വാഷിങ്‌ടൺ/ ഗാസ സിറ്റി > ഗാസയിൽ ഉടൻ വെടിനിർത്തൽ വേണമെന്ന രക്ഷാസമിതി പ്രമേയത്തിന് പുല്ലുവില കല്പിച്ച് സാധാരണക്കാരെ കൊന്നൊടുക്കാൻ ഇസ്രയേലിന് വീണ്ടും ആയുധ സഹായവുമായി അമേരിക്ക. ഏകദേശം 20,845 കോടി രൂപയുടെ ബോംബുകളും യുദ്ധവിമാനങ്ങളും ഇസ്രയേലിന് കൈമാറാന്‍ അമേരിക്ക പച്ചക്കൊടി കാട്ടിയതായി വാഷിങ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇതിൽ വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.
ഗാസയ്ക്ക് മാനുഷിക സഹായം അനുവദിക്കുന്നതുവരെ ഇസ്രയേലിന് സൈനിക സഹായം നൽകുന്നത് നിർത്താൻ അമേരിക്കൻ സെനറ്റർമാർ പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഗാസയിൽ വംശഹത്യ നടക്കുന്നെന്ന ഐക്യരാഷ്‌ട്ര സംഘടനാ മനുഷ്യാവകാശ വിദഗ്‌ധ ഫ്രാൻസെസ്‌ക അൽബനീസിന്റെ റിപ്പോർട്ട് അമേരിക്ക തള്ളി. വംശഹത്യാ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എന്നാൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണത്തിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് വക്താവ് മാത്യു മില്ലെർ പറഞ്ഞു.
ഗാസയിൽ മാനുഷിക സഹായം എത്തിക്കാൻ കര ഇടനാഴികൾ തുറക്കണമെന്ന് ഹേഗിലെ അന്താരാഷ്‌ട്ര നീതിന്യായ കോടതി ഉത്തരവിട്ടു. ദക്ഷിണാഫ്രിക്ക ഗാസയിലെ പട്ടിണി ചൂണ്ടിക്കാട്ടി വെടിനിർത്തൽ ഉൾപ്പെടെയുള്ള കൂടുതൽ താൽക്കാലിക നടപടികൾ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വ്യാഴാഴ്ചത്തെ ഉത്തരവ്.
അതിനിടെ, ഗാസയിൽ 24 മണിക്കൂറിനിടെ 82 പേരെ ഇസ്രയേൽ കൊന്നൊടുക്കി. ഗാസയിലാകെ കൊല്ലപ്പെട്ടവരുടെ എണ്ണം 32,705 ആയി.