Friday, November 22, 2024
Homeഅമേരിക്കഐനാനി എൻ പി വീക്കും സൗജന്യ തുടർവിദ്യാഭ്യാസ സമ്മേളനവും നവംബർ പതിനാറിന് എൽമോണ്ട് കേരളം സെന്ററിൽ

ഐനാനി എൻ പി വീക്കും സൗജന്യ തുടർവിദ്യാഭ്യാസ സമ്മേളനവും നവംബർ പതിനാറിന് എൽമോണ്ട് കേരളം സെന്ററിൽ

പോൾ ഡി. പനയ്ക്കൽ

തുടർവിദ്യാഭ്യാസത്തിന്റെ ക്രെഡിറ്റ് നഴ്സുമാർക്ക് ലഭ്യമാക്കിക്കൊണ്ട് ന്യൂ യോർക്കിലെ ഇന്ത്യൻ നഴ്സുമാരുടെ ജിഹ്വയായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (ഐനാനി) ഈ വർഷത്തെ നേഴ്സ് പ്രാക്ടീഷണർ വീക് ആഘോഷിക്കും. നവംബർ പതിനാറ് ശനിയാഴ്ച പത്തു മുതൽ മൂന്നു മണി വരെ ന്യൂ യോർക്ക് എൽമോണ്ടിൽ 1824 ഫെയര്ഫാക്സ് സ്ട്രീറ്റിലെ ഇന്ത്യൻ അമേരിക്കൻ കേരള കൾച്ചറൽ ആൻഡ് സിവിക് സെന്ററിൽ (കേരള സെന്റർ) നടക്കുന്ന ആഘോഷ വേളയിൽ സമൂഹത്തിന്റെയും കുടുംബത്തിന്റെയും വ്യക്തികളുടെയും ആരോഗ്യ സംബന്ധമായ വിഷയങ്ങളെകുറിച്ച് അതാതു വിഷയത്തിലെ വിദഗ്ദ്ധർ സംസാരിക്കും.

ന്യൂ യോർക്ക് സംസ്ഥാനത്തെ വിദ്യാഭ്യാസ നിയമമനുസരിച്ചു ഫിസിഷ്യന്റെ മേൽനോട്ടമില്ലാതെ തന്നെ രോഗികളെ ചികില്സിക്കുന്നതിനുള്ള പൂർണ്ണ ഉത്തരവാദിത്വം ലഭിച്ചിട്ടുള്ള നഴ്സ് പ്രാക്ടീഷണര്മാരുടെ അസാമാന്യ സംഭാവനകളെ നന്ദിപൂർവ്വം വിലമതിക്കുന്ന ആഴ്ചയാണ് എൻ പി വീക്ക്. ചികിത്സാഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആരോഗ്യസേവനിങ്ങളിലേക്ക് ആളുകളെ നയിക്കുന്നതിനും നഴ്സ് പ്രാക്ടീഷണര്മാര് കാണിക്കുന്ന പ്രതിബദ്ധതയെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് എൻ പി വീക്ക് വിനിയോഗിക്കപ്പെടുകയാണ്. ആരോഗ്യപരിപാലന രംഗത്ത് ഉണ്ടായിട്ടുള്ള നേട്ടങ്ങളിൽ മൂന്നു ലക്ഷത്തിഅൻപത്തയ്യായിരത്തിൽ പരം പേരുടെ ശക്തിയുള്ള ഈ പ്രൊഫെഷണൽ ഗ്രൂപ്പിന്റെ പങ്കിനെകുറിച്ച് അവബോധം നൽകുന്നതിനും എൻ പി വീക്ക് ഊന്നൽ നൽകുന്നു. അമേരിക്കൻ അസോസിയേഷൻ ഓഫ് നേഴ്സ് പ്രാക്ടീഷണേഴ്‌സിന്റെ മുൻകൈയോടെ രണ്ടായിരത്തിനാലു മുതൽ അമേരിക്കയിൽ എൻ പി വീക്ക് ആഘോഷിച്ചുവരുന്നു. ഫിസിഷ്യന്മാരുടെ കുറവുമൂലം പ്രാഥമിക പരിചരണ രംഗത്ത് ഉണ്ടായിട്ടുള്ള പ്രതിസന്ധികൾ ഒഴിവാക്കാൻ നേഴ്സ് പ്രാക്ടീഷണർമാർ വളരെയധികം സഹായിച്ചിട്ടുണ്ട്. നേഴ്സ് പ്രാക്ടീഷണർമാരെകുറിച്ച് നല്ല ധാരണ ഉയർത്താൻ എൻ പി വീക്ക് സഹായകമാണ്. രണ്ടായിരത്തി ഇരുപത്തിമൂന്നിൽ യു എസ് ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് നേഴ്സ് പ്രാക്ടീഷണർ ജോലിയെയാണ് ജനങ്ങളെ സഹായിക്കുന്ന ജോലികളിൽ ഒന്നാം സ്ഥാനത്തു അംഗീകരിച്ചത്. ഒരു കമ്മ്യൂണിറ്റിയെന്ന നിലയിൽ നേഴ്സ് പ്രാക്ടീഷണര്മാരെ പരസ്പരം ബന്ധിപ്പിക്കുന്നതിനും ജനസമൂഹവും നേഴ്സ് പ്രാക്ടീഷണര്മാരും തമ്മിലുള്ള ബന്ധം പ്രബലപ്പെടുത്തുന്നതിനും എൻ പി വീക്കിന് കഴിഞ്ഞിട്ടുണ്ട്. എൻ പി വീക്ക് നല്ലൊരു വിദ്യാഭ്യാസാവസരം കൂടി ആക്കി മാറ്റുകയാണ് ഐനാനി.

കൊയാലിഷൻ ഓഫ് ഏഷ്യൻ അമേരിക്കൻ ചിൽഡ്രൻ ആൻഡ് ഫാമിലീസ് എന്ന സംഘടനയോടൊപ്പം ഒരു സമൂഹ ഘടകമെന്ന് നിലയ്ക്ക് ഏഷ്യക്കാരുടെ ആരോഗ്യ മേന്മയ്‌ക്കായി നിയോഗം ഏറ്റെടുത്തിട്ടുള്ള ഐനാനി ഏഷ്യക്കാരിൽ പലരും ഒറ്റപെട്ടനുഭവിക്കുന്ന വിവേചനങ്ങളെ ലഘൂകരിക്കുന്നതിനും അവയുടെ ഭവിഷ്യത്തുകളെ നേരിടുന്നതിന് ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഐനാനി പ്രസിഡന്റ് ഡോ. അന്നാ ജോർജ്, ന്യൂ യോർക്ക് സിറ്റി ഹെൽത് ആൻഡ് ഹോസ്പിറ്റൽസ് കോർപറേഷനിലെ ഒക്കുപ്പേഷണൽ ഹെൽത് ഡയറക്റ്റർ ഡോ. സോളിമോൾ കുരുവിള, അഡൽഫായ് യൂണിവേഴ്സിറ്റി അസ്സോസിയേറ്റ് പ്രൊഫെസ്സർ ഡോ. ആനി ജേക്കബ് എന്നിവർ ഏഷ്യൻ വിരുദ്ധതയെ കുറിച്ച് “റെയ്‌സിംഗ് സേഫ്റ്റി ആൻഡ് ഇക്വിറ്റി” എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ച നയിക്കും. ഇവർ മൂന്നുപേരും എൻ പി മാർ ആണ്.

ദക്ഷിണേഷ്യൻ ജനങ്ങളുടെ ആരോഗ്യത്തിൽ വളരെ ഗൗരവമായ ആശങ്കയുയർത്തുന്ന കാര്യമാണ് ഹാർട്ട് അറ്റാക് എന്ന പേരിൽ അറിയപ്പെടുന്ന മയോകാർഡിയൽ ഇൻഫാർക്ഷൻ. മറ്റെല്ലാ വംശക്കാരെയും കൂടുതൽ ചെറുപ്പക്കാരിൽ ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത് ദക്ഷിണേഷ്യക്കാരിലാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഈ ഗതി ദക്ഷിണേഷ്യക്കാരിൽ അന്തർലീനമായിരിക്കുന്ന റിസ്‌ക്കുകളെയും അവരുടെ ആരോഗ്യാവസ്ഥയിലെ വ്യതിരിക്തതകളെ കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നു. അതോടൊപ്പം ജീവന് ഭീഷണി വരുത്തുന്ന ഈ റിസ്‌ക്കിനെ കുറിച്ചുള്ള അവബോധം വർധിപ്പിക്കേണ്ട ആവശ്യം ആരോഗ്യപ്രവർത്തകർക്കുണ്ട്. ഈ വിഷയത്തിൽ പ്രാവീണ്യം നേടിയിട്ടുള്ള ഷൈനി സേവ്യർ, ലെയ്‌സി മേച്ചേരിൽ എന്നീ എൻ പിമാർ “മയോകാർഡിയൽ ഇൻഫാർക്ഷൻ: ടൈംലി ഇന്റെർവെൻഷൻ” എന്ന വിഷയത്തെ അവതരിപ്പിച്ചു സംസാരിക്കും.

ഹൃദ്രോഗം സ്ത്രീകളുടെ ഏറ്റവും വലിയ ആരോഗ്യ പ്രശ്നമാണ്. ഓരോ വർഷവും മരിക്കുന്ന സ്ത്രീകളിൽ മുപ്പത്തിയഞ്ചു ശതമാനം പേര് ഹൃദ്രോഗവുമായി ബന്ധപ്പെട്ട കാരണം കൊണ്ടാണ് മരിക്കുന്നതെന്നു സെന്റർ ഫോർ ഡിസീസ് കോൺട്രോളിന്റെയും വേൾഡ് ഹാർട്ട് ഫെഡറേഷന്റെയും രേഖകൾ കാണിക്കുന്നു. നോർത്ത് വെൽ ഹെൽത് സിസ്റ്റത്തിൽ നഴ്സ് പ്രാക്ടീഷണറായ ബെസ്സി തങ്കവേലു “എ പെർസ്പെക്റ്റീവ് ഓൺ വുമൻ ആൻഡ് ഹാർട്ട് ഡിസീസ്” എന്ന വിഷയത്തെ കുറിച്ച് സംസാരിക്കും.

പ്രായം ചെന്നവരിൽ പരുക്കുണ്ടാക്കുന്നതിൽ ഏറ്റവും വലിയ കാരണം വീഴ്ചയാണ്. ഓരോ വർഷവും പതിനാല് ദശലക്ഷത്തിലധികം പ്രായം ചെന്നവർ വീണു പരുക്കേൽക്കുന്നുണ്ട്. രണ്ടായിരത്തിയിരുപത്തിരണ്ടിൽ നാല്പത്തിനായിരത്തിലധികം പ്രായം ചെന്നവരുടെ മരണത്തിന് കാരണം വീഴ്ചയുടെ കുഴപ്പങ്ങൾ കാരണമായിരുന്നു. തായ്-ചി മുഖേന എങ്ങനെ വീഴ്ച ഒഴിവാക്കാം എന്നതിനെ കുറിച്ച് ഡോ. ഷബ്നം മുൽറ്റാനി സംസാരിക്കും. നടുവേദന, കഴുത്തു വേദന തുടങ്ങി സമൂഹത്തിൽ വലിയൊരു ഭാഗം ജനങ്ങൾക്കും നിത്യേന ഉണ്ടാകുന്ന വേദനയെ ഒഴിവാക്കുന്നതിന് വഴികൾ പറഞ്ഞുകൊടുക്കുന്നതായിരിക്കും ബെജി ടി. ജോസെഫ് അവതരിപ്പിക്കുന്ന “സ്ട്രെയ്റ്റൻ അപ്പ് ഫോർ സക്സസ് പോസ്ചർ ടിപ്സ് അറ്റ് യുവർ വർക്ക്പ്ലേസ്” എന്ന ക്‌ളാസ്.

മേല്പറഞ്ഞ വിദ്യാഭ്യാസ അവതരണങ്ങൾ എല്ലാം അമേരിക്കൻ നഴ്സിംഗ് ക്രെഡന്ഷ്യലിംഗ് സെന്ററിന്റെ അംഗീകാരം ലഭിച്ചിട്ടുള്ള കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ ക്രെഡിറ്റ് നൽകുന്നതാണ്. എല്ലാ നഴ്‌സുമാർക്കും ഈ ആഘോഷാവസരത്തിൽ പങ്കെടുത്ത് സൗജന്യമായി ക്രെഡിറ്റ് നേടാം. ഒപ്പം ഭക്ഷണവും ഉണ്ടാകും. ഇതിലേക്കുള്ള സാമ്പത്തിക ചെലവുകൾക്ക് കൊയാലിഷാണ് ഓഫ് ഏഷ്യൻ അമേരിക്കൻ ചിൽഡ്രൻ ആൻഡ് ഫാമിലീസ് ഭാഗികമായി സംഭാവന ചെയ്യുന്നുണ്ട്. രെജിസ്ട്രേഷന് tinyurl.com/inanyeducation2024 എന്ന ലിങ്കിൽ നടത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഡോ. അന്നാ ജോർജ് (646.732.6143), ഡോ. ഷൈല റോഷിൻ (646.262.8105), ആൽഫി സൺഡ്രൂപ് (516.513.2321), ജയാ തോമസ് (516.232.1177), ആന്റോ പോൾ (516.200.1317), പോൾ പനയ്ക്കൽ (347.330.3729), സിനി വർഗ്ഗീസ് (646.423.6383).

പോൾ ഡി. പനയ്ക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments