പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ 46 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ ശക്തമായ നിലയിൽ. ഇന്നത്തെ മത്സരം അവസാനിക്കുമ്പോൾ ഇന്ത്യ 218 റൺസിന് ലീഡ് നേടി. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ വിക്കറ്റ് നഷ്ടമാകാതെ 172 റൺസ് നേടി. 90 റൺസുമായി യശസ്വി ജയ്സ്വാളും. 62 റണ്‍സോടെ കെ എല്‍ രാഹുലുമാണ് ക്രീസില്‍.
ആദ്യ ഇന്നിംഗ്സിലേതില്‍ നിന്ന് വ്യത്യസ്തമായി തുടക്കത്തില്‍ കരുതലോടെ കളിച്ച രാഹുലും യശസ്വിയും സ്റ്റാര്‍ക്കിനെയും ഹേസല്‍വുഡിനെയും ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. പതിനഞ്ചാം ഓവറില്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യൻ സ്കോര്‍ 50 കടത്തി.
10 വിക്കറ്റ് കൈയിലുള്ള ഇന്ത്യക്കിപ്പോള്‍ 218 റണ്‍സിന്‍റെ ആകെ ലീഡുണ്ട്. ഓപ്പണിംഗ് വിക്കറ്റില്‍ 72 റണ്‍സ് പിന്നിട്ടതോടെ 2003ല്‍ സിഡ്നിയില്‍ വീരേന്ദര്‍ സെവാഗും ആകാശ് ചോപ്രയും ചേര്‍ന്ന് 123 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടിനുശേഷമുള്ള ഓസ്ട്രേലിയയിലെ ഇന്ത്യയുടെ മികച്ച രണ്ടാമത്തെ ഓപ്പണിംഗ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡും യശസ്വിയും രാഹുലും സ്വന്തമാക്കി.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷിത് റാണയും രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും ചേര്‍ന്നാണ് ഓസ്ട്രേലിയയെ ആദ്യ ഇന്നിങ്സിൽ എറിഞ്ഞൊതുക്കിയത്. 112 പന്തുകള്‍ നേരിട്ട് 26 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന്‍റെ ടോപ് സ്കോറർ.