മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തില്‍ 60 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു.ഇതില്‍ 40 ഓളം പേരുടെ നില ഗുരുതരമാണ്. സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികള്‍ കാണികള്‍ക്കുനേരേ വെടിയുതിർക്കുകയായിരുന്നു.
മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അക്രമിസംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നു. വെടിവെയ്പിന് പിന്നാലെ കെട്ടിടത്തില്‍ നിരവധി സ്ഫോടനങ്ങളും നടന്നു. കെട്ടിടത്തില്‍നിന്ന് തീ ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു.
ഒൻപതിനായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളാൻ കഴിയുന്ന കെട്ടിടസമുച്ചയത്തിലായിരുന്നു പരിപാടി നടന്നത്.ആറായിരംപേരോളം വെടിവെപ്പ് നടക്കുമ്ബോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. ഭീകരാക്രമണമെന്നാണ് റഷ്യൻ വിദേശകാര്യമന്ത്രാലയം സംഭവത്തെ വിശേഷിപ്പിച്ചത്.
ആഴ്ചയവസാനം നടക്കാനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി മോസ്കോ മേയർ അറിയിച്ചു. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഭീകരാക്രമണത്തെ അപലപിച്ചു.