ഫാസ്റ്റ് ഫുഡ് പതിവായി കഴിക്കുന്നത് കരളില്‍ അമിതമായി കൊഴുപ്പ് അടിയുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ എന്ന രോഗത്തിന് കാരണമാകുമെന്ന് പഠനം. ആരോഗ്യമുള്ള കരളില്‍ അഞ്ച് ശതമാനത്തിന് താഴെയാണ് സാധാരണ കൊഴുപ്പ് കാണാറുള്ളത്. കൊഴുപ്പിന്റെ തോത് ചെറുതായി വര്‍ധിച്ചാല്‍ പോലും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിനു സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഭക്ഷണത്തിന്റെ അഞ്ചിലൊന്ന് ഫാസ്റ്റ് ഫുഡ് ആക്കിയാല്‍ അമിതവണ്ണമോ പ്രമേഹമോ ഇല്ലാത്തവരില്‍ പോലും കരളിലെ കൊഴുപ്പ് മിതമായ തോതില്‍ ഉയരുമെന്ന് ഗവേഷകര്‍ പറയുന്നു.
ഒരു നേരമൊക്കെ ഫാസ്റ്റ് ഫുഡ് കഴിച്ചാലും കുഴപ്പമില്ലെന്നാണ പലരും കരുതുന്നത്. എന്നാല്‍ ഇത് പ്രതിദിന കലോറിയുടെ അഞ്ചിലൊന്നാണെങ്കില്‍ കരള്‍ അപകടത്തിലാണെന്നു കരുതണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതിദിനം ശരീരത്തിന് വേണ്ട കലോറി ആവശ്യത്തിന്റെ 20 ശതമാനമോ അതിന് മുകളിലോ ഫാസ്റ്റ് ഫുഡിലൂടെ കണ്ടെത്തുന്ന അമിതവണ്ണക്കാരിലും പ്രമേഹ രോഗികളിലും കരളിലെ കൊഴുപ്പിന്റെ തോത് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലൊസാഞ്ചലസിലുള്ള യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കലിഫോര്‍ണിയയിലെ കെക് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്. അമേരിക്കയിലെ 2017-18ലെ നാഷനല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്സാമിനേഷന്‍ സര്‍വേയിലെ വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്.