Friday, December 27, 2024
Homeഅമേരിക്ക‘ആ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി’; എം ടിയെ അവസാനമായി കാണാനെത്തി മോഹന്‍ലാല്‍.

‘ആ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി’; എം ടിയെ അവസാനമായി കാണാനെത്തി മോഹന്‍ലാല്‍.

കറുപ്പിലും വെളുപ്പിലുമൊതുങ്ങാത്ത മനുഷ്യ മനസുകളുടെ ഗ്രേ ഷേഡുകള്‍ ഉയരങ്ങളിലും സദയത്തിലുമെല്ലാം എം ടി എഴുതിവച്ചപ്പോള്‍ അതിനെയെല്ലാം കൈയൊതുക്കത്തോടെ ഉജ്ജ്വലമാക്കാന്‍ മലയാളത്തിന്റെ മോഹന്‍ലാലുണ്ടായിരുന്നു. തന്നെ മലയാള സിനിമയിലെ വന്മരമായി വളര്‍ത്തിയവരില്‍ ഒരാളായ എം ടിയെ അവസാനമായി കാണാന്‍ മോഹന്‍ലാല്‍ എം ടിയുടെ വസിതിയില്‍ എത്തിയപ്പോള്‍ ആ കാഴ്ച സകലരുടേയും ഹൃദയത്തില്‍ തൊട്ടു. എം ടിയുടെ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യം ചെയ്തയാളാണ് താനെന്ന് മോഹന്‍ലാല്‍ ഹൃദയവേദനയോടെ പ്രതികരിച്ചു.

എം ടി വാസുദേവന്‍ നായരുമായി തനിക്ക് ഒരുപാട് വര്‍ഷത്തെ ബന്ധമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. തനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ചയാളാണ് എം ടി വാസുദേവന്‍ നായര്‍. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ അമൃതം ഗമയയിലും അഭിനയിക്കാനായി. അവസാനം മനോരഥങ്ങളില്‍ ഓളവും തീരവും താന്‍ ചെയ്തു. എം ടി ആശുപത്രിയിലാണെന്നറിഞ്ഞ് നിരവധി തവണ ആശുപത്രിയില്‍ വിളിച്ച് അന്വേഷിച്ചിരുന്നു. എം ടിയുടെ വിയോഗത്തെക്കുറിച്ച് സംസാരിക്കാന്‍ തനിക്ക് വാക്കുകള്‍ കിട്ടാത്ത അവസ്ഥയാണെന്നും മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശ്വാസ തടസ്സത്തെ തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിച്ച എംടി ചികിത്സയില്‍ കഴിയവേയാണ് എം ടി വിടപറഞ്ഞത്. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. നോവലിസ്റ്റ്, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍. എംടിയെന്ന രണ്ടക്ഷരത്തില്‍ സര്‍ഗാത്മകതയുടെ വിവിധ മേഖലകളില്‍ എന്നും മലയാളിയെ അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍. ഇന്ത്യന്‍ സാഹിത്യത്തിലെ അതികായനായ എഴുത്തുകാരന്റെ സംഭാവനകള്‍ പല തലമുറകളിളില്‍ മായാത്ത മുദ്ര പതിപ്പിച്ചു. ലളിതമായ ഭാഷയും ചിരപരിചിതമായ ജീവിതപരിസരവും അക്ഷരങ്ങളിലൂടെയും അഭ്രപാളിയിലൂടെയും ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയാണ് എം ടി നമുക്ക് സമ്മാനിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments