ഹ്യൂസ്റ്റൺ: അന്തരിച്ച ഫൊക്കാന നേതാവും മുൻ ട്രസ്റ്റീ ബോർഡ് ചെയർമാനുമായിരുന്ന ടി എസ് ചാക്കോക്ക് ഹ്യൂസ്റ്റനിൽ അനുസ്മരണമൊരുക്കി ഫൊക്കാന ടെക്സാസ്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മിസോറി സിറ്റിയിലെ കൂപ്പർ വാൽവ് കോൺഫറൻസ് ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ ഫൊക്കാന റീജിയണൽ വൈസ് പ്രസിഡണ്ട് ഫാൻസിമോൾ പള്ളാത്തുമഠം അധ്യക്ഷയായിരുന്നു.
വളരെകാലം ന്യൂ ജേർസിയിലായിരുന്ന തനിക്കു അദ്ദേഹത്തെ അടുത്തറിയാനും ന്യൂ ജേഴ്‌സി ന്യൂ യോർക്ക് ഏരിയയിൽ സാമൂഹ്യ സാംസ്കാരികമണ്ഡലങ്ങളിൽ ഒരുമിച്ചു പ്രവർത്തിക്കാനും ഉള്ള ഭാഗ്യം സിദ്ധിച്ചിട്ടുണ്ടെന്നു ഫാൻസിമോൾ അനുസ്മരിച്ചു.
സ്വാർഥതയുടെ കറപുരളാത്ത വ്യക്തിത്വമാണ് ടി എസ് ചാക്കോ എന്ന് മുൻ ഫൊക്കാന പ്രസിഡണ്ട് ജി കെ പിള്ള പറഞ്ഞു. ഫൊക്കാനയിൽ ഏറ്റവും വിലമതിക്കുന്ന നേതാവാണ് ടി എസ് ചാക്കോ അദ്ദേഹത്തിൻറെ നിര്യാണം ഫൊക്കാനക്കു നികത്താനാവാത്ത നഷ്ടമാണെന്നും ജി കെ പിള്ള പറഞ്ഞു.
ജനസേവനം മുഖമുദ്രയാക്കിയിരുന്ന നേതാവായിരുന്നു ചാക്കോച്ചായൻ എന്നും ഒരു ജ്യേഷഠസഹോദരൻറെ സ്ഥാനത്തുനിന്ന് ഉപദേശനിർദേശങ്ങൾ നൽകി സഹായിക്കുമായിരുന്നു എന്ന് ഫൊക്കാന ട്രസ്റ്റീ ബോർക് സെക്രട്ടറി എബ്രഹാം ഈപ്പൻ അനുസ്മരിച്ചു.
ഫൊക്കാനയിലെ നിസ്വാർഥതയുടെയും മതേതരത്വത്തിന്റെയും മുഖമായിരുന്നു ചാക്കോച്ചൻ എന്നാണ് ഡോ. രഞ്ജിത് പിള്ള അദ്‌ദേഹത്തെക്കുറിച്ചു പറഞ്ഞത്. അനിൽ ആറന്മുള, റജി കുര്യൻ, തോമസ് ചെറുകര, അനില സന്ദീപ് എന്നിവരും സംസാരിച്ചു.