Sunday, October 6, 2024
Homeസ്പെഷ്യൽപള്ളിക്കൂടം കഥകൾ: (ഭാഗം - 22) ' സ്നേഹത്തണൽ ' ✍ സജി ടി. പാലക്കാട്

പള്ളിക്കൂടം കഥകൾ: (ഭാഗം – 22) ‘ സ്നേഹത്തണൽ ‘ ✍ സജി ടി. പാലക്കാട്

സജി ടി. പാലക്കാട്

ദൂരെ മലമുകളിൽ നിന്നും സൂര്യപ്രകാശം കുന്നിൻ ചെരുവിലൂടെ പരന്നൊഴുകി .
ക്വാർട്ടേഴ്സിന്റെ മുറ്റത്തെ പാറപ്പുറത്തെ കല്ലിൽ സദാനന്ദൻ മാഷ് ചാരിയിരുന്നു . സ്കൂൾ മുറ്റത്തെ എരിക്കിൻ ചെടിയിലെ പൂക്കൾ തലയാട്ടി. പൂക്കൾക്ക് ചുറ്റും തേനീച്ചകൾ വട്ടമിട്ട് പറക്കുന്നുണ്ട്.

‘എന്താ സാർ രാവിലെ ദിവാസ്വപ്നം കാണുകയാണോ ..?’

കൈയിൽ ഒരു ചെറിയ ബാഗുമായി ലത നടന്നുവരുന്നു. ചുവപ്പിൽ കറുത്ത ബോർഡർ ഉള്ള സാരിയിൽ ലത കൂടുതൽ സുന്ദരിയായ പോലെ…!
ചുരുണ്ട മുടി രണ്ടായി പിന്നിയിട്ടിരിക്കുന്നു. ഒരു ഭാഗം മുൻപിലേക്ക് ഇട്ടിട്ടുണ്ട്. അതിൽ ഒരു ചുവന്ന റോസാ പൂവ് …

‘ സാർ, എന്താണ് ഒന്നും മിണ്ടാത്തത് ..?’
കണ്ണ് കലങ്ങിയിട്ടുണ്ടല്ലോ.?
എന്താ ഇന്നലെ രാത്രി ഉറങ്ങിയില്ലേ..?

മറ്റുള്ളവർ എവിടെ..?

ലതയുടെ ഭാഗത്തുനിന്നും ചോദ്യശരങ്ങൾ ഉയർന്നെങ്കിലും സദാനന്ദൻ മാഷ് ഒന്നും മിണ്ടിയില്ല .
പകരം ലതയെ ദയനീയമായി ഒന്ന് നോക്കി.

‘ സാർ, അവരെല്ലാം എവിടെ?’

‘ അവർ വെളുപ്പിന് നാട്ടിൽ പോയി .’

‘ഓ..! മൂന്നുദിവസം അവധിയാണല്ലോ, അല്ലേ…?
ഞാനും നാട്ടിൽ പോവുകയാണ്.
സാറന്മാർ രണ്ടുപേരും കൂടി പോകാറില്ലല്ലോ എന്തുപറ്റി..?’

സദാനന്ദൻ മാഷ് ദൂരേക്ക് നോക്കി ഒന്ന് മൂളുക മാത്രം ചെയ്തു…..

‘എന്തുപറ്റി സാർ ശബ്ദത്തിന് ഒരു ഇടർച്ച ഉണ്ടല്ലോ….?’

‘ഏയ് ഒന്നുമില്ല.. ‘

‘ സാർ കളവ് പറയാറുണ്ടോ?’

‘ഇല്ല …’

‘പിന്നെ ഇപ്പോൾ പറഞ്ഞതോ…?
എന്നോട് പറയുവാൻ പറ്റുന്നതാണെങ്കിൽ പറയൂ…’

സദാനന്ദൻ മാഷ് ലതയെ വീണ്ടും ഒന്നുകൂടി സൂക്ഷിച്ചു നോക്കി…

‘ഞാൻ ഇതിനുമുമ്പ് രണ്ട് സ്കൂളുകളിൽ ജോലി നോക്കിയിട്ടുണ്ട്. അതിൽ ഒന്ന് നൂറോളം അധ്യാപകർ ഉള്ള ഹൈസ്കൂൾ ആയിരുന്നു. രണ്ടാമത്തേത് പതിനഞ്ചോളം പേരുള്ള ഒരു യു. പി സ്കൂൾ. പക്ഷേ, ഒരിടത്ത് നിന്നും ഇത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ല….
നെറ്റിയിലേക്ക് ഊർന്നിറങ്ങിയ തലമുടി കൈ കൊണ്ട് ഒതുക്കിക്കൊണ്ട് സദാനന്ദൻ മാഷ് പറഞ്ഞു.
ഒപ്പം കണ്ണുകൾ നിറഞ്ഞൊഴുകി.

‘എന്ത് പറ്റി സാർ..?’

‘ലത നാട്ടിൽ പോവുകയാണ്, എന്നല്ലേ പറഞ്ഞത് പൊയ്ക്കോളൂ ..’

‘ഞാൻ പൊയ്ക്കോളാം..
സാർ രാവിലെ എന്താണ് കഴിച്ചത്..?’

സദാനന്ദൻ മാഷ് ഒന്നും പറഞ്ഞില്ല ..

‘ഒന്നും കഴിച്ചില്ല, അല്ലേ..?
റവയോ മറ്റെന്തെങ്കിലും സാധനങ്ങൾ ഇരിപ്പുണ്ടോ..?
ഞാൻ ഉപ്പുമാവ് ഉണ്ടാക്കി തരാം..’

‘അതൊന്നും വേണ്ട ….’

‘വേണം ….’

ലത ബാഗ് മേശപ്പുറത്ത് വെച്ചു. സാരിത്തുമ്പ് എടുത്തു കുത്തിയതിനു ശേഷം അടുക്കളയിലേക്ക് കയറി.
പല പാത്രങ്ങളും ബക്കറ്റുകളും തുറന്നു നോക്കി. ഒടുവിൽ ഒരു പാത്രത്തിൽ നിന്നും റവ കിട്ടി..

‘റവ ഉണ്ടല്ലോ.. ഞാനിപ്പോൾ തന്നെ ഉപ്പുമാവ് ഉണ്ടാക്കി തരാം കേട്ടോ…’

‘സാർ കത്തി എവിടെയാണ്..?’

‘അവിടെ സ്ലാബിന്റെ പുറത്ത് കാണും.. …’

ലത വേഗം അടുപ്പ് കത്തിച്ചു. എത്ര പെട്ടെന്നാണ് സവാളയും, ഇഞ്ചിയും, പച്ചമുളകും ഒക്കെ അരിഞ്ഞിട്ട് ഉപ്പുമാവ് ഉണ്ടാക്കിയത്!

സദാനന്ദൻ മാഷ് അവളെ തന്നെ നോക്കിയിരുന്നു…

‘സാർ ഇത് കഴിക്കൂ….’

ഒരു പാത്രത്തിൽ ഉപ്പുമാവ് എടുത്ത് കൊടുത്തു കൊണ്ട് ലത പറഞ്ഞു.

പാത്രത്തിലെ ഉപ്പുമാവ് കഴിച്ചുതിനുശേഷം കൈ കഴുകുവാനായി സദാനന്ദൻ മാഷ് എഴുന്നേറ്റു.

‘നിക്ക് ..നിക്ക്…. എഴുന്നേൽക്കാൻ വരട്ടെ, മുഴുവൻ കഴിച്ചില്ലല്ലോ? അവൾ വേഗം ബാക്കി ഉണ്ടായിരുന്ന ഉപ്പുമാവ് കൂടി പാത്രത്തിലേക്ക് ഇട്ടു കൊടുത്തു.

ഉപ്പുമാവ് മുഴുവൻ കഴിച്ചതിനു ശേഷം സദാനന്ദൻ മാഷ് അവളുടെ മുഖത്ത് നോക്കി. അപ്പോൾ തന്നെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്ന ലതയെയാണ് കണ്ടത്..

വിശപ്പൊക്കെ മാറിയില്ലേ..?
ഇനി പറയൂ എന്താണ് ഉണ്ടായത്…?’

‘ പറയണോ.?’

‘വേണം…’

‘സദാനന്ദൻ മാഷ് ദീർഘമായി ഒരു ശ്വാസം എടുത്തു.

‘ഇന്നലെ രാത്രി ഊണും കഴിഞ്ഞ് ഞങ്ങൾ ഈ പാറപ്പുറത്ത് വർത്തമാനം പറഞ്ഞി രിക്കുകയായിരുന്നു . ജോസ് മാഷിന്റെ ചുണ്ടിൽ ഒരു ബീഡി ഉണ്ടായിരുന്നു .

‘മാഷേ ഇതിന്റെ മണം എനിക്കിഷ്ടമല്ല.. കുറച്ചു മാറി ഇരുന്നു വലിച്ചു കൂടെ…
ഞാൻ ചോദിച്ചു’

ഇത് കേട്ടതും ജോസ് മാഷ് ഒന്ന് ചിരിച്ചു…. പിന്നീട് ചിരി പൊട്ടിച്ചിരിയായി മാറി.
എൻ്റെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങിയിരുന്നു..

സാധാരണ ബീഡിയുടെ മണം ആയിരുന്നില്ല , മറ്റെന്തോ വൃത്തികെട്ട ഒരു മണം എനിക്ക് അനുഭവപ്പെട്ടു.

‘സോമൻ മാഷേ ഇതെന്താണ് ഈ ബീഡിക്ക് ഒരു പ്രത്യേക മണം..?

‘നമ്മൾ കഴിഞ്ഞ ദിവസം മലയിൽ പോയില്ലേ..?
അവിടുത്തെ പാറയിടുക്കളിൽ വളരുന്ന ഒരു ചെടി കണ്ടത് ഓർമ്മയുണ്ടോ?
ഞങ്ങൾ ആ ചെടിയിൽ നിന്നും പൂവ് പറിച്ച് മടിക്കുത്തിലിട്ടിരുന്നു.

മാഷ് കഞ്ചാവ് എന്ന് കേട്ടിട്ടുണ്ടോ?
സോമൻ മാഷ് ചോദിച്ചു.

‘കേട്ടിട്ടുണ്ട്….’

‘അപ്പോൾ കൊച്ചേട്ടൻ പറഞ്ഞ സ്വകാര്യം ഇതായിരുന്നു അല്ലേ..?’

അതെ, കൊച്ചേട്ടന് വേണ്ടി കുറച്ച് കൊണ്ടുവരാൻ പറഞ്ഞതാണ്.’

കഞ്ചാവിന്റെ ലഹരിയിലാവണം ജോസ് മാഷ് ഇടയ്ക്കിടെ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു ..
പുകച്ചുരുൾ ആകാശത്തേക്ക് പറത്തിവിട്ടുകൊണ്ടിരുന്നു. പിന്നെ എൻ്റെ മുഖത്തേക്ക് പുക വീണ്ടും വീണ്ടും അയാൾ ഊതിവിട്ടു.

അയാൾ ശരിക്കും ഈ ലോകത്തൊന്നും ആയിരുന്നില്ല, എന്ന് തോന്നി.

പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. കത്തിച്ച ബീഡി എൻ്റെ നേരെനീട്ടി ….

‘ ഉം..വലിക്കൂ …..’

‘എനിക്ക് വേണ്ട ….’

‘ഒരു കുഴപ്പവും ഇല്ലെന്നേ….’

‘മാഷേ, ജോസ് മാഷിനോട് പറയൂ എനിക്ക് ഇതൊന്നും ഇഷ്ടമല്ലെന്ന്….’

‘ ജോസ് മാഷേ….
സദാനന്ദൻ മാഷിന് ഇഷ്ടമല്ലെങ്കിൽ പിന്നെ എന്തിനാണ് നിർബന്ധിക്കുന്നത് ?

സോമൻ മാഷ് ചോദിച്ചു.

‘ഏയ് അങ്ങനെ വിട്ടാൽ ശരിയാവില്ലല്ലോ..
ഈ പ്രായത്തിൽ അല്ലേ ഇതിന്റെ മണവും രുചിയുമൊക്കെ ആസ്വദിക്കാൻ പറ്റു..

ഇത് പറഞ്ഞു കൊണ്ട് പെട്ടെന്ന് എൻ്റെ കൈകളിൽ ബലമായി പിടിച്ചിട്ട് ചുണ്ടിൽ ബീഡി തിരുകി.

‘ ഉം.. വലിക്ക്…..:
ഉള്ളിലേക്ക് ശ്വാസം എടുക്കൂ. ….’

ഒന്ന് വലിച്ചതും ഞാൻ ചുമച്ചു…. കണ്ണിൽ കൂടി വെള്ളം കുടുകുടാ ഒഴുകി..

എനിക്ക് ശ്വാസംമുട്ടി , തലകറങ്ങി. തലയ്ക്ക് മത്ത് പിടിച്ച പോലെ തോന്നി..
കഞ്ചാവ് അഞ്ചു നിറം കാണിക്കും എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. അത് അക്ഷരംപ്രതി ശരിയാണ് എന്ന് ബോധ്യപ്പെട്ടു.
പിന്നെ അരമണിക്കൂറോളം ഞാൻ ചുമച്ചു കൊണ്ടേയിരുന്നു ..

ചുമച്ച് ചുമച്ച് ഒടുവിൽ വല്ലാത്ത ശ്വാസംമുട്ടലായി മാറി. ഞാൻ കരഞ്ഞു..
ഉറക്കെ കരഞ്ഞു .
ഒടുവിൽ ക്ലാസിലെ ബെഞ്ചിൽ പോയി കിടന്നു…..
തേങ്ങി തേങ്ങി കരഞ്ഞു, എപ്പോഴോ ഉറങ്ങി.

‘കഞ്ചാവ് വളരെ അപകടകാരിയാണ് അല്ലേ സാർ…?’

‘അതെ , മദ്യപാനം ഏറ്റവും കൂടുതൽ ബാധിക്കുന്നത് കരളിനെയാണ് . പുകവലി ബാധിക്കുന്നത് ശ്വാസകോശത്തിനെയാണ് . എന്നാൽ കഞ്ചാവ് ഉപയോഗം നമ്മുടെ മസ്തിഷ്കം മുതൽ വൃഷണങ്ങളെ വരെ ശരീരത്തിന്റെ വിവിധഭാഗങ്ങളെ ബാധിക്കും.

‘ആണോ സാർ.?
എനിക്ക് കേട്ടിട്ട് തന്നെ പേടിയാവുന്നു…
ജോസ് സാർ ആള് ശരിയല്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.. പക്ഷേ, ഇതു കുറച്ചു കടന്ന കയ്യായിപ്പോയി …
ഒന്നുമല്ലെങ്കിലും കുട്ടികളെ പഠിപ്പിക്കുന്ന സാറന്മാർ അല്ലേ? കഞ്ചാവും വലിച്ച് മറ്റുള്ളവരെ വലിപ്പിച്ച് ……
അയ്യേ …കഷ്ടം….!

സദാനന്ദൻ മാഷിനെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയാതെ വാക്കുകൾ കിട്ടാതെ ലത വിഷമിച്ചു….

സജി ടി. പാലക്കാട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments