Tuesday, September 24, 2024
Homeകേരളംഎംപോക്സ് വകഭേദം കൂടുതല്‍ അപകടകാരി.

എംപോക്സ് വകഭേദം കൂടുതല്‍ അപകടകാരി.

മലപ്പുറത്തെ എംപോക്സ് കേസ് പുതിയ വകഭേദമാണെന്നും കൂടുതൽ അപകടകാരിയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ആദ്യ ക്ലേഡ്-1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

യുഎഇയില്‍ നിന്നും എത്തിയ ആളിലാണ് മലപ്പുറത്ത് കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ചത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരില്‍ എത്തിയ വൈറസാണ് എംപോക്സിൻ്റേത്. എംപോക്സ് ബാധിച്ച രോഗിയില്‍ നിന്ന് സ്പർശനത്തിലൂടെ മറ്റൊരാളിലേക്ക് രോഗം പകരും. 1957-ല്‍ കോംഗോയിലാണ് രോഗം ആദ്യമായി സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശിയായ 35 വയസുള്ള യുവാവിലാണ് ഇന്ത്യയില്‍ ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ ശരീരസ്രവങ്ങള്‍, രോഗി ഉപയോഗിച്ച വസ്തുക്കള്‍ എന്നിവ വഴിയും രോഗം പകരും.

ദേഹത്ത് കുമിളകള്‍, പനി, തലവേദന, പേശീവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും രോഗം ഗുരുതരമാകും. സംസ്ഥാനത്ത് എംപോക്‌സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. കേസുകള്‍ കൂടുകയാണെങ്കില്‍ അതനുസരിച്ച്‌ നടപടികള്‍ സ്വീകരിക്കും. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തി. എയര്‍പോര്‍ട്ടുകളില്‍ നിരീക്ഷണം ശക്തിപ്പെടുത്തി.

അഞ്ച് ലാബുകളില്‍ പരിശോധാ സൗകര്യമൊരുക്കി. കൂടുതല്‍ ലാബുകളില്‍ പരിശോധനാ സൗകര്യങ്ങളൊരുക്കും. മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ അറിയിച്ച്‌ ചികിത്സ തേടണം. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എംപോക്‌സ് ലക്ഷണവുമായി ആരെങ്കിലും എത്തിയാല്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments