അടുത്തകാലത്തായി പുറത്തിറങ്ങിയ പല ഹ്യൂമനോയിഡ് റോബോട്ടുകളും വളരെ മെച്ചപ്പെട്ട രീതിയില്‍ മുഖഭാവങ്ങള്‍ പ്രകടിപ്പിക്കുന്നവയാണ്. ചിരിക്കാനും ദേഷ്യം കാണിക്കാനും ആശ്ചര്യം പ്രകടിപ്പിക്കാനുമെല്ലാം അത് ശ്രമിക്കുന്നുണ്ടെങ്കിലും മനുഷ്യനെ പോലെ എത്താന്‍ അവയ്ക്ക് സാധിച്ചിട്ടില്ല. എന്നാല്‍ റോബോട്ടുകള്‍ക്ക് ഭംഗിയോടെ ചിരിക്കാനും ഭാവങ്ങള്‍ പ്രകടിപ്പിക്കാനും സഹായിക്കുന്നതിനായി ജീവനുള്ള ചര്‍മ്മം റോബോട്ടുകളുടെ മുഖത്ത് ഘടിപ്പിക്കാനുള്ള വഴി കണ്ടെത്തി ജാപ്പനീസ് ശാസ്ത്രജ്ഞര്‍.
മനുഷ്യരിലെ ചര്‍മഘടന പകര്‍ത്തിയാണ് ടോക്യോ സര്‍വകലാശാലയിലെ ഗവേഷകസംഘം ഈ സുപ്രധാന നേട്ടം കൈവരിച്ചത്. എളുപ്പം മുറിയാത്ത, മുറിവുണക്കാനാവുന്ന ചര്‍മ്മമുള്ള ഹ്യൂമനോയ്ഡ് റോബോട്ടുകളെ നിര്‍മിക്കാന്‍ ഈ കണ്ടെത്തല്‍ വഴിയൊരുക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ജീവനുള്ള കോശങ്ങള്‍ ഉപയോഗിച്ചാണ് ലാബിനുള്ളില്‍ ഈ ചര്‍മ്മം വികസിപ്പിച്ചത്. യഥാര്‍ത്ഥ ചര്‍മത്തെപ്പോലെ മൃദുവാണെന്ന് മാത്രമല്ല, അതിന് സ്വയം മുറിവുണക്കാനും സാധിക്കും.
ഈ ചര്‍മ്മം റോബോട്ടിന്റെ മുഖവുമായി ഘടിപ്പിക്കാന്‍ നേരത്തെ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ചെറിയ ഹുക്കുകളാണ് ആദ്യം ഇതിനായി ഉപയോഗിച്ചത്. എന്നാല്‍ റോബോട്ട് ചലിക്കാന്‍ തുടങ്ങിയപ്പോള്‍ ചര്‍മത്തിന് മുറിവുപറ്റി. മനുഷ്യരില്‍ വഴക്കമുള്ള കൊളാജെനും ഇലാസ്റ്റിനും അടങ്ങിയ ലിഗമെന്റുകള്‍ എന്ന് വിളിക്കുന്ന നേര്‍ത്തനാരുകളുടെ സഹായത്തോടെയാണ് ചര്‍മ്മം ആന്തരിക ഭാഗങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്നത്.
“ഇതിന് സമാനമായി റോബോട്ടില്‍ അനേകം ദ്വാരങ്ങളുണ്ടാക്കി കൊളാജന്‍ അടങ്ങുന്ന ജെല്ല് തേച്ച് പിടിപ്പിക്കുകയും ഗവേഷര്‍ വികസിപ്പിച്ച ചര്‍മ്മം അതിന് മുകളില്‍ ഒട്ടിക്കുകയും ചെയ്തു. റോബോട്ടിലെ ദ്വാരങ്ങളിലേക്ക് ജെല്‍ ഇറങ്ങുകയും ചര്‍മത്തെ റോബോട്ടിനോട് ചേര്‍ത്ത് നിര്‍ത്തുകയും ചെയ്യുന്നു.
ഈ കണ്ടെത്തല്‍ കൂടുതല്‍ യാഥാര്‍ഥ്യമാവണമെങ്കില്‍ വര്‍ഷങ്ങള്‍ നീണ്ട ശ്രമങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ട്. അതേസമയം, റോബോട്ടുകള്‍ക്ക് മികച്ച രീതിയില്‍ ഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ ചര്‍മം മാത്രമല്ല മനുഷ്യരുടെ പേശികള്‍ക്ക് സമാനമായ ഭാഗങ്ങളും ആവശ്യമാണ്.