Friday, December 27, 2024
Homeഅമേരിക്കഇന്ത്യയിലെ ആദ്യത്തെ കേക്ക്‌ നിർമ്മാണത്തിന്‌ ഇപ്പോൾ 144 വയസ്‌.

ഇന്ത്യയിലെ ആദ്യത്തെ കേക്ക്‌ നിർമ്മാണത്തിന്‌ ഇപ്പോൾ 144 വയസ്‌.

നാടെങ്ങും ഇന്ന് ക്രിസ്‌മസ് ആഘോഷിക്കുമ്പോള്‍ ആ കേക്കിന് ഇന്ന് 144 വയസ്. തലശേരിയില്‍ പിറന്ന ആ കേക്കിന്റെ കഥ കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറും. അത്രയും മധുരം നിറയുന്ന ഓര്‍മ്മയായി മാറുകയാണ് ആ കേക്ക് കഥ.

1880 ല്‍ തലശേരിക്കാരനായ മമ്പള്ളി ബാപ്പു സ്ഥാപിച്ച മമ്പള്ളി ബേക്കറിയില്‍ നിന്നാണ് ഇന്ത്യയിലെ കേക്ക് നിര്‍മ്മാണത്തിന്റെ ആരംഭം. അഞ്ചരക്കണ്ടിയില്‍ തോട്ടമുണ്ടായിരുന്ന ബ്രൗണ്‍ സായിപ്പ് തന്റെ കുതിരവണ്ടിയില്‍ സായാഹ്ന സവാരിക്കിറങ്ങിയപ്പോഴാണ് ബേക്കറി ശ്രദ്ധയില്‍പ്പെടുന്നത്.

മമ്പള്ളിയുടെ ബേക്കറിയിലെത്തി ഒരു കഷണം കേക്ക് നല്‍കി അതുപോലെ ഒരു ക്രിസ്‌മസ് കേക്ക് ഉണ്ടാക്കി തരാന്‍ അഭ്യര്‍ത്ഥിച്ചതാണ് കേക്ക് നിര്‍മ്മാണത്തിന്റെ തുടക്കം.

ആദ്യമായി കേക്ക് കാണുകയായിരുന്ന ബാപ്പു, സായിപ്പ് പറഞ്ഞു കൊടുത്ത രീതികളുടെയും മറ്റും സഹായത്തോടെ രുചികരമായി തന്നെ കേക്കുണ്ടാക്കി. സംഗതി ഇഷ്ടപ്പെട്ട സായിപ്പ് വേറെ ഒരു ഡസന്‍ കേക്കിനു കൂടി ഓര്‍ഡര്‍ നല്കിയിട്ടാണ് അവിടുന്ന് മടങ്ങിയത്. അങ്ങനെ മമ്പള്ളി റോയല്‍ ബിസ്‌കറ്റ് ഫാക്ടറി ഇന്ത്യയിലെ ആദ്യ കേക്ക് നിര്‍മാതാക്കളായി. അവിടുന്നങ്ങോട്ട് മമ്പള്ളി ബേക്കറിയുടെ ജൈത്ര യാത്രയായിരുന്നു.

തുടര്‍ന്ന് മമ്പള്ളി ബാപ്പുവിന്റെ മകന്‍ ഗോപാലന്‍ കോഴിക്കോട് മിഠായി തെരുവില്‍ മോഡേണ്‍ ബേക്കറി ആരംഭിച്ചു.

തലശേരിയുടെ രുചിരഹസ്യം.

മമ്പള്ളി ബാപ്പുവും ഇന്ത്യയിലെ ആദ്യത്തെ കേക്കും മാത്രമല്ല, ചരിത്രത്തിലുടനീളം നീളുന്നതാണ് തലശ്ശേരിയുടെ രുചിരഹസ്യങ്ങള്‍. വിദേശികള്‍ വരികയും പോവുകയും ചെയ്ത ഈ പട്ടണത്തില്‍ നാടിന്റെ തനത് രുചികളുടെ കൂടെ തന്നെ മറുനാടന്‍ ഭക്ഷണരീതികളും രുചികളും കലര്‍ന്നിരുന്നു. ഇന്ന് ഇവിടുത്തെ കേക്കുകള്‍ക്ക് ആവശ്യക്കാര്‍ അനേകമാണ്. കേരളത്തില്‍ നിന്നും മാത്രമല്ല, യു.എസ്.എയില്‍ നിന്നും യു.എ.ഇയില്‍ നിന്നും വരെ ഓര്‍ഡറുകള്‍ ഏറ്റെടുക്കുകയാണ് ഇവരുടെ പിന്മുറക്കാര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments