ശബരിമലയില്‍ ആറ് ഘട്ടങ്ങളിലായാണ് ഇത്രയും പോലീസുകാരെ ശബരിമലയില്‍ ഡ്യൂട്ടിക്കായി നിയോഗിക്കുക. ഏകദേശം 12 ദിവസം നീളുന്നതാണ് ഓരോ ഘട്ടവും.ആംഡ് ബറ്റാലിയനില്‍ നിന്ന് 7959 പോലീസുകാരെയും ലോക്കല്‍ പോലീസില്‍ നിന്ന് 5696 പേരെയുമാണ് ഡ്യൂട്ടിക്കായി നിയോഗിക്കുക. ഓരോ ഘട്ടത്തിലും 2000 മുതല്‍ 2270 വരെ പോലീസുകാര്‍ സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവടങ്ങളില്‍ ഡ്യൂട്ടിക്കായി ഉണ്ടാകും. ഹെഡ്ക്വാട്ടേഴ്സ് എഡിജിപി എസ് ശ്രീജിത്ത് ചീഫ് പോലീസ് കോര്‍ഡിനേറ്ററായും സൗത്ത് സോണ്‍ ഐജി എസ് ശ്യാംസുന്ദര്‍ ജോയിന്റ് പോലീസ് കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കും.
തിരുവനന്തപുരം റേഞ്ച് ഐജി എസ് അജിതാ ബീഗം, എറണാകുളം റേഞ്ച് ഐജി തോംസണ്‍ ജോസ്, കൊച്ചി സിറ്റി കമ്മിഷണര്‍ പുട്ട വിമലാദിത്യ എന്നിവരാണ് അഡീഷണല്‍ പോലീസ് കോര്‍ഡിനേറ്റര്‍മാര്‍. പോലീസിനെ വിന്യസിക്കുന്ന ഓരോ ഘട്ടത്തിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഐപിഎസ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന് സ്പെഷ്യല്‍ ഓഫീസറായി പ്രവര്‍ത്തിക്കും.
ജൂനിയര്‍ ഐപിഎസുകാരില്‍ ചിലര്‍ ജോയിന്റ് സ്പെഷ്യല്‍ ഓഫീസര്‍മാരായും അഡീഷണല്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസറായും പ്രവര്‍ത്തിക്കും. അഞ്ച് ഘട്ടങ്ങളിലായാണ് സ്പെഷ്യല്‍ ഓഫീസര്‍മാരെ വിന്യസിക്കുക.
വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തരുടെ രേഖകള്‍ പരിശോധിക്കുന്നതിനായി 13 കൗണ്ടറുകളിലായി പരിശീലനം ലഭിച്ച 60 പോലീസുകാരെ നിയോഗിക്കും. 7,500 വാഹനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 17 പാര്‍ക്കിംഗ് കോംപ്ലക്സുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
മണ്ഡലകാല തീർത്ഥാടനത്തിനായി നവംബര്‍ 15നാണ് ശബരിമല നട തുറക്കുന്നത്. അടുത്ത ഒരു വര്‍ഷത്തേയ്ക്കുള്ള പുതിയ മേല്‍ശാന്തിമാരായി തിരഞ്ഞെടുക്കപ്പെട്ട എസ് അരുണ്‍കുമാര്‍ നമ്പൂതിരി (ശബരിമല), വാസുദേവന്‍ നമ്പൂതിരി (മാളികപ്പുറം) എന്നിവരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ 15ന് വൈകിട്ട് നടക്കും.