിട്ട് ബെയ്റുട്ടിൽ നടന്ന വ്യോമാക്രമണത്തിനിടെ നസ്റല്ല കൊല്ലപ്പെട്ടുവെന്നാണ് ഹിസ്ബുല്ല പ്രസ്താവനയിലൂടെ അറിയിച്ചത്. കൊല്ലപ്പെടുന്നതിന് തലദിവസം ഹസൻ നസ്റല്ലയെ ലക്ഷ്യമിട്ടു തെക്കൻ ബെയ്റൂട്ടിലെ ദഹിയയിൽ ഇസ്രയേൽ കനത്ത മിസൈൽ ആക്രമണം നടത്തിയിരുന്നു. കൊല്ലപ്പെട്ട ഹസൻ നസ്റെല്ല വർഷങ്ങളായി ഇസ്രയേലിന്റെ നോട്ടപ്പുള്ളി ആയിരുന്നു. ലബനൻ കേന്ദ്രമാക്കി ഇസ്രയേലിനെതിരെ വർഷങ്ങളായി പോരാട്ടം നടത്തുന്നയാൾ. മധ്യപൂർവദേശത്ത് വലിയ സ്വാധീനമുള്ള നേതാവായിരുന്നു നസ്റല്ല. ഇസ്രയേലിനോട് പോരാടാൻ ഇറാനിൽനിന്ന് റോക്കറ്റുകളും മിസൈലുകളും ഹിസ്ബുല്ലയ്ക്കു ലഭിക്കുന്നുണ്ട്. ഇറാനുമായി അടുത്ത ബന്ധമുള്ള നസ്റല്ലയാണ് ഹിസ്ബുല്ലയെ ഇന്ന് കാണുന്ന തരത്തിൽ രാഷ്ട്രീയ, സൈനിക സംഘടനയാക്കി മാറ്റിയത്. ഇസ്രയേലിന്റെ വധഭീഷണിയുള്ളതിനാൽ പൊതു ചടങ്ങുകളിൽ വർഷങ്ങളായി നസ്റല്ല പങ്കെടുത്തിരുന്നില്ല. പലസ്തീൻ സായുധ സംഘടനയായ ഹമാസ്, ഇറാഖിലെയും യെമനനിലെയും സായുധ ഗ്രൂപ്പുകൾ എന്നിവയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവായിരുന്നു നസ്‌റല്ല. ലെബനീസ് രാഷ്ട്രീയത്തിലെ നിർണായക ശക്തിയായ നസ്റല്ലയാണ് ലെബനീസ് സൈന്യത്തേക്കാൾ വലിയ സൈനിക ശക്തിയായി ഹിസ്ബുല്ലയെ വളർത്തിയെടുത്തത്. 1960ൽ ബെയ്റൂട്ടിലാണ് ജനനം. ഹിസ്ബുല്ല മേധാവി അബ്ബാസ് അൽ മുസാവി ഇസ്രയേലിന്റെ ഹെലികോപ്റ്റർ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ 32–ാം വയസിൽ ആണ് ഹിസ്ബുല്ലയുടെ പ്രധാന നേതാവായത്.
അതേസമയം ഹസൻ നസ്റല്ലയുടെ കൊലപാതകം മധ്യപൂർവദേശത്തെ ശക്തിസന്തുലനം മാറ്റിമറിക്കാൻ സാധ്യതയുള്ള ചരിത്ര മുഹൂർത്തമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. എന്നാൽ വരാനിരിക്കുന്നത് വെല്ലുവിളി നിറഞ്ഞ ദിവസങ്ങൾ ആയിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘നസ്റല്ല ഒരു തീവ്രവാദിയായിരുന്നില്ല, അയാൾ ആയിരുന്നു തീവ്രവാദി’ – നെതന്യാഹു പ്രസ്താവനയിൽ പറഞ്ഞു. ഹിസ്ബുല്ലയുടെ മറ്റ് ഉന്നത കമാൻഡർമാരെ മാത്രം വധിച്ചാൽ മതിയാവില്ല, ഹസൻ നസ്റല്ലയും വധിക്കപ്പെടേണ്ടത് ആവശ്യമായിരുന്നു. ഇസ്രയേലിനെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയുടെ ശിൽപിയായിരുന്നു നസ്റല്ലയെന്നും നെതന്യാഹു ആരോപിച്ചു.
ഇതേസമയം കൊല്ലപ്പെട്ട ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റല്ല ഉണ്ടായിരുന്ന സ്ഥലം ഇസ്രയേലിന് ചോർത്തിക്കൊടുത്തത് ഇറാൻ പൗരനായ ചാരനെന്ന് റിപ്പോർട്ട്. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഹിസ്ബുല്ലയുടെ ഭൂഗർഭ ആസ്ഥാനത്തായിരിക്കും നസ്‌റല്ല ഉണ്ടാകുകയെന്ന വിവരം ഇറാൻ പൗരൻ ഇസ്രയേൽ സൈന്യത്തിന് ചോർത്തി നൽകിയെന്ന് ഫ്രഞ്ച് ദിനപത്രമായ ‘ലെ പാരീസിയൻ’ അന്വേഷണവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. ബങ്കറിൽ ഹിസ്ബുല്ലയുടെ ഉന്നത നേതാക്കളുമായി നസ്‌റല്ല കൂടിക്കാഴ്ച നടത്തുമ്പോഴായിരുന്നു ഇസ്രയേൽ ആക്രമണം. 27നു വൈകിട്ട് മിനിറ്റുകൾക്കുള്ളിൽ 80 ബോംബുകളാണു ഹിസ്ബുല്ല ആസ്ഥാനത്തിട്ടത്. 6 പാർപ്പിടസമുച്ചയങ്ങളും ആക്രമണത്തിൽ തകർന്നടിഞ്ഞു. 6 മീറ്റർ വരെ കോൺക്രീറ്റ് ഭേദിക്കാനും ഭൂമിയിൽ 30 മീറ്റർ വരെ ആഴ്ന്നിറങ്ങി ഉഗ്ര സ്ഫോടനം ഉണ്ടാക്കാനും ശേഷിയുള്ള ബങ്കർ ബസ്റ്റർ ബോംബുകളാണ് ഉപയോഗിച്ചതെന്നു റിപ്പോർട്ടുണ്ട്. വ്യാപക നാശമുണ്ടാക്കുന്ന ഇവ ജനവാസമേഖലയിൽ ഉപയോഗിക്കുന്നതു ജനീവ കൺവൻഷൻ വിലക്കിയിട്ടുള്ളതാണ്. 28നു രാവിലെയാണ് നസ്റല്ലയുടെയും മറ്റു ഹിസ്ബുല്ല നേതാക്കളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.
2. തുടർച്ചയായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നേപ്പാളിൽ 224 പേർ മരിച്ചു. 26ആം തീയതി മുതൽ ആരംഭിച്ച കനത്ത മഴയില്‍ രാജ്യത്തിന്റെ വിവിധ മേഖലകളിൽ വൻ നാശനഷ്ടമാണുണ്ടായത്. വെള്ളപ്പൊക്കത്തിൽ നിരവധി പേരെ കാണാതായെന്നും നേപ്പാളിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച മുതൽ പെയ്യുന്ന മഴയിൽ നേപ്പാളിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്. രാജ്യത്തെ 63 ഇടങ്ങളിലെ പ്രധാന ഹൈവേകളിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ദുരന്തത്തിന് പിന്നാലെ ആക്ടിങ് പ്രധാനമന്ത്രിയും നഗരവികസന മന്ത്രിയുമായ പ്രകാശ് മാൻ സിങ്ങിന്റെ നേതൃത്വത്തിൽ ഉന്നതതല അടിയന്തര യോഗം വിളിച്ചു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ച ദുരന്തമേഖലയിൽ തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും വേഗത്തിലാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. നേപ്പാളിൽ എല്ലാ വിദ്യാലയങ്ങളും മൂന്നു ദിവസത്തേക്ക് അടച്ചിടാനും സർക്കാർ നിർദേശിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് കഠ്‌മണ്ഡു നഗരത്തിൽ വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്.
വൻപ്രളയത്തിൽ കഠ്മണ്ഡു താഴ്‍വര മുഴുവൻ വെള്ളത്തിനടിയിലായി. 16 പാലങ്ങൾ തകർന്നു. ഒട്ടേറെ വീടുകൾ നിലംപൊത്തി. മൽക്വാൻപുറിൽ ഓൾ നേപ്പാൾ ഫുട്ബോൾ അസോസിയേഷന്റെ പരിശീലനകേന്ദ്രം തകർന്ന് 6 ഫുട്ബോൾ താരങ്ങൾ കൊല്ലപ്പെട്ടു. പലയിടത്തും ഗതാഗതം സ്തംഭിച്ചു. ഒട്ടേറെ സഞ്ചാരികൾ കുടങ്ങി.
3. ഹിസ്ബുല്ലയുടെ ഉന്നത നേതാക്കളിലൊരാളായ കമാൻഡർ നബീൽ കൗക്കിനെ വ്യോമാക്രമണത്തിൽ വധിച്ചെന്ന് ഇസ്രയേൽ സൈന്യം. കഴിഞ്ഞ വെള്ളിയാഴ്ച ഹിസ്ബുല്ല മേധാവി ഹസൻ നസ്‌റല്ല വധിക്കപ്പെട്ടതിനു പിന്നാലെ കൗക്കും കൊല്ലപ്പെട്ടത് ഹിസ്ബുല്ലയ്ക്കു കനത്ത തിരിച്ചടിയാണ്. ശനിയാഴ്ച നടത്തിയ ആക്രമണത്തിലാണ് കൗക്കിനെ വധിച്ചതെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഹിസ്ബുല്ലയുടെ മധ്യതലത്തിലെ ഡപ്യൂട്ടി മേധാവിയായ നബീൽ കൗക്ക് എക്സിക്യൂട്ടീവ് കൗൺസിൽ അംഗമാണ്. 1980 കൾ മുതൽ സംഘടനയിൽ പ്രവർത്തിക്കുന്ന കൗക്ക്, 2006 ൽ ഇസ്രയേലുമായി നടന്ന യുദ്ധത്തിൽ നിർണായക പങ്കു വഹിച്ചിരുന്നു. അന്ന് ഹിസ്ബുല്ലയുടെ നിലപാടുകൾ വ്യക്തമാക്കാനും സുരക്ഷാകാര്യങ്ങളടക്കം ചർച്ച ചെയ്യാനും മാധ്യമങ്ങളിൽ പതിവായി പ്രത്യക്ഷപ്പെട്ടിരുന്നു. നസ്‍റല്ലയുടെ പിൻഗാമിയായി പറഞ്ഞിരുന്ന പേരുകളിലൊന്നും കൗക്കിന്റേതായിരുന്നു.
ഇതിനിടെ, സായുധ സംഘടനയായ ഹിസ്ബുല്ലയുമായുള്ള സംഘർഷം രൂക്ഷമായിരിക്കേ, തെക്കൻ ലബനനിൽ കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ. തിങ്കളാഴ്ച രാത്രിയോടെ ഇസ്രയേൽ ടാങ്കറുകൾ ലബനൻ അതിർത്തി കടന്നു. ‘നിയന്ത്രിതമായ രീതിയിൽ’, ‘പ്രാദേശിക പരിശോധനകൾ’ തെക്കൻ ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ആരംഭിച്ചതായി ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. ഈ ലക്ഷ്യങ്ങൾ സ്ഥിതി ചെയ്യുന്നത് അതിർത്തിയോട് ചേർന്നുള്ള ലബനൻ ഗ്രാമങ്ങളിലാണെന്നും അവ ഇസ്രയേലിന് സുരക്ഷാ ഭീഷണിയാണെന്നും സൈന്യം വ്യക്തമാക്കി. ഇസ്രയേലി വ്യോമസേനയും സൈന്യത്തിന്റെ ആർട്ടിലറി വിഭാഗവും ദൗത്യത്തിൽ പങ്കാളികളാണ്. സിറിയയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ മൂന്നു പേർ മരിക്കുകയും 9 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബെയ്റൂട്ടിന്റെ തെക്ക് ഭാഗത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ആക്രമണത്തിന് മുൻപ് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. കരവഴിയുള്ള ഇസ്രയേൽ നീക്കം തടയാൻ തങ്ങൾ സജ്ജമാണെന്നും യുദ്ധം നീണ്ടുപോകാമെന്നും ഹിസ്ബുല്ല ഡെപ്യൂട്ടി ലീഡർ നയിം ഖാസിം പറഞ്ഞു. യുഎസും യുകെയും വെടിനിർത്തലിന് അഭ്യർഥിച്ചു. രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലധികം പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ലബനൻ അധികൃതർ പറഞ്ഞു. ഇസ്രയേലിനു പിന്തുണയായി കൂടുതൽ യുദ്ധവിമാനങ്ങളും ആയിരക്കണക്കിനു സൈനികരെയും യുഎസ് മേഖലയിലേക്ക് അയച്ചു.
അതേസമയം, ഹമാസ്, ഹിസ്ബുല്ല മേധാവികളുടെ വധത്തിനു പകരം വീട്ടുമെന്നു പ്രഖ്യാപിച്ച് ഇസ്രയേലിൽ മിസൈല്‍ ആക്രമണവുമായി ഇറാൻ. അമേരിക്കയുടെ മുന്നറിയിപ്പിനു പിന്നാലെയാണു നടപടി. ഇസ്രയേൽ നഗരമായ ടെല്‍ അവീവിൽ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. നൂറുകണക്കിനു മിസൈലുകൾ അയച്ചെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ്സ് അവകാശപ്പെട്ടു. ജോര്‍ദാനിലെ നഗരങ്ങള്‍ക്കു മുകളിലൂടെ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാന്‍റെ മിസൈലുകള്‍ നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ടെല്‍ അവീവിൽ അക്രമികൾ ജനക്കൂട്ടത്തിനുനേരെ വെടിയുതിര്‍ത്തു. സംഭവത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ഇതു ഭീകരാക്രമണം ആണെന്ന് കരുതുന്നതായി ഇസ്രയേൽ അറിയിച്ചു. ഇസ്രയേലിലെ മിസൈല്‍ ആക്രമണത്തിനു പിന്നാലെ യുഎസ് സ്ഥിതിഗതികൾ വിലയിരുത്തി. യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ദേശീയ സുരക്ഷാ കൗൺസിലുമായി വൈറ്റ് ഹൗസിൽ അടിയന്തര യോഗം ചേർന്നു. ഇസ്രയേലിനെ സഹായിക്കാനുള്ള നടപടികൾ ചർച്ച ചെയ്തു.
4. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനൽകാൻ ബംഗ്ലദേശ് ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ ഇന്ത്യ എന്തു തീരുമാനമെടുക്കും? ബംഗ്ലദേശിലെ പ്രക്ഷോഭത്തെ തുടർന്ന് പലായനം ചെയ്ത ഹസീന 55 ദിവസമായി ഇന്ത്യയിൽ താമസിക്കുകയാണ്. ഹസീനയെ വിട്ടുനൽകാതിരുന്നാൽ ബംഗ്ലദേശ് സർക്കാരും ജനങ്ങളും ഇന്ത്യയ്ക്ക് എതിരാകും. വിട്ടുനൽകിയാൽ ഏറെക്കാലത്തെ വിശ്വസ്ത നേതാവിനെ കൈവിട്ടുവെന്ന വിമർശനമുയരും. ഫലത്തിൽ ബംഗ്ലദേശ് പ്രതിസന്ധി ആ രാജ്യത്തിനു മാത്രമല്ല, അതിർത്തി കടന്ന് ഇന്ത്യയുടെ തലവേദന കൂടിയായി മാറിയിരിക്കുന്നു. ഹസീനയെ വിട്ടുനൽകാൻ ഇന്ത്യയോട് ആവശ്യപ്പെടാൻ നിയമപ്രകാരം ബംഗ്ലദേശിന് അവകാശമുണ്ട്. കുറ്റവാളികളെ കൈമാറാനുള്ള കരാറിൽ ഇന്ത്യയും ബംഗ്ലദേശും 2013ൽ കരാറൊപ്പിടുകയും 2016ൽ വ്യവസ്ഥകൾ ലളിതമാക്കി കരാർ പുതുക്കുകയും ചെയ്തിട്ടുണ്ട്. രാജ്യം വിടുന്ന പിടികിട്ടാപ്പുള്ളികളെയും ക്രിമിനലുകളെയും, പ്രത്യേകിച്ച് രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ പ്രവർത്തനങ്ങളിലേർപ്പെടുന്നവരെ പരസ്പരം കൈമാറുന്നത് ലക്ഷ്യമിട്ടാണ് കരാർ. കരാർ പ്രകാരം രണ്ടു രാജ്യങ്ങളിലും കുറ്റകരമായ, കുറഞ്ഞത് ഒരു വർഷമെങ്കിലും തടവ് ലഭിക്കാവുന്ന കേസുകളിൽ പ്രതിയാക്കപ്പെട്ടവരെ പരസ്പരം വിട്ടുനൽകാം.
ഇതുവരെ 200ലേറെ കേസുകളാണ് ഹസീനയ്ക്കെതിരെ ബംഗ്ലദേശ് ചുമത്തിയത്. ഇതിൽ 179 എണ്ണം കൊലക്കുറ്റങ്ങളാണ്. മനുഷ്യത്വത്തിനെതിരെയുള്ള കുറ്റം, വംശഹത്യ, തട്ടിക്കൊണ്ടു പോകൽ എന്നിവയും ഹസീനയുടെ പേരിലുള്ള കേസുകളിൽ ഉൾപ്പെടുന്നു. ഇവയെല്ലാം ഇരു രാജ്യങ്ങളിലും കുറ്റകരമായതും പലതും ഒരുവർഷത്തിലേറെയോ വധശിക്ഷ തന്നെയോ ലഭിക്കാവുന്നതുമായ കുറ്റങ്ങളുമാണ്. അതുകൊണ്ടുതന്നെ ബംഗ്ലദേശ് വിട്ടയയ്ക്കൽ അപേക്ഷ നൽകിയാൽ ഇന്ത്യയ്ക്ക് അത് പരിഗണിക്കേണ്ടി വരും. നയതന്ത്ര മാർഗത്തിലൂടെയാണ് അപേക്ഷ നൽകേണ്ടത്. 2016ന് മുൻപ് അപേക്ഷയ്ക്കൊപ്പം ഉപോൽബലകമായ തെളിവുകളും ഹാജരാക്കണമെന്ന നിബന്ധന ഉണ്ടായിരുന്നെങ്കിലും അപേക്ഷയ്ക്കൊപ്പം അറസ്റ്റ് വാറന്റ് ഹാജരാക്കിയാൽ മതിയെന്ന് 2016ലെ ഭേദഗതിയിൽ പറയുന്നു. ഓഗസ്റ്റ് 5നാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്. നിയമപ്രകാരം നയതന്ത്ര പാസ്പോർട്ടിൽ ബംഗ്ലദേശിൽനിന്ന് ഇന്ത്യയിലെത്തുന്നവർക്ക് 45 ദിവസം വരെ ഇന്ത്യയിൽ കഴിയാനാണ് അനുമതി. ഹസീന ഇന്ത്യയിലെത്തിയിട്ട് ഇപ്പോൾ 55 ദിവസം കഴിഞ്ഞു. കാലാവധി കഴിഞ്ഞും ഇന്ത്യയിൽ തുടരുന്നത് നിയമപരമായി കുറ്റമാണ്. എന്നാൽ ഷെയ്ഖ് ഹസീനയുടെ കാര്യത്തിൽ നിയമത്തേക്കാൾ കൂടുതൽ രാജ്യതാൽപര്യം കണക്കിലെടുത്തുള്ള നടപടികളാകും ഉണ്ടാകുക.
5. സ്പെയിനിലെ എൽ ഹിയരെ ദ്വീപിനു സമീപം കുടിയേറ്റ ബോട്ടു മുങ്ങിയുണ്ടായ ദുരന്തത്തിൽ ഒരു കുട്ടിയടക്കം 9 പേരുടെ മൃതദേഹം കണ്ടെടുത്തു. കാണാതായ 48 പേർക്കു വേണ്ടി തിരച്ചിൽ തുടരുന്നു. 27 പേരെ മാത്രമാണു രക്ഷിക്കാൻ സാധിച്ചത്. ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ച് സ്പെയിൻ കോസ്റ്റ്ഗാർഡ് തിരച്ചിൽ തുടരുന്നുവെങ്കിലും കൂടുതൽ പേരെ രക്ഷിക്കാമെന്ന പ്രതീക്ഷ മങ്ങി.
വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് സ്പെയിനിനു സമീപത്തെ കാനറി ദ്വീപിലേക്ക് കടക്കാൻ ശ്രമിച്ചവരുടെ ബോട്ടാണ് മോശം കാലാവസ്ഥ കാരണം മുങ്ങിയത്.
6. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാൻ ഭരണച്ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി ഒന്നര ലക്ഷം സർക്കാർ ജോലികൾ നിർത്തലാക്കി. ആറു മന്ത്രാലയങ്ങൾ അടയ്ക്കുകയും രണ്ടെണ്ണം ഒന്നിപ്പിക്കുകയും ചെയ്തു. രാജ്യാന്തര നാണ്യനിധിയിൽ (ഐഎംഎഫ്) നിന്ന് 700 കോടി ഡോളർ വായ്പ ലഭിക്കുന്നതിനുള്ള സാമ്പത്തിക പരിഷ്കരണത്തിന്റെ ഭാഗമായാണിത്. കടം തിരിച്ചടവു മുടങ്ങുന്നതിന്റെ വക്കിലെത്തിയ പാക്കിസ്ഥാനെ 2023ൽ 300 കോടി ഡോളർ അടിയന്തര സഹായം നൽകി ഐഎംഎഫ് രക്ഷിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ വായ്പയ്ക്ക് പാക്കിസ്ഥാൻ അപേക്ഷിച്ചു. ഈ മാസം 26ന് 700 കോടി ഡോളർ വായ്പയ്ക്ക് സാമ്പത്തിക പരിഷ്കരണ നിബന്ധനകളോടെ അനുമതി നൽകിയ ഐഎംഎഫ് അതിൽ 100 കോടി ഡോളർ നൽകുകയും ചെയ്തു. നികുതി വരുമാനം കൂട്ടുന്നതിനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് ഐഎംഎഫുമായി ചർച്ചയ്ക്കുശേഷം മടങ്ങിയെത്തിയ ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് പറഞ്ഞു.
7. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോയ സുനിത വില്യംസിനെയും വില്യം ബുച്ച്മോറിനെയും തിരിച്ചെത്തിക്കാൻ സ്പേസ് എക്സ് ദൗത്യം ബഹിരാകാശത്തെത്തി. നാസ ബഹിരാകാശ ശാസ്ത്രജ്ഞൻ നിക് ഹേഗ്, റഷ്യൻ ബഹിരാകാശ സഞ്ചാരി അലക്സാന്ദർ ഗോർബുനോവ് എന്നിവരെയും വഹിച്ചുള്ള സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകവുമായി ശനിയാഴ്ചയാണ് ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിച്ചത്. ഫ്ലോറിഡയിലെ കേപ് കാനവറലിൽ നിന്നായിരുന്നു വിക്ഷേപണം. ഞായറാഴ്ച ഡ്രാഗൺ ബഹിരാകാശത്തെത്തി. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്പേസ് എക്സ്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ നിക്കും അലക്സാൻഡറും സുനിത വില്യംസിനെയും ബുച്ച്മോറിനെയും ആലിംഗനം ചെയ്യുന്ന വിഡിയോ നാസ പുറത്തുവിട്ടു. 2025 ഫെബ്രുവരിയിലാണ് സുനിതയും ബുച്ച്മോറും ഭൂമിയിലേക്ക് തിരിച്ചെത്തുക. അതുവരെ നിക്കും അലക്സാൻഡറും അവർക്കൊപ്പം നിലയത്തിൽ തുടരും. ഫ്രീഡം എന്നാണ് ഡ്രാഗൺ പേടകത്തിന് നൽകിയിട്ടുള്ള പേര്. നാലുപേർക്ക് യാത്ര ചെയ്യാൻ സൗകര്യമുള്ള വാഹനമാണിത്.
ജൂൺ 5നാണ് 10 ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി സ്റ്റാർലൈനർ പേടകത്തിൽ സുനിതയും ബുച്ച്മോറും ഐഎസ്എസിലെത്തിയത്. പേടകത്തിൽ ഹീലിയം ചോർച്ചയുണ്ടായതോടെയാണ് തിരിച്ചുവരവ് പ്രതിസന്ധിയിലായത്.
8. ജപ്പാൻ പ്രധാനമന്ത്രിയായി ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഷിഗേറു ഇഷിബയെ പാർലമെന്റ് തിരഞ്ഞെടുത്തു. പ്രധാനമന്ത്രി ഫുമിയോ കിഷിദ രാജിവച്ചതിനെത്തുടർന്നാണു പിൻഗാമിയായി ഇഷിബയെ തിരഞ്ഞെടുത്തത്. പുതിയ മന്ത്രിസഭയെ ഇഷിബ ഉടൻ പ്രഖ്യാപിക്കും. ഒക്ടോബർ 27ന് പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഇഷിബ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
9. ഇസ്രയേലിനു നേരെ 180 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ട് ഇറാൻ. അതിൽ ഭൂരിഭാഗവും ലക്ഷ്യം കാണും മുൻപുതന്നെ ഇസ്രയേൽ സൈന്യവും ഇസ്രയേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച യുഎസും തകർത്തു. പക്ഷേ പോർവിളി നിർത്താൻ ഇറാൻ തയാറായിരുന്നില്ല. ടെഹ്‌റാന്റെ വിജയം അടുത്തെത്തിയെന്ന് പ്രസ്താവിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി വലിയൊരു ആയുധശേഖരത്തിന്റ ചിത്രം സമൂഹമാധ്യമങ്ങളിൽ ചൊവ്വാഴ്ച പങ്കുവച്ചു. കരുതിയിരുന്നോളൂ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേലിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പക വീട്ടുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയെങ്കിലും ഇറാന്റെ പരാക്രമം കണ്ട് യുഎസും ആശങ്കപ്പെട്ടു. മധ്യപൂർവദേശത്ത് യുദ്ധം പൊട്ടിപ്പുറപ്പെടുകയാണെന്ന ഭീതിയിലായി ലോകം. ഈ വർഷം ഏപ്രിലിൽ ഇസ്രയേലിനെതിരെ ഡ്രോണുകളും മിസൈലുകളും തൊടുത്ത് ഇറാൻ നടത്തിയ ആക്രമണത്തിന്റെ ഇരട്ടി സജ്ജീകരണങ്ങളുമായാണ് ഇറാൻ ഇസ്രയേലിനെതിരെ തിരിഞ്ഞിരിക്കുന്നതെന്ന് പെന്റഗൺ ചൂണ്ടിക്കാട്ടി. ഹൈപ്പർ സോണിക്, ബാലിസ്റ്റിക് മിസൈലുകളാണ് ചൊവ്വാഴ്ച ആക്രമണത്തിനായി ഇറാൻ തിരഞ്ഞെടുത്തത്. ഫത്താ2, ഷാഹബ് 3 ഹാജ് ഖാസെം എന്നീ മിസൈലുകളാണ് ദൗത്യത്തിനായി ഇറാൻ പ്രയോഗിച്ചതെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടി.
ഇസ്രയേലിനെതിരെ ആദ്യമായാണ് ഫത്താ 2 ഹൈപ്പർ സോണിക് മിസൈലുകൾ ഇറാൻ ഉപയോഗിക്കുന്നതെന്ന് മെഹ്ർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഹൈപ്പർസോണിക് ക്രൂസ് ഗ്ലൈഡ് വെഹിക്കിൾ വിഭാഗത്തിൽ പെട്ടതാണ് ഫത്താ 2 മിസൈലുകൾ. പേരു സൂചിപ്പിക്കുന്നത് പോലെ ഫത്താ1ന്റെ പിന്തുടർച്ചക്കാരൻ. ഏതു പാതയിലൂടെയും സഞ്ചരിച്ച് ലക്ഷ്യം കാണാൻ സാധിക്കുമെന്നതാണു പ്രത്യേകത. കഴിഞ്ഞ വർഷം നവംബറിലാണ് ഇത് അവതരിപ്പിച്ചത്.
ലബനനിലെ ഹിസ്‌ബുല്ല താവളങ്ങളിലേക്കു കരയാക്രമണം ആരംഭിച്ചതായി ഇസ്രയേൽ പ്രഖ്യാപിക്കുകയും തുടർന്ന് ഇസ്രയേലിലേക്ക് ഇറാൻ മിസൈലാക്രമണം നടത്തുകയും ചെയ്തതോടെ പശ്ചിമേഷ്യയിലെ ഏറ്റവും ശക്തമായ രണ്ടു സൈന്യങ്ങൾ പരസ്പരം ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്. സൈനികശേഷിയിലും സാങ്കേതിക മികവിലും പശ്ചിമേഷ്യയിലെ ഒന്നാംനിര രാജ്യങ്ങളാണ് ഇസ്രയേലും ഇറാനും. ചുറ്റുമുള്ള സുന്നി മുസ്‌ലിം രാജ്യങ്ങളുമായി പലതവണ യുദ്ധങ്ങളിലും യുദ്ധേതര ഓപ്പറേഷനുകളിലും ഏർപ്പെട്ടിട്ടുള്ള ഇസ്രയേൽ ഇതുവരെ ഇറാനുമായി സൈനികമായി നേരിട്ട് ഏറ്റുമുട്ടിയിട്ടില്ല. ഇസ്രയേലിന്റെ പക്കൽ ആണവായുധമുണ്ടെന്നതു പരസ്യമായ രഹസ്യമാണെങ്കിൽ ഇറാനും അതു നിർമിക്കാനുള്ള ശേഷിയുണ്ടെന്നാണു കരുതുന്നത്. തൽക്കാലം ഇസ്രയേലിന്റെ സൈനികകേന്ദ്രങ്ങളിലേക്ക് കൃത്യമായ ആക്രമണം നടത്തുകമാത്രമാണ് ഇറാൻ ചെയ്തിട്ടുള്ളത്. ആരും കൊല്ലപ്പെട്ടതായി റിപ്പോർട്ടില്ല. മിക്ക മിസൈലുകളും ഇസ്രയേൽ പ്രതിരോധിച്ച് ആകാശത്തുവച്ചുതന്നെ തകർത്തതായി അവകാശപ്പെടുന്നു. ഇസ്രയേലിന്റെ സ്പെഷൽ ഫോഴ്സസ് സൈനികർ നേരത്തെതന്നെ ലബനനിലെ ഹിസ്ബുല്ല താവളങ്ങളിൽ എത്തിയിരുന്നുവെന്ന് ഇസ്രയേൽ കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. ഹിസ്ബുല്ലയ്ക്കുവേണ്ടി എത്രമാത്രം റിസ്ക് എടുക്കാൻ ഇറാൻ തയാറാകുമെന്ന് ഇനിയും വ്യക്തമല്ല. ലബനനിൽ സൈനികമായി നേരിട്ട് ഇടപെട്ടു ഹിസ്ബുല്ലയെ സഹായിക്കാൻ ഇറാനു സാധ്യമല്ല. ഹിസ്ബുല്ലയെ പൂർണമായി തകർക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുക മാത്രമാവും ഇറാന്റെ ലക്ഷ്യമെന്നാണ് കരുതുന്നത്. ഏതായാലും ഇതോടെ ആഗോളശക്തികളുടെ സമീപനത്തിലും മാറ്റമുണ്ടായിരിക്കുകയാണ്. ഗാസയിലെ ഹമാസിനെതിരെയുള്ള പോരാട്ടത്തിൽ പിന്തുണ നൽകിയിരുന്നതിനോടൊപ്പം സംയമനം പാലിക്കാനും യുഎസ് ഇസ്രയേലിനുമേൽ സമ്മർദം ചെലുത്തിക്കൊണ്ടിരുന്നു. എന്നാൽ ഇറാൻ രംഗത്തെത്തിയതോടെ യുഎസ് നിലപാട് മാറ്റിത്തുടങ്ങി. ഇറാനെതിരെ ഇസ്രയേലിന് ഏതുവിധ പിന്തുണയും നൽകാനാണ് യുഎസ് തയാറെടുക്കുന്നത്. അതേസമയം, ഇറാന് പൂർണപിന്തുണ പ്രഖ്യാപിച്ചിരുന്ന റഷ്യ തൽക്കാലം സംയമനം പാലിക്കാനാണ് ഇറാൻ നേതൃത്വത്തെ ഉപദേശിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്.
10. കിഴക്കൻ യുക്രെയ്നിലെ കൽക്കരി ഖനി പട്ടണമായ വുലേദർ റഷ്യ നിയന്ത്രണത്തിലാക്കി. യുക്രെയ്നും റഷ്യയും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വുലേദറിലെ കെട്ടിടങ്ങളുടെ മുകളിൽ റഷ്യൻ പതാക പാറുന്നതിന്റെ ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു. ഡോൺബാസ് മേഖലയിലെ വ്യവസായ സമൃദ്ധമായ ഡോണെറ്റ്സ്ക്, ലുഹാൻസ്ക് പ്രവിശ്യകളുടെ 80 ശതമാനവും ഇതോടെ റഷ്യയുടെ നിയന്ത്രണത്തിലായി. യുക്രെയ്ൻ അധിനിവേശത്തിൽ പ്രധാന ലക്ഷ്യം ഡോൺബാസ് മേഖലയുടെ നിയന്ത്രണമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞിരുന്നു. 1960കളിൽ സോവിയറ്റ് യൂണിയൻ നിർമിച്ച പട്ടണമാണ് വുലേദർ. ഇവിടുത്തെ 2 ഖനികളിൽ കൽക്കരിയുടെ വൻശേഖരം ഇനിയുമുണ്ട്. ഇതേസമയം, റഷ്യ ചൊവ്വ രാത്രി 32 ഡ്രോണുകൾ ഉപയോഗിച്ച് തെക്കൻ ഒഡേസ മേഖലയിൽ ആക്രമിച്ചെന്നും അതിൽ 11 ഡ്രോണുകൾ വീഴ്ത്തിയെന്നും യുക്രെയ്ൻ അറിയിച്ചു.
11. ഇന്ത്യൻ സമുദ്രത്തിൽ ബ്രിട്ടന്റെ കൈവശമായിരുന്ന ഷാഗോസ് ദ്വീപുകൾ മൊറീഷ്യസിനു വിട്ടുനൽകാൻ ഉടമ്പടിയായി. പതിറ്റാണ്ടുകളായി തുടരുന്ന തർക്കത്തിനാണ് ഇതോടെ അവസാനമായത്. തീരുമാനത്തിന് യുഎസിന്റെയും ഇന്ത്യയുടെയും പിന്തുണയുണ്ടെന്ന് ബ്രിട്ടിഷ്, മൊറീഷ്യസ് പ്രതിനിധികൾ അറിയിച്ചു. ഈ ഉടമ്പടിയോടെ മൊറീഷ്യസിന്റെ കോളനികാലം പൂർണമായി ഒഴിഞ്ഞെന്ന് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് പറഞ്ഞു.
ഏകദേശം 60 ദ്വീപുകൾ ചേർന്നതാണ് ഷാഗോസ്. ഇതിലെ ഏറ്റവും വലിയ ദ്വീപായ ഡീഗോ ഗാർസ്യ ബ്രിട്ടന്റെ ഉടമസ്ഥതയിൽ തുടരുമെന്നും ഉടമ്പടിയിലുണ്ട്. ഇവിടെ യുഎസിന്റെയും ബ്രിട്ടന്റെയും സംയുക്ത നാവിക– വ്യോമ താവളമുണ്ട്. 1814 മുതൽ ബ്രിട്ടനാണ് ഷാഗോസ് ദ്വീപുകളും മൊറീഷ്യസും ഭരിച്ചിരുന്നത്. 1965 ൽ അവർ മൊറീഷ്യസിനെയും ഷാഗോസ് ദ്വീപുകളെയും രണ്ടായി വിഭജിച്ചു. 1968 ൽ മൊറീഷ്യസിനു സ്വാതന്ത്ര്യം നൽകി. ഷാഗോസ് ദ്വീപുകൾ ‘ബ്രിട്ടിഷ് ഇന്ത്യൻ ഓഷ്യൻ ടെറിട്ടറി’ എന്ന പേരിൽ കൈവശം വച്ചു.
എഴുപതുകളുടെ തുടക്കത്തിൽ ഷാഗോസിയൻസ് എന്നറിയപ്പെടുന്ന ഇവിടത്തെ രണ്ടായിരത്തോളം നാട്ടുകാരെ ഡീഗോ ഗാർസ്യ സൈനികത്താവളം നിർമിക്കുന്നതിനായി മൊറീഷ്യസിലേക്കും സെയ്ഷൽസിലേക്കും മാറ്റി. 17–ാം നൂറ്റാണ്ടിൽ ഫ്രഞ്ചുകാർ ആഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നും അടിമകളാക്കി ദ്വീപിലെത്തിച്ചവരുടെ പിന്മുറക്കാരാണ് ഇവർ. ഷാഗോസ് ദ്വീപുകളിൽ ഡീഗോ ഗാർസ്യ ഒഴിച്ചുള്ളവയിൽ നിലവിൽ മനുഷ്യവാസമില്ല. 2019 ൽ രാജ്യാന്തര നീതിന്യായ കോടതി ബ്രിട്ടനോട് ഷാഗോസ് ദ്വീപ് മൊറീഷ്യസിനു തിരിച്ചുകൊടുക്കണമെന്നു നിർദേശിച്ചിരുന്നു. പുതിയ ഉടമ്പടിയോടെ ഷാഗോസിയൻസിന്റെ പിന്മുറക്കാർക്ക് ഡീഗോ ഗാർസ്യ ഒഴിച്ചുള്ള ദ്വീപുകളിലേക്ക് തിരിച്ചുവരാം.
12. ഇസ്രയേൽ – സിറിയ അതിർത്തിയിലെ ഗോലാൻ കുന്നുകളിൽ ഇറാഖി സായുധസംഘം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേൽ ഡിഫൻസ് ഫോഴ്സിലെ സൈനികരാണ് ഇറാൻ പിന്തുണയുള്ള ഇറാഖി സായുധസംഘടനയുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 24 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിച്ചു. ബറ്റാലിയനിലെ സിഗ്നൽ ഓഫിസർ കേഡറ്റായ ഡാനിയൽ അവീവ് ഹൈം സോഫർ (19), ബറ്റാലിയനിലെ ഐടി സ്പെഷ്യലിസ്റ്റായ ടാൽ ഡ്രോർ (19) എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് ഡ്രോണുകളാണ് ഇറാഖി സായുധസംഘം ഇസ്രയേലിലേക്ക് വിക്ഷേപിച്ചത്. ഇതിൽ ഒരെണ്ണം ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയേൺ ഡോം തകർത്തിരുന്നു. മറ്റൊരു ഡ്രോണാണ് വടക്കൻ ഗോലാൻ കുന്നിലെ ഇസ്രയേൽ സൈനിക താവളത്തിൽ പതിച്ചത്.
അതേസമയം മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാന്റെ ആണവനിലയങ്ങളെ ഇസ്രയേൽ ആക്രമിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് അമേരിക്ക. ഹമാസ് സായുധസംഘം ഇസ്രയേലിൽ ആക്രമണം നടത്തിയതിന്റെ വാർഷികമായ ഒക്ടോബർ ഏഴിന് തിരിച്ചടിയുണ്ടാകുമോ എന്നതിന് ഉത്തരം നൽകുക പ്രയാസമാണെന്നും അമേരിക്കൻ സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ഇസ്രയേൽ തുനിഞ്ഞാൽ പിന്തുണയ്ക്കില്ലെന്നായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. ഇസ്രയേലിൽ മിസൈലുകൾ ഇറാൻ വർഷിച്ചതിനു ശേഷം അത്തരം പ്രതികാര നടപടിയെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്, ഇല്ല എന്നായിരുന്നു ബൈഡന്റെ മറുപടി.
സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു. ഇറാന്റെ മിസൈൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായി അവരുടെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കണമെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. നോർത്ത് കാരോലൈനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. ഇതിനിടെ വെള്ളിയാഴ്ച്ച ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ കനത്ത ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുല്ല മേധാവി ഹസൻ നസ്റുല്ലയുടെ പിൻഗാമിയാകുമെന്ന കരുതപ്പെടുന്ന ഹാഷിം സഫീയുദ്ദീനെ വധിച്ചെന്ന് അഭ്യൂഹമുണ്ട്. വ്യാഴാഴ്ചത്തെ ബെയ്റൂട്ട് ആക്രമണത്തിൽ ഹിസ്ബുല്ലയുടെ വാർത്താവിനിമയ ശൃംഖലയുടെ മേധാവി മുഹമ്മദ് റഷീദ് സഫാഖി കൊല്ലപ്പെട്ടു. ലബനൻ സർക്കാർ ഒരുക്കിയ 900 അഭയകേന്ദ്രങ്ങളും നിറഞ്ഞുകവിഞ്ഞതോടെ ആളുകൾ പാർക്കിലും തെരുവിലുമാണ് ഉറങ്ങുന്നത്.