Wednesday, November 6, 2024
Homeഅമേരിക്കഅമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നമ്മൾ ഏതു പാർട്ടിക്ക്, ആർക്ക് വോട്ട് ചെയ്യണം? ചില ശിഥില ചിന്തകൾ

അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നമ്മൾ ഏതു പാർട്ടിക്ക്, ആർക്ക് വോട്ട് ചെയ്യണം? ചില ശിഥില ചിന്തകൾ

എ.സി.ജോർജ്

ആസന്നമായ അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ ഇതരഞ്ഞെടുപ്പ് പോർക്കളത്തിൽ ഏറ്റുമുട്ടുന്ന റിപ്പബ്ലിക്കൻ നോമിനി ഡോണാൾഡ് ട്രംപിനെയും, അതുപോലെ ഡെമോക്രാറ്റിക് നോമിനി കമലഹാരിസിനെയും, ഇരുവരുടേയും ജനക്ഷേമകരമായ അജണ്ടകളെയും വളരെ ഹ്രസ്വമായി ഒന്നു വിലയിരുത്തുകയാണ് ഈ ലേഖനത്തിലൂടെ. അമേരിക്കൻ പൗരന്മാരുടെ വിലയേറിയ വോട്ടുകൾ ആരുടെ പെട്ടിയിൽ വീഴണം എന്ന് തീരുമാനിക്കുന്നത് ഇവിടത്തെ ഓട്ടവകാശം ഉള്ള ഓരോ വ്യക്തികളും ആണ്. ഇന്ത്യയിൽ നിന്ന് ഏതാണ്ട് അൻപതിൽപരം വർഷങ്ങൾക്കു മുൻപ് കുടിയേറിയ ഇന്ത്യൻ അമേരിക്കൻ പൗരൻ എന്ന നിലയിൽ ഒരു സ്വതന്ത്ര അവലോകനം അല്ലെങ്കിൽ വിഹഗ വീക്ഷണം മാത്രമാണ് ഇവിടെ നടത്തുന്നത്. രണ്ടു പാർട്ടിക്കാരുടെയും, രണ്ട് സ്ഥാനാർത്ഥികളുടെയും പ്രചരണങ്ങളുടെ കൊട്ടിക്കലാശം നടക്കുന്ന അവസരമാണിത്. നമ്മുടെ ഇന്ത്യ നാട്ടിലെ മാതിരി കാടിളക്കി, നാടിളക്കി, ഉഴതുമറിച്ചു, തൊണ്ണ തൊരപ്പൻ മുദ്രാവാക്യങ്ങളുമായി കൂവികൊക്കി വെടിയും വെടിക്കെട്ടും പുകയുമായി നടത്തുന്ന ഒരു കൊട്ടിക്കലാശ പ്രചരണ സമാപനം അല്ല അമേരിക്കയിൽ നടക്കുന്നത്. തികച്ചും വ്യത്യസ്തമായ രീതിയിൽ ടൗൺഹാൾ യോഗങ്ങളും, പ്രത്യയശാസ്ത്ര രാഷ്ട്രീയവാദ പ്രതിവാദങ്ങളും, ഒരല്പം ചെളി പരസ്പരം വാരി എറിയുന്നതും ഒഴിച്ചാൽ പ്രചരണകൊട്ടിക്കലാശം, കോലാഹലങ്ങൾ ഇല്ലാതെ ശാന്തമാണെന്ന് പറയാം.

ഈ രണ്ടു പാർട്ടിക്കാരും, പൊതുജനങ്ങളും പലപ്പോഴായി ചോദിക്കുന്നത് ഇതിലും മെച്ചപ്പെട്ട സ്ഥാനാർത്ഥികളെ എന്തുകൊണ്ട് ഈ രണ്ടു പാർട്ടിക്കും നേടാൻ കഴിഞ്ഞില്ല എന്നുള്ള വസ്തുതയാണ്. കാര്യങ്ങൾ അപഗ്രഥനം ചെയ്യുമ്പോൾ ഇവർ ഉന്നയിക്കുന്ന സംശയങ്ങൾ ഒരു പരിധിവരെ ശരിയാണെന്ന് തന്നെ വേണം നിരീക്ഷിക്കാൻ. എന്നാൽ വോട്ടേഴ്സിന്, ഇനി കാര്യമായ ചോയിസുകൾ ഇല്ല. ഈ രണ്ടുപേരിൽ, ഒരാളെ, അതായത് നാട്ടിൽ പറയുന്ന മാതിരി “തമ്മിൽ ഭേദം തൊമ്മനെ” തെരഞ്ഞെടുക്കുക എന്നേയുള്ളൂ. ഈ സ്ഥാനാർത്ഥികളുടെ ഭൂതവും ഭാവിയും, നിലപാടുകളും, വാഗ്ദാനങ്ങളുടെ പെരുമഴയും, സത്യസന്ധതയും, സൂക്ഷ്മമായി പരിശോധിച്ചു തുറന്ന മനസ്സോടെ വോട്ട് ചെയ്യുക എന്നുള്ളതാണ് കരണീയം. വോട്ടിങ്ങിന്റെ കാര്യത്തിൽ നിസ്സംഗത പാലിക്കാതെ, രാഷ്ട്രീയ

പ്രബുദ്ധതയോടെ തന്നെ, അവനവൻ, അവനവൾ സ്വന്തം വോട്ട് ചെയ്യാനുള്ള ജനകീയ അവകാശം പ്രയോഗിക്കുക തന്നെ. ആരായിരിക്കണം നമ്മുടെ ചോയ്സ്? ആരായിരിക്കണം അടുത്ത നമ്മുടെ അമേരിക്കൻ പ്രെസിഡൻഡ്? ഇന്ന പാർട്ടിയിൽ നിന്ന്, ഇന്ന വ്യക്തി തെരഞ്ഞെടുക്കപ്പെട്ടാൽ എനിക്ക് എന്ത് ഗുണം കിട്ടും? ഒരു മറുരാജ്യത്തുനിന്ന് കുടിയേറി ഇവിടെയെത്തിയ, അല്ലെങ്കിൽ ഇന്ത്യയിൽ നിന്ന് കുടിയേറി ഇവിടെയെത്തിയ ഒരു അമേരിക്കൻ പൗരൻ എന്നുള്ള നിലയിൽ ആര് ജയിച്ചാൽ ആണ് എനിക്ക് പ്രത്യേകമായ ഗുണം എന്ന ആ ചിന്താഗതി എത്ര കണ്ട് ശരിയാണ്? ലോകത്തുള്ള സർവ്വ രാജ്യത്ത് നിന്നും കുടിയേറിയവരാണ് ഇവിടത്തെ പൗരന്മാർ. അപ്രകാരം ഓരോ രാജ്യത്ത് നിന്ന് കുടിയേറിയ പൗരന്മാർ സ്വന്തമായിട്ടും സ്വന്തം കുടിയേറി വന്ന രാജ്യത്തിന് ആയിട്ടും ആരു തെരഞ്ഞെടുക്കപ്പെട്ടാൽ ഗുണം കിട്ടും എന്നുള്ള ആ ചിന്ത തീർത്തും അനഭിക്ഷണീയം അല്ലേ? അത് തികച്ചും, സ്വാർത്ഥതയും, ഇവിടത്തെ രാജ്യ താത്പര്യത്തിന് കൂടെ വിരുദ്ധവും അല്ലേ. ഇവിടെ പൗരത്വം എടുക്കുമ്പോൾ ഏത് രാജ്യത്തിൽ നിന്ന് കുടിയേറിയവരായാലും അമേരിക്കയോട്, നൂറു ശതമാനവും കൂറുപുലർത്താമെന്ന് ഒരു സത്യപ്രതിജ്ഞ എല്ലാവരും എടുക്കുന്നുണ്ടല്ലോ.

അതല്ലേ പാലിക്കപ്പെടേണ്ടത്, അതിനല്ലേ ഊന്നൽ കൊടുക്കേണ്ടത്, ഈ രണ്ട് സ്ഥാനാർത്ഥികളും ഏതാണ്ട് മുദ്രാവാക്യമായി ഉയർത്തിയിരിക്കുന്നത്, അമേരിക്ക ഫസ്റ്റ് എന്നുള്ളതാണ്. രണ്ടുപേരും അമേരിക്ക ഫസ്റ്റ് എന്ന് പറയുമ്പോൾ ആരുടെ ഫസ്റ്റ്നാണ് മുൻതൂക്കം എന്നും നമ്മൾ വിലയിരുത്തേണ്ടതുണ്ട്. ഈ ലേഖകൻ ഇത്രയും ഇതിനെപ്പറ്റി പറയാൻ കാരണം ഈയിടെയായി ഇന്ത്യൻ മാധ്യമങ്ങളിൽ, ഇന്ത്യയ്ക്ക്, മലയാളികൾക്ക്, മൊത്തത്തിൽ ഈ വ്യക്തി വന്നാൽ കൂടുതൽ നന്നായിരിക്കും എന്ന ആശയങ്ങൾ കൂടുതലായി ഇന്ത്യൻ വംശജർ ഉന്നയിക്കുന്നത് കൊണ്ടാണ്. ഈ ആശയം ഒരു പരിധിവരെ, പൊളിച്ചടുക്കപ്പെടേണ്ടതാണ്. അമേരിക്ക എന്ന രാജ്യത്തിന്, ലോകസമാധാനത്തിന് ലോകത്തിന്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തലവൻ ആയി തെരഞ്ഞെടുക്കപ്പെടാൻ പോകുന്ന വ്യക്തി അമേരിക്കയ്ക്കും, ലോകത്തിനു മൊത്തത്തിലും ഗുണകരമായിരിക്കുമോ എന്നതാണ് നമ്മൾ ചിന്തിക്കേണ്ടത്.

ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ ഒരു സെക്കുലർ രാഷ്ട്രം കൂടിയാണ്. മാധ്യമങ്ങളിൽ പല പ്രസ്താവനകളും കണ്ടു, ഈ വ്യക്തി ഇന്ത്യൻ വംശജയാണ് അതിനാൽ ഇന്ത്യയിൽ നിന്ന് കുടിയേറിയ അമേരിക്കൻ പൗരന്മാർ അവർക്ക് വോട്ട് ചെയ്യണം. ഇരു പാർട്ടി പാനലിലും ഇന്ത്യൻ സാന്നിധ്യമുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയുടെ ജീവിതപങ്കാളി ഇന്ത്യൻ വംശജയാണ്. അതിനാൽ ഇപ്രാവശ്യം ഏതു പാർട്ടി ജയിച്ചു വന്നാലും അതിലല്പം ഇന്ത്യൻ മിക്സ്ർ കാണുമെന്ന് ചിലർ സമാശ്വാസിക്കുന്നു.

ഇന്നയാളെ ഇന്ന വ്യക്തിയെ തിരഞ്ഞെടുത്താൽ ഇന്ത്യയുടെ ഒരു സഖ്യകക്ഷിയായി ചേർന്ന് ഇന്ത്യയുടെ അയലത്തുള്ള എല്ലാ ശത്രു രാജ്യങ്ങളെയും അടിച്ചൊതുക്കും എന്നതാണ് ഒരു വാദഗതി. പക്ഷേ അയലത്തുള്ള ഈ ശത്രു രാജ്യങ്ങളിൽ വേരുകളുള്ള അമേരിക്കൻ പൗരന്മാരും ഇവിടെയുണ്ട്. അവർ ആർക്ക് വോട്ട് ചെയ്യണം? ഇന്ത്യയെ അടിച്ചൊതുക്കുന്നവർക്ക് ഞങ്ങളുടെ വോട്ടുകൾ കൊടുക്കാം എന്ന് അവർ ചിന്തിക്കുന്നത് ശരിയാകുമോ? അതിനാൽ ഇത്തരം വാദഗതികൾ ഒരിക്കലും ശരിയല്ല.

ഇന്ത്യ പരസ്പരം യുദ്ധം ചെയ്തിട്ടുള്ള രണ്ട് അയൽ രാജ്യങ്ങളാണ് പാക്കിസ്ഥാനും ചൈനയും. എന്നാൽ അവിടെ നിന്ന് അമേരിക്കയിലേക്ക് കുടിയേറി പൗരത്വം ഉള്ളവർ, ഇന്ത്യയിൽ നിന്ന് കുടിയേറി അമേരിക്കൻ പൗരത്വം എടുത്ത നമ്മളും അമേരിക്കയിൽ തുല്യ വോട്ടവകാശം ഉള്ളവരാണ്. ഇന്ത്യയിലുള്ള ഇന്ത്യക്കാർ ആ രാജ്യങ്ങളെ പരമ്പരാഗതമായി, പരസ്പരം ശത്രുക്കളായി കരുതുമെങ്കിൽകൂടെ അമേരിക്കയിലുള്ള ആ രാജ്യ വംശജർ നമ്മുടെ മിത്രങ്ങൾ തന്നെയാണ്. അതായത് അമേരിക്ക ലോകത്തുള്ള ശത്രുക്കളെയും മിത്രങ്ങളെയും ഒരുമിപ്പിക്കുന്ന ഒരു ചാലക ജനാധിപത്യ രാജ്യമാണ്. അതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഈ മഹത്തായ ജനാധിപത്യ രാജ്യത്തിൻറെ ചുക്കാൻ പിടിക്കാൻ മത്സരിക്കുന്ന രണ്ട് കക്ഷികളിലും ഉള്ള ഇന്ത്യൻ വംശജരുടെ സാന്നിധ്യം. നിങ്ങൾ കണ്ണ് തുറന്നു നോക്കൂ അമേരിക്കയുടെ വിവിധ സിറ്റികളിലും ടൗണുകളിലും എത്രയെത്ര ഇന്ത്യൻ വംശജരായ മേയർന്മാർ, കൗണ്ടി ലെജിസ്ലേറ്റർസ്, കൗൺസിലർമാർ, കോൺഗ്രസ് മെമ്പർമാർ ആണുള്ളത്. എന്നാൽ വലിയ ജനാധിപത്യ രാജ്യമായി നമ്മൾ കൊട്ടിഘോഷിക്കുന്ന നമ്മുടെ വേരുള്ള ഇന്ത്യയിൽ എന്നെങ്കിലും എപ്പോഴെങ്കിലും വേരുകൾ ഉണ്ടായിരുന്ന, ഉള്ള എത്ര പേരെ അവിടെ രാഷ്ട്രീയത്തിൽ ഇപ്പോൾ കാണാൻ പറ്റും. സോണിയ ഗാന്ധിയെയും ഫാമിലിയേയും മാത്രം ഒരൊറ്റപ്പെട്ട സംഭവമായി കരുതുക.. അവരുടെ അമ്മായിയമ്മ ഇന്ദിരാഗാന്ധിയും, അതുപോലെ ഭർത്താവ് രാജീവ് ഗാന്ധിയും രാജ്യത്തെ പ്രധാനമന്ത്രിമാരായിരിക്കുമ്പോൾ രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ചവരാണ് എന്നുകൂടി ഓർക്കണം. എന്നാലും സോണിയ ഗാന്ധിക്ക് എന്തുകൊണ്ട് ഇന്ത്യൻ പ്രൈം മിനിസ്റ്റർ ആകാൻ കഴിഞ്ഞില്ല അതും മഹത്തായ ഇന്ത്യൻ ജനാധിപത്യത്തിൻറെ ഒരു ദുര്യോഗമല്ലെ? ഇപ്പോഴും ആ ഫാമിലിയെ വിദേശികളായി ചിത്രീകരിക്കുന്നവരും വേട്ടയാടുന്നവരും ധാരാളം. എന്നാൽ ഒരു ഇന്ത്യൻ വംശജന് പൗരത്വം എടുത്തു കഴിഞ്ഞാൽ യൂറോപ്യൻ രാജ്യങ്ങളിലും പ്രത്യേകിച്ച് അമേരിക്കയിലും ഈ ലേഖകൻ സൂചിപ്പിച്ച മാതിരി ഏത് രാഷ്ട്രീയ പദവിയിലേക്കും മത്സരിക്കാൻ പറ്റും തെരഞ്ഞെടുക്കപ്പെടാൻ സാധ്യമാകും. അതാണ് അമേരിക്കൻ ജനാധിപത്യത്തിന്റെ മഹത്തായ മാതൃക..അതാണ് അമേരിക്ക ഫസ്റ്റ് എന്ന് നമ്മളെ പലരെയും ചിന്തിപ്പിക്കാൻ സാധ്യമാക്കുന്ന ഘടകം.

അതുപോലെ ഇന്ന വ്യക്തി അമേരിക്കൻ പ്രെസിഡൻഡ് ആയി തെരഞ്ഞെടുക്കപ്പെട്ടാൽ ഹിന്ദുക്കൾക്ക് കൂടുതൽ സംരക്ഷണം കിട്ടും, ഹിന്ദുക്കൾക്ക് അമേരിക്കയിൽ കൂടുതൽ അവകാശങ്ങൾ കിട്ടും, വൈറ്റ് ഹൗസ് ഉൾപ്പെടെ അമേരിക്കയുടെ എല്ലാ സർക്കാർ ഓഫീസുകളിലും, മൊത്തത്തിൽ അമേരിക്ക ഒട്ടാകെ, ദീപാവലി ഉൾപ്പെടെ ഇന്ത്യൻ ഹിന്ദു പുണ്യ ദിനങ്ങൾ എല്ലാം

ഇവിടുത്തെ സർക്കാർ അവധി ദിനങ്ങൾ ആയി മാറ്റിയെടുക്കാം എന്ന് ചില ഹിന്ദുമത മൗലിക വാദികൾ വാദിക്കുന്നത് കണ്ടു. അപ്രകാരം ചൈനയിൽ നിന്ന് വന്നവർ, ജപ്പാനിൽ നിന്ന് വന്നവർ, ലോകത്ത് വിവിധ ഭാഗങ്ങളിൽ നിന്ന് വിവിധ മതവിശ്വാസികൾ ഉൾക്കൊള്ളുന്ന അമേരിക്കൻ പൗരന്മാർ അവരുടെ രാജ്യത്തെ പുണ്യ ദിനങ്ങൾ അവധി ദിനമായി പ്രഖ്യാപിക്കുന്ന ആൾ ആയിരിക്കണം അമേരിക്കൻ പ്രസിഡണ്ട് ആകുന്നത് എന്ന് വാദിച്ചാൽ എത്രകണ്ട് ശരിയാണ്. അങ്ങനെ വന്നാൽ 365 ദിനവും അവധിയായി പ്രഖ്യാപിക്കേണ്ടിവരും. അപ്പോൾ പിന്നെ അമേരിക്കയിൽ വർക്കിംഗ് ഡേ ഇല്ലാതെ വരും. എന്നാൽ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള അമേരിക്കയിൽ ക്രിസ്ത്യാനികളുടെ പുണ്യ ദിനമായ ക്രിസ്തുമസ് അടക്കം പല ദിനങ്ങളും ഒഴിവുദിനങ്ങൾ അല്ല എന്നും ഓർക്കണം. അത് അങ്ങനെ തന്നെ വേണം താനും. ഒരു സെക്കുലർ രാജ്യത്ത് ഭൂരിപക്ഷ മതസ്ഥർക്ക് ഒരുതരത്തിലുള്ള പ്രത്യേക പരിഗണനയും പാടില്ല. ആ ഭരണഘടന തത്വം ഇന്ത്യ ഗവൺമെൻറ്, അതുപോലെ ഭാരതത്തിൽ നിന്ന് അമേരിക്കയിൽ കുടിയേറിയ എല്ലാവരും മനസ്സിലാക്കണം. അതുകൊണ്ട് തന്നെയാണ് അമേരിക്ക ദ ഗ്രേറ്റ് എന്നു ഈ ലേഖകനും ചിന്തിക്കുന്നത്. വരുംകാലങ്ങളിൽ അമേരിക്കയുടെ ചുക്കാൻ പിടിക്കേണ്ട ആൾ, ഇവിടെ മാധ്യമത്തിൽ കണ്ടപോലെ ഹിന്ദുക്കളുടെ മാത്രം അവകാശങ്ങൾ സംരക്ഷിക്കുന്ന ആളായിരിക്കണം എന്ന് കരുതരുത്. അദ്ദേഹം, ഹിന്ദു ക്രൈസ്തവ, മുസ്ലിം, സിക്ക്, ജൈന, ബുദ്ധ, പാർസി തുടങ്ങി എല്ലാ മത വിശ്വാസികളുടെയും, മതമില്ലാത്ത നിരീശ്വരന്മാരുടെയും കൂടെ, യുക്തിവാദികളുടെ കൂടെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറുള്ളയാൾ ആയിരിക്കണം. നമ്മൾ ഇടുങ്ങിയ, നമ്മുടെ മാത്രം ശരി എന്ന രീതിയിൽ, കരുതാതെ മറ്റുള്ളവരെയും കൂടി, അവരുടെ ശരികളെയും കൂടി പരിഗണിക്കുന്ന വ്യക്തികളെ ആയിരിക്കണം നമ്മൾ വോട്ട് ചെയ്ത് വിജയിപ്പിക്കേണ്ടത്. ഇവിടെ വർഗീയതയ്ക്കും, നിങ്ങൾ ഏതു രാജ്യത്ത് നിന്നുവന്നു എന്ന ആ രാജ്യത്തിൻറെ മാത്രം ദേശീയതയ്ക്കും വലിയ പ്രസക്തിയില്ല. ലോകത്ത് ഇത്തരം ദുർഗുണചിന്താഗതിയും മറ്റും ഏറ്റവും കുറവുള്ള രാജ്യം ഈ ലേഖകന്റെ വീക്ഷണത്തിൽ അമേരിക്ക ആണു. ഇന്ത്യയുടെ ജനാധിപത്യം ഒരു വർഗീയ ചേരിതിരിവിലൂടെ ജനത്തിന്റെ മേലുള്ള ആധിപത്യമായി മാറിക്കഴിഞ്ഞു. മതവും വർഗീയതയും ആളിക്കത്തിച്ചാണ് സമീപകാലങ്ങളിൽ അവിടെ ഇലക്ഷൻ നടന്നതും. ഭരണകക്ഷിക്കാർ അധികാരത്തിലേറിയതതും.

ഇടയിൽ ഒന്ന് സൂചിപ്പിക്കട്ടെ. ഈ ലേഖകന്റെ ഏത് അഭിപ്രായത്തോടും ആർക്കും യോജിക്കാം വിയോജിക്കാം. എന്നാൽ വിയോജിക്കുന്നവരുടെ അഭിപ്രായങ്ങളും ഞാൻ സ്നേഹ ബഹുമാനങ്ങളുടെ മാത്രം കരുതുന്നു.

ലോകത്ത് എവിടെയുള്ള അമേരിക്കൻ പൗരനും ജാതിമത വർഗീയഭേദമില്ലാതെ അമേരിക്കൻ നിയമമനുസരിച്ച് അമേരിക്കയുടെ ഏത് പൊസിഷനിലേക്കും മത്സരിക്കാം അതുപോലെ ഏത് ജോലിക്കും അപേക്ഷിക്കാം. അതിനുള്ള ഉത്തമ ഉദാഹരണങ്ങൾ ഇനി ഞാൻ വിവരിക്കേണ്ടതില്ലല്ലോ. എന്നാൽ ഇന്ത്യയിൽ, കേരളത്തിൽ എന്താണ് സംഭവിക്കുന്നത്? അവിടെ ജാതി മതം വർഗ്ഗം നോക്കി സ്ഥാനാർത്ഥികളെ നിർത്തുന്നു. നിൽക്കുന്ന സ്ഥാനാർത്ഥികൾ മതമേധാവികളുടെ

എല്ലാ ശാഠ്യങ്ങൾക്കും നിന്നു കൊടുക്കുന്നു. പാലക്കാടുള്ള ഒരു വ്യക്തി തിരുവനന്തപുരത്ത് പോയി മത്സരിച്ചാൽ അയാളെ വിദേശി എന്ന മട്ടിൽ ത്യജിക്കുന്നു കാലു വാരുന്നു.

ലോകസമാധാനം, യുദ്ധങ്ങൾ, സാമൂഹ്യ സുരക്ഷ, വിലകയറ്റം, പണപ്പെരുപ്പം, ക്രൈം കൺട്രോൾ, മനുഷ്യാവകാശ ധംസനങ്ങൾ, സ്ത്രീ സുരക്ഷയും സമത്വവും, അബോർഷൻ, ഗൺ കൺട്രോൾ, ഗൺ വയലൻസ്, ഇല്ലീഗൽ ഇമിഗ്രേഷൻ, ബോർഡർ കൺട്രോൾ.എല്ലാറ്റിലും ഓരോ സ്ഥാനാർത്ഥികളുടെയും നിലപാടുകൾ എന്ത്? പിന്നീട് ആര് ജയിച്ചാലും, അമേരിക്കയിൽ, മിക്കവാറും എല്ലാ സ്റ്റേറ്റുകളിലും നല്ല ഉറപ്പുള്ള ഒരു സിവിൽ ഭരണസംവിധാനങ്ങൾ ഉള്ളതുകൊണ്ട് അമേരിക്കയിൽ രാഷ്ട്രീയ ദുരവസ്ഥയോ അരക്ഷിതാവസ്ഥയോ ഈ തെരഞ്ഞെടുപ്പിന്ശേഷം ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കേണ്ടതില്ല. അതുപോലെ ഇവിടത്തെ ഫെഡറൽ സിവിൽ ഭരണ സംവിധാനങ്ങളും വളരെ കെട്ടുറപ്പുള്ളതാണ്. മറ്റു പല രാജ്യങ്ങളുടെ എന്നപോലെ ഇവിടെ ഒരു രാഷ്ട്രീയ ഫാസിസ്റ്റ് ഭരണവും ആർക്കും അടിച്ചേൽപ്പിക്കാൻ സാധിക്കും എന്നും തോന്നുന്നില്ല.

ഇപ്രകാരം ജനാധിപത്യത്തിന്റെ പല താരതമ്യ പഠനങ്ങളും നടത്തുമ്പോൾ, നമ്മൾ ആർക്ക് വോട്ട് ചെയ്യണം? രാജ്യത്ത് പറ്റുന്നത്ര രീതിയിൽ സമ്പദ്സമൃദ്ധി കൈ വരുത്താൻ പ്രാപ്തനായ വ്യക്തി, ലോകസമാധാനത്തിന് നേതൃത്വം കൊടുക്കാൻ ശക്തനായ വ്യക്തി, അമേരിക്ക ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഒരു രാജ്യമാണെങ്കിൽ തന്നെയും, ഭൂരിപക്ഷ സമുദായമായ ക്രിസ്ത്യാനികൾക്ക് മാത്രം പ്രാധാന്യവും ആനുകൂല്യവും കൊടുക്കാത്ത ഒരു വ്യക്തി. എല്ലാ മതവർഗീയ രാജ്യ നിവാസികളെയും ഒരേപോലെ കണക്കാക്കുന്ന ഒരു വ്യക്തി ആരാണോ അവർക്കായിരിക്കണം നമ്മുടെ വോട്ട്. അതാരാണ് എന്ന് ഓരോ വോട്ടേഴ്സിനും, യുക്തം പോലെ, മനസ്സ് പോലെ, സ്വതന്ത്ര ചിന്തയോടെ തീരുമാനിക്കാവുന്നതാണ്. ആരും പെർഫെക്ട് അല്ല എന്ന കാര്യവും നമ്മുടെ ഓർമ്മയിൽ ഉണ്ടാകണം. ഒരുപക്ഷേ പെർഫെക്റ്റ് ആയ വ്യക്തി,സ്ഥാനാർത്ഥി ഇനിയും ജനിക്കാൻ ഇരിക്കുന്നതേയുള്ളൂ എന്ന് ചില തത്വചിന്തകർ അഭിപ്രായപ്പെടുന്നു. ഈ ലേഖകൻ ഏതായാലും വോട്ട് പാഴാക്കില്ല. ആരംഭത്തിൽ പറഞ്ഞ തമ്മിൽ ഭേദം തൊമ്മൻ എന്ന വ്യക്തിക്കും രാഷ്ട്രീയപാർട്ടിക്കും വോട്ട് രേഖപ്പെടുത്തും. ..

എ.സി.ജോർജ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments