ഉത്തർപ്രദേശിലെ ബറേലിയിൽ ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ നിർമ്മാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് നദിയിലേക്ക് വീണ് 3 യുവാക്കൾ മരിച്ചു. ഖൽപൂർ-ഡാറ്റഗഞ്ച് റോഡിൽ, ബറേലിയിൽ നിന്ന് ബദൗൺ ജില്ലയിലെ ഡാറ്റാഗഞ്ചിലേക്ക് പോകുന്ന വഴി രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്.
നാവിഗേഷനായി ജിപിഎസ് ഉപയോഗിച്ച കാർ പാലത്തിൻ്റെ തകർന്ന ഭാഗത്ത് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ഈ വർഷം ആദ്യം വെള്ളപ്പൊക്കത്തിൽ പാലത്തിൻ്റെ മുൻഭാഗം നദിയിലേക്ക് ഇടിഞ്ഞു വീണിരുന്നു. എന്നാൽ പാലത്തിന് സംഭവിച്ച ഈ മാറ്റം ജിപിഎസിൽ അപ്ഡേറ്റ് ചെയ്തിരുന്നില്ല. അതിനാൽ തന്നെ ഇത് തിരിച്ചറിയാതെ എത്തിയ യുവാക്കൾ കാറുമായി നദിയിലേക്ക് മറിയുകയായിരുന്നു കൂടാതെ, നിർമ്മാണത്തിലിരിക്കുന്ന പാലത്തിൽ സുരക്ഷാ തടസ്സങ്ങളോ മുന്നറിയിപ്പ് അടയാളങ്ങളോ ഇല്ലാത്തതും അപകടസാധ്യത വർദ്ധിപ്പിച്ചു. ഇത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിക്കുവാനും കാരണമായി.
ഫരീദ്പൂർ, ബറേലി, ഡാറ്റാഗഞ്ച് എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ് സംഘങ്ങൾ സംഭവസ്ഥലത്തെത്തി വാഹനവും മൃതദേഹങ്ങളും നദിയിൽ നിന്ന് കണ്ടെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും സർക്കിൾ ഓഫീസർ അശുതോഷ് ശിവം പറഞ്ഞു അറിയിച്ചു.