വേൾഡ് മലയാളീ കൌൺസിൽ വുമൺ ഫോറം പ്രസിഡന്റ് ശ്രീമതി ഷൈലാ രാജന്റെ പ്രിയ മാതാവ് ലീലാമ്മ മാത്യുവിന്റെ (74) നിര്യാണത്തിൽ പ്രൊവിൻസ് അംഗങ്ങൾ അനുശോചനം രേഖപ്പെടുത്തുകയും പരേതാത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു. ഈ നവംബർ മാസം ഒന്നാം തീയതി വാർദ്ധക്യസഹജമായ അസുഖങ്ങലാണ് പ്രിയ മാതാവ് ഈ ലോകത്തോട് വിട പറഞ്ഞത്. പരേതയുടെ ശവസംസ്കാരം നവംബർ ആറാം തീയതി, ബുധനാഴ്ച കോഴഞ്ചേരിയിലുള്ള മാരാമൺ മാർത്തോമ്മാ സിറിയൻ ചർച്ചിൽ വച്ച് നടക്കുകയുണ്ടായി.
ഫിലാഡൽഫിയ പ്രൊവിൻസ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും വേൾഡ് മലയാളീ കൌൺസിൽ അമേരിക്ക റീജിയണിന്റെ ജനറൽ സെക്രട്ടറി ശ്രീമാൻ അനീഷ് ജെയിംസും അനുശോചന സമ്മേളനത്തിൽ പങ്കെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച, നവംബർ എട്ടാംതീയതി വൈകുന്നേരം എട്ടുമണിക്കാണ് അനുശോചന സമ്മേളനം സംഘടിപ്പിച്ചത്. പ്രോവിൻസിന്റെ ജനറൽ സെക്രട്ടറി ലൂക്കോസ് മാത്യു എല്ലാവർക്കും സ്വാഗതം അർപ്പിച്ചു കൊണ്ടും ഷൈലാ രാജന്റെ മാതാവിന്റെ നിര്യാണത്തിലുള്ള ദുഖവും അനുശോചനവും രേഖപ്പെടുത്തി.
പ്രോവിൻസിന്റെ പ്രസിഡന്റ് നൈനാൻ മത്തായി തന്റെ അധ്യക്ഷ പ്രസംഗത്തിൽ കൂടി ലീലാമ്മ മാത്യുവിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തികൊണ്ട് അനുശോചനം അറിയിച്ചു. കേരളത്തിൽ വെക്കേഷനിൽ ആയിരുന്ന പ്രോവിൻസിന്റെ അംഗങ്ങളും അവരുടെ കുടുംബാങ്ങങ്ങളും പരേതയുടെ ശവസംസ്കാര ശുശ്രുഷകളിൽ പങ്കെടുത്തു പുഷ്പചക്രം അർപ്പിച്ചതിലുള്ള നന്ദിയും സ്നേഹവും യോഗം രേഖപ്പെടുത്തി. പ്രത്യേകിച്ച്, പ്രോവിൻസിന്റെ ട്രെഷറർ ആയിരിക്കുന്ന തോമസ്കുട്ടി
വർഗീസിന്റെ സഹോദരൻ ജോർജ്കുട്ടി വർഗീസും കുടുംബാങ്ങങ്ങളും പുഷ്പചക്രം സമർപ്പിക്കുവാനും ശവസംസ്കാര ശുശ്രുഷകളിൽ പങ്കെടുത്തു പരേതയുടെ കുടുംബത്തെ സമാശ്വസിപ്പിക്കുവാനും കാണിച്ച നല്ല മനസ്സിനെ യോഗം അഭിനന്ദിക്കുകയും അവരോടുള്ള നന്ദി അറിയിക്കുകയും ചെയ്തു.
ചെയർമാൻ ശ്രീമതി മറിയാമ്മ ജോർജ് തന്റെ അനുശോചന സന്ദേശത്തിൽ കൂടി ഷൈലാ രാജൻ തന്റെ പ്രിയ മാതാവിനെ എത്രമാത്രം സ്നേഹത്തോടും കരുതലോടും അവസാന നിമിഷം വരെയും പരിപാലിച്ചിരുന്നു എന്ന് എടുത്തു പറഞ്ഞു. പ്രോവിൻസിന്റെ പേരിലുള്ള ദുഖവും അനുശോചനവും രേഖപ്പെടുത്തി മറിയാമ്മ ജോർജ് പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചു. അമേരിക്ക റീജിയൻ ജനറൽ സെക്രട്ടറി ശ്രീമാൻ അനീഷ് ജെയിംസ് റീജിയണിന്റെ പേരിലുള്ള ദുഖവും അനുശോചനവും അറിയിച്ചു. അതുപോലെ, വേൾഡ് മലയാളീ കൌൺസിൽ ഗ്ലോബലിന്റെ പേരിലുള്ള എല്ലാവിധ അനുശോചനവും അദ്ദേഹം യോഗമധ്യേ അറിയിച്ചു. അനുശോചന സമ്മേളനത്തിൽ സംബന്ധിച്ച എല്ലാ പ്രൊവിൻസ് അംഗങ്ങളും അവരുടെ കുടുംബാങ്ങങ്ങളും പരേതയോടുള്ള ദുഖവും അനുശോചനങ്ങളും രേഖപ്പെടുത്തി.
ലീലാമ്മ മാത്യു രണ്ടായിരത്തിനോടടുത്തുള്ള വര്ഷങ്ങളിലാണ് അമേരിക്കയിലേക്ക് ഇമ്മിഗ്രേഷൻ വിസയിൽ എത്തിയത്. മക്കളോടും മരുമക്കളോടും കൊച്ചുമക്കളോടും അമേരിക്കയിൽ ആയിരുന്ന് സ്നേഹത്തിന്റെയും കരുണയുടെയും മാതൃകയായി ജീവിച്ച ഒരു മാതാവായിരുന്നു ലീലാമ്മ മാത്യു എന്ന് പ്രൊവിൻസ് അംഗവും കുടുംബത്തിന്റെ ഏറ്റവും അടുത്ത ബന്ധു കൂടിയായ ശ്രീമതി ലൈസാമ്മ ബെന്നി യോഗത്തിൽ അറിയിച്ചു. തന്റെയും ഭർത്താവിന്റെയും ചില ആരോഗ്യകാരണങ്ങളാൽ കുറച്ചു നാളുകളായി കേരളത്തിൽ ആയിരുന്നു. മക്കളായ ഷൈലയുടേയും ഷെറിയുടെയും മരുമകൻ സുമോദ് ജേക്കബിന്റേയും കരുതലും സ്നേഹവും ഏറെ ആസ്വദിച്ചുകൊണ്ട് വളരെ പ്രത്യാശയോടെയാണ് ലീലാമ്മ മാത്യു മരണത്തെ സ്വീകരിച്ചത് എന്നും ലൈസാമ്മ മാത്യു തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പ്രൊവിൻസിന്റെ റെഗുലർ മീറ്റിംഗ് അടുത്ത മാസം, ഡിസംബർ പതിനഞ്ചാം തീയതി, ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ചെയര്മാന് ശ്രീമതി മറിയാമ്മ ജോർജിന്റെ പുതിയ ഭവനത്തിൽ വച്ച് നടത്തുവാനും തീരുമാനിച്ചു (Address : Mariamma George, 24 Bobbie Dr., Ivyland, PA-18974).
ട്രഷറർ തോമസ്കുട്ടി വർഗീസ് അനുശോചനം അറിയിച്ചുകൊണ്ട് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. സമാപന പ്രാർത്ഥനയോടെ അനുശോചന സമ്മേളനം രാത്രി 9 മണിയോടുകൂടി പര്യവസാനിച്ചു.