പ്രിയമുള്ള കുഞ്ഞുങ്ങളേ
എല്ലാവർക്കും സുഖമാണല്ലോ? ഒക്ടോബർ മാസത്തിൻ്റ പകുതിയായിട്ടും മഴവിട്ടുമാറിയിട്ടില്ല. ന്യൂനമർദ്ദങ്ങൾ മഴയുടെ കാലാെച്ചകളുമായി ചുറ്റിത്തിരിയുകയാണ്. കുറേ വർഷങ്ങളായി കാലാവസ്ഥ തകിടം മറിഞ്ഞു തുടങ്ങിയിട്ട്. കാലാവസ്ഥാ മാറ്റത്തിൻ്റെ കെടുതികൾ ലോകം മുഴുവനായും അനുഭവിച്ചു കൊണ്ടിരിക്കയാണ്. പരിസ്ഥിതി സംരക്ഷണമാണ് ഒരേയൊരു പരിഹാര മാർഗ്ഗമെന്നത് മറക്കാതെ ജീവിക്കുക.
ഇനി മലയാള ശൈലികളിലേക്ക് കടക്കാം
കുംഭകോണം
തട്ടിപ്പ്, അഴിമതി, പൊതുമുതൽ അവിഹിതമായി ചെലവാക്കൽ. എന്നൊക്കെയാണ് ഈ ശൈലി അർത്ഥമാക്കുന്നത്.
പണ്ട് തിരുവിതാംകൂറിലെ ഉന്നതോദ്യോഗങ്ങളിൽ കുംഭകോണത്തുകാരായ തമിഴ് ബ്രാഹ്മണർ ധാരാളമായി കടന്നുകൂടി യിരുന്നു. അവരിൽ പല ര്യം വലിയ തോതിൽ അഴിമതിക്കാരുമായിരുന്നു.
അതിനാൽ അവർ നാട്ടുകാരുടെ അപ്രീതിക്കു പാത്രമായി. മാത്രമല്ല, കുംഭകോണത്തുകാരെയൊക്കെ അഴിമതിക്കാരായി കണക്കാക്കാനും തുടങ്ങി. പിന്നീടു കുംഭകോണം എന്ന പദം അഴിമതി, തട്ടിപ്പ്, വെട്ടിപ്പ്, കോഴവാങ്ങൽ എന്നീ അർഥത്തിലുപയോഗിക്കുന്ന ശൈലിയായി രൂപാന്തരപ്പെട്ടു..
ഉദാ: സ്വർണ്ണക്കടത്തു കുംഭകോണത്തെക്കുറിച്ചു അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടു.
പേരു പറയിക്കുക
അപവാദം കേൾപ്പിക്കുക, ദുഷ്‌പേരുണ്ടാക്കുക. പൊതുജനങ്ങളെക്കൊണ്ടു ചീത്തപ്പേർ പറയിക്കുന്നതിനു കാരണമുണ്ടാക്കുക. ദുഷ്പ്രവൃത്തികൾ ചെയ്യുക എന്നാെക്കെയാണ് ഈ ശൈലിക്കർഥം.
ഉദാ: കല്യാണമാലോചിച്ച ചെക്കനെക്കുറിച്ചന്വേഷിച്ചപ്പോഴാണ് അവൻ നാട്ടിലാകെ പേരു പറയിച്ചവനാണെന്നറിഞ്ഞത്.
ശൈലികളെത്തുടർന്ന് മാഷെഴുതിയ ഒരു കവിതയാവാം.
🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴🪴
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
പുഴ
കിളിക്കുമുമ്പേ ഉണർന്നുപായണ
പുഴയെങ്ങോട്ടാണ്?
കളിച്ചുനില്ക്കണ കുട്ടാ ഞാനൊരു
കടൽതേടിപ്പോണ്.
കുതിച്ചുചാടിത്തുള്ളണകാലിൽ
കിലുക്കമെന്താണ് !
കുലുങ്ങുമാേളക്കൊലുസു കണ്ടാൽ
കുഞ്ഞിനതറിയില്ലേ?
മരത്തിനും കിളികൾക്കും നിന്നോ-
ടിണക്കമെന്താണ് ?
പകർന്നുനൽകും മതിയാവോളം
പതഞ്ഞവെള്ളം ഞാൻ.
എനിക്കുമുണ്ട് നിന്നോടിഷ്ടം-
കൂടാനൊരു മോഹം.
മനുഷ്യനല്ലേ ഞങ്ങളെ വെറുതെ
മാന്തുന്നോനല്ലേ ?
അടുത്തിടേണ്ടാ ഭയമാണുള്ളിൽ
പൊയ്ക്കോ നീയകലെ.
മിഴിക്കുടങ്ങൾ നിറഞ്ഞു മുത്തുകൾ അടർന്നുവീണപ്പോൾ
മലർക്കുടംപോൽ ചിരിച്ചു പാൽപുഴ
മൊഴിഞ്ഞു “ചങ്ങാതീ
കരഞ്ഞിടേണ്ട വെറുതെ നിന്നെ കളിയാക്കിയതല്ലേ !”
നനഞ്ഞ പൂവിൻചിരിപോലപ്പോൾ
തെളിഞ്ഞു കുഞ്ഞുമുഖം.
🌵🌵🌵🌵🌵🌵🌵🌵🌵🌵🌵
മാഷെഴുതി കവിത നിങ്ങൾക്കിഷ്ടമായാേ?
ഇനി ഒരു കഥയാണ്. കഥ പറയാനെത്തുന്നത്
പത്തനംതിട്ടക്കാരനായ ഒരു ബാലസാഹിത്യകാരനാണ്. – ശ്രീ.റജിമലയാലപ്പുഴ . അധ്യാപകനും പ്രഭാഷകനുമായ അദ്ദേഹം ധാരാളം കഥകളും കവിതകളും കുട്ടികളുടെ പ്രസിദ്ധീകരണങ്ങളിൽ എഴുതിക്കൊണ്ടേയിരിക്കുന്നു.
റജിമലയാലപ്പുഴ സാർ എഴുതിയ കഥയാണ് താഴെ.
😾😾😾😾😾😾😾😾😾😾😾😾😾
😻😻😻😻😻😻😻😻😻😻😻😻😻
തേനീച്ച…
കാലത്ത് ആറ് മണിക്കാണ് ആറ്റരികത്തുള്ള വാഴച്ചെടിയിൽ തുമ്പി പറന്നെത്തുന്നത്. ആറരയായപ്പോൾ വാഴക്കൂമ്പിനടുത്ത് ഒരു കൂട്ടം തേനീച്ചകൾ മൂളിപ്പറന്നെത്തി… ഏഴ് മണിയാകുന്ന സമയം
അവർ വാഴക്കൂമ്പിന് ചുറ്റും താളത്തിൽ നൃത്തം കളിച്ചു..
തുമ്പി ഇതെല്ലാം കണ്ട് രസിച്ചിരുന്നു..
നൃത്തം കഴിഞ്ഞ് അവർ ഓരോരുത്തരായി കൂമ്പിനുള്ളിലേക്ക് കയറി..
തുമ്പിക്ക് ഒന്നും മനസിലായില്ല..
ഒരു തേനീച്ചയോട് കാര്യം തിരക്കി.. അപ്പോഴവൻ പറഞ്ഞു കൂമ്പിലെ പൂവിനുള്ളിൽ മധുരമൂറുന്ന തേനുണ്ട്.. അത് കുടിക്കാനാണ് ഞങ്ങൾ എത്തിയത്..
ആഹാ തേനോ… അതെ തേൻ…. തേനീച്ച പറഞ്ഞു..
നീ തേൻ കുടിച്ചിട്ടുണ്ടോ…തുമ്പി ഇല്ലായെന്നു പറഞ്ഞു…
എന്നാൽ നിനക്കല്പം തരാം…
വാഴപ്പോളയിൽ ഒരല്പം തേൻ തുമ്പിക്ക് തേനീച്ച നൽകി..
ഒന്ന് രുചിച്ചു നോക്കിയ തുമ്പിക്ക് സന്തോഷമായി..
തേൻ കൊള്ളാമല്ലോ..
തുമ്പി പറഞ്ഞു..
അതെ ഞങ്ങളുടെ കൂട് നിറച്ചും തേനാണ്…
ഞങ്ങളുടെ കൂട്ടിലെത്തുന്നവർക്ക് തേൻ നൽകിയാണ് സ്വീകരിക്കുന്നത്…
ആര് എപ്പോൾ വന്നാലും തേൻ കിട്ടും..
ഞങ്ങളുടെ പേര് തന്നെ നോക്കു.
തേൻ ഈച്ച
എന്നെ ഒന്ന് തൊട്ടു നോക്കൂ… തേനീച്ച പറഞ്ഞു…
തുമ്പി തേനീച്ചയെ തൊട്ടു…
ഹാ.. എന്തോ ഒട്ടുന്നു.. അതെ ശരീരം മുഴുവൻ തേനാണ്…
തുമ്പിക്ക് തേനീച്ചയെ ഇഷ്ടമായി.. പിന്നെ അവർ തമ്മിൽ നല്ല കൂട്ടുകാരായി പൂക്കളിലേക്ക് പറന്നു …
———————————
റജി മലയാലപ്പുഴ യുടെ തുമ്പിയും തേനീച്ചയും കൂട്ടുകാരാവുന്ന ഒരു കുഞ്ഞുകഥ. നല്ല കഥ. കൂട്ടുകാരിത് വായിച്ചു രസിച്ചിരിക്കും. ഇല്ലേ?
👾👾👾👾👾👾👾👾👾👾👾👾👾👾
ഇനി ഒരു ചെറിയ കവിതയാണ്. കവിതയുമായി എത്തുന്നതാരാണെന്നറിയോ?
അധ്യാപകനായിരുന്ന ഗോപാലൻ നമ്പ്യാർ സാറിൻ്റെയും ടി.എം ദേവിയുടെയും മകൻ
ശ്രീ. രമേഷ്.ടി.എം. കുടുക്കിമെട്ട എന്നറിയപ്പെടുന്ന അധ്യാപകനാണ്.
1992 മുതൽ കാസറഗോഡ് ജില്ലയിലും തുടർന്ന് 2008 മുതൽ കണ്ണൂർ ജില്ലയിലും അധ്യപകനായി. ഇപ്പോൾ മട്ടന്നൂർ സബ് ജില്ലയിലെ ആയിപ്പുഴ ഗവ. യു.പി സ്കൂളിലാണ് ജോലി ചെയ്യുന്നത്.
സ്ക്കൂൾ സംബന്ധമായ വിവിധ പരിപാടികൾക്കായി – ശിശുദിനം, ലഹരി വിരുദ്ധദിനം- കവിതകളും ഗാനങ്ങളും രചിച്ചിട്ടുണ്ട്. ഭക്തിഗാനങ്ങൾ, ഷോർട്ഫിലിമിനു വേണ്ടിയുള്ള ഗാനങ്ങൾ തുടങ്ങിയവ രചിക്കുന്നു.
ആനുകാലികങ്ങളിൽ എഴുതുന്നു.
ചക്കരക്കൽ മലബാർ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്ററ്റ്യൂട്ടിൽ അധ്യാപികയായ ഭാര്യ മഞ്ജുവിനോടും മക്കൾ കീർത്തന രമേഷ്, വൈഷ്ണവ് എന്നിവരൊത്ത് കണ്ണൂർ കുടുക്കിമെട്ട മീനോത്ത് വീട്ടിൽ താമസിക്കുന്നു.
ശ്രീ. രമേഷ് കുടുക്കിമെട്ട യുടെ ഒരു കുഞ്ഞു കവിതയാണ് താഴെ.
🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️
‘
💦💦💦💦💦💦💦💦💦💦💦
കുയിലിനോട്*🎈⛱️
കുയിലേ കുയിലേ കുറുമൊഴിയേ
കുണുങ്ങി നടക്കും സുന്ദരിയേ
കുരുന്നുകൾ ഞങ്ങളെ കൂട്ടാമോ
കുഞ്ഞിപ്പാട്ടുകൾ പാടാമോ?
നിൻ്റെയീ മോഹനരാഗങ്ങൾ
നിന്നെ പഠിപ്പിച്ചതാരാണ്?
നിൻ്റെയാ നിരുപമ സാമിപ്യം
നന്നായ് കൊതിക്കാതായാരുണ്ട്?
ഉഷസ്സുകൾക്കൈശ്വര്യമേകുന്ന
ഉണർവ് മനസ്സിൽ നിറയ്ക്കുന്ന
ഉത്തമയായൊരു ചങ്ങാതീ
ഉത്സാഹിയായൊരു ഗായിക നീ;
അർക്ക കിരണങ്ങൾ തെളിയുമ്പോൾ
അക്ഷമരായ് ഞങ്ങൾ തിരയുകയായ്;
അവാച്യ സുന്ദരഗാനങ്ങൾ
അവിഘ്നം ഞങ്ങൾക്ക് നൽകണമേ —
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
പാട്ടുപാടാൻ കുയിലിനെ ക്ഷണിക്കുന്ന കുഞ്ഞുകവിതയാണ് രമേഷ് സാർ അവതരിപ്പിച്ചത്.
നമുക്കിനി ഒരു ശാസ്ത്രകഥ കേൾക്കാം. കഥപറയാൻ ഒരു മാമൻ എത്തിയിട്ടുണ്ട്, മലപ്പുറം പെരിന്തൽമണ്ണക്കാരനായ ശ്രീ.ശിവൻ സുധാലയം സാർ. അദ്ദേഹമിപ്പോൾ താമസിക്കുന്നത് കേരളകലാമണ്ഡലം സ്ഥിതി ചെയ്യുന്ന ചെറുതുരുത്തിക്കടുത്തുള്ള പുതുശേരിയിലാണ്.
എം കോം, എം ബി എ, എച്ച് ഡി സി, ജേർണലിസത്തിലും പബ്ലിക് റിലേഷൻസ് ലും പി ജി ഡിപ്ലോമ എന്നീ ബിരുദങ്ങൾ നേടിയ സത്യൻ സാർ
പാരലൽ കോളജ് അദ്ധ്യാപകൻ, ബാങ്ക് മാനേജർ എന്നീ തസ്തികകളിൽ ജോലി ചെയ്തു. 2018 ലാണ് വിരമിച്ചത്.
ഇപ്പോൾ ബോധി ഒറ്റത്താൾ ഇൻലൻഡ് മാസിക, ഓൺലൈൻ പേജുകൾ എന്നിവയുടെ പത്രാധിപരാണ്.
പീഡിത കല്പനകൾ (ലിപി കോഴിക്കോട് )
എന്ന കവിതാ സമാഹാരത്തിന്റെ രചയിതാവുമാണ്.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
ശിവൻ സുധാലയം എഴുതിയ കഥ.
അച്ചുവിന്റെ സംശയം
〰️〰️〰️〰️〰️〰️〰️〰️
പണ്ട് അച്ഛന്റെ കയ്യിൽ കൊച്ചുകുഞ്ഞായി തൂങ്ങിനടന്ന കാലംതൊട്ടേയുണ്ട് അച്ചുവിന് ഒരു സംശയം.
വറുത്തും കറിവെച്ചും സ്വാദോടെ കഴിക്കുമ്പോൾ തോന്നിയിരുന്നതാണ്.
ഇനിയും നീട്ടിക്കൊണ്ട് പോവുക വയ്യ.
തനിക്ക് ഇപ്പോൾ എട്ടു വയസ്സായി.മൂന്നാം ക്ലാസ്സിലാണ്.
കുട്ടൻ മാഷാണ് സയൻസ് പഠിപ്പിക്കുന്നത്. മാഷോട് ചോദിക്കണം ഇന്നുതന്നെ മടി കൂടാതെ,അവനുറച്ചു.
ക്ലാസ് കഴിഞ്ഞു പിരിയാൻനേരം അച്ചു പമ്മിപ്പമ്മി മാഷുടെ ഒപ്പം നടന്നു.
മാഷ് ഒന്ന് നിന്ന് ചെറിയ ചിരിയോടെ അവനോട് ചോദിച്ചു :
“എന്താ അച്ചൂ കാര്യം… പറയൂ.”
പിന്നെ അവൻ തെല്ലും മടിച്ചില്ല.
“മാഷേ… മിക്ക മത്സ്യങ്ങൾക്കും എന്താ ഈ വെള്ളി നിറം വരണത്.. ചന്തയിലും സുലൈമാന്റെ കൊട്ടയിലും മീനോൾക്ക് ഒക്കീം വെള്ളിടെ തെളക്കംണ്ടല്ലോ… അതെന്താ….”
കുട്ടൻ മാഷ് ചിരിയോടെ അച്ചുവിന്റെ കൗതുകം കേട്ട് മറുപടി പറഞ്ഞു :
“അതോ… ഓരോ മത്സ്യത്തിനും അതിന്റെ പാളി അഥവാ ചെതുമ്പലിൽ പ്രത്യേകം പ്രത്യേകം കോശപാളികളുണ്ട്.
ഗുവാനോഫോറുകൾ എന്ന പേരിലാണ് ശാസ്ത്രം ഇതിനെ വിളിക്കുക. ”
മാഷ് പറഞ്ഞു നിർത്തിയിട്ട് അച്ചുവിനെ നോക്കി. അവൻ ആകാംക്ഷയാേടെ ചോദിച്ചു.
“അവയാണോ മീനിന് തെളക്കംണ്ടാക്കണത്?”
“അതെ,ഈ കോശക്കുപ്പായങ്ങളിലാണ് മെലിഞ്ഞു കനംകുറവുള്ള സൂചിയുടെ രൂപത്തിൽ ഗുവാനിൻ പരലുകൾ അഥവാ ക്രിസ്റ്റൽസ് ഉണ്ടാവുന്നത്. ഈ അടുക്കുകളിൽ വെളിച്ചം തട്ടുമ്പോൾ ഒരു മാറ്റംവരും. അത് ഒരു വെള്ളിനിറം കൈക്കൊള്ളും.”
“അതിശയം തന്നെ”
അച്ചുവിന്റെ കണ്ണു വിടർന്നു.. മാഷ് അക്കാര്യം ഒന്നുകൂടെ വിശദീകരിക്കാൻ തുടങ്ങി.
“എഴുപത് നാനോമീറ്റർ കനമുള്ള അത്തരം പാളികളാലാണ് അവ മൂടിയിരിക്കുന്നത്.. അതായത് ഒരു മത്സ്യത്തിന്റെ ഓരോ സ്‌ക്വയർ സെന്റിമീറ്ററിലും ആ അളവിൽ വെള്ളിത്തിളക്കം വരാൻ പത്ത് ലക്ഷത്തോളം ഗുവാനിൻ പാളികളിൽ വെളിച്ചം തട്ടണം എന്ന് സാരം..”
“ശരി മാഷേ…. എനിക്കുണ്ടായിരുന്ന വലിയ ഒരു ശങ്കയാണ് മാറ്റിത്തന്നത്…
സന്തോഷം മാഷേ..”
നിധി കിട്ടിയ ആനന്ദത്തോടെ അച്ചു സ്കൂൾ ഗേറ്റും കടന്ന് ഓടി…
വീട്ടിൽ ചെന്ന ഉടൻ അടുക്കളയിൽച്ചെന്ന് അമ്മയോട് ചോദിച്ചു :
“അമ്മയ്ക്കറിയോ ഈ മത്സ്യങ്ങൾ എന്തായിങ്ങനെ വെള്ളിപൂശിയ മട്ടില്ന്നുള്ള കാര്യം..?. നിയ്ക്ക് ഇന്ന് ബോധ്യായി അമ്മേ…
കുട്ടൻ മാഷ് പറഞ്ഞൂലോ…”
“ഉവ്വോ? ന്നാ എന്താച്ചാ.. പറയ്…”
അമ്മ ചിരിച്ചു.
“വലുതാട്ടൊന്നൂല്യ… അതിന്റെ തോലിൽ ഗുവാനിൻ എന്നൊരു പരല് ണ്ട്ത്രേ.. അതില് വെളിച്ചം തട്ട്യാല് ഇങ്ങനെ വെള്ളിയ്ക്കും.” അച്ചു വലിയ ഉത്സാഹത്തിലാണ്.
അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു :
“ആഹാ ഇപ്പൊ നിയ്ക്കും മനസ്സിലായീലോ…. അച്ചു …..”.
അച്ചു മനസ്സിൽ ചെറുചിരിയോടെ പറഞ്ഞു :അച്ഛന് ഇപ്പളും അറിയുണ്ടാവില്ല… പൊട്ടൻ
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲
കഥ രസകരമല്ലേ ? മത്സ്യത്തിന്റെ ശരീരം തിളങ്ങുന്നതിന്റെ രഹസ്യവും പിടികിട്ടിയില്ലേ ?
കഥ കേട്ടതല്ലേ?ഇനി ഒരു കവിതയാവാം.
🌿🌿🌿🌿🌿🌿🌺🌺🌺🌺🌺🌺🌺🌺
കഥ കേട്ടുമയങ്ങിയവരെ ഉണർത്തുവാൻ കവിതയുമായി എത്തുന്നത് മലപ്പുറം ജില്ലയിലെ വെളിയങ്കോട്ടുകാരനായ കവി ശ്രീ . രുദ്രൻ വാരിയത്താണ്.
പൊന്നാനി എംഇഎസ് കോളേജിന് നിന്നുമാണ് അദ്ദേഹം ഇക്കണോമിക്സിൽ ബിരുദം നേടിയത്.
600 – ഓളം കവിതകൾ Rudranvariyath എന്ന പേരിൽ യൂടുബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
BS S ന്റെ ദേശീയ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.
യേശുദാസിന്റെ 84-ാം ജന്മദിനത്തിൽ കൊച്ചി അസീസിയ ഇന്റർനാഷനൽ ഓഡിറേറാറിയത്തിൽ വെച്ച നടന്ന സംഗീത അർച്ചനയിൽ രുദ്രൻ വാരിയത്തിൻ്റെ കവിതയാണ് പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. എം. ജി. പ്രകാശ് ആലപിച്ചത്. തൃശൂർ റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ സ്വാഗതഗാനം രചിച്ചു.
നിമിഷ കവിയായ രുദ്രൻ ആനുകാലിക വിഷയങ്ങൾ കവിതയിലൂടെ അവതരിപ്പിക്കാറുണ്ട്.
രുദ്രൻ വാരിയത്തിൻ്റെ കവിതകൾ, ഓർമ്മച്ചെപ്പ്, നിലാവ്,
നാലാം യാമം തുടങ്ങിയവയാണ് രചനകൾ.
അങ്കണവാടി ടീച്ചറായ ഭാര്യയോടും മൂന്നു മക്കളാേടുമൊപ്പം
അദ്ദേഹമിപ്പോൾ എടപ്പാളിൽ താമസിക്കുന്നു.
ശ്രീ. രുദ്രൻ വാരിയത്തി ൻ്റെ മൂന്ന് കുഞ്ഞിക്കവിതൾ –
🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
മലനിരകൾ
നീണ്ടുനിവർന്ന് കിടക്കുന്നു
തെക്ക് വടക്കായ് മലനിരകൾ
പശ്ചിമഘട്ടം എന്നതിനെ
പേരത് ചൊല്ലി വിളിക്കുന്നു.
കടൽ
കടലത് കാണാൻ കൊതിയാണ്
കൗതുകമായി തോന്നുന്നു
തിരമാലകളായ് വന്നത് കരയെ
പുൽകിയുണർത്തിപ്പോകുമ്പോൾ.
ജലം
നീന്തലിനായാ വെള്ളത്തിൽ
ചാടി മറഞ്ഞു കളിക്കുമ്പോൾ
ഓർക്കണമെല്ലാ ആളുകളും
ശുദ്ധജലത്തിൻ സാന്നിദ്ധ്യം
നിലനിർത്തുന്നത് മരമല്ലോ.
🍀☘️🍀☘️🍀☘️☘️🍀☘️🍀☘️🍀☘️🍀
മലയും കടലും ജലവും ഓരോ കുഞ്ഞു കവിതകൾ. ആടിപ്പാടി രസിക്കണം.
കഥകളും കവിതകളും എല്ലാം നിങ്ങൾക്കിഷ്ടപ്പെട്ടിട്ടുണ്ടാവുമല്ലോ.
ഈ ആഴ്ചയിലെ വിഭവങ്ങൾ രസകരമായിരുന്നോ?
പുതിയ കഥകളും കവിതകളുമായി നമുക്കിനി അടുത്ത ആഴ്ചയിൽ കാണാം.
സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം