Monday, December 23, 2024
HomeUncategorizedദേശീയ ഗണിത ദിനം. ✍അഫ്‌സൽ ബഷീർ തൃക്കോമല

ദേശീയ ഗണിത ദിനം. ✍അഫ്‌സൽ ബഷീർ തൃക്കോമല

അഫ്‌സൽ ബഷീർ തൃക്കോമല

ശാസ്ത്രങ്ങളുടെ റാണിയാണ് ഗണിത ശാസ്ത്രം. ശാസ്ത്രത്തിലെ ഭൂരിഭാഗം പ്രശ്‌നങ്ങളും ഗണിതത്തിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത് .1887 ഡിസംബർ 22-ന്‌ തമിഴ്‌നാട്ടിൽ ഈറോഡിലെ ദരിദ്ര കുടുംബത്തിൽ കുപ്പുസ്വാമി ശ്രീനിവാസ അയ്യങ്കാറിന്റെയും കോമളത്തമ്മാളിന്റെയും അഞ്ചു മക്കളിൽ മൂത്ത മകനായിരുന്ന ശ്രീനിവാസ രാമാനുജന്റെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ ഗണിതദിനമായി ആചരിക്കുന്നത് .

ഈറോഡിലെ ഒരു കുടിപ്പള്ളിക്കൂടത്തിലാണ് പ്രാഥമിക വിദ്യാഭ്യസം .തുടർന്ന് കുംഭകോണത് ഹൈസ്കൂൾ വിദ്യാഭ്യസം .ഗണിതത്തിൽ അതി സമർഥനായിരുന്നു. . സാമ്പത്തികമായി പിന്നാക്കമായിരുന്ന രാമാനുജന്റെ പഠനമികവു കണ്ട് സ്കൂൾ അധികൃതർ ഫീസിളവ് നൽകി. പലപ്പോഴും ഉയർന്ന ക്ലാസിലെ കുട്ടികൾക്ക് കണക്കിലെ സംശയങ്ങൾ പറഞ്ഞുകൊടുത്തിരുന്നത് അദ്ദേഹമായിരുന്നു .എത്ര വലിയ സംഖ്യയുടേതായാലും വർഗമൂലം നിമിഷം കൊണ്ട് പറയാനുള്ള അദ്ദേഹത്തിന്റെ കഴിവ് അധ്യാപകരെ പോലും അമ്പരപ്പിച്ചു . സ്‌കോളർഷിപ്പിന്റെ സഹായത്തോടെ അദ്ദേഹം 1904-ൽ കുംഭകോണം ഗവൺമെന്റ്‌ കോളേജിൽ ചേർന്നു. ഗണിതമൊഴിച്ചു മറ്റു വിഷയങ്ങളിലെല്ലാം തോറ്റതിനാൽ സ്‌കോളർഷിപ്പ്‌ നഷ്‌ടമായി.

1906-ൽ മദ്രാസ്‌ പച്ചയ്യപ്പാസ്‌ കോളേജിൽ ചേർന്നെങ്കിലും,അവിടെയും കണക്കൊഴികെ മറ്റ്‌ വിഷയങ്ങളിൽ തോൽക്കുകയും മദ്രാസ്‌ സർവകലാശാലയിൽ ചേരുകയെന്ന അദ്ദേഹത്തിന്റെ സ്വപ്‌നം തകരുകയും ചെയ്തു. 1909 ജുലൈ‌ 14-നായിരുന്നു അദ്ദേഹം പത്തു വയസ്സുള്ള ജാനകിയമ്മാളിനെ വിവാഹം ചെയ്തത് .പിന്നീട് മദ്രാസ് തുറമുഖ ട്രസ്റ്റിൽ ക്ലാർക്കായിരിക്കെ, ജി.എസ്‌. കാർ രചിച്ച ഗണിതശാസ്‌ത്രത്തിലെ 6000 സങ്കീർണ്ണപ്രശ്‌നങ്ങൾ അടങ്ങിയ, “സിനോപ്‌സിസ്‌ ഓഫ്‌ എലിമെന്ററി റിസൾട്ട്‌സ്‌ ഇൻ പ്യുവർ മാത്തമാറ്റിക്‌സ്‌” എന്ന ഗ്രന്ഥം അദ്ദേഹം വിശദമായി പഠിച്ചു .ആ പുസ്‌തകത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിനിടെ പുതിയ ഗണിതശ്രേണികൾ ഒന്നൊന്നായി രാമാനുജൻ കണ്ടെത്തി. ‘പൈ’യുടെ മൂല്യം എട്ടു ദശാംശസ്ഥാനം വരെ കൃത്യമായി നിർണയിക്കാനുള്ള മാർഗ്ഗം ആവിഷ്‌ക്കരിച്ചു. പൈയുടെ മൂല്യം വേഗത്തിൽ നിർണയിക്കാനുള്ള കമ്പ്യൂട്ടർ `ആൽഗരിത’ത്തിന്‌ അടിസ്ഥാനമായത്‌ ഈ കണ്ടുപിടിത്തമാണ്‌.
അക്കാലത് ഇന്ത്യൻ മാത്തമാറ്റിക്കൽ സൊസൈറ്റി നിലവിൽ വന്നപ്പോൾ അദ്ദേഹത്തിന്റെ പ്രബന്ധം സൊസൈറ്റിയുടെ ജേണൽ പ്രസിദ്ധീകരിച്ചത് ഏറെ പ്രശസ്‌തി നേടിക്കൊടുത്തു. ഒപ്പം കാറിന്റെ പുസ്തകം അന്താരാഷ്ട്ര
തലത്തിൽ ചർച്ചയായി.

ലോകപ്രശസ്ത ഗണിതജ്ഞനായ ജി.എച്ച്. ഹാർഡിക്ക് തന്റെ പ്രബന്ധങ്ങളും പഠനങ്ങളും അയച്ചുകൊടുക്കാൻ തീരുമാനിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായത് .ശരിയായ പരിശീലനവും ഉന്നത വിദ്യാഭ്യാസവും ഉണ്ടെങ്കിൽ രാമാനുജൻ ഇനിയും ഉയരങ്ങൾ താണ്ടുമെന്നും ഗണിതശാസ്ത്ര മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്നും മനസ്സിലാക്കിയ ഹാർഡി, അദ്ദേഹത്തെ ഇംഗ്ളണ്ടിലേക്ക് ക്ഷണിച്ചു.തുടർന്ന് 1914 ഏപ്രിൽ 14-ന്‌ ലണ്ടനിലെത്തി. ഹാർഡിയോടൊപ്പം ഗവേഷണം ആരംഭിച്ചു .പല തിയറികളും കണ്ടുപിടിക്കുകയും തെളിയിക്കുകയും ചെയ്തുകൊണ്ട് ഹാർഡിയെ വിസ്മയിപ്പിച്ചു.
”രാമാനുജനെ പഠിപ്പിച്ചതിനെക്കാൾ അധികമായി, തനിക്ക് രാമാനുജനിൽ നിന്ന് പഠിക്കാൻ കഴിഞ്ഞു” -എന്നാണ് ഹാർഡി പറഞ്ഞത്.അടിസ്ഥാന വിദ്യാഭാസമില്ലാതിരുന്നിട്ടും പ്രവേശന ചട്ടങ്ങളിൽ ഇളവു നൽകി 1916 മാർച്ച്‌ 16-ന്‌ കേംബ്രിഡ്‌ജ്‌ സർവകലാശാല രാമാനുജന്‌ `ബാച്ചിലർ ഓഫ്‌ സയൻസ്‌ ബൈ റിസേർച്ച്‌ ബിരുദം’ നൽകി.
കേംബ്രിഡ്‌ജിലെ ട്രിനിറ്റി കോളേജ്‌ ഫെലോ അയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായി ഒരു ഇന്ത്യക്കാരൻ ആ സ്ഥാനത്ത്‌ എത്തുകയായിരുന്നു .

അസുഖബാധിതനായ അദ്ദേഹത്തെ കാണാൻ ഹാർഡി എത്തിയപ്പോൾ തന്റെ കാറിന്റെ നമ്പരായ 1729ന് ഒരു പ്രത്യേകതയും ഇല്ലെന്നു പറഞ്ഞു. രണ്ടു ഘനങ്ങളുടെ(ക്യൂബ്) തുകയായി രണ്ടുതരത്തിൽ എഴുതാവുന്ന ഏറ്റവും ചെറിയ സംഖ്യയാണ് 1729 എന്നായിരുന്നു രാമാനുജന്റെ മറുപടി.
10^3+9^3 = 1729 ,
12^3+ 1^3= 1729 ഈ സംഖ്യയെയാണ് ഹാർഡി-രാമാനുജൻ സംഖ്യ എന്നറിയപ്പെടുന്നത് . പ്രതികൂലകാലാവസ്ഥ മൂലം ആരോഗ്യം മോശമായതിനാൽ ക്ഷയരോഗ ബാധിതനായി .1919 ഫെബ്രുവരി 27-ന്‌ രാമാനുജൻ ഇന്ത്യയിലേക്കു മടങ്ങി. രോഗം മൂർച്ഛിച്ചിരുന്ന സമയത്തും വികസിപ്പിച്ച പ്രമേയങ്ങൾ അദ്ദേഹം ഹാർഡിക്ക്‌ അയച്ചുകൊടുത്തു. നോട്ടുബുക്കിലെ സിദ്ധാന്തങ്ങൾ പലതും മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ടു. രാമാനുജന്റെ നോട്ടുബുക്കിലെ 3254 കുറിപ്പുകൾ വികസിപ്പിച്ച ബ്രൂസ്‌ സി.ബെർട്‌, 12 വാല്യങ്ങളായി പ്രസിദ്ധീകരിച്ചു . ചെന്നൈയിലെ റോയപുരത്ത്‌ രാമാനുജൻ മ്യൂസിയം പ്രവർത്തിക്കുന്നുണ്ട് .

1991ൽ റോബർട്ട് കനിഗൽ രാമാനുജനെ കുറിച്ച് “ദെമേൻ ഹു ന്യു ഇൻഫിനിറ്റി” എന്ന പേരിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ട്.ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ “അനന്തതയെ അറിഞ്ഞ ആൾ” എന്ന പേരിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയിട്ടുണ്ട്.ദെ മേൻ ഹു ന്യു ഇൻഫിനിറ്റി എന്ന പേരിൽ ഒരു ഇംഗ്ളീഷ് സിനിമയും 2015 ൽ പുറത്തിറങ്ങിയിട്ടുണ്ട്.1920 ഏപ്രിൽ 26-ന്‌ മുപ്പത്തിരണ്ടാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ഗണിത ശാസ്ത്രത്തിൽ എലിപ്റ്റിക് ഫങ്ഷൻസ്, മോക് തീറ്റാ ഫങ്‌ഷൻ, റീമാൻസ് സീറ്റാ ഫങ്ഷൻ, മോഡുലർ സമവാക്യം, സംഖ്യാസിദ്ധാന്തം, അനന്തശ്രേണി തുടങ്ങി രാമാനുജന്റെ സംഭാവനകൾക്ക് കണക്കില്ല .മാത്രമോ തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ വളരെയധികം പ്രയോജനപ്പെടുന്നുണ്ടന്നു ബ്രിട്ടീഷ് പത്രം ‘ഡെയ്‌ലി മെയില്‍’ റിപ്പോര്‍ട്ട് ചെയ്തിട്ട് അധികം നാളുകളായിട്ടില്ല പല ഗണിത സമവാക്യങ്ങളും തനിക്ക് സ്വപ്ന ദര്‍ശനമായി ലഭിച്ചതാണെന്നു രാമാനുജന്‍ ഹാര്ഡി ക്കയച്ച കത്തില്‍ പറഞ്ഞിട്ടുണ്ട് . നൂറ്റാണ്ടു പിന്നിട്ടിട്ടും അതുപോലൊരു പ്രതിഭ
പിന്നീടുണ്ടായിട്ടില്ല .

ഗണിത ദിനാശംസകൾ ….

✍അഫ്‌സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments