കൊല്ലം: മകളുടെ ഭർത്താവിനെ ആസിഡ് ഒഴിച്ചശേഷം വെട്ടിക്കൊന്ന കേസിൽ പിതാവിന് ജീവപര്യന്തം കഠിനതടവ്. അഞ്ചൽ കോട്ടുക്കൽ ആലംകോട് രാഗേഷ് ഭവനിൽ രാഗേഷിനെ (33) കൊന്ന കേസിലാണ് കല്ലുവാതുക്കൽ നടയ്ക്കൽ ചേരിയിൽ ഉത്രംവീട്ടിൽ അരവിന്ദനെ (63) ശിക്ഷിച്ചത്.
ഒരുലക്ഷം രൂപ പിഴയൊടുക്കാനും ഉത്തരവായി. കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പി.എൻ.വിനോദാണ് ശിക്ഷ വിധിച്ചത്. 2018 ജനുവരി 16-നായിരുന്നു കേസിനാസ്പദമായ സംഭവം.പ്രതിയുടെ മകൾ ആതിര ആദ്യവിവാഹം വേർപെടുത്തിയശേഷം 201-ൽരാഗേഷിനെവിവാഹംചെയ്തു.രാഗേഷിന്റെആദ്യവിവാഹമായിരുന്നു.വിവാഹാലോചനാവേളയിൽ രാഗേഷിന് തൊഴിൽ കണ്ടെത്താൻ പ്രതി സാമ്പത്തികസഹായം വാഗ്ദാനം ചെയ്തിരുന്നു.
വിവാഹശേഷം അതിൽനിന്നു പിന്മാറിയതിനെ തുടർന്ന് ഇരുവരും സ്വരച്ചേർച്ചയിലായിരുന്നില്ല. പ്രതിയുടെ വീട്ടിൽ പോയ ഭാര്യ ആതിരയും കുഞ്ഞും മടങ്ങിവരാത്തതിനെ തുടർന്ന് രാഗേഷ് സംഭവദിവസം അവരെ അന്വേഷിച്ചെത്തിയപ്പോൾ മുൻവിരോധം വെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
റബ്ബർഷീറ്റ് വ്യാപാരിയായ അരവിന്ദൻ വീട്ടിൽ സൂക്ഷിച്ചിരുന്ന ഫോമിക് ആസിഡ് രാഗേഷിന്റെ മുഖത്തും ദേഹത്തും ഒഴിച്ചു.
പ്രാണരക്ഷാർഥം പുറത്തേക്കോടി വാട്ടർ ടാങ്കിൽനിന്ന് വെള്ളം ഒഴിച്ചുകൊണ്ടിരുന്നപ്പോൾ ചുറ്റികയും വെട്ടുകത്തിയുമായെത്തി അടിച്ചും കാലിൽ വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.
എട്ടാം സാക്ഷിയായ ഭാര്യ ആതിരയും കൃത്യം കണ്ട അയൽക്കാരും പ്രതിക്ക് അനുകൂലമായി കോടതിയിൽ കൂറുമാറിയിരുന്നു.രാഗേഷ് അത്യാസന്നനിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മജിസ്‌ട്രേറ്റിന് നൽകിയ മരണമൊഴിയാണ് നിർണായകമായത്. 2018 ഏപ്രിൽ 22-നാണ് രാഗേഷ് മരിച്ചത്.പാരിപ്പള്ളി പോലീസ് അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസ് അന്വേഷിച്ചത് പോലീസ് ഇൻസ്പെക്ടർമാരായിരുന്ന എസ്.ഷെരീഫ്, പി.രാജേഷ് എന്നിവരാണ്.
പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ളിക് പ്രോസിക്യൂട്ടർ സിസിൻ ജി.മുണ്ടയ്ക്കൽ ഹാജരായി. എ.എസ്.ഐ. രഞ്ജുഷ പ്രോസിക്യൂഷൻ സഹായിയായി.