Friday, November 22, 2024
Homeഅമേരിക്കഅമേരിക്കയുടെ ഭരണചക്രം വീണ്ടും ട്രമ്പിന്റെ കൈകളിൽ

അമേരിക്കയുടെ ഭരണചക്രം വീണ്ടും ട്രമ്പിന്റെ കൈകളിൽ

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ചതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങള്‍ക്കും തന്നോടൊപ്പം നിന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനുമെല്ലാം അദ്ദേഹം നന്ദി പറഞ്ഞു. അമേരിക്കയുടെ സുവര്‍ണ കാലം വന്നെത്തിയെന്ന് ട്രംപ് വ്യക്തമാക്കി. രാജ്യത്തിനുണ്ടായ മുറിവ് ഉണക്കുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തു. അമേരിക്കയുടെ 47-ാം പ്രസിഡന്റായി താന്‍ തെരഞ്ഞെടുക്കപ്പെട്ടു എന്നും അദ്ദേഹം ഫ്‌ലോറിഡയില്‍ പറഞ്ഞു.

അതേസമയം തിരിച്ചടിക്ക് പിന്നാലെ ഡെമോക്രാറ്റിക്ക് വാച്ച് പാര്‍ട്ടിയിലെ പ്രസംഗം കമല ഹാരിസ് റദ്ദാക്കി. അതേസമയം കമല ഇന്ന് മാധ്യമങ്ങളെ കാണില്ല. നിര്‍ണായകമായ സ്വിങ് സ്റ്റേറ്റുകള്‍ തൂത്തുവാരിയാണ് ട്രംപ് അധികാരത്തിലേക്ക് തിരിച്ചെത്തിയത്. അമേരിക്കന്‍ ചരിത്രത്തില്‍ ഒരിക്കല്‍ തോല്‍വി അറിഞ്ഞ പ്രസിഡന്റ് വീണ്ടും അധികാരത്തിലെത്തുന്നത് 127 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമാണ്. നോര്‍ത്ത് കാരോലൈന, ജോര്‍ജിയ, പെന്‍സല്‍വേനിയ എന്നിവിടങ്ങളില്‍ ട്രംപ് വന്‍വിജയമാണ് നേടിയത്. വിജയം ഉറപ്പായതോടെ റിപ്പബ്ലിക്കന്‍ ക്യാമ്പ് വിജയാഘോഷം തുടങ്ങി. ഫ്‌ലോറിഡയില്‍ അണികളെ അഭിസംബോധന ചെയ്ത ട്രംപ്, അമേരിക്കയുടെ സുവര്‍ണയുഗമാണിതെന്ന് പറഞ്ഞു.

റിപ്പബ്ലിക്കന്‍ അനുഭാവികള്‍ കൂട്ടത്തോടെ ഫ്‌ളോറിഡയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വിജയ സാധ്യത മങ്ങിയതോടെ ഡെമോക്രാറ്റിക് ക്യാമ്പുകള്‍ നിശബ്ദമായി. ഡെമോക്രാറ്റ് സ്ഥാനാര്‍ഥി കമല ഹാരിസ് ഇന്ന് മാധ്യമങ്ങളെ കാണില്ലെന്ന് അറിയിച്ചു.

വ്യോമിങ്, വെസ്റ്റ് വെര്‍ജീനിയ, ഉറ്റാഹ്, ടെക്സാസ്, ടെന്നസീ, സൗത്ത് ഡക്കോട്ട, സൗത്ത് കരോലൈന, ഒക്ലാഹോമ, ഓഹിയോ, നബ്രാസ്‌ക, നോര്‍ത്ത് ഡക്കോട്ട, നോര്‍ത്ത് കരോലൈന, മൊണ്ടാന, മിസിസിപ്പി, മിസൗറി, ലൂസിയാന, കെന്റകി, കന്‍സാസ്, ഇന്ത്യാന, ഇദാഹോ, ലോവ, ഫ്ളോറിഡ, അര്‍കന്‍സാസ്, അലബാമ, ജോര്‍ജിയ സ്റ്റേറ്റുകളാണ് ട്രംപിനൊപ്പം നില്‍ക്കുന്നത്. വാഷിങ്ടണ്‍, വെര്‍മൗണ്ട്, വെര്‍ജീനിയ, റോഡ് ഐലന്‍ഡ്, ഒറിഗോണ്‍, ന്യൂയോര്‍ക്ക്, ന്യൂമെക്സിക്കോ, ന്യൂജേഴ്സി, നെബ്രാസ്‌ക, മെയ്നെ, മെറിലാന്‍ഡ്, മസാച്യുസെറ്റ്സ്, ഇല്ലിനോയിസ്, ഹവായ്, ഡെലാവെയര്‍, ഡി.സി, കണക്ടികട്, കൊളറാഡോ, കാലിഫോര്‍ണിയ എന്നീ സ്റ്റേറ്റുകളാണ് കമലക്കൊപ്പം നില്‍ക്കുന്നത്.

ഓഹിയോ, വെസ്റ്റ് വെര്‍ജീനിയ, നബ്രാസ്‌ക എന്നിവിടങ്ങളില്‍ ജയിച്ചാണ് സെനറ്റില്‍ ഭൂരിപക്ഷം നേടിയത്. അരിസോണ, മിഷിഗന്‍, പെന്‍സല്‍വേനിയ, വിസ്‌കോണ്‍സന്‍ എന്നീ സ്റ്റേറ്റുകള്‍ ട്രംപ് നേടി. മിഷിഗനില്‍ കമല തുടക്കത്തില്‍ മുന്നേറ്റം കാഴ്ചവച്ചെങ്കിലും പിന്നീട് ട്രംപ് അത് മറികടന്നു. വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന പെന്‍സല്‍വേനിയ, വിസ്‌കോണ്‍സന്‍, മിഷിഗന്‍ എന്നീ സ്റ്റേറ്റുകള്‍ കൈവിട്ടതാണ് കമലക്ക് തിരിച്ചടിയായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments