Sunday, November 24, 2024
Homeസ്പെഷ്യൽഅറിവിൻ്റെ മുത്തുകൾ - (90) ഉത്സവകാലത്തെ പൂജാവിശേഷങ്ങൾ (ഭാഗം 4 - തുടർച്ച)...

അറിവിൻ്റെ മുത്തുകൾ – (90) ഉത്സവകാലത്തെ പൂജാവിശേഷങ്ങൾ (ഭാഗം 4 – തുടർച്ച) ഉത്സവകാലത്തെ പ്രത്യേക കലശാഭിഷേകങ്ങൾ

പി. എം.എൻ.നമ്പൂതിരി.

ഈ പൂജാ കാലങ്ങളിൽ ഓരോ ദിവസവും പൂജിച്ച കലശങ്ങൾ ചൈതന്യവൃദ്ധിയ്ക്കായി ആടേണ്ടതുണ്ട്. ഷോഡശോപചാരപൂജയിൽ പാദ്യാർഘ്യാചമനീയാദികൾ കഴിഞ്ഞ് സ്നാനഘട്ടത്തിലാണ് ഈ കലശങ്ങൾ ആടാറുള്ളത്. ഒന്നുകിൽ 25 കലശമോ ചുരുക്കത്തിൽ നവകമെങ്കിലുമോ ആടേണമെന്നാണ് വിധി. തന്ത്രിയിൽ നിന്ന് ബഹിർഗമിക്കുന്ന മന്ത്രചൈതന്യമാണ് അഭിഷേകാവസരത്തിൽ ദേവനിൽ വന്നുപതിയ്ക്കുന്നതെന്ന് പ്രത്യേകം സമർത്തവ്യമാണ്. ഇതിനു പുറമെ ശുദ്ധജലം, പാല്, തൈര്, നെയ്യ്, അഷ്ടഗന്ധജലം, പഞ്ചഗവ്യം, തേങ്ങാവെള്ളം (ഇളനീർ ) എന്നിങ്ങനെ ഏഴു ദ്രവ്യങ്ങളും നിറച്ച കലശങ്ങളും ആടേണ്ടതുണ്ട്. ശുദ്ധജലം ബ്രഹ്മചൈതന്യവും പാല് അതിൻ്റെ അടുത്ത പരിവർത്തനരൂപമായ സഹസ്രാരപത്മത്തിലെ അമൃതുമാണ് പ്രതിനിധീകരിയ്ക്കുന്നത്. തേങ്ങാവെള്ളം ആ അമൃതിൻ്റെ ചൈതന്യമായ കുറേക്കൂടി രൂക്ഷമായ ഒരു ഭാവമാണ്. അഷ്ടഗന്ധജലം പ്രത്യേകം സ്മർത്തവ്യമാണ്‌. പൊതുവിൽ പത്മത്തെ എട്ടു ഇതളുകൾ ആയിട്ടാണ് ഭാവന ചെയ്യാറുള്ളത്.

സഹസ്രാരത്തിൻ്റേതായാലും ഹൃദയപത്മത്തിൻ്റേതായാലും അതതിൻ്റെ ചുവട്ടിൽ ദേവൻ്റെ ആസനമായിട്ടാണ് ഈ അഷ്ടദളപത്മത്തെ വിഭാവനം ചെയ്യുന്നത്. അഷ്ടഗന്ധങ്ങൾ പ്രതിനിധാനം ചെയ്യുന്നത് ആ ഇരിപ്പടമാണ്. മൂർത്തിഭേദമനുസരിച്ച് ഈ അഷ്ടഗന്ധങ്ങൾ മാറുകയും ചെയ്യും. മേൽപറഞ്ഞ ദ്രവ്യങ്ങൾ ശിരസ്സിൽ സ്ഥിതിചെയ്യുന്ന ചന്ദ്രമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നുവെങ്കിൽ, നെയ്യ് ഹൃദയസ്ഥിതമായ സൂര്യ ചൈതന്യത്തേയും ദധി മൂലാധാരസ്ഥിതിയായ അഗ്നിമണ്ഡലത്തേയും പ്രതിനിധാനം ചെയ്യുന്നു. മനുഷ്യശരീര കല്പനയിൽ മൂലാധാരം മുതൽ ഹൃദയംവരെ അഗ്നിമണ്ഡലമായും ഹൃദയം മുതൽ ആജ്ഞവരെ അഥവാ ഭ്രൂമദ്ധ്യം വരെ സൂര്യമണ്ഡലമായും ഭ്രൂമദ്ധ്യം മുതൽ സഹസ്രാരം വരെ ചന്ദ്ര മണ്ഡലമായും കല്പനയുണ്ട്. അങ്ങനെ സഹസ്രാരത്തിൽനിന്നും മൂലാധാരപര്യന്തം വികസിച്ചു നിൽക്കുന്ന ക്ഷേത്രപുരുഷൻ്റെ ശരീരത്രയങ്ങളുടെ എല്ലാ ഭാഗത്തേയും സേചനം ചെയ്തുണ്ടാണ്ട് താഴോട്ടൊഴുകുന്ന അമൃതമാണ് ഈ വിശിഷ്ടസ്നാനം. പഞ്ചഗവ്യം പഞ്ചഭൂതാത്മകമാണ്. അതിലുള്ള പാല് ആകാശത്തേയും നെയ്യ് വായുവിനേയും ദധി അഗ്നിയേയും ഗോമൂത്രം ജലത്തേയും ചാണകം പൃഥ്വിയേയുമാണ് പ്രതിനിധാനം ചെയ്യുന്നത്. പൃഥ്വിയെ ശുദ്ധീകരിയ്ക്കുവാൻ ചാണകം ഉപയോഗിയ്ക്കുന്നത് അവിടെ സ്മരിക്കേണ്ടതാണ്.ഈ ഏഴു ദ്രവ്യങ്ങളുടെ അഭിഷേകത്തോടെ ദേവൻ്റെ ചൈതന്യം ക്ഷേത്രപുരുഷൻ്റെ സ്ഥൂലതലംവരെ ആവിഷ്കൃതമാവുകയാണ്.ഈ കലശാഭിഷേകത്തോടെയുള്ള പൂജ ഉത്സവാവസരങ്ങളിൽ പ്രത്യേകം ചെയ്യേണ്ടതായിട്ടുണ്ട്.

പള്ളിവേട്ടയാകുന്ന ക്ഷേത്രചൈതന്യപ്രസരണം

ഇങ്ങനെയെല്ലാമുള്ള അഭിഷേകപൂജാദികളുടെ ഫലമായി ദൈവ ചൈതന്യം ക്ഷേത്രഗാത്രത്തിൽ നിറഞ്ഞു കവിഞ്ഞൊഴുകുന്നതിൻ്റെ പ്രതീകമാഞ് പള്ളിവേട്ടയെന്ന് മനസ്സിലാക്കുക. ദേവൻ്റെ അനുജ്ഞയോടെ ദേവചൈതന്യാംശത്തെ മൂലബിംബത്തിൽ നിന്ന് ഉത്സവബിംബത്തിലേയ്ക്കാവാഹിച്ച് ക്ഷേത്രത്തിൻ്റെ മതിൽക്കെട്ടിന് പുറത്തേയ്ക്കെഴുന്നള്ളിയ്ക്കുന്നത് ഈ ദേവചൈതന്യം നിറഞ്ഞു കവിഞ്ഞൊഴുകുന്നതിൻ്റെ പ്രതീകമായിട്ടാണ്. ഗ്രാമം മുഴുവൻ ദേവനെ സ്വീകരിയ്ക്കാൽ അണിഞ്ഞൊരുങ്ങിയിരിയ്ക്കണം.കുടുംബങ്ങളിൽ എല്ലാവരും ഒത്തുചേർന്നിരിയ്ക്കണം. അവിടെയുള്ള അശ്വത്ഥങ്ങൾ (അരയാൽ മരങ്ങൾ) നാൽക്കൂട്ടപ്പെരുവഴി തുടങ്ങിയ വിശിഷ്ട സ്ഥാനങ്ങളിൽ മുഴുവൻ ബലിതൂകുന്ന ക്രിയാദികളോടെ ദേവൻ ഗ്രാമാതിർത്തിവരെ പോകുന്നു. ഗ്രാമാതിർത്തിതൊട്ട് അങ്ങോട്ട് വനമാണെന്ന സങ്കല്പത്തിൽ അവിടെയുള്ള വന്യമൃഗങ്ങളെയാണ് വേട്ടയാടുന്നത്. പ്രതീകാത്മകമായ അർത്ഥത്തിൽ ഗ്രാമമെന്നത് മനുഷ്യമനസ്സുകളെ പ്രതിനിധാനം ചെയ്യാമെങ്കിൽ ആ ബോധമനസ്സിൻ്റെ അതിർത്തികൾക്കപ്പുറത്ത് അബോധമനസ്സിൻ്റെ ആഴങ്ങളിൽ കുടികൊള്ളുന്ന ആസുരിക പ്രവണതകളെ വേട്ടയാടി നശിപ്പിയ്ക്കുകയാണ് ദേവൻ ചെയ്യുന്നത്. ഗ്രാമത്തെ മുഴുവൻ ഒരു വ്യക്തിയായി കണക്കാക്കുകയാണെങ്കിൽ അതിൻ്റെ ശിരസ്ഥാനത്താണ് ക്ഷേത്രം ഉള്ളത്. ആ ഗ്രാമവ്യക്തിത്വത്തിൻ്റെ ആഴങ്ങളിലേയ്ക്ക് ഗ്രാമ ചൈതന്യമാകുന്ന ഗ്രാമക്ഷേത്രദേവത ഇറങ്ങിവന്ന് അവിടെയുള്ള ആസുരികവാസനകളെ നശിപ്പിക്കുന്ന പ്രക്രിയയാണ് ഉത്സവത്തിലെ പള്ളിവേട്ട. ക്ഷേത്രവും സമൂഹവും അഥവാ ഗ്രാമവും തമ്മിലുള്ള ബന്ധം അവിടെ സാമാന്യമായി വ്യക്തമാകും.

(തുടരും)

പി. എം.എൻ.നമ്പൂതിരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments