Saturday, October 5, 2024
Homeസ്പെഷ്യൽമലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (മൂന്നാം ഭാഗം) കുഞ്ചൻ നമ്പ്യാർ ✍ പ്രഭാ ദിനേഷ്.

മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (മൂന്നാം ഭാഗം) കുഞ്ചൻ നമ്പ്യാർ ✍ പ്രഭാ ദിനേഷ്.

✍ പ്രഭാ ദിനേഷ്.

കുഞ്ചൻ നമ്പ്യാർ

ഈ പംക്തിയിലൂടെ പരിചയപ്പെടുത്തുന്ന മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂവ് പ്രശസ്ത ഹാസ്യകവി ശ്രീ . കുഞ്ചൻ നമ്പ്യാർ നെ കുറിച്ചാണ്!

പ്രാചീന കവിത്രയത്തിൽ രണ്ടാം സ്ഥാനത്ത് അറിയപ്പെടുന്ന മലയാള കവി ശ്രീ. കുഞ്ചൻ നമ്പ്യാർ ആയിരത്തി എഴുന്നൂറ്റി അഞ്ച് മെയ് അഞ്ചാം തീയതി പാലക്കാട് ജില്ലയിലെ ലക്കിടി എന്ന സ്ഥലത്തെ കിള്ളിക്കുറിശ്ശി മംഗലത്തുള്ള കലക്കത്തു ഭവനത്തിലാണ് ജനിച്ചത് . അദ്ദേഹത്തിൻ്റെ ജീവിത ആരംഭത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നല്കുന്ന രേഖകൾ ഒന്നുമില്ല. ലഭ്യമായ അറിവ് വെച്ച് ബാല്യകാല വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലെത്തി . തുടർന്ന് ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ് ജീവിച്ചത് ത്രേ !

പതിനെട്ടാം നൂറ്റാണ്ടിലെ (1705 – 1770) പ്രമുഖ മലയാളകവിയായ അദ്ദേഹം പ്രതിഭാസമ്പന്നനായ കവി എന്നതിലുപരി തുള്ളൽ എന്ന നൃത്ത കലാരൂപത്തിൻ്റെ ഉപജ്ഞാതാവ് എന്ന നിലയിലും പ്രസിദ്ധനായി . നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യ വിമർശനമാണ് അദ്ദേഹത്തിൻ്റെ കൃതികളുടെ മുഖമുദ്ര . മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് കുഞ്ചൻനമ്പ്യാർ

അമ്പലപ്പുഴ ക്ഷേത്രത്തിൽ ചാക്യാർകൂത്ത് എന്ന ക്ഷേത്രകലയിൽ മിഴാവ് കൊട്ടുകയായിരുന്ന നമ്പ്യാർ ഒരിക്കൽ ഉറങ്ങി പോയപ്പോൾ പരിഹാസപ്രിയനായ ചാക്യാർ അരങ്ങത്തു വെച്ചു തന്നെ കലശലായി പരിഹസിച്ചു ശകാരിച്ചതാണ് തുള്ളൽ തുടക്കത്തിന് കാരണമായതെന്ന് ഒരു കഥയുണ്ട് . പകരം വീട്ടാൻ അടുത്ത ദിവസം തന്നെ നമ്പ്യാർ ആവിഷ്ക്കരിച്ച് അവതരിപ്പിച്ച പുതിയ കലാരൂപമായിരുന്നത്രെ തുള്ളൽ .

തുള്ളലിന് ചാക്യാർ കൂത്തുമായി വളരെ സാമ്യമുണ്ടന്നെ തൊഴിച്ചാൽ ഈ ഐതീഹ്യത്തിൽ എത്രമാത്രം സത്യമുണ്ടെന്ന് പറയുക ബുദ്ധിമുട്ടാണ് . ഏതായാലും തുള്ളലിനെ ഒരു ഒന്നാംകിട കലാരൂപമായി വികസിപ്പിച്ചെടുക്കാനും അതിന് പരക്കെ അംഗീകാരം നേടിയെടുക്കാനും നമ്പ്യാർക്ക് കഴിഞ്ഞു .

അസാമാന്യമായ ഭാഷാനൈപുണ്യം കൊണ്ട് അനുഗ്രഹീതനായിരുന്നു നമ്പ്യാർ . വാക്കുകൾ അദ്ദേഹത്തിൻ്റെ നാവിൽ നൃത്തം ചെയ്യുകയായിരുന്നത്രെ !

“പാൽക്കടൽത്തിരതള്ളിയേറി വരുന്ന പോലെ പദങ്ങളെൻ നാവിലങ്ങനെ നൃത്തമാണൊരു ഭോഷ്ക്കു ചൊല്ലുകയല്ല ഞാൻ ”

എന്നു പറയാൻ മാത്രം ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും തുള്ളലുകളുടെ ഭാഷയായി നമ്പ്യാർ തെരഞ്ഞെടുത്തത് സംസാരഭാഷയോട് ഏറ്റവും അടുത്ത സാധാരണക്കാരൻ്റെ ഭാഷയാണ് . അത് അവയ്ക്ക് കടുത്ത സ്വീകാര്യത നേടിക്കൊടുത്തു . കവിത അവരുടെ ഭാഷയിൽ തന്നെ ആയിരിക്കണം എന്ന് നമ്പ്യാർ പറഞ്ഞിട്ടുണ്ട് .

ഓട്ടൻ ,ശീതങ്കൻ , പറയൻ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി അറുപത്തിനാല് തുള്ളലുകൾ നമ്പ്യാർ എഴുതിയതായി പറയപ്പെടുന്നു . നമ്പ്യാരുടെ ഏറ്റവും പ്രസിദ്ധമായ ഫലിതബോധത്തിനു പുറമെ അദ്ദേഹത്തിൻ്റെ വിപുലമായ അനുഭവസമ്പത്തും എല്ലാ വിജ്ഞാന ശാഖകളിലുള്ള അവഗാഹവും ഈ കൃതികൾ പ്രകടിപ്പിക്കുന്നു .

കുഞ്ചൻ നമ്പ്യാരുടെ പ്രധാന ഓട്ടൻ തുള്ളലുകൾ സ്യമന്തകം , കിരാതം വഞ്ചിപ്പാട്ട് , രുഗ്മിണീ സ്വയംവരം , ബാലിവിജയം തുടങ്ങിയവയും ശീതങ്കൻ തുള്ളലുകളിൽ പ്രധാനമായത് കല്യാണസൗഗന്ധികം , ധ്രുവചരിതം , കൃഷ്ണലീല , ഗണപതി പ്രാതൽ തുടങ്ങിയവയും പറയൻ തുള്ളലുകളിൽ കീചകവധം , സഭാപ്രവേശം , കുംഭകർണ്ണവധം , ദക്ഷയാഗം തുടങ്ങിയവയാണ് .

ഇതരരചനകളിൽ പ്രധാനം പഞ്ചതന്ത്രം കിളിപ്പാട്ട് , ശ്രീകൃഷ്ണചരിതം മണിപ്രവാളം , ശിവപുരാണം , രുഗ്മിണീ സ്വയംവരം പത്തു വൃത്തം , ശീലാവതി നാലുവൃത്തം , നളചരിതം കിളിപ്പാട്ട് എന്നിവയാണ് .

1746 ൽ മാർത്താണ്ഡവർമ്മ ചെമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോട് ചേർത്തതിനെ തുടർന്ന് നമ്പ്യാർ തിരുവനന്തപുരത്തേയ്ക്ക് താമസം മാറ്റി . അവിടെ അദ്ദേഹം മാർത്താണ്ഡവർമ്മ , ധർമ്മരാജാവ് (കാർത്തിക തിരുന്നാൾ ) തുടങ്ങിയവരുടെ ആശ്രിതനായി ജീവിച്ചു . വാർദ്ധക്യത്തിൽ രാജസദസ്സിലെ ജീവിതം ദുസ്സഹമായിത്തോന്നിയ അദ്ദേഹം സ്വന്തം നാടായ അമ്പലപുഴയിലേയ്ക്ക് മടങ്ങാൻ ആഗ്രഹിച്ചു .

അമ്പലപ്പുഴയിൽ മടങ്ങിയെത്തിയ കുഞ്ചൻ നമ്പ്യാർ ആയിരത്തി എഴുന്നൂറ്റി എഴുപതിൽ അറുപത്തിയഞ്ചാം വയസ്സിൽ എലിപ്പനി ബാധിച്ച് നിര്യാതനായി 🙏

അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം ❤️❣️

✍ പ്രഭാ ദിനേഷ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments