ഇരുട്ടിൽ നിന്നും പറന്നു വരുന്നു
സ്വാതന്ത്ര്യത്തിന് പക്ഷി,
നിന്നുടെ വെൺമ നിറയും ദേഹത്ത്
തിളങ്ങുന്നു
ഒരു നൂറ്റാണ്ട് നിർമിച്ച ആശയ
ജ്വാല!
പതിതരുടെ ദൈവം
പീഡിതരുടെ ക്രിസ്തു
ഭാരതം കാത്തിരുന്ന മഹാമനീഷി,
ഗാന്ധി എന്നാണ് നാമം!
ഗാന്ധി മാർഗ്ഗത്തിൽ ചലിക്കുവാൻ,
എത്രയോ കഷ്ടം!
ദുർബലൻ്റെ മാർഗമല്ലത്
ഭീരുവിൻ്റെയും,
മനോബലം ഏറെ വേണ്ടും ധീരൻ്റെ
മാർഗ്ഗമത്!
മഹാത്മാവേ, നിൻ പിന്നണിയിൽ
അണിനിരന്ന ലക്ഷോപലക്ഷം
ജനം,
നിന്നുടെ കരം പിടിച്ച് നേടിയത്
സ്വാതന്ത്ര്യം!
ലോകം മാറ്റി പണിയണമെങ്കിൽ,
മാറട്ടെ മനുജ നീ ആദ്യം
എന്നിട്ട് പണിയണം
പുതിയൊരു ലോകം,
അവിടെ ഇല്ലേയില്ല, രക്ത പുഴകൾ
ഹിംസ തൻ നീരാളി കൈകൾ, മത
വൈരവും, ജാതി കോമരങ്ങളും,
അവയെല്ലാം ദഹിച്ചു ഭസ്മമാകും
നിൻ ആശയ ഗരിമയിൽ!
ഗാന്ധി, നീ തന്നെ സത്യം,
നീ തന്നെ സ്വാതന്ത്ര്യം,
നീ തന്നെ നയിച്ചാലും, ഇരുട്ടിൽ പ്രഭ
ചൊരിയും ആത്മദീപമേ!
ഉണരട്ടെ നിൻ ദേശം
പുതിയൊരു സത്യ മാർഗ്ഗത്തിന്
നീതി ശാസ്ത്രത്തിലെ
വഴിയിലേക്ക്,നിത്യവും
വഴിതെളിക്കും കെടാ വിളക്കായി
ജ്വലിച്ചാലും!