ഒട്ടാവ ; ഇറാൻ റെവല്യൂഷനറി ഗാർഡ് കോപ്‌സിനെ (ഐആർജിസി) ഭീകരസംഘടനയായി പ്രഖ്യാപിച്ച് ക്യാനഡ. ഒപ്പം ഇറാനിലെ തങ്ങളുടെ പൗരൻമാരോട് രാജ്യം വിടാൻ ക്യാനഡ ആവശ്യപ്പെടുകയും ചെയ്തു. ബുധനാഴ്‌ചയായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. മറ്റൊരു രാജ്യത്തിന്റെ സൈന്യത്തെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്ന അത്യപൂർവ നടപടിയിലേക്കാണ് ക്യാനഡ ഇപ്പോൾ നീങ്ങിയിരിക്കുന്നത്. ക്യാനഡയുടെ നടപടിയോട് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
രാജ്യത്തെ ക്രിമിനൽ കോഡിന്റെ അടിസ്ഥാനത്തിൽ ഇറാൻ റെവല്യൂഷനറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നതായി ക്യാനഡയുടെ പൊതുസുരക്ഷാ മന്ത്രി ഡൊമിനിക് ലിബ്ലാങ്ക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇറാൻ ഭരണകൂടം ഭീകരവാദത്തെ പിന്തുണയ്‌ക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇറാന് അകത്തും പുറത്തും ഐആർജിസി ഭീകരപ്രവർത്തനം നടത്തുന്നു, ഒപ്പം മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുകയും അതിന് കൊടി പിടിക്കുകയും ചെയ്യുന്നു. അതിനാൽ ആഗോള ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് നടപടിയെന്നും പൊതുസുരക്ഷാ മന്ത്രി പറഞ്ഞു.
ക്യാനഡയിലെ പ്രതിപക്ഷ കക്ഷികളുടെ ഭാഗത്ത് നിന്നുമുൾപ്പെടെ കാലങ്ങളായി ഉയരുന്ന ആവശ്യമായിരുന്നു ഇത്. ഐആർജിസിയുമായി ബന്ധമുള്ള ആർക്കും ഇനി ക്യാനഡയിൽ പ്രവേശിക്കാൻ കഴിയില്ല.