ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ആദ്യ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയില്‍ എത്തിക്കുന്നത് വൈകും. പേടകം തിരിച്ചിറക്കുന്നത് ജൂണ്‍ 26 ലേക്ക് മാറ്റിവെച്ചതായി നാസ ചൊവ്വാഴ്ച അറിയിച്ചു.
ബഹിരാകാശ സഞ്ചാരികളായ ബച്ച് വില്‍മോറും സുനിത വില്യംസുമാണ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ആദ്യമായി യാത്ര ചെയ്തവര്‍. ജൂണ്‍ അഞ്ചിനാണ് പേടകം വിക്ഷേപിച്ചത് 24 മണിക്കൂര്‍ നീണ്ട യാത്രക്കൊടുവില്‍ ഇരുവരും സുരക്ഷിതരായി നിലയത്തിലെത്തി. എന്നാല്‍ ഈ യാത്രയ്ക്കിടെ നാല് തവണ ഹീലിയം ചൊരുകയും സഞ്ചാരപാത ക്രമീകരിക്കുന്നതിനുള്ള ത്രസ്റ്ററുകള്‍ അഞ്ച് തവണ പരാജയപ്പെടുകയും ചെയ്തു.
നാസയുടെ സാമ്പത്തിക പിന്തുണയില്‍ പ്രഖ്യാപിച്ചതിലും ഏറെ വൈകിയാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകം നിര്‍മിച്ചത്. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പലതവണ മാറ്റിവെച്ചതിന് ശേഷമാണ് ജൂണ്‍ അഞ്ചിന് വിക്ഷേപണം നടന്നത്. ഈ ദൗത്യം വിജയകരമായെങ്കില്‍ മാത്രമെ നാസയുടെ പതിവ് ബഹിരാകാശ യാത്രാ വിക്ഷേപണങ്ങള്‍ക്ക് സ്റ്റാര്‍ലൈനര്‍ പേടകം ഉപയോഗിക്കാനുള്ള അനുമതി ലഭിക്കൂ.
പേടകം തിരിച്ചിറക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പരിശോധിക്കുന്നതിന് വേണ്ടിയാണ് തിരിച്ചിറക്കല്‍ തീയ്യതി മാറ്റിവെച്ചത്. ജൂണ്‍ 26 ന് മുമ്പ് പേടകം തിരിച്ചിറക്കാന്‍ നാസയ്ക്ക് പദ്ധതിയില്ല. അതിനാല്‍ യാത്രികര്‍ക്ക് കൂടുതല്‍ നാള്‍ ബഹിരാകാശ നിലയത്തില്‍ കഴിയേണ്ടതായിവരും.
ആറ് മാസങ്ങള്‍ നീണ്ട ദൗത്യങ്ങള്‍ക്ക് വരെ ഉപയോഗിക്കാനാവും വിധമാണ് സ്റ്റാര്‍ലൈനറിന്റെ രൂപകല്‍പന. എങ്കിലും നിലവിലെ ദൗത്യത്തില്‍ ഉപയോഗിച്ച
പേടകത്തിന് പരമാവധി 45 ദിവസം മാത്രമേ നിലയത്തില്‍ തുടരാനാവൂ. ആറ് മണിക്കൂര്‍ നേരമെടുത്തായിരിക്കും പേടകം ഭൂമിയിലെത്തുക. ന്യൂ മെക്‌സിക്കോയിലെ
യൂട്ടാ മരുഭൂമിയില്‍ പാരച്യൂട്ടുകളുടെ സഹായത്തോടെയാണ് പേടകം ഇറങ്ങുക.