ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവാസികൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡർമാരാണെന്ന് മോദി. ദേശീയ സ്നേഹത്തിൽ നാമെല്ലാവരും ഒന്നിച്ചാണ്. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്രയെന്നും പ്രധാനമന്ത്രി പറഞ്ഞു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് മോദി അമേരിക്കയിലേക്ക് എത്തിയത്. രണ്ടാമത്തെ ദിവസമാണ് ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹത്തെ മോദി അഭിസംബോധന ചെയ്തത്.വൈവിധ്യമാണ് നമ്മുടെ കരുത്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമസ്തേ ഇപ്പോൾ ആഗോളതലത്തിൽ എത്തിയെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ മോദി പ്രശംസിച്ചു. ഇന്ത്യയിലെ 140 കോടി ജനങ്ങളെ ബൈഡൻ ബഹുമാനിച്ചു. ഇന്ത്യ-അമേരിക്ക സൗഹൃദത്തെ വേർതിരിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. എഐക്ക് പുതിയ നിർവചനം നൽകി മോദി. എഐ എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ല അമേരിക്ക-ഇന്ത്യ എന്നാണെന്ന് മോദി പറഞ്ഞു.
ക്വാഡ് ഉച്ചകോടിയ്ക്കിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ – യുഎസ് പങ്കാളിത്തം ചരിത്രത്തിലെ ഏതു കാലത്തേക്കാളും കൂടുതൽ ശക്തവും ചലനാത്മകവുമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഡോണൾഡ് ട്രംപുമായും കൂടിക്കാഴ്ച നടത്തും.