അതിനുശേഷം ഞാൻ ഒരു സ്വപ്ന
സഞ്ചാരിയായി ജീവിച്ചു. വിടരാൻ
വെമ്പി നിൽക്കുന്ന പൂക്കളെ
ഇമവെട്ടാതെ നോക്കി നിന്നു. ഇതുവരെ
കേൾക്കാത്ത പാട്ടിന്റെ ഈണങ്ങളിൽ
മയങ്ങി.
ആരും കാണാത്ത വെള്ളിത്തേരിൽ
ആകാശം മുഴുവൻ സഞ്ചരിച്ചു.
മേഖങ്ങളോട് കുശലം പറഞ്ഞു.
നക്ഷത്രങ്ങളുടെ പ്രണയം
അത്ഭുതത്തോടെ നോക്കി നിന്നു.
ചന്ദ്രനെ പ്രണയിക്കുന്ന നിശാഗന്ധി
പൂവിന്റെ അമാവാസി രാവിലെ
വിരഹവും കണ്ടു കൺനിറഞ്ഞു.
ആ വെള്ളിത്തേരിൽ നിന്ന് ചന്ദന
ഗന്ധമുള്ള ഒരു കുളിർത്തെന്നൽ
എന്റെ കൈപിടിച്ചിറക്കി ഒരു
താമരപ്പൊയ്കയുടെ തീരത്തിരുത്തി.
‘എന്തേ ഇത്രനാളായി നീ വന്നില്ല’
എന്നവരിൽ ഒരുവൾ എന്നോട്
പരിഭവമോതി.
ഞാൻ പോലുമറിയാതെ എനിക്കായി
കാത്തിരിന്ന ആ താമരപ്പൂവിനോട്
എനിക്ക് ഒരിക്കൽ കൂടി പ്രണയം
തോന്നി. അതിനുശേഷമുള്ള ഒരു
സ്വപ്നപ്രണയം.
പിന്നീടുള്ള യാത്രയിൽ വലം
കയ്യിൽ എന്റെ പ്രണയത്തെ ഞാൻ
മുറുകെ പിടിച്ചിരുന്നു. ഒരിക്കലും
ഇഴപിരിയരുതേ എന്ന് കരുതി ചേർത്തു
നിർത്തി.
യാത്രക്കൊടുക്കം മിഴി തുറന്നപ്പോൾ
ചുറ്റും ഇരുട്ട്. വലം കൈ ചുരുളു
വിടർത്തി നോക്കിയപ്പോൾ അവിടെ
എന്റെ പ്രണയം മരിച്ചുകിടക്കുന്നു.
മഞ്ഞുകണങ്ങൾക്കുള്ളിലൂടെ
ഊളിയിട്ടു വരുന്നകാറ്റിനു
കൊടുംവെയിലിന്റെ ചൂട്. മനസ്സിനോ
സ്പർശനമറിയാത്ത മരവിപ്പും.
അങ്ങിനെ വീണ്ടും ഏകാന്തത
പടികടന്നെത്തി.
നിലാവുള്ള രാത്രികളിൽ സ്വപ്നം
പോലും തിരസ്കരിക്കപ്പെട്ട എനിക്ക്
ഇനിയൊരു യാത്രക്കാവതില്ല.
നെടുവീർപ്പുകളോട് കഥ പറഞ്ഞു
മടുത്തു.
ഇനി ബാക്കിയുള്ള ഈ മൗനം
കൂടിയങ്ങ് അവസാനിച്ചിരിന്നെങ്കിൽ
എന്നറിയാതെ കൊതിച്ചുപോയി.
വെളിച്ചം കാണാതെ ഈ
സ്വപ്നസഞ്ചാരി ഇനിയസ്തമിക്കട്ടെ.
സ്നേഹ മേലേടത്ത് (ഭദ്ര)
(മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി)