ചങ്ങനാശേരി: പതിനായിരകണക്കിനു വിശ്വാസികൾ തിങ്ങി നിറഞ്ഞ സാന്നിധ്യത്തില്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തിൽ പ്രത്യേകം തയ്യാറാക്കിയ വിശുദ്ധ മദ്ബഹായിൽ പ്രാര്‍ത്ഥനയുടെ അകമ്പടിയോടെ നടന്ന ചടങ്ങിൽ ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ അഭിഷിക്തനായി. കത്തീഡ്രൽ ദേവാലയാങ്കണത്തിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയിൽ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരായിരിന്നു.
അരമനയിൽനിന്ന് രാവിലെ 8.45 ന് നിയുക്ത ആർച്ച് ബിഷപ്പും മറ്റു ബിഷപ്പുമാരും കത്തീഡ്രൽ ദേവാലയാങ്കണത്തിലേക്ക് എഴുന്നള്ളി വന്നു. തുടർന്ന് തിരുവസ്ത്രങ്ങളണിഞ്ഞ് ഘോഷയാത്രയായി അവർ പ്രത്യേകം തയ്യാറാക്കിയ സ്ഥാനാരോഹണ ശുശ്രൂഷ വേദിയിലേക്ക് ആഗതരായി. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വിശ്വാസികളെ സ്വാഗതം ചെയ്തു. മാര്‍ റാഫേല്‍ തട്ടില്‍ നടത്തിയ പ്രഖ്യാപനത്തിനുശേഷം അംശവടിയും മോതിരവും പുതിയ ആര്‍ച്ച് ബിഷപ്പിന് നല്കി വിശുദ്ധ മദ്ബഹയിൽ അദ്ദേഹത്തെ ഉപവിഷ്ടനാക്കിയപ്പോൾ ആദരസൂചകമായി മുഴങ്ങിയ പള്ളി മണികളുടെയും ആചാര വെടികളുടെയും ശബ്ദം അന്തരീക്ഷത്തിൽ അലയടിച്ചു.
സ്ഥാനാരോഹണ ശുശ്രൂഷകളെ തുടർന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിൻ്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പെരുന്തോട്ടം എന്നിവർ സഹകാർമികരായി.
തുടര്‍ന്നു നടന്ന പൊതുസമ്മേളനം മാർ തോമസ് തറയിലിൻ്റെ അനുമോദന ചടങ്ങിൻ്റെയും അദ്ധ്യക്ഷസ്ഥാനത്തു നിന്നും പടിയിറങ്ങിയ മാർ ജോസഫ് പെരുന്തോട്ടത്തിനുള നന്ദി പ്രകാശന ചടങ്ങിൻ്റെയും വേദിയായി. സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവാ, മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു.